Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രേഖകളിൽ ബാലൻ ഭൂവുടമ; മൂന്നു മക്കളുണ്ടായിട്ടും കിടന്നുറങ്ങാൻ തെരുവ് തന്നെ ശരണം; തനിക്കുള്ളതെല്ലാം വീതിച്ചുനൽകിയിട്ടും മക്കൾ സംരക്ഷിച്ചില്ല; എല്ലാം തിരിച്ചു പിടിക്കാൻ നിയമപോരാട്ടം നടത്തുന്ന വയോധികൻ അന്തിയുറങ്ങുന്നത് കടത്തിണ്ണകളിൽ

രേഖകളിൽ ബാലൻ ഭൂവുടമ; മൂന്നു മക്കളുണ്ടായിട്ടും കിടന്നുറങ്ങാൻ തെരുവ് തന്നെ ശരണം; തനിക്കുള്ളതെല്ലാം വീതിച്ചുനൽകിയിട്ടും മക്കൾ സംരക്ഷിച്ചില്ല; എല്ലാം തിരിച്ചു പിടിക്കാൻ നിയമപോരാട്ടം നടത്തുന്ന വയോധികൻ അന്തിയുറങ്ങുന്നത് കടത്തിണ്ണകളിൽ

ആലപ്പുഴ : ആരോഗ്യമുള്ള കാലത്ത് അധ്വാനിച്ച് സ്വത്ത് സമ്പാദിക്കുകയും വീട് വയ്ക്കുകയും ചെയ്യാതെ അലസനായി നടന്നതിന്റെ ഫലമായി ഉണ്ടായതല്ല പുലിയൂർ, പേരിശ്ശേരി, കാവിൽ സന്തോഷ് ഭവനത്തിൽ ബാലന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.

താൻ ജന്മം നൽകിയ മൂന്നു മക്കൾക്ക് വേണ്ടുവോളം വാൽസല്യം നൽകി, ആവുന്നത്ര പഠിപ്പിച്ചു, പ്രായം തികഞ്ഞപ്പോൾ അനുയോജ്യമായ വിവാഹം ചെയ്യിപ്പിച്ചും ഒരു പിതാവിന്റെ കടമ നിർവ്വഹിച്ച ആളാണ് ബാലൻ. എന്നാൽ മക്കളുടെ കടമ എന്താണെന്ന് മനസ്സിലാക്കാത്തവർ, സ്വത്തിനെ മാത്രം സ്നേഹിക്കുകയായിരുന്നുവെന്ന് തിരിച്ചറിയാൻ ഏറെ വൈകി. അതുകൊണ്ടുതന്നെ ബാലന് കിടന്നുറങ്ങണമെങ്കിൽ കടത്തിണ്ണ ശരണമാകുന്നത്. താൻ പഠിപ്പിച്ചു വലുതാക്കി ബി.എസ്.എഫ് ജവാനാക്കിയ മകനടക്കം മൂന്ന് മക്കളാണുള്ളത്. മറ്റു രണ്ടുപേരും പെൺമക്കൾ. മൂവരും വിവാഹിതരും നല്ല സാമ്പത്തിക ചുറ്റുപാടുള്ളവരും. ഭാര്യ നേരത്തെ ബാലനെ ഉപേക്ഷിച്ചു പോയി. 72 തികഞ്ഞ ബാലന് ജീവിത സായാഹ്നത്തിൽ സ്വന്തം മണ്ണിൽ അന്തിയുറങ്ങാൻ കഴിയാതെ തെരുവിൽ അലയാനാണ് വിധി.

പുലിയൂർ വില്ലേജിൽ രണ്ടരയേക്കറോളം പുരയിടവും അതിലുള്ള വീടുമായിരുന്നു സ്വന്തം. കുടുംബത്തിന്റെ കുറെ കടബാധ്യതകൾ തീർക്കാൻ പലപ്പോഴായി ഒന്നരയേക്കറോളം വിൽക്കേണ്ടി വന്നു. പെൺമക്കളുടെ വിവാഹ ചെലവുകൾ ഉൾപ്പെടെ കടബാധ്യത 25 ലക്ഷത്തോളമായിരുന്നു. ബാക്കിയുള്ളതിൽ ധനനിശ്ചയ പ്രകാരം മക്കൾക്കു മൂന്നുപേർക്കുമായി ഓഹരിയായി കൊടുത്തു. വാർദ്ധക്യത്തിൽ പിതാവിനെ മക്കൾ സംരക്ഷിക്കുമെന്ന വിശ്വാസത്താലും ഉറപ്പിലുമാണ് ഇപ്രകാരം ചെയ്തത്. ഈ സാഹചര്യത്തിൽ പിന്നീട് മക്കൾക്ക് ഓഹരി നൽകിയ സ്ഥലത്തെ വീട്ടിലായിരുന്നു ബാലന്റെ താമസം.

ആദ്യമൊക്കെ യോജിപ്പിലായിരുന്നു ഭാര്യയും മക്കളും. ബാലന് പ്രായമേറി അധ്വാനിക്കുവാൻ ശേഷിയില്ലാതായതോടെ അവരെല്ലാം വെറുക്കാൻ തുടങ്ങി. അങ്ങനെ സംരക്ഷണം ലഭിക്കാതെ ആ വീട്ടിൽ നിന്നും പുറത്ത് പോകേണ്ടി വന്നു. പിന്നീട് പരിചയക്കാരുടേയും സുഹൃത്തുക്കളുടേയും ആശ്രയത്തിലാണ് നിത്യവൃത്തിയും അന്തിയുറക്കവും എല്ലാം. രോഗിയായ ബാലന്റെ ചികിത്സാ ചെലവുകളുൾപ്പടെ ചില പരിചയക്കാരാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ ചിലരുടെ ഉപദേശപ്രകാരം മുതിർന്ന പൗര•ാരുടേയും രക്ഷകർത്താക്കളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള സെൻട്രൽ ആക്ട് (56/07, 23(1))എന്നിവ പ്രകാരം തന്റെ സംരക്ഷണം ഏറ്റെടുക്കാത്ത മക്കൾക്ക് താൻ നൽകിയ ഭൂമിയും സ്വത്ത് വകകളും തിരികെ എടുക്കുന്നതിനുള്ള അപേക്ഷ, ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ട്രിബ്യൂണൽ ചുമതലയുള്ള ചെങ്ങന്നൂർ സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതി മുമ്പാകെ സമർപ്പിച്ചു.

അതനുസരിച്ച് എതിർ കക്ഷികളായ മക്കൾ മൂന്നുപേരേയും വിളിച്ചുവരുത്തി വാദം കേട്ട ആർ.ഡി.ഒ കോടതി താൻ മക്കൾക്കു നൽകിയ ഓഹരി സംബന്ധിച്ച ധനനിശ്ചയാധാരം റദ്ദ് ചെയ്ത് ഉത്തരവായി. കൂടാതെ ബി.എസ്.എഫ് ജവാനായ മകൻ പ്രതിമാസം 5000 രൂപ പ്രകാരം പിതാവിന് ചെലവിന് നൽകണമെന്നും വിധിച്ചു. എന്നാൽ മേൽപറഞ്ഞപ്രകാരം ആധാരം റദ്ദ് ചെയ്ത ഭൂമിയും സ്വത്തുവകകളും തന്റെ പേരിൽ വീണ്ടും പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് രണ്ടുവർഷമായിട്ടും മക്കൾ മൂവരും തയ്യാറായിട്ടില്ല. മകന്റെ സംരക്ഷണവും ലഭിക്കുന്നില്ല. ആർ.ഡി.ഒ കോടതി ഉത്തരവുകൾ നടപ്പാക്കാൻ ചെങ്ങന്നൂർ പൊലീസ് മേധാവികളും റവന്യൂ ഉദ്യോഗസ്ഥരും നിയമം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അധികാരസ്ഥാനങ്ങളിൽ നിരന്തരം കയറിയിറങ്ങി അന്വേഷിക്കുമ്പോൾ അവർ ചില മുട്ടാത്തർക്കങ്ങൾ പറഞ്ഞൊഴിയുകയാണ്.

ആർ.ഡി.ഒയുടെ ഉത്തരവുകൾ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതിന് പിന്നിൽ മക്കളുടെ സ്വാധീനമാാണെന്ന് ബാലൻ സംശയിക്കുന്നു. കൂലിപ്പണിക്കാരനായിരുന്ന ബാലൻ ഇന്ന് വാർദ്ധക്യസഹജവും മറ്റുമായ വിവിധ ശാരീരിക രോഗങ്ങളാലും കടുത്ത മാനസ്സിക സംഘർഷങ്ങളാലും അവശനാണ്. ജീവിതവൃത്തിക്ക് ജോലി ചെയ്യുവാൻ കഴിയാത്ത അവസ്ഥയിലുമാണ്. വാതസംബന്ധമായും ഹൃദയസംബന്ധമായും മറ്റുമുള്ള രോഗത്തിന് കുറേക്കാലമായി ചികിത്സയിലാണ്. ചികിത്സാ ചെലവുകൾക്ക് മാത്രം പ്രതിമാസം പതിനായിരം രൂപയോളം വേണ്ടിവരും പുറമെ നിത്യ ചെലവുകൾക്ക് വേറെയും തുക വേണ്ടിവരും. ഏക വരുമാനം സർക്കാരിൽ നിന്നുള്ള വാർദ്ധക്യകാല പെൻഷൻ തുകയായ ആയിരം രൂപയാണ്. കാർഷിക മേഖലയിലെ വിവിധ തൊഴിലുകൾ ഉൾപ്പടെയുള്ള കൂലിവേലയായിരുന്നു മുമ്പ് ചെയ്തുവന്നിരുന്നത്. കുറച്ച് കാലം ചില സ്വകാര്യസ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നു.

ബാലനിന്ന് ഒരു മോഹമേയുള്ളു. തന്റെ അവസാന നാളുകളിൽ താൻ അധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ അന്തിയുറങ്ങണം. തന്റെ ചിതയൊരുക്കുന്നതും ആ മണ്ണിലായിരിക്കണം.... അതിനായി നിയമം അനുശാസിക്കുന്ന പ്രകാരം വാർധക്യത്തിൽ പിതാവിനെ സംരക്ഷിക്കാൻ തയ്യാറാകാത്ത മക്കൾക്ക് നൽകിയ സ്വത്തു വകകൾ തിരിച്ചെടുക്കാനുമുള്ള നിയമപോരാട്ടം നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ തുടരാനാണ് ബാലന്റെ ഇനിയുള്ള ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP