Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിരട്ടയിൽ തീർത്ത വടവൃക്ഷവും സൈക്കിളും കട്ടുറുമ്പും; ഇരുപതോളം കരകൗശല വസ്തുക്കൾ നിർമ്മിച്ച് ഓട്ടോ ഡ്രൈവർ താരമാകുന്നു; എട്ടടി ഉയരമുള്ള സ്ത്രീ സൗന്ദര്യം തുളുമ്പുന്ന ശിൽപ്പം ചിരട്ടയിൽ തീർക്കും; ചിരട്ടയിൽ കരവിരുത് തെളിയിച്ച പാലക്കാടുകാരൻ ബദറുദീന്റെ വിശേഷങ്ങൾ

ചിരട്ടയിൽ തീർത്ത വടവൃക്ഷവും സൈക്കിളും കട്ടുറുമ്പും; ഇരുപതോളം കരകൗശല വസ്തുക്കൾ നിർമ്മിച്ച് ഓട്ടോ ഡ്രൈവർ താരമാകുന്നു; എട്ടടി ഉയരമുള്ള സ്ത്രീ സൗന്ദര്യം തുളുമ്പുന്ന ശിൽപ്പം ചിരട്ടയിൽ തീർക്കും; ചിരട്ടയിൽ കരവിരുത് തെളിയിച്ച പാലക്കാടുകാരൻ ബദറുദീന്റെ വിശേഷങ്ങൾ

പീയൂഷ് ആർ

പാലക്കാട്: ചിരട്ട കൊണ്ടുള്ള കര കൗശല വസ്തുക്കൾ നിർമ്മിച്ച് താരമാകുകയാണ് പാലക്കാട് ജില്ലയിലെ മണപ്പാടം സ്വദേശി ബദറുദീൻ എന്ന നാൽപ്പത്തി ഒന്ന് കാരൻ. ചിരട്ട ഉപയോഗിച്ച് ഇരുപതിലധികം വ്യത്യസ്തശിൽപ്പങ്ങൾ നിർമ്മിച്ചാണ് തന്റെ കരകൗശല വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുന്നത്. വടവൃക്ഷം, കട്ടുറുമ്പ്, സൈക്കിൾ,പൂമ്പാറ്റ, കപ്പ്, ഫ്ളവർവെയ്സ് തുടങ്ങീ ഇരുപതിലധികം കരകൗശല ശിൽപ്പങ്ങളാണ് ബദറുദീൻ നിർമ്മിച്ചിരിക്കുന്നത്. ഇരുനൂറോളം ശിൽപ്പങ്ങളായതിന് ശേഷം ഒരു എക്സിബിഷൻ നടത്താനായാണ് ബദറുദീന്റെ തീരുമാനം.

ചെറുപ്പകാലത്ത് ചിത്ര കലയിൽ അഗ്രഗണ്യനായിരുന്നു ബദറുദീൻ. വീട്ടിൽ കൊടിയ ദാരിദ്രമായതിനാൽ സ്‌ക്കൂൾ പഠനം വരെ പൂർത്തിയാക്കാനേ കഴിഞ്ഞുള്ളൂ. ശേഷം ചുമരെഴുത്തിലേക്ക് തിരിഞ്ഞു. കേരളത്തിലെ പ്രമുഖരായ വ്യവസായ സ്ഥാപനങ്ങളുടെ പരസ്യത്തിനായുള്ള ചുമരെഴുത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ടുണ്ടായിരുന്നു. അക്കാലത്ത് ചുമരെഴുത്തിനിടയിൽ തടിയിൽ ചിത്രപ്പണികൾ ചെയ്തിരുന്നു. നല്ല വരുമാനമുണ്ടായിരുന്നു അന്ന് ചുമരെഴുത്തിനെന്ന് ബദറുദീൻ പറഞ്ഞു. എന്നാൽ കാലം പുരോഗമിച്ചതോടെ ഫ്ളക്സുകളുടെ വരവ് ചുമരെഴുത്തിനെ സാരമായി ബാധിച്ചു. ഇതോടെ വരുമാന മാർഗ്ഗം കുറഞ്ഞതോടെ ഓട്ടോ ഡ്രൈവറുടെ ജോലിയിലേക്ക് തിരിഞ്ഞു.

അല്ലലില്ലാതെ കുടുംബം കഴിയുന്നതിനിടെയാണ് ബദറുദീന് ചിരട്ട കൊണ്ട് ഒരു ശിൽപ്പം ഉണ്ടാക്കാൻ ശ്രമിച്ചത്. ' ആറു വർഷം മുൻപ് പെങ്ങളുടെ വീട്ടിൽ പോയപ്പോൾ ചിരട്ട തവി കണാനിടയായി. അപ്പോൾ അത് എങ്ങനെ ഉണ്ടാക്കാമെന്നുള്ള ചിന്തയായി. അങ്ങനെ വിജയകരമായി ചിരട്ടത്തവി ഉണ്ടാക്കി. വേറെന്തെങ്കിലും വ്യത്യസ്തമായി നിർമ്മിക്കാൻ പറ്റുമോ എന്ന് നോക്കി. അങ്ങനെ ആദ്യമായി ചായ കുടിക്കുന്ന ഒരു കപ്പ് നിർമ്മിച്ചു. അതോടെ മനസ്സിലായി ചിരട്ട ഉപയോഗിച്ച് പലതും നിർമ്മിക്കാൻ കഴിയും എന്ന്. ചെറുപ്പകാലത്ത് കളിമണ്ണിലും പാറയിലും ശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുള്ളത് ആത്മ വിശ്വാസം കൂട്ടി. പിന്നീട് ഫ്ളെവർ വെയ്സ്, കട്ടുറുമ്പ് അങ്ങനെ കുറച്ച് വസ്തുക്കൾ നിർമ്മിച്ചു.' എന്ന് ബദറുദീൻ പറയുന്നു.

ബദറുദീന്റെ കരകൗശല നിർമ്മാണത്തിൽ ആകെ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തു പശ മാത്രമാണ്. ചിരട്ട സൂഷ്മമായി വെടട്ടിയെടുത്ത് രാകി മിനുക്കി പശ ഉപയോഗിച്ച് കൂട്ടിചേർക്കും. കൂട്ടിച്ചേർക്കുമ്പോഴുണ്ടാകുന്ന വിടവുകൾ ചിരട്ടയുടെ പൊടിയും പശയും ചേർന്നുള്ള മൃശ്രിതം ഉപയോഗിച്ച് നികത്തും. ചിരട്ട മുറിച്ചെടുക്കുന്നതാണ് ഏറെ പ്രയാസകരമായ ജോലി എന്നാണ് ബദറുദീൻ പറയുന്നത്. സൂഷ്മതയോടെ ചെയ്തില്ലെങ്കിൽ പൊട്ടിപോകും. അത് പോലെ തന്നെ ചിരട്ട രണ്ട് മുറിയാവാതെ പൂർണ്ണരൂപത്തിൽ ലഭ്യമായാലെ നിർമ്മാണത്തിന് ഉപയോഗിക്കാനാവൂ. ഇങ്ങനെ കിട്ടുമ്പോഴാണ് നിർമ്മിക്കുന്ന വസ്തുക്കളുടെ രൂപ ഭംഗിക്കനുസരിച്ചുള്ള ഭാഗങ്ങൾ മുറിച്ചെടുക്കാൻ കഴിയൂ.

ഓട്ടോ ഡ്രൈവറായി പകൽ ജോലി ചെയ്യുന്നതിനാൽ രാത്രി കാലങ്ങളിലാണ് കരകൗശല നിർമ്മാണം. വ്യത്യസ്തങ്ങളായ കരകൗശല വസ്തുക്കളുടെ നിർമ്മാണം ബന്ധുവായ യുവാവ് ഫെയ്സ് ബുക്കിൽ കുറിച്ചതോടെയാണ് ഇത് പുറം ലോകമറിഞ്ഞത്. ശിൽപ്പങ്ങളുടെ ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ കണ്ട് നിരവധി ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും ആർക്കും നൽകിയിട്ടില്ല. ശിൽപ്പങ്ങളെല്ലാം ചേർത്ത എക്സിബിഷൻ നടത്തിയതിന് ശേഷം മാത്രമേ ആവശഅയക്കാർക്ക് നൽകൂ എന്നാണ് ബദറുദീന്റെ തീരുമാനം.

ബദരുദീന്റെ കര കൗശല നിർമ്മാണത്തിൽ ഉമ്മ ഖദീജയും ഭാര്യ ഷാമിനയും പൂർണ്ണ പിൻതുണയുമായി മുൻപിലുണ്ട്. ബാസിത്ത്,ബാദുഷ എന്നിവർ മക്കളാണ്. സർക്കാരിന്റെ സഹായം കിട്ടുകയാണെങ്കിൽ ഇതൊരു വ്യവസായമായി തുടങ്ങാനാവുമെന്നാണ് ബദറുദീന്റെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP