Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടിലേക്ക് കയറി മധുവിനെ ജനക്കൂട്ടത്തിന് കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാർ; തിരിച്ചറിയൽ രേഖയില്ലാതെ ആളുകളെ കാട്ടിലേക്ക് കയറ്റി വിട്ടതും ഫോറസ്റ്റുകാർ; ആൾക്കൂട്ടത്തിന് അകമ്പടിയായി കാടിറങ്ങാൻ വകുപ്പിന്റെ ജീപ്പും; ക്രൂര പീഡനം നടന്നതും വനപാലകരെ സാക്ഷിയാക്കി; മല്ലീശ്വര മുടിയുടെ താഴ് വരയിൽ നടന്ന അക്രമത്തിൽ പൊലീസിനെതിരേയും ആരോപണം; മധുവിനെ കൊന്നവർക്ക് കൂട്ടുനിന്ന ഇദ്യോഗസ്ഥരെ കേസിൽ പ്രതി ചേർക്കുമോ? ആരോപണവുമായി കുടുംബം

കാട്ടിലേക്ക് കയറി മധുവിനെ ജനക്കൂട്ടത്തിന് കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാർ; തിരിച്ചറിയൽ രേഖയില്ലാതെ ആളുകളെ കാട്ടിലേക്ക് കയറ്റി വിട്ടതും ഫോറസ്റ്റുകാർ; ആൾക്കൂട്ടത്തിന് അകമ്പടിയായി കാടിറങ്ങാൻ വകുപ്പിന്റെ ജീപ്പും; ക്രൂര പീഡനം നടന്നതും വനപാലകരെ സാക്ഷിയാക്കി; മല്ലീശ്വര മുടിയുടെ താഴ് വരയിൽ നടന്ന അക്രമത്തിൽ പൊലീസിനെതിരേയും ആരോപണം; മധുവിനെ കൊന്നവർക്ക് കൂട്ടുനിന്ന ഇദ്യോഗസ്ഥരെ കേസിൽ പ്രതി ചേർക്കുമോ? ആരോപണവുമായി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ഭീകരതയ്ക്ക് ഇരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനും പങ്ക്. വനം വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മധുവിന്റെ കുടുംബം രംഗത്ത് വന്നു.

മധുവിനെ ആക്രമിക്കാൻ എല്ലാ സഹായങ്ങളും നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചു. ആദിവാസികൾ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകർ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കിൽ തിരിച്ചറിയൽ രേഖ നൽകണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതർ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടിൽ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു.

പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴവരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് മധുവിനെ പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ മാരകമായി തല്ലിച്ചതച്ചു. മധുവിനെ ആരവങ്ങളോടെയാണ് കാട്ടിൽ നിന്നും കൊണ്ടുവന്നത്. ആൾക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ക്രൂരപീഡനം നടന്നത്. അടികൊണ്ട് തളർന്ന മധു വെള്ളം ചോദിച്ചപ്പോൾ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച് നൽകിയതായും ചന്ദ്രിക പറയുന്നു.

അടുത്തിടെ താവളത്ത് ഒരു കട കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവ്യക്തമായ ഒരു രൂപം മാത്രമാണ് പതിഞ്ഞത്. ഇത് മധുവാണെന്ന് ആരോപിച്ച് വ്യാപാരികൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കാട്ടിൽ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാനാണ് പൊലീസ് ഇവരോട് പറഞ്ഞത്. തുടർന്നാണ് നാട്ടുകാർ കഴിഞ്ഞ ദിവസം ഉച്ചയോടെ മല്ലീശ്വര മുടിയുടെ താഴ്‌വരയിൽ നിന്നും മധുവിനെ പിടികൂടുന്നതെന്നും അട്ടപ്പാടി പ്രദേശത്തെ ലോക്കൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ അവകാശപ്പെടുന്നു. ഇതാണ് നാട്ടുകാർ ചെയ്തതും. അതുകൊണ്ട് കൂടിയാണ് പൊലീസിനെതിരേയും ആരോപണം ഉയരുന്നത്.

നാട്ടുകാർ മർദ്ദിച്ചുവെന്ന് മരിക്കുന്നതിന് മുൻപ് മധു പൊലീസിന് മൊഴി നൽകിയെന്ന് എഫ് ഐ ആർ വിശദീകരിക്കുന്നു. 7 പേർ ചേർന്നാണ് മർദ്ദിച്ചതെന്നും മധു പറഞ്ഞു . എഫ്‌ഐആറിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഹുസൈൻ, മാത്തച്ചൻ, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ കരീം, ഉമ്മർ എന്നീ പേരുകളാണ് മധു പറഞ്ഞതെന്നാണ് എഫ് ഐ ആറിലുള്ളത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. രാവിലെ പിടികൂടിയ ഏഴ് പേരിൽ രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹുസൈൻ, അബ്ദുൾ കരീം, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ള മൂന്ന് പേർ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ സഹായിയാണ് ഉബൈദ്. മധുവിനെ കാട്ടിൽ കയറി പിടിച്ചുകൊണ്ടുവന്നവരിൽ ഇയാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും എസ്‌സി-എസ്ടി കമ്മീഷനും കേസെടുത്തു. ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാർ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മർദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളിൽ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മർദ്ദിച്ചു.

ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയിൽ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയിൽ കൊണ്ടുവരികയും ഇയാൾ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞൾ പൊടിയും പോലുള്ള സാധനങ്ങൾ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാർ ഏറെ നേരം മർദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തിൽ കയറ്റിയപ്പോഴേക്കും മധു ഛർദ്ദിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP