Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സദാചാര പൊലീസുകാർ ഒരു പാവപ്പെട്ട യുവാവിന്റെ ജീവൻകൂടി എടുത്തു; അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അഗളിയിലെ വീടിനു സമീപം; മരണം ബീച്ചിൽ തടഞ്ഞു നിർത്തി സദാചാര ഗുണ്ടകൾ വീഡിയോ എടുത്തു പ്രചരിപ്പിച്ചതിൽ മനംനൊന്ത്

സദാചാര പൊലീസുകാർ ഒരു പാവപ്പെട്ട യുവാവിന്റെ ജീവൻകൂടി എടുത്തു; അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അഗളിയിലെ വീടിനു സമീപം; മരണം ബീച്ചിൽ തടഞ്ഞു നിർത്തി സദാചാര ഗുണ്ടകൾ വീഡിയോ എടുത്തു പ്രചരിപ്പിച്ചതിൽ മനംനൊന്ത്

പാലക്കാട്: സദാചാര പൊലീസിന് ഇരയായി ഒരു പാവം ചെറുപ്പക്കാരൻ കൂടി ഇഹലോകവാസം അവസാനിപ്പിച്ചു. വാലന്റെയിൻസ് ദിനത്തിൽ കൊല്ലം കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിന് സമീപം സദാചാര പൊലീസുകാരുടെ പീഡനത്തിനിരയായ പാലക്കാട് അട്ടപ്പാടി അഗളി സ്വദേശി അനീഷി(22)നെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തി. വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അഗളി പൊലീസ് അറിയിച്ചു. ആഴീക്കൽ ബീച്ചിലെ സംഭവത്തെ തുടർന്ന് അനീഷ് വലിയ മനോവേദനയിലായിരുന്നു.

അഗളി കാരറയിലെ വീടിനു സമീപമുള്ള മരിത്തിൽ തൂങ്ങി മരിച്ച നിലയിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് അനീഷ്  തന്നെയാണെന്ന് അഗളി പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യയെന്നാണു നിഗമനം. വാലന്റൈൻസ് ദിനത്തിൽ നേരിടേണ്ടിവന്ന പീഡനത്തിനും അപമാനത്തിലും അനീഷ് ഏറെ മനോവേദന അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

 

കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു അനീഷ്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയ്‌ക്കൊപ്പമാണ് കരുനാഗപ്പള്ളി ബീച്ചിൽ ഒരു പറ്റം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിക്കൊപ്പം ബീച്ചു കാണാൻ പോയപ്പോഴായിരുന്നു സംഭവം. ഇവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവർ സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയുംചെയ്തു.

വാലന്റയൻസ് ദിനത്തിലെ അഴീക്കലെ സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. യുവതിയെയും യുവാവിനെയും സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയായിരുന്നു മറുനാടൻ പുറത്തുവിട്ടത്. തുടർന്ന് പ്രതികൾക്കെതിരേ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്കി. മൂന്നു പേർ അറസ്റ്റിലാവുകയും ചെയ്തു. പക്ഷേ സംഭവം ഉണ്ടാക്കിയ മനോവേദനയിൽനിന്ന് അനീഷ് മുക്തനായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നല്കുന്ന വിവരം. 

വാലന്റൈൻസ് ദിനം ആഘോഷിക്കാൻ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കായ കമിതാക്കളെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ ആണു പ്രചരിക്കപ്പെട്ടത്. സദാചാരക്കാരിൽ ഒരാൾ പെൺകുട്ടിയോട് നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് മുഖത്തടിക്കുന്നതു വീഡിയോയിൽ കാണാം.

വാലന്റൈൻസ് ദിനത്തിൽ ബീച്ച് കാണാൻ എത്തിയതിന് ശേഷം പെൺകുട്ടിക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാൽ അനീഷ് ബീച്ചിന് പിൻഭാഗത്ത് കായലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയുമായി പോയി. അനീഷ് മാറി നിൽക്കുകയും പെൺകുട്ടി പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിലേക്ക് കയറുകയും ചെയ്തു.

ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേർ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് പറഞ്ഞു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോൾ രണ്ട് പേർ ആക്രമിക്കുന്നതാണ് കണ്ടത്. അനീഷ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സദാചാരക്കാർ ഫോൺ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവർ ഞങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറഞ്ഞു.

എല്ലാവരും പെൺകുട്ടിയോട് ലൈംഗിക ബന്ധത്തിന് വരെ നിർബന്ധിപ്പിച്ചു എന്നും ഇയാൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും സിം കാർഡുകൾ ഊരി വാങ്ങുകയും ചെയ്തതായി അനീഷ് പറഞ്ഞിരുന്നു.

യുവാവിനെയും യുവതിയെയും സദാചാര ഗുണ്ടകൾ മർദ്ധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരിയെപ്പോലെ കരുതിയിരുന്ന യുവതിയ്‌ക്കൊപ്പം തന്നെയും ചേർത്തുള്ള വീഡിയോ പ്രചരിക്കാൻ തുടങ്ങിയപ്പോൾ അനീഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ശക്തമായ നടപടി ഉണ്ടായില്ല. ഇതിനിടെ മറുനാടൻ പുറത്തുവിട്ട വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സദാചാര ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് നിർദ്ദേശിച്ചു.

ഓച്ചിറ എസ്.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്നുപേരെ അറസ്റ്റ് ചെയ്തു. അഴീക്കൽ പുതുമണ്ണേൽ വീട്ടിൽ അഭിലാഷ് എന്ന സുഭാഷ് (33) കായംകുളം എരുവ മണലൂർ തറയിൽ ധനീഷ് (30), അഴീക്കൽ മീനത്ത് പുതുവൽ വീട്ടിൽ ബിജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും പ്രത്യേകം വകുപ്പുകൾ ചുമത്തിയാണു കേസ് എടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP