Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുഞ്ചൻ പറമ്പിൽ സസ്യേതര ഭക്ഷണങ്ങൾക്കു വിലക്ക്; പുറത്തുവരുന്നത് ലിംഗ വിവേചനത്തിന്റെയും ദളിത് ന്യൂനപക്ഷ അവഗണനയുടെയും മുഖം; ചെറുവിരൽ അനക്കാതെ പുരോഗമന പ്രസ്ഥാനങ്ങൾ

തുഞ്ചൻ പറമ്പിൽ സസ്യേതര ഭക്ഷണങ്ങൾക്കു വിലക്ക്; പുറത്തുവരുന്നത് ലിംഗ വിവേചനത്തിന്റെയും ദളിത് ന്യൂനപക്ഷ അവഗണനയുടെയും മുഖം; ചെറുവിരൽ അനക്കാതെ പുരോഗമന പ്രസ്ഥാനങ്ങൾ

എം പി റാഫി

മലപ്പുറം: മലയാളഭാഷാ പിതാവിന്റെ ജന്മസ്ഥലവും മലയാളിയുടെ ഭാഷാ പൈതൃക തറവാടുമായ തിരൂർ തുഞ്ചൻ പറമ്പിൽ മാംസാഹാരങ്ങൾക്ക് വിലക്ക്. മലയാളി ഏറെ അഭിമാനിക്കുകയും സാസകാരിക കേന്ദ്രമായി താലോലിക്കുകയും ചെയ്യുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പേരിലുള്ള തുഞ്ചൻ പറമ്പിലാണ് സസ്യേതര ഭക്ഷണങ്ങൾക്ക് അപ്പാടെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇഷ്ടമുള്ളത് ഭക്ഷിക്കാനും ഇഷ്ടമുള്ളത് ധരിക്കാനും മുറവിളികൂട്ടുന്ന സാസ്‌കാരിക നായകരുടെയും ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളുടെയും ഈറ്റില്ലമായ തുഞ്ചൻ സ്മാരക ട്രസ്റ്റിലാണ് ഇത്തരമൊരു വിലക്കുള്ളതെന്ന് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പൗരന് ഇഷ്ടമുള്ളത് ഭക്ഷിക്കാൻ വിലങ്ങുതടിനിൽക്കുന്ന ഫാസിസ്റ്റ് ചെയ്തികൾക്കെതിരെ നിരന്തരം സമരം ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരത്തുള്ളവർ തന്നെ നേതൃത്വം കൊടുക്കുന്ന തുഞ്ചൻ പറമ്പിലാണ് ഇത്തരമൊരു വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഒരു വശത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുമ്പോൾ മറുവശത്ത് മലയാളിയുടെ അസ്ഥിത്വത്തിൽ നിന്നും മണ്ണൊലിച്ചു പോകുന്ന കാഴ്ചയാണ്. വർഷങ്ങളായി തുഞ്ചൻ പറമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ദളിത്, ന്യൂനപക്ഷ അവഗണനയുടെ മുഖം മാത്രമാണിപ്പോൾ പുറത്തായിരിക്കുന്നത്. തുഞ്ചൻ ഉത്സവങ്ങളിലെ സവർണ്ണ കലാരൂപങ്ങളുടെ മേധാവിത്വവും ദളിത് ന്യൂനപക്ഷ കലാരൂപങ്ങൾ പൂർണമായും അവഗണിക്കുകയും ചെയ്യുന്നത് ഇതിന് തെളിവാണ്.

ബീഫ് വിവാദങ്ങളും അനുബന്ധ പ്രശ്‌നങ്ങളും വരുത്തി വച്ച പ്രത്യാഘാതങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെയാണ് തുഞ്ചൻ ട്രസ്റ്റ് അധികൃതർ തുഞ്ചൻ പറമ്പ് പോലുള്ള സാംസ്‌കാരിക കേന്ദ്രത്തിൽ സസ്യേതര ഭക്ഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻ പറമ്പിൽ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളടങ്ങിയ നിയമാവലിയുടെ കൂട്ടത്തിലാണ് സസ്യേതര ഭക്ഷണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് എഴുതിച്ചേർത്തിരിക്കുന്നത്. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിന്റെ നോട്ടീസ് ബോർഡിൽ ഇക്കാര്യം പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ കാലങ്ങളായി ഇതേ സമീപനങ്ങളും നിയമാവലിയും തുഞ്ചൻ പറമ്പിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പരസ്യമായി എഴുതി വച്ചിരിക്കുന്നത്.

തുഞ്ചൻ പറമ്പിനകത്തുള്ള ഒദ്യോഗിക ഊട്ടുപുരയിലും സസ്യ ഭക്ഷണങ്ങൾ മാത്രമാണ് ലഭിക്കുക. പ്രത്യേക പരിപാടികൾക്ക് മാത്രം തുറന്നു കൊടുക്കാറുള്ള ഭക്ഷണ ശാലയിൽ മീനും ഇറച്ചിയും മുട്ടയും നിരോധിച്ചിരിക്കുകയാണ്. ഇതിനാൽ പുറത്തുനിന്നും കാന്റീൻ നടത്താൻ ആളുകളെ കിട്ടാത്ത അവസ്ഥയുമുണ്ട്.

ദൈനം ദിനം നൂറുകണക്കിന് സന്ദർശകരും പഠനാർത്ഥികളും എത്തുന്ന ഭാഷാപിതാവിന്റെ മണ്ണിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനും വിലക്കുണ്ട്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് തുഞ്ചൻ ട്രസ്റ്റ് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടാൽ പുറത്തു പോകാൻ പറയുക ഇവിടെത്തെ പതിവു രീതിയാണ്. എന്നാൽ ആരെങ്കിലും ഇതിനെ ചോദ്യം ചെയ്താൽ, ആണും പെണ്ണും തൊട്ടുരുമ്മി ഇരിക്കൽ കേരളീയ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന സദാചാര പൊലീസിങ്ങിന്റെ സ്ഥിരം മറുപടിയാണുണ്ടാവുക.

ലിംഗ സമത്വത്തിനും ഇഷ്ട ഭക്ഷണം കഴിക്കണമെന്നും പറഞ്ഞ് മുറവിളികൂട്ടുന്ന സാസ്‌കാരിക നായകരുടെ മൂക്കിൻ തുമ്പിലാണ് ഇതെല്ലാം അരങ്ങേറുന്നത്. ഒരു പുരോഗമന പ്രസ്ഥാനവും ഇതിനെതിരെ ചെറുവിരലനക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

2001 ലായിരുന്നു തുഞ്ചൻ പറമ്പ് ട്രസ്റ്റിനു കീഴിലാക്കാൻ സർക്കാർ തീരുമാനിച്ചത്. എം ടി വാസുദേവൻ നായർ ചെയർമാനായുള്ള ട്രസ്റ്റിൽ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ചാത്തനാത്ത് അച്ചുതനുണ്ണി, കെ.എസ് ആന്റോ മാസ്റ്റർ, പി അപ്പുണ്ണി വാര്യർ,രാധാമണി അഴിങ്കലത്ത് തുടങ്ങി 18 അംഗങ്ങളാണുള്ളത്. സി.പി എം സംസ്ഥാന കമ്മറ്റി അംഗവും സിഐടി.യു ദേശീയ സെക്രട്ടറിയുമായ പി. നന്ദകുമാറാണ് ട്രസ്റ്റ് സെക്രട്ടറി. 2001 മുതൽ തുടരുന്ന ഈ കമ്മറ്റിയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സർക്കാർ പൂർണമായും അധികാരം നൽകിയതിനാൽ ട്രസ്റ്റിന്റെ എല്ലാ ഉത്തരവാദിത്വവും കമ്മറ്റിക്കാണുള്ളത്. കെ.പി രാമനുണ്ണി ട്രസ്റ്റ് അഡ്‌മിനിസ്‌ട്രേറ്ററായി പത്ത് ജീവനക്കാരും നിലവിൽ ജോലി ചെയ്യുന്നുണ്ട് ഇവിടെ. ജീവനക്കാരുടെ നിയമനവും ശമ്പളവുമെല്ലാം ട്രസ്റ്റിനു കീഴിലാണ് നടന്നു വരുന്നത്.

എന്നാൽ ജീവനക്കാരുടെ നിയമനത്തിലും വർഷന്തോറും നടന്നുവരാറുള്ള തുഞ്ചൻ ഉത്സവങ്ങളിലും ന്യൂനപക്ഷ, ദളിത് അവഗണന നടക്കുന്നതായി ട്രസ്റ്റിനെതിരെ ഏറെ നാളായി ആക്ഷേപമുണ്ട്. ട്രസ്റ്റ് വരുന്നത് വരെ ജനകീയ ഉത്സവമായി നടന്നിരുന്ന തുഞ്ചൻ ഉത്സവം ചില താൽപര്യങ്ങളിലേക്ക് ഒതുങ്ങിയതായും സവർണ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലേക്കു മാറിയതായും നാട്ടുകാർ തന്നെ പറയുന്നു. ഏറെ കാലമായി ഇത്തരം അടിച്ചമർത്തലുകളും സമത്വരഹിതമായ നിയമങ്ങളും രഹസ്യമായി തിരുകിക്കയറ്റിയിരുന്ന തുഞ്ചൻ ട്രസ്റ്റ് ഇന്ന് അതിന്റെ എല്ലാ നിലപാടുകളും പരസ്യമാക്കി കൊണ്ടിരിക്കുകയാണ്. എല്ലാം കണ്ട് ഒത്താശ ചെയ്തു കൊടുക്കുന്നത് ഇടതുപക്ഷ പുരോഗമന വാദികളുടെ ഇരട്ട നിലപാടുകൾ തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒരു വശത്ത് സസ്വേതര ഭക്ഷണങ്ങൾ പാടില്ലെന്ന് തുഞ്ചൻ പറമ്പിൽ നിയമം അടിച്ചേൽപിക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ തുഞ്ചൻ ഗസ്റ്റ് ഹൗസിലേക്ക് മാംസവും മദ്യവും ചില എഴുത്താകാർക്കായി എത്തിക്കുന്നു എന്നത് നഗ്ന സത്യമാണ്. മലയാള ഭാഷയെ അതിരറ്റ് സ്‌നേഹിക്കുന്ന അനേകമാളുകളെ അതിശയിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് തുഞ്ചൻപറമ്പിൽ അരങ്ങേറികൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലും മറ്റും നടന്ന ഫാസിസത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തിയും തെരുവിലിറങ്ങിയും സമരം ചെയ്ത സിപിഐഎം അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ എല്ലാം കണ്ട് മൗനത്തിലിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP