Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖജനാവ് കരുത്താർജ്ജിക്കാൻ സംസ്ഥാനം മുഴുവൻ മദ്യശാലകൾ; ത്രിസ്റ്റാറുകൾക്കും ബാറിനുള്ള അനുമതി നൽകുന്ന തന്ത്രപരമായ തീരുമാനം; നിശബ്ദമായി പ്രതിപക്ഷവും; മദ്യനിരോധനും മദ്യവർജ്ജനവുമെല്ലാം ഇനി വാക്കുകളിൽ മാത്രം; മുഖം മിനുക്കി ബാറുകളാകാൻ ബിയർ പാർലറുകളും

ഖജനാവ് കരുത്താർജ്ജിക്കാൻ സംസ്ഥാനം മുഴുവൻ മദ്യശാലകൾ; ത്രിസ്റ്റാറുകൾക്കും ബാറിനുള്ള അനുമതി നൽകുന്ന തന്ത്രപരമായ തീരുമാനം; നിശബ്ദമായി പ്രതിപക്ഷവും; മദ്യനിരോധനും മദ്യവർജ്ജനവുമെല്ലാം ഇനി വാക്കുകളിൽ മാത്രം; മുഖം മിനുക്കി ബാറുകളാകാൻ ബിയർ പാർലറുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി കേരളം മുഴുവൻ മദ്യശാലകൾ. ഇതിലൂടെ ബാർ മുതലാളിമാർ മാത്രമല്ല സർക്കാരും ലാഭം ഉണ്ടാക്കാമെന്ന് കരുതുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽകൂടെയാണ് മദ്യത്തിൽ നിന്നുള്ള വരുമാനം ഉയർത്തി ഖജനാവ് കൂടുതൽ ശക്തമാക്കാനുള്ള ധനമന്ത്രി തോമസ് ഐസകിന്റെ ശ്രമം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും മദ്യപരുടെ കഴുത്തിന് നേരത്തേയും പിടിച്ചിരുന്നു. മദ്യത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. 400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി വർദ്ധിപ്പിച്ചു. നാനൂറിന് മുകളിൽ വിലയുള്ള മദ്യത്തിന് 210 ശതമാനവുമാണ് നികുതി ഏർപ്പെടുത്തിയത്. ബിയറിന്റെ വിലയും വർദ്ധിപ്പിച്ചു. ബിയറിന്റെ വിൽപ്പന നികുതി നൂറ് ശതമാനമാണ് വർദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിൽ ബാറുകളുടെ എണ്ണം കൂടുന്നത് വരുമാനം കൂട്ടുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ബാറുടമകളുടെ സമ്മർദ്ദവും ഫലം കണ്ടു. അങ്ങനെ സർക്കാരിനും ബാറുടമകൾക്കും ഒരു പോലെ ആശ്വാസമാകും ഈ തീരുമാനമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തു പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി അവിടെയെല്ലാം മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയാണ് സർക്കാർ ഉത്തരവ്. നിശ്ചിത ജനസംഖ്യയ്ക്കു താഴെയുള്ള പഞ്ചായത്താണെങ്കിലും വിനോദസഞ്ചാര മേഖലകളുണ്ടെങ്കിൽ അവിടെയും മദ്യശാല തുറക്കാം. ടൂറിസം വകുപ്പോ നികുതി വകുപ്പോ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചിരിക്കണമെന്നാണു വ്യവസ്ഥ. ജനസംഖ്യയുടെ കാര്യത്തിൽ നിലവിലുള്ള സെൻസസോ പഞ്ചായത്തു വകുപ്പിന്റെ രേഖകളോ ആണ് അടിസ്ഥാനം. ഫലത്തിൽ കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും പതിനായിരത്തിൽ അധികം ജനസംഖ്യയുണ്ട്. അതുകൊണ്ട് തന്നെ ഉറപ്പായും എല്ലായിടത്തും ബാറുകൾ വരും.

ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാല പാടില്ലെന്നു 2015 ഡിസംബർ 15നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദൂരപരിധിയിൽ നിന്നു നഗരപ്രദേശങ്ങളെ ഒഴിവാക്കി പിന്നീടു 2017 മാർച്ച് 31നും മുനിസിപ്പൽ മേഖലകളെ ഒഴിവാക്കി ജൂലൈ 11നും കോടതി വിധി വന്നു. അതോടെ പഞ്ചായത്തുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേരളം, അസം, തമിഴ്‌നാട് എന്നിവ കോടതിയെ സമീപിച്ചു. തുടർന്നാണു പട്ടണസ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവിൽപനശാലകൾ തുടങ്ങാമെന്നും ഇത്തരം പട്ടണങ്ങൾ ഏതൊക്കെയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നും ഫെബ്രുവരി 24ന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളേയും ബാറിന് പരിഗണിക്കാവുന്ന തരത്തിൽ ജനസംഖ്യ പതിനായിരമായി സർക്കാർ നിശ്ചയിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യമില്ലാത്ത 418 ബാറുകൾ ആദ്യം പൂട്ടി. പിന്നീടു പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തി മറ്റുള്ളവയ്ക്കു ബീയർവൈൻ പാർലർ ലൈസൻസ് നൽകുകയായിരുന്നു. ഈ സർക്കാരാണു ത്രീ സ്റ്റാറിനു മുകളിലുള്ളവയ്ക്കു ബാർ ലൈസൻസ് എന്ന പരിധി നിശ്ചയിച്ചത്. നിലവിൽ 286 ബാറുകളാണു സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. ഇത് പഴയ കണക്കിലേക്ക് പോകും. ഇതുമായി ബന്ധപ്പെട്ടാണ് കെ എം മാണിക്കെതിരെ ബാർ കോഴ വിവാദം പോലും ഉണ്ടായത്. ഇത് ഇടതുപക്ഷം ചർച്ചയാക്കി. എന്നാൽ അധികാരത്തിലെത്തുമ്പോൾ തന്ത്രപരമായി എല്ലാ ബാറുകളും തുറക്കുന്നു. പ്രതിപക്ഷവും ബാർ ഉടമകളുടെ ഇടപെടൽ കാരണം നിശബ്ദമാകുന്നു.

പഞ്ചായത്തിലെ ജനസംഖ്യയും വിനോദസഞ്ചാര മേഖലയുമെന്ന നിബന്ധനയ്ക്കു പുറമേ സർക്കാർ നിശ്ചയിച്ച ദൂരപരിധിയാണ് ഇനി മദ്യശാലകൾ തുറക്കാനുള്ള മാനദണ്ഡമായി ശേഷിക്കുന്നത്. ത്രീ സ്റ്റാർ വരെയുള്ള ഹോട്ടലുകൾ, മദ്യവിൽപനശാലകൾ, കള്ളുഷാപ്പുകൾ എന്നിവ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതിവർഗ കോളനികൾ, ശ്മശാനങ്ങൾ എന്നിവയിൽ നിന്ന് 200 മീറ്റർ ദൂരപരിധി പാലിക്കണം. ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകളുടെ ദൂരപരിധി 50 മീറ്ററാണ്. ഇത് കുറയ്ക്കാനും സർക്കാരിന് മേൽ സമ്മർദ്ദമുണ്ട്.

ബീയർവൈൻ പാർലറുകളിൽ അറുപതോളം ത്രീസ്റ്റാർ യോഗ്യത നേടുന്നതിനായി നവീകരിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവു വന്നതിനാൽ ഇവർ യോഗ്യതയ്ക്കു വേണ്ടി കേന്ദ്ര ടൂറിസം വകുപ്പിനെ സമീപിക്കും. ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ളവയ്ക്കും ബാർ ലൈസൻസ് നൽകുന്നതാണു സംസ്ഥാന സർക്കാരിന്റെ മദ്യനയം. അങ്ങനെ കേരളത്തിലെ പൂട്ടിയ ബാറല്ലെ തുറക്കുന്ന സ്ഥിതിയിലേക്കാണ് പിണറായി സർക്കാർ കാര്യങ്ങളെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP