Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

500, 1000 രൂപ നോട്ടുകൾ നുറുക്കിയത് 25 രൂപയ്ക്ക് വളപട്ടണത്തെത്തും; പൾപ്പ് മെഷീനിൽ തിളപ്പിച്ച്, അരച്ചു ചേർത്ത് ഹാർഡ് ബോർഡാക്കി കയറ്റുമതി ചെയ്യാൻ വളപട്ടണത്തെ വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് കമ്പനി; ഇന്ത്യക്കാർ അധ്വാനിച്ചു സൂക്ഷിച്ചുവച്ച 14 ലക്ഷം കോടിയുടെ നോട്ടുകൾ ആഫ്രിക്കയിലും യൂറോപ്പിലും ബോർഡും സീലിംഗുമായി രൂപാന്തരപ്പെടുന്നതിങ്ങനെ

500, 1000 രൂപ നോട്ടുകൾ നുറുക്കിയത് 25 രൂപയ്ക്ക് വളപട്ടണത്തെത്തും; പൾപ്പ് മെഷീനിൽ തിളപ്പിച്ച്, അരച്ചു ചേർത്ത് ഹാർഡ് ബോർഡാക്കി കയറ്റുമതി ചെയ്യാൻ വളപട്ടണത്തെ വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് കമ്പനി; ഇന്ത്യക്കാർ അധ്വാനിച്ചു സൂക്ഷിച്ചുവച്ച 14 ലക്ഷം കോടിയുടെ നോട്ടുകൾ ആഫ്രിക്കയിലും യൂറോപ്പിലും ബോർഡും സീലിംഗുമായി രൂപാന്തരപ്പെടുന്നതിങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: പിൻവലിക്കപ്പെട്ട അസാധു നോട്ടുകൾ ഇനിയെന്തു ചെയ്യും! ഒന്നുകിൽ കത്തിച്ചു കളയും. അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗം ഉപയോഗിച്ച് നശിപ്പിക്കും എന്നൊക്കെയാണല്ലോ നാം കരുതുക. എന്നാൽ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കി വിദേശത്ത് കയറ്റുമതി ചെയ്യുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ദീർഘകാലം വിനിമയത്തിനുപയോഗിച്ചും ഖജനാവിൽ സൂക്ഷിച്ചതുമായ അസാധു നോട്ടുകൾ ഹാർഡ് ബോർഡും പ്രസ്സ് ബോർഡും സോഫ്റ്റ് ബോർഡുകളുമായി രൂപം മാറി വരികയാണ് കണ്ണൂർ വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ളൈവുഡ്സിൽ.

റിസർവ്വ് ബാങ്കിന്റെ തിരുവനന്തപുരം റീജണൽ കേന്ദ്രത്തിൽ നിന്നും ഇതുവരെയായി ഹാർഡ് ബോർഡിൽ അരച്ചു ചേർക്കാനെത്തിയത് 140 ടൺ നുറുക്കിയ കറൻസി നോട്ടുകളാണ്. നോട്ടുകൾ അസാധുവാക്കിയതോടെ 14 ലക്ഷം കോടിയുടെ നോട്ടുകളാണ് വിവിധ ബാങ്കുകൾ വഴി തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതായി പ്രതിക്ഷിക്കപ്പെടുന്നത്.

ചാക്കു കെട്ടുകളിൽ ചെറിയഇരുമ്പുകമ്പിയോളം കനത്തിൽ തീരെ ചെറുതായി നുറുക്കിയ കറൻസികൾ. (ഒരു ചാക്കിൽ പത്തുലക്ഷം രൂപയുടെയെങ്കിലും 500, 1000 നോട്ടുകൾ നുറുക്കിയതുണ്ടാവും) ചാക്കിൽനിന്നെടുത്ത കറൻസികൾ ആദ്യമായി പൾപ്പർ മെഷീനിലാണ് എത്തിക്കുക. അവിടെ വച്ച് ബോയിലിങ് വിഭാഗത്തിലെത്തിച്ച് തിളപ്പിക്കും. പിന്നീട് ഗ്രൈൻഡർ മെഷീനിലെത്തിച്ചാണ് പൾപ്പിനോടൊപ്പം അരച്ചു ചേർക്കുക. അതിനുശേഷം ബോർഡർ ഫോമിങ്ങിലേക്കെത്തും. വുഡ് പൾപ്പിൽ 5 ശതമാനം വരെ നുറുക്കിയ നോട്ട് മിശ്രിതം ചേർത്താണ് ഇപ്പോഴുള്ള ഹാർഡ് ബോർഡ് നിർമ്മാണം.

ബോയിലറിൽ 10 കലോറി തിളപ്പിച്ച ശേഷം വുഡ് പൾപ്പുമായി ചേർത്തരച്ച് 157 ഡിഗ്രി താപനിലയിൽ അമർത്തിയാണ് നുറുക്കിയ കറൻസിയെ ഹാർഡ് ബോർഡിന്റെ ഭാഗമാക്കുന്നത്. അതിനു മുമ്പേ ഹാർഡ് ബോർഡിൽ അടങ്ങിയ ജലത്തിന്റെ അംശം പൂർണ്ണമായി പ്രസ്സ് ചെയ്ത് മാറ്റും. അവിടെ വച്ച് 6 എം.എം. 8 എം.എം. എന്നീ ഘനത്തിൽ 16 അടി നീളത്തിലും 4 അടി വീതിയിലുമുള്ള ഹാർഡ് ബോർഡുകളായാണ് മാറുന്നത്. അതിനുശേഷം ആവശ്യങ്ങൾക്കനുസരിച്ച് 6ഃ4 , 8ഃ4 എന്നീ വലുപ്പത്തിൽ മുറിച്ച് രൂപപ്പെടുത്തും. അതിനുശേഷം പായ്ക്ക് ചെയ്ത് അയയ്ക്കുകയാണ് പതിവ്.

വിദേശ രാജ്യങ്ങളിൽ പാർട്ടീഷൻ ബോർഡായും സീലിങ് ഒരുക്കാനും താത്ക്കാലിക ഷെഡ്ഡുകൾക്ക് വാതിലുകൾ നിർമ്മിക്കാനും ഹാർഡ് ബോർഡുകൾ ഉപയോഗിക്കപ്പെടുന്നു. കറൻസി നുറുക്കുകൾ വുഡ് പൾപ്പുമായി മിശ്രിതമാക്കിയ ശേഷം ഹാർഡ് ബോർഡിന് കൂടുതൽ ഉറപ്പേറിയതായി അധികൃതർ പറയുന്നു. അസാധു നോട്ടുകൾ നുറുക്കിയ ശേഷം ആക്രി വിലക്ക് വിൽക്കാനായിരുന്നു റിസർവ്വ് ബാങ്ക് തീരുമാനിച്ചത്. വുഡ് പൾപ്പ് ഉപയോഗിച്ച് ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിനേയും അവർ സമീപിച്ചു. ക്വട്ടേഷൻ നൽകി നുറുക്കിയ നോട്ടുകൾ എടുക്കണമെന്നായിരുന്നു റിസർവ്വ് ബാങ്കിന്റെ ആദ്യ തീരുമാനം.

അസാധു നോട്ടുകൾ കുന്നുകൂടാൻ തുടങ്ങിയപ്പോൾ ആക്രി വില പോലും ഉപേക്ഷിച്ച് നൽകാൻ റിസർവ്വ് ബാങ്ക് തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു ലോഡ് കറൻസിക്ക് 25 രൂപ വച്ച് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഇവ വാങ്ങുകയായിരുന്നു. (ഒരു ലോഡിൽ എത്ര ലക്ഷം കോടിയുടെ 500, 1000 രൂപ നോട്ടുകളുണ്ടായിരിക്കുമെന്ന് ഊഹിക്കാൻപോലും സാധിക്കില്ല!) ലോറി വാടക പോലും നൽകുന്നത് റിസർവ്വ് ബാങ്കിന്റെ ചെലവിലാണ്. രാജ്യത്തെ ഏക ഹാർഡ് ബോർഡ് ഫാക്ടറിയാണ് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഉടമസ്ഥതയിലേത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഹാർഡ് ബോർഡുകൾ ഇവിടെ നിന്നും കയറ്റിയയ്ക്കുന്നത്. ഇന്ത്യൻ കറൻസിയുടെ മണവും ഗുണവുമുള്ള ഹാർഡ് ബോർഡുകളാണ് ഇനി ഇവിടെ നിന്നും കടൽ കടക്കുക.

കേരളത്തിലെ എല്ലാ ബാങ്കുകളിൽ നിന്നും ശേഖരിച്ച അസാധു നോട്ടുകൾ റിസർവ്വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിലാണ് എത്തിച്ചേരുന്നത്. ഇവിടെ വച്ച് നേരിയ തുണ്ടുകളാക്കി കറൻസികൾ നുറുക്കും. പിന്നീടവ ചാക്കുകളിലാക്കി നിറച്ചു വെക്കുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തു വച്ചു തന്നെ കത്തിച്ചു കളയാനായിരുന്നു തീരുമാനം. എന്നാൽ പിൻവലിച്ച നോട്ടുകൾ കുന്നു കൂടിയപ്പോൾ കത്തിച്ചാൽ പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന വിലയിരുത്തലിൽ തീരുമാനം മാറ്റുകയായിരുന്നു.

അങ്ങനെയാണ് വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന് അയക്കാൻ തീരുമാനമായത്. ഹാർഡ് ബോർഡ് വിഭാഗത്തിന്റെ ഫാക്ടറിയുടെ താഴത്തെ നിലയിൽ പൾപ്പിൽ ചേർക്കാനായി ടൺ കണക്കിന് കറൽസി തുണ്ടുകൾ ചാക്കുകളിലാക്കി എത്തിക്കൊണ്ടിരിക്കയാണ്. നാം ഏറെക്കാലം വിനിമയത്തിനും കരുതലിനുമായി സൂക്ഷിച്ച പണം നുറുക്കായി ചാക്കുകളിൽ അരച്ചെടുക്കാനായി ഒരുക്കി വച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP