Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് ആശുപത്രി വിട്ട് ബബിത നാട്ടുകാർ ഒരുക്കിയ വാടകവീട്ടിലേക്ക്; ജപ്തിചെയ്തു കൊണ്ടുപോയ പുസ്തകങ്ങൾ തിരിച്ചുകിട്ടിയ സൈബയ്ക്ക് ഇനി സന്തോഷത്തോടെ പഠിക്കാം; നീതിപീഠം കണ്ണടച്ചപ്പോൾ കേരളമാകെ രക്ഷാകരം നീട്ടിയ അമ്മയ്ക്കും മകൾക്കും ഇനി സന്തോഷത്തിന്റെ നാളുകൾ

ഇന്ന് ആശുപത്രി വിട്ട് ബബിത നാട്ടുകാർ ഒരുക്കിയ വാടകവീട്ടിലേക്ക്; ജപ്തിചെയ്തു കൊണ്ടുപോയ പുസ്തകങ്ങൾ തിരിച്ചുകിട്ടിയ സൈബയ്ക്ക് ഇനി സന്തോഷത്തോടെ പഠിക്കാം; നീതിപീഠം കണ്ണടച്ചപ്പോൾ കേരളമാകെ രക്ഷാകരം നീട്ടിയ അമ്മയ്ക്കും മകൾക്കും ഇനി സന്തോഷത്തിന്റെ നാളുകൾ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി : ബന്ധുക്കളുടെ പരാതിയിൽ കോടതിവിധിയെത്തുടർന്ന് വീട് ഒഴിയേണ്ടിവന്ന അമ്മയുടെയും മകളുടെയും ജീവിതം പെരുവഴിയിലാകുമെന്നാണ് ഏവരും കരുതിയത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഭർതൃമാതാവും ഭർതൃസഹോദരനും നൽകിയ കേസിലാണ് നിർധനരും നിരാശ്രയരുമായ കുടുംബം തെരുവിലിറങ്ങിയപ്പോൾ രണ്ടു കൈയും നീട്ടി മലയാളി അവരെ ഏറ്റെടുത്തു. കേരളം മുഴുവൻ സഹായവുമായി ഓടിയെത്തി. ഈ മാതൃകയിൽ പുതു ജീവിതം ബിബിതയ്ക്കും മകൾക്കും ഇനി സ്വന്തമാകും. പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ ഷാനവാസ്(14) എന്നിവർക്ക് ഇനി നാട്ടുകാരെടുത്ത വാടക വീട്ടിലേക്ക് താമസം മാറ്റാം. നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ.

ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് പൂർണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലിൽ കിടക്കയോടു കൂടിയെടുത്താണു കുടിയിറക്കിയത്. പിന്നീട് ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സൈബയുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം പുറത്തിറക്കി. പാഠം പുസ്തകം കോടതിയിൽ കൊണ്ടു പോവുകയും ചെയ്തു. ഈ തെറ്റ് കോടതിയും തിരിച്ചറിഞ്ഞു. ഒടുവിൽ പാഠപുസ്തകം കോടതി സൈബയ്ക്ക് തിരികെ കൊടുത്തു. പാഠപുസ്തകങ്ങൾ തിരികെ കിട്ടിയപ്പോൾ സൈബയ്ക്കു സ്വർഗം കിട്ടിയ സന്തോഷം. ഇനി പരീക്ഷയ്ക്കു പഠിക്കാം.

ഇന്നലെ മുൻസിഫ് കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചു പുസ്തകങ്ങൾ തിരികെ നൽകി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്മയ്ക്കു കൂട്ടുനിൽക്കുകയാണു സൈബ. പുസ്തകങ്ങളും സ്‌കൂൾ ബാഗും കാഞ്ഞിരപ്പള്ളി എസ്‌ഐ: എ.എസ്. അൻസിലും അഭിഭാഷകനും ആശുപത്രിയിലെത്തി സൈബയ്ക്ക് കൈമാറി. ഇവിടേയും എസ് ഐ മാതൃകയായി. ചിറക്കടവ് സെന്റ് എഫ്രേംസ് സ്‌കൂളിൽ പഠിക്കുന്ന സൈബയ്ക്കു 30 വരെ പരീക്ഷയുണ്ട്. ബബിത ഇന്ന് ആശുപത്രി വിട്ട് വാടകവീട്ടിലേക്കു താമസം മാറും. നാട്ടുകാർ എടുത്തു നൽകിയ വീടാണ് ഇത്. ഭർത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്റ് സ്ഥലവും ഭർത്താവിന്റെ മരണശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതിനെത്തുടർന്നാണ് തർക്കവും കേസുമുണ്ടായത്.

ഇവരെ ഒഴിപ്പിക്കാൻ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയാണ് ഉത്തരവിട്ടത്. തുടർന്ന് കോടതിക്കു പൊലീസ് റിപ്പോർട്ട് നൽകി. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിന് വാതിലും സുരക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാൾക്കു മാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒൻപതാം ക്ലാസുകാരിക്ക് ഇരുന്ന പഠിക്കാൻ കസേരയോ മേശയോ ഇല്ലെന്നുള്ള മാനുഷിക വശമെല്ലാം പൊലീസ് ഉയർത്തി. എന്നാൽ പൊലീസിന്റെ റിപ്പോർട്ട് തള്ളി ഇന്നലെ കാഞ്ഞിരപ്പള്ളി എസ്.ഐയെ കോടതിയിൽ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിനുമുമ്പ് അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നു കർശന നിർദ്ദേശം നൽകി. ഇതോടെ വനിതാ പൊലീസുകാരടങ്ങുന്ന സംഘം സ്ഥലത്തെത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. ഇത് മറുനാടൻ വാർത്തയാക്കിയതോടെ സാമൂഹിക മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. ഇതോടെ സഹായ പ്രവാഹവും തുടങ്ങി.

ആദ്യം കാഞ്ഞിരപ്പള്ളി പൊലീസ് എസ്ഐ എ.എസ്.അൻസിൽ 2000 രൂപ ബബിതയ്ക്ക് നൽകി. ഡോ.എൻ.ജയരാജ് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീർ, സൈബ പഠിക്കുന്ന സെന്റ് ഇഫ്രേംസ് സ്‌കൂൾ പ്രിൻസിപ്പൽ ലൗലി ആന്റണി, ക്ലാസ് ടീച്ചർ പ്രവീൺ കുമാർ എന്നിവരും സഹായങ്ങളുമായി ആശുപത്രിയിലെത്തി. പിന്നീട് സഹായങ്ങളുടെ പ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കലക്ടറെ ഫോണിൽ വിളിച്ച് അടിയന്തര ധനസഹായം നൽകാൻ നിർദ്ദേശം നൽകി. തഹസിൽദാർ ജോസ് ജോർജ്, വില്ലേജ് ഓഫിസർ ജയപ്രകാശ് എന്നിവർ ആശുപത്രിയിലെത്തി പതിനായിരം രൂപ ബബിതയ്ക്ക് കൈമാറി. ബബിതയ്ക്കും മകൾക്കും വീടുവയ്ക്കാൻ താൽപര്യമുണ്ടെങ്കിൽ മല്ലപ്പള്ളി ചെങ്ങരൂരിൽ മൂന്നു സെന്റ് സ്ഥലം നൽകാൻ തയാറാണെന്ന് പത്തനംതിട്ട ഡിസിസി അംഗം കൂടിയായ ചെങ്ങരൂർ വലിയകണ്ടത്തിൽ ചെറിയാൻ വർഗീസ് അറിയിച്ചു.

സ്ഥലം സ്വീകരിക്കുന്നുവെങ്കിൽ അവിടെ വീട് വയ്ക്കുന്നതിന് ഡിസിസി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. കൊല്ലം പുത്തൂർ റോട്ടറി ക്ലബ് പവിത്രേശ്വരം പഞ്ചായത്തിലെ വേലംമുഴി കടവിനോടു ചേർന്നു നിർമ്മിക്കുന്ന റോട്ടറി വില്ലേജിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് ഇവർക്കു നൽകാമെന്ന് പ്രസിഡന്റ് വിനോദ്കുമാർ, സെക്രട്ടറി മാത്യൂസ് തോമസ് മുള്ളിക്കാട്ടിൽ എന്നിവരറിയിച്ചു. കാഞ്ഞിരപ്പള്ളിയിലോ ഈരാറ്റുപേട്ടയിലോ ബബിതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്ത് വീട് വച്ചു നൽകാനും റോട്ടറി തയാറാണെന്ന് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോൺ ഡാനിയൽ പറഞ്ഞു. അങ്ങനെ ബന്ധുക്കളും നിയമപീഠവും കൈവിട്ട കുടുംബത്തിന് വാർത്തയുടെ കരുത്തിൽ ലോകമെങ്ങുമുള്ള സുമനസ്സുകൾ സഹായം ഒഴുക്കുകയാണ്.

'ടേക്ക് ഓഫ്' സിനിമ അണിയറ പ്രവർത്തകരും താരങ്ങളും സഹായം നൽകും. സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവരാണ് സഹായ വാഗ്ദാനം നൽകിയത്. സിനിമയുടെ റിലീസിങ് തീയതിയായ 24ന് നടൻ കുഞ്ചാക്കോ ബോബൻ, നടി പാർവതി എന്നിവർക്കൊപ്പം കാഞ്ഞിരപ്പള്ളിയിൽ എത്തി പണം നൽകുമെന്ന് ആന്റോ ജോസഫ് അറിയിച്ചു. വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്നും സുമനസ്സുകളും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും ഇവരെ സഹായിക്കാനായി മുന്നോട്ടുവരുന്നുണ്ട്.

എറണാകുളം ജനസേവാ ശിശുഭവൻ, കോട്ടയം നവജീവൻ, കണ്ണൂർ കേന്ദ്രമായി മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റിന്റെ കീഴിലുള്ള അത്താണി സംഘടന, പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന പീറ്റർ ഫൗണ്ടേഷൻ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ സംഘടനകൾ ഇവരെ ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചു. അതിനിടെ ബബിതയ്ക്കു വീടൊരുക്കാനും മകളുടെ തുടർ വിദ്യാഭ്യാസത്തിനും കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് നടപടികൾ ആരംഭിച്ചു. താൽക്കാലികമായി താമസിക്കാൻ ജമാ അത്ത് വാടക വീട് കണ്ടെത്തി. ഈ വീട്ടിലേക്കാണ് ഇവരുടെ താമസം മാറൽ.

ജമാ അത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി വീടുനിർമ്മിച്ചു നൽകുമെന്നും ജമാ അത്ത് പ്രസിഡന്റ് അബ്ദുൽ സലാം പാറയ്ക്കൽ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു. ഇന്ത്യൻ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയിൽ ജമാ അത്ത് പ്രസിഡന്റ് അബ്ദുൽ സലാം പാറയ്ക്കലിന്റെയും ബബിതയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടും തുറന്നു. നമ്പർ- 6514011290. ഐഎഫ്എസ് കോഡ്-IDIB000K277. ബബിതയ്ക്ക് സ്ഥിര വരുമാന മാർഗത്തിനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള യൂത്ത് ഫ്രണ്ട്(എം) സൈബയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP