Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് വമ്പൻ വ്യവസായി ആയി; യോഗാ ഗുരുവിന്റെ അടുത്ത ലക്ഷ്യം സാമ്രാജ്യം ബ്രിട്ടനിലേക്ക് വ്യാപിപ്പിക്കൽ; ഇനി മേഡ് ഇൻ യുകെ ലേബലിൽ കച്ചവടം പൊടിപൊടിക്കും; യോഗ ദിനാഘോഷത്തിന് രാംദേവ് തിരഞ്ഞെടുത്തത് ലണ്ടനും ബർമിങ്ഹാമും; പതഞ്ജലി നിർമ്മാണം യുകെയിൽ നിന്നും ഉടൻ; ബാബയുടെ പ്രതിമയും വൈകാതെ മെഴുകു മ്യൂസിയത്തിലെത്തും

ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് വമ്പൻ വ്യവസായി ആയി; യോഗാ ഗുരുവിന്റെ അടുത്ത ലക്ഷ്യം സാമ്രാജ്യം ബ്രിട്ടനിലേക്ക് വ്യാപിപ്പിക്കൽ; ഇനി മേഡ് ഇൻ യുകെ ലേബലിൽ കച്ചവടം പൊടിപൊടിക്കും; യോഗ ദിനാഘോഷത്തിന് രാംദേവ് തിരഞ്ഞെടുത്തത് ലണ്ടനും ബർമിങ്ഹാമും; പതഞ്ജലി നിർമ്മാണം യുകെയിൽ നിന്നും ഉടൻ; ബാബയുടെ പ്രതിമയും വൈകാതെ മെഴുകു മ്യൂസിയത്തിലെത്തും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന യോഗാചാര്യൻ ബാബ രാംദേവിന്റെ സാമ്രാജ്യം ഇന്ത്യൻ അതിർത്തി പിന്നിട്ടു യുകെയിലേക്കും. ആരാധകരും വിമർശകരും ഒരു പോലെ ബാബയുടെ പിന്നിൽ വളരുമ്പോൾ വിദേശ രാജ്യങ്ങളിൽ ബാബയുടെ പതഞ്ജലി ഉൽപ്പന്നങ്ങൾ ഇനി മുതൽ മെയ്ഡ് ഇൻ യുകെ ലേബൽ പതിയാനുള്ള സാധ്യതയാണ് ബാബ തന്നെ വെളിപ്പെടുത്തുന്നത്.  ഇക്കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിന ആഘോഷത്തിന് ബ്രിട്ടൻ വേദിയാക്കിയ ബാബ ലണ്ടനിലും ബർമിങ്ഹാംഇന്ത്യൻ കോൺസുലേറ്റ് ആഭിമുഖ്യത്തിലും നടത്തിയ ചടങ്ങുകളിലാണ് ഇക്കാര്യം പുറത്തു വിട്ടത്.

പ്രവാസി മലയാളിയായ യൂസഫലി ബ്രിട്ടനിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പായ്ക്ക് ചെയ്തു കൂടിയ വിലയിൽ ഗൾഫ് രാജ്യങ്ങളിൽ വിപണനം ചെയ്യുന്ന അതേ മാർക്കറ്റിങ് തന്ത്രമായിരിക്കും ബാബ രാംദേവും പയറ്റുക. മെയ്ഡ് ഇൻ യുകെ സ്റ്റിക്കർ ഉണ്ടെങ്കിൽ ഗുണനിലവാരം കൂടുതലായിരിക്കും എന്നതും പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങളിൽ മായം കലരാതിരിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും എന്ന പൊതു ചിന്ത പണമാക്കി മാറ്റാൻ ഉള്ള തന്ത്രമാണ് യൂസഫലിക്ക് പിന്നാലെ ബാബാ രാംദേവും പയറ്റാൻ തയ്യാറെടുക്കുന്നത്.

ഗുണനിലവാരം കൂടുതൽ എന്ന ചിന്തയിൽ കൂടുതൽ വിലയിട്ടു ഉൽപ്പന്നങ്ങൾ ഉപയോക്താവിലേക്കു എത്തിക്കാം എന്നതാണ് പാക്കേജിങ് കേന്ദ്രം യുകെയിൽ ആരംഭിക്കാൻ പ്രധാന കാരണം. പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക എന്ന ആഹ്വനം ഇന്ത്യയിൽ മുഴങ്ങുമ്പോഴാണ് ഗുണമേന്മ പാലിക്കുന്നതിൽ കടുത്ത നിയന്ത്രണമുള്ള യുകെയിലേക്കു ബാബ രാംദേവ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ മോദി ഭരണത്തിന്റെ തണലിൽ വളർന്ന ബാബ, ബ്രിട്ടനിൽ സാമ്രാജ്യം വളർത്തുന്നതിൽ രാഷ്ട്രീയ നയതന്ത്രവും കാണുന്നവർ ഏറെയാണ്. തീർച്ചയായും കച്ചവട കണ്ണിൽ ബാബക്കു ന്യായങ്ങൾ ഏറെയാണെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ മോദിയുടെ നില പരുങ്ങലിൽ ആയാലും തന്റെ നില സുരക്ഷിതം ആയിരിക്കണം എന്ന കൂർമ്മ ബുദ്ധിയാകും ഈ നീക്കത്തിന്റെ പിന്നിൽ എന്ന് കരുതുന്നവരും കുറവല്ല.

യുകെയ്ക്കു പിന്നാലെ യൂറോപ്പിലെ മറ്റു നഗരങ്ങളിൽ കൂടി ബാബ സാമ്രാജ്യം വളർത്താൻ ഉള്ള പദ്ധതിയും പതഞ്ജലി പങ്കു വയ്ക്കുന്നുണ്ട്. നാലാമത് അന്തർദേശീയ യോഗ ദിനത്തിന്റെ ആഘോഷം ലണ്ടൻ, കവൻട്രി, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലാണ് അദ്ദേഹം പങ്കു വച്ചത്. ലണ്ടനിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ ബാബ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും പങ്കിടുന്നുമുണ്ട്. ലണ്ടനിൽ തെംസ് നദിക്കു മുകളിൽ ലണ്ടൻ ഐ പശ്ചാത്തലമാക്കി നമസ്‌കാരം ചെയ്യുന്ന ബാബയുടെ ചിത്രം ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റിയത്. ലണ്ടൻ ഒളിമ്പിയ കോംപ്ലെക്‌സിൽ ശനിയാഴ്ച നടന്ന യോഗ പരിശീലനത്തിൽ രണ്ടു ഘട്ടങ്ങളിലായി നൂറു കണക്കിന് ആരാധകരാണ് പങ്കെടുത്തത്. ബ്രിട്ടീഷ് വംശജരായ അനേകരെ ആകർഷിക്കാൻ ബാബക്ക് കഴിഞ്ഞത് കടൽ കടന്നും വളർന്ന അദ്ദേഹത്തിന്റെ പ്രീതിക്ക് ദൃഷ്ടാന്തമാകുകയാണ്. നാല് വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്ത യോഗ പ്രചാരണം ബ്രിട്ടനിലും തരംഗം സൃഷ്ടിച്ചിരുന്നു.

ഇന്നലെ ബർമിങ്ഹാമിൽ നടന്ന ചടങ്ങിലും മുഴുവൻ സീറ്റുകളും മുൻകൂട്ടി വിറ്റുപോയത് ബാബയുടെ ജനപ്രീതി ബ്രിട്ടനിലും ഏറെ ഉയരത്തിലാണ് എന്നതിന് വ്യക്തമായ തെളിവായി. യോഗ പ്രചാരണ പദ്ധതിയുടെ ഭാഗമായി അവസാന ചടങ്ങ് ഗ്ലാസ്‌ഗോയിൽ നാളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജരായ ബാബയുടെ ആരാധകർ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹത്തിന്റെ ബ്രിട്ടീഷ് സന്ദർശനം ആഘോഷിക്കുന്ന ട്രെന്റ് ട്വിറ്ററിലും ഫേസ്‌ബുക്കിലും ദൃശ്യമാണ്. നല്ല ആരോഗ്യം ജന്മാവകാശവും അത് ലോകത്തിനു സാധ്യമാവും വിധം ആയുർവേദവും യോഗയും ഭാരതത്തിൽ പിറവി എടുത്തത് ഭാഗ്യമായി കരുത്തണമെന്നും ബാബ ചടങ്ങുകളിൽ സൂചിപ്പിച്ചു. ഭാഗ്യവശാൽ യോഗ യാതൊരു ചിലവും കൂടാതെ ആർക്കും പരിശീലിക്കാവുന്നതു ആയതിനാൽ വ്യാപകമായ പ്രചാരണം വഴി കൂടുതൽ ആരോഗ്യമുള്ള ജനതയെ ആയാസം കൂടാതെ സൃഷ്ടിക്കാൻ കഴിയും എന്നദ്ദേഹം വ്യക്തമാക്കി. നിർഭാഗ്യവശാൽ, ഏതൊരു കാര്യത്തിലും എന്ന പോലെ ഒരു പറ്റം ആളുകൾ യോഗയ്ക്ക് എതിര് നിൽക്കുന്നതിൽ എന്താണ് ലക്ഷ്യമാക്കുന്നത് എന്നും അറിയാൻ ആഗ്രഹം ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

യോഗയുടെ എതിർ പ്രചാരകർ എന്തണ് പരിഹാരം എന്ന് കൂടി നിർദ്ദേശിക്കണം എന്നും ബാബ ആവശ്യപ്പെട്ടു. ഹൈന്ദവികതയുടെ ഭാഗമാണ് യോഗ എന്ന പ്രചാരണം ഗൂഢ ശക്തികളുടെ തന്ത്രമാണ്. ഭാരതീയത ഹൈന്ദവികം ആണെങ്കിൽ തീർച്ചയായും യോഗയും ഹൈന്ദവികം തന്നെ. ഭാരതീയതയിൽ നിന്നും യോഗയെ വേറിട്ട് കാണാമെങ്കിൽ അങ്ങനെ കണ്ടെങ്കിലും യോഗ പരിശീലനം സാധ്യമാക്കി ആരോഗ്യമുള്ള മനസും ശരീരവും സ്വന്തമാക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിദേശികൾക്ക് പോലും യോഗ പ്രിയങ്കരം ആകുമ്പോൾ സ്വദേശികളായ ഏതാനും ഇന്ത്യക്കാർക്ക് യോഗ പിടിക്കാതെ പോകുന്നു എങ്കിൽ അതിനു കാരണം വേറെയാകുമെന്നും അദ്ദേഹം പരിഹാസ രൂപേനെ സൂചിപ്പിച്ചു. ചില പ്രത്യേക വിഭാഗം ആളുകളാണ് യോഗയുടെ എതിർ പ്രചാരകരെന്നും ഇവർ ഭാരത്തിന്റെ ശത്രു പക്ഷത്തു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നും മനസിലാക്കേണ്ടി വരുമെന്നും ബാബ വ്യക്തമാക്കി.

ആയുർവേദത്തെ പ്രധാനമായും മാർക്കറ്റ് ചെയ്യുന്ന ബാബ രാംദേവിന് യുകെ നിയമം അനുസരിച്ചു എത്രത്തോളം ഉൽപ്പന്നങ്ങൾ ബ്രിട്ടനിൽ നിർമ്മിക്കാൻ കഴിയും എന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്. നിലവിൽ 140 ലേറെ ഉൽപ്പന്നങ്ങളാണ് 52 കാരനായ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ് വിപണിയിൽ എത്തിക്കുന്നത്.

ബാബയുടെ യുകെ നിർമ്മാണ പ്രവർത്തനങ്ങൾക്കു പതഞ്ജലി യോഗ പീഠ യുകെ ട്രസ്റ്റ് ആയിരിക്കും നേതൃത്വം വഹിക്കുക. ഐക്യ രാഷ്ട്ര സഭ ആഹ്വനം അനുസരിച്ചാണ് ഇപ്പോൾ ജൂൺ 21 നു അന്തരാഷ്ട്ര യോഗ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്. ലണ്ടനിലെ സുപ്രസിദ്ധമായ മാഡം തുസാഡ് മെഴുകു മ്യുസിയത്തിൽ ഉടൻ ബാബ രാംദേവിന്റെ രൂപവും ഇടം പിടിക്കാൻ എത്തുകയാണ്. National Indian Students & Alumni Union UK (NISAU-UK) നൽകുന്ന പരമോന്നത ബഹുമതിയായ ഫെല്ലോഷിപ്പ് സ്വീകരിക്കുന്നതിന് കൂടിയാണ് ബാബ രാംദേവ് ലണ്ടനിൽ എത്തിയത്. ശ്രീ ശ്രീ രവിശങ്കർ, ശബ്‌നം ആസ്മി, ജാവേദ് അക്തർ, ഡോ. എസ്. വൈ ഖുറേഷി എന്നിവരാണ് മുൻപ് ഈ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ പ്രമുഖർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP