Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തലയേയും വിജിലൻസിനേയും പ്രതിസ്ഥാനത്തു നിർത്താൻ പുതിയ തന്ത്രവുമായി എ ഗ്രൂപ്പ്; മാണിക്ക് എതിരായ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവുമായി ഹസൻ; ഐ ഗ്രൂപ്പിനെ പരസ്യമായി വെല്ലുവിളിക്കാനും തീരുമാനം; ബാബുവിനെതിരായ ആരോപണത്തിൽ തിങ്കളാഴ്ച മുതൽ അന്വേഷണം

ചെന്നിത്തലയേയും വിജിലൻസിനേയും പ്രതിസ്ഥാനത്തു നിർത്താൻ പുതിയ തന്ത്രവുമായി എ ഗ്രൂപ്പ്; മാണിക്ക് എതിരായ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവുമായി ഹസൻ; ഐ ഗ്രൂപ്പിനെ പരസ്യമായി വെല്ലുവിളിക്കാനും തീരുമാനം; ബാബുവിനെതിരായ ആരോപണത്തിൽ തിങ്കളാഴ്ച മുതൽ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴ അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിലപാട് കടുപ്പിച്ചതോടെ പ്രതിഷേധവുമായി എ ഗ്രൂപ്പ് രംഗത്ത് എത്തുന്നു. മന്ത്രി കെ ബാബുവിനെ കുടുക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ചെന്നിത്തല, ധനമന്ത്രി കെ എം മാണിക്ക് എതിരെ അന്വേഷണം പൂർത്തിയാക്കാത്തത് എന്തെന്നാണ് എ ഗ്രൂപ്പിന്റെ ചോദ്യം. അതിനിടെ യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലെ ജനതാദൾ തീരുമാനിച്ചതോടെ മുന്നണിയിലെ പ്രതിസന്ധി രൂക്ഷമായി. പാലക്കാട്ടെ വീരന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് ഇരയായവരെ രക്ഷിക്കാൻ കോൺഗ്രസ് മനപ്പൂർവ്വം ശ്രമിക്കുന്നുവെന്നാണ് ജെഡിയുവിന്റെ പരാതി.

അതിനിടെ, എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ ബാർ കോഴ ആരോപണത്തിൽ തിങ്കളാഴ്ച അന്വേഷണം തുടങ്ങാൻ കൊച്ചിയിലെ വിജിലൻസ് സംഘം തീരുമാനിച്ചു. ബാർ ഉടമകളുടെ മൊഴിയായിരിക്കും ആദ്യം രേഖപ്പെടുത്തുക. ഇന്ന് കൊച്ചിയിൽ ചേർന്ന അന്വേഷണസംഘത്തിന്റെ യോഗം ബിജു രമേശിന്റെ രഹസ്യ മൊഴി ചർച്ച ചെയ്തു മൊഴി എടുക്കേണ്ടവരുടെ പട്ടിക തയാറാക്കി. വിജിലൻസ് ഡിവൈഎസ്‌പി എം എൻ. രമേശ് കുമാറിനാണ് അന്വേഷണ ചുമതല. എസ്‌പി കെ.എം. ആന്റണി അന്വേഷണത്തിനു മേൽനോട്ടം വഹിക്കും.

നിലവിലെ സാഹചര്യത്തിൽ മാണിക്കെതിരെ തെളിവല്ലെന്ന നിലപാടിൽ വിജിലൻസിന് എത്തേണ്ടി വരും. മാണിക്ക് പണം നൽകിയെന്ന് ആരും മൊഴി നൽകാത്ത സാഹചര്യത്തിലാണ് ഇത്. പെട്ടി കൈമാറുന്നത് കണ്ടുവെന്ന് പറയുന്നത് ബിജു രമേശിന്റെ ഡ്രൈവറാണ്. അതുകൊണ്ട് തന്നെ ആ സാക്ഷിമൊഴിയും ആധികാരികത കുറവുമാണ്. അതിലെല്ലാം ഉപരി മാണിയെ കേസിൽ കുടുക്കില്ലെന്ന് ചെന്നിത്തല ഉറപ്പ് നൽകിയതായും സൂചനയുണ്ട്. എന്നാൽ കുറ്റപത്രം നൽകുന്നത് വൈകിപ്പിച്ച് ബാബുവിനെ രാജിവയ്‌പ്പിക്കാനാണ് ചെന്നിത്തല നീക്കം നടത്തിയത്. എഫ്‌ഐആർ വന്നാൽ സാങ്കേതികത്വം പറഞ്ഞ് മന്ത്രിയായി തുടരില്ലെന്ന് ബാബു വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ മാണിക്കെതിരെ അന്വേഷണം പൂർത്തിയായാൽ ബാർ കോഴ ഗൂഢാലോചനയാണെന്ന് വ്യക്തമാകും. പിന്നെ ബാബുവിനെതിരായ ആരോപണങ്ങളും അപ്രസക്തമാകും. അതിനാൽ മാണിയുടെ കേസിൽ ഉടൻ തീരുമാനം വേണം. മാണിക്കെതിരെ കുറ്റപത്രം വന്നാൽ മുന്നണിക്കുള്ള ചെന്നിത്തല ഒറ്റപ്പെടും. ബാർ കോഴയിൽ പിസി ജോർജും ചെന്നിത്തലയും നടത്തിയ ഗൂഢാലോചനയും പുറത്തുവരും. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലെ നിലപാടുമായി എ ഗ്രൂപ്പ് രംഗത്ത് വന്നത്. ബാർ കോഴയിൽ മാണിക്കെതിരായ അന്വേഷണം നീളുന്നതിലെ അതൃപ്തി ഹസ്സൻ രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിച്ചു. അതായത് മാണി കുറ്റക്കാരനാണോ അല്ലയോ എന്ന് ഉടൻ പറയണമെന്നാണ് ആവശ്യം.

ബാബുവിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലെ പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് മാണിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാബുവിനെതിരെ കേസ് എടുക്കണമെന്ന നിലപാട് മയപ്പെടുത്തിയ മാണി പിന്നീട് അത് മാറ്റി. ബാർ കോഴയിൽ മാണിയുടെ കേസിനൊപ്പം ബാബുവിനെതിരായ ആരോപണവും അന്വേഷിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ തന്റേ കേസിനൊപ്പം ബാബുവിനെ പരിഗണിക്കാൻ കഴില്ലെന്ന് മാണി നിലപാട് എടുത്തു. രണ്ടും രണ്ട് വിഷയമാണെന്നും പറഞ്ഞു. ഈ വാദമടിസ്ഥാനമാക്കിയാണ് ബാബുവിനെതിരെ വിജിലൻസ് കേസ് എടുത്തത്. ഇതോടെ കോൺഗ്രസ് ഹൈക്കമാണ്ടിൽ സമ്മർദ്ദം ചെലുത്തി ബാബുവിനെ രക്ഷിക്കാനുള്ള നീക്കവും പൊളിഞ്ഞു.

അതിന് ശേഷം അഴിമതി വിരുദ്ധ പ്രതിച്ഛായ സ്ഥാപിച്ചെടുക്കാൻ രമേശ് ചെന്നിത്തല നേരിട്ട് രംഗത്ത് എത്തി. സർക്കാരിന് തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞു. തിരുത്തലുകൾ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ എഐ ഗ്രൂപ്പുകളുടെ പോര് ശക്തമായി. ആഭ്യന്തര വകുപ്പിനേയും വിമർശിക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. മന്ത്രിമാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത വിജിലൻസിനെ പ്രകീർത്തിക്കുകയാണ് ചെന്നിത്തല ചെയ്തത്. എന്നാൽ അത്രയും കാര്യക്ഷമായ വിജിലൻസ് എന്തുകൊണ്ട് മാണിക്കെതിരെ അന്വേഷണം പൂർത്തിയാക്കിയില്ലെന്ന ചോദ്യമാണ് ഹസൻ ഉയർത്തുന്നത്. ബാർ കോഴയിൽ കോൺഗ്രസിലെ എ വിഭാഗത്തിനെതിരായ ഒത്തുകളി തുറന്നുകാണിക്കുകയാണ് ലക്ഷ്യം.

അതിനിടെയാണ് ബാർ കോഴ ഇടപാടിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ മറ്റന്നാൾ അന്വേഷണം തുടങ്ങുമെന്ന് വിജിലൻസ് എഡിജിപി വിൻസെന്റ് എം പോൾ പറഞ്ഞത്. കുറ്റമറ്റ അന്വേഷണം നടത്തും. അന്വേഷണത്തിൽനിന്ന് വിജിലൻസ് അഡീഷണൽ ഡയറക്ടർ ഡോ. തോമസ് ജേക്കബ് ഒഴിവായിട്ടില്ലെന്നും വിൻസെന്റ് എം പോൾ പറഞ്ഞു. കെ ബാബുവിന്റെ വകുപ്പികളിൽപ്പെട്ട തുറമുഖ വകുപ്പിന്റെ ഡയറക്ടറായിരുന്നതിനാൽ ജേക്കബ് തോമസ് അന്വേഷണത്തിൽനിന്ന് ഒഴിവാകുമെന്ന് വാർത്തയുണ്ടായിരുന്നു. വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബാബുവിൽ നിന്ന് മൊഴിയുമെടുക്കും. ബിജു രമേശുൾപ്പെടെയുള്ളവരുടെ മൊഴിയുമെടുക്കും. പ്രാഥമികമായി കേസ് എടുക്കേണ്ടിയും വരുമെന്നാണ് വിലയിരുത്തൽ.

ഇത് മനസ്സിലാക്കിയാണ് അണിയറയിൽ പുതിയ തന്ത്രങ്ങൾ എ ഗ്രൂപ്പ് ഒരുക്കുന്നത്. നേതൃമാറ്റം അജണ്ടയിലില്ലെന്ന് പറയുന്ന ചെന്നിത്തല എന്തിനാണ് ബാർ കോഴയിൽ ഇരട്ട നിലപാട് എടുക്കുന്നതെന്ന ചോദ്യമാകും എ വിഭാഗം ഉയർത്തുക.

മന്ത്രി കെ ബാബുവിനെതിരെ മജിസ്‌ട്രേറ്റിനു നൽകിയ മൊഴി അട്ടിമറിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തുന്നുവെന്നു പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞു. ക്വിക് വേരിഫിക്കേഷന് 45 ദിവസം അനുവദിച്ചതു തെളിവുകൾ അട്ടിമറിക്കുന്നതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും വേണ്ടിയാണെന്നും വി എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ ആരോപിച്ചു. ലളിതകുമാരി കേസിലെ വിധിയനുസരിച്ച് 15 ദിവസം മാത്രം അനുവദിച്ചാൽ മതി. മന്ത്രിസഭയിലെ സഹപ്രവർത്തകനായ കെ.ബാബുവിനെ രക്ഷിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമം കാറ്റിൽപറത്തിയെന്നും പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP