Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നഗ്‌ന മാറിടം കാട്ടിയ അന്ത്യത്താഴ വിരുന്നിൽ മാത്രം ഒതുങ്ങുന്നില്ല മനോരമ പിടിച്ച പുലിവാല്; ഭാഷാപോഷിണിയുടെ ഡിസംബർ ലക്കത്തിലെ ശ്രീനാരായണ ഗുരുവിന്റെ പൊട്ടിത്തെറിക്കാറായ ചിത്രവും വിവാദത്തിൽ; 11 കൊല്ലം മുമ്പ് റിയാസ് കോമു ചെയ്ത ശിൽപ്പം മനസ്സിലാക്കാനാവാതെ വെള്ളാപ്പള്ളിയും മകനും രംഗത്ത്; ക്ഷമാപണം നടത്തി മനോരമ

നഗ്‌ന മാറിടം കാട്ടിയ അന്ത്യത്താഴ വിരുന്നിൽ മാത്രം ഒതുങ്ങുന്നില്ല മനോരമ പിടിച്ച പുലിവാല്; ഭാഷാപോഷിണിയുടെ ഡിസംബർ ലക്കത്തിലെ ശ്രീനാരായണ ഗുരുവിന്റെ പൊട്ടിത്തെറിക്കാറായ ചിത്രവും വിവാദത്തിൽ; 11 കൊല്ലം മുമ്പ് റിയാസ് കോമു ചെയ്ത ശിൽപ്പം മനസ്സിലാക്കാനാവാതെ വെള്ളാപ്പള്ളിയും മകനും രംഗത്ത്; ക്ഷമാപണം നടത്തി മനോരമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നെന്ന് വ്യക്തം. ഇപ്പോഴിതാ പുതിയ വിവാദമെത്തുന്നു. ശ്രീനാരായണ ഗുരുവിനെ വികലമായി ഭാഷാപോഷണി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ഇതോടെ മനോരമ ക്ഷമാപണവും നടത്തി. പ്രശസ്ത ശിൽപി റിയാസ് കോമു പതിനൊന്നു വർഷം മുൻപ് രൂപകല്പന ചെയ്ത ശില്പം കവർ ചിത്രമായി പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നമായത്. ജാതിയില്ലാ വിളംബരവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ഭാഷാപോഷണിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നൽകിയ കവർ ചിത്രമാണ് വിവാദത്തിലായത്.

ഭാഷാപോഷണിയുടെ ഡിസംബർ ലക്കത്തിൽ വായനക്കാർക്ക് വേദനാജനകമായ ഒരു ചിത്രം കവർപേജിലും മറ്റൊരു ചിത്രം ഉൾപ്പേജിലും പ്രസിദ്ധീകരിക്കാനിടയായതിൽ നിർവ്യാജം ഖേദിക്കുകയും തെറ്റുമനസിലാക്കി ക്ഷമാപണം നടത്തുകയും ചെയ്യുന്നുവെന്നാണ് മനോരമയുടെ ക്ഷമാപണം. എന്നാൽ റിയാസ് കോമുവിന്റെ കലാപ്രവർത്തനത്തിന്റെ ഭാഗമായുള്ള ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകത്തിലെ നിർബാധ്യത എന്ന അധ്യായം ഭാഷാപോഷിണി പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനത്തിന്റെ കവർ ചിത്രമായി റിയാസ് കോമു 11 വർഷം മുൻപ് നിർമ്മിച്ച ശില്പത്തിന്റെ ചിത്രം അടിച്ചുവരികയും ചെയ്തു. കാലം പ്രതിഫലക്കുന്ന ശിൽപ്പത്തിൽ വിള്ളലുകളും പൂപ്പലുമെല്ലാം ശില്പത്തിലുണ്ട്. ഈ വിള്ളൽ നാരായണ ഗുരുവിനെ അപമാനിക്കാനാണെന്ന് പ്രചരണം തുടങ്ങി. ഇതോടെയാണ് വിവാദമൊഴിവാക്കാൻ മനോരമ ക്ഷമാപണം നടത്തുന്നത്.

മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയുടെ മുഖചിത്രമായി വന്ന റിയാസ് കോമു വരച്ച ഗുരുദേവനെ മോശമായി ചിത്രീകരിച്ച ചിത്രം ആദ്യം വന്നത് ഡിസി ബുക്ക്സ് ഇറക്കിയ ഗുരുചിന്ദന ഒരു മുഖവുര എന്ന ബുക്കിന്റെ കവർ ചിത്രമായാണ്. എന്നാൽ ഭാഷാപോഷണി ചിത്രം പിൻവലിച്ചിട്ടില്ല. വാട്ട്സാപ്പിൽ കെ.ആർ മഹേഷെന്നയാൾ ഫോൺ നമ്പർ സഹിതം പ്രചരിപ്പിച്ച ഭീഷണി സന്ദേശത്തേയും ഡിസി ബുക്‌സ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങൾ ഒഴിവാക്കാനായി മനോരമ ക്ഷമാപണം നടത്തുമ്പോൾ പുസ്തകം പിൻവലിക്കില്ലെന്നാണ് ഡിസി ബുക്‌സ് പറയുന്നത്. ഭാഷാപോഷണിയെ അതിരൂക്ഷമായ ഭാഷയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷൻ വ്രിമർശിച്ചിരുന്നു. പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസും ചിത്രത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനൊരുങ്ങി. ഇതോടെയാണ് മനോരമയുടെ ക്ഷമാപണം എത്തുന്നത്.

കൊച്ചി മുസിരിസ് ബിനാലെയുടെ പ്രഥമ ക്യുറേറ്ററും സ്ഥാപകഡയറക്ടറുമായ റിയാസ് കോമു പതിനൊന്നു വർഷം മുൻപു രൂപകല്പന ചെയ്ത ശില്പം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. വെങ്കലത്തിൽ തീർത്ത ശില്പത്തിന്റെ ചിത്രം അദ്ദേഹം തന്നെ രൂപകല്പന ചെയ്ത 'ഗുരുചിന്തന ഒരു മുഖവുര' എന്ന പുസ്തകകത്തിന്റെ കവർച്ചിത്രമായപ്പോഴാണു വിവാദം ആളിക്കത്തിയത്. ശില്പിയും പ്രസാധകനും ഗുരുനിന്ദ ചെയ്യുന്നുവെന്നാണു എസ് എൻ ഡി പി അടക്കമുള്ളവർ നിലപാട് എടുത്തത്. ഗുരുചിന്തയുടെ തീക്ഷ്ണതയെയും ആഴത്തെയും ധ്വനിപ്പിക്കുന്നതാണു റിയാസ് കോമുവിന്റെ ശില്പം. ഈ ചിത്രമെന്താണെന്ന് വെള്ളാപ്പള്ളിക്കും തുഷാറിനും മനസ്സിലായില്ല. ഇതാണ് വിവാദങ്ങൾക്ക് ഇടയാക്കിയതെന്നതാണ് യാഥാർത്ഥ്യം. അപ്പോഴും സങ്കീർണ്ണമായ വിവാദം ഒഴിവാക്കാൻ മനോരമ ക്ഷമാപണം നടത്തി.

നാരായണഗുരുവിന്റെ പുരോഗമനാശയങ്ങളിൽ ആകൃഷ്ടനായ ശില്പി തന്റേതായ ഗുരുസങ്കല്പത്തെ ആദരപൂർവമാണു ശില്പത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകം ഗുരുവിമർശനഗ്രന്ഥമല്ല. ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചുള്ള ആധുനിക വ്യാഖ്യാനവും മലയാളിയുടെ യഥാർത്ഥ ഗുരുവിനെ കണ്ടെത്താനുള്ള മഹത്തായ ശ്രമമാണെന്നതാണ് യാഥാർത്ഥ്യം. ശ്രീനാരായണഗുരുവിനെ ആഴത്തിൽ പഠിക്കാനാഗ്രഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് ലാഭേഛയില്ലാതെയാണ് 'ഗുരുചിന്തന ഒരു മുഖവുര' പുറത്തിറക്കിയതെന്ന് ഡിസി ബുക്‌സും പറയുന്നു. എന്നാൽ ഭാഷാപോഷണി ചിത്രം പ്രസിദ്ധീകരിച്ചപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ വിവാദവുമെത്തി.

അതിനിടെ പ്രശ്‌നം അവസാനിച്ചതായി ഫെയ്‌സ് ബുക്കിലൂടെ വെള്ളാപ്പള്ളിയും വിശദീകരിച്ചു. മനോരമ പ്രസിദ്ധീകരണമായ ''ഭാഷപോഷിണി''യിൽ ശ്രീനാരായണ ഗുരുദേവനെ വികൃതമാക്കി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചതിൽ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ശ്രീ തോമസ് ജേക്കബ് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തോട് നേരിട്ട് ഖേദം പ്രകടിപ്പിക്കുകയും, നാളെ തന്നെ വിഷയത്തിൽ തിരുത്ത് നൽകാമെന്നും അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പ്രതിഷേധ പ്രക്ഷോഭ പരിപാടികളും നിറുത്തി വെക്കാൻ തീരുമാനിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പോസ്റ്റ്. ക്ഷമാപണത്തിന് ശേഷം മനോരമയെ പ്രകീർത്തിച്ചും വെള്ളപ്പള്ളി പോസ്റ്റിട്ടു. തെറ്റു പറ്റിയാൽ അതു തെറ്റാണെന്നു തുറന്നു സമ്മതിക്കാനുള്ള മനസ്സുണ്ടാകുകയാണെങ്കിൽ, ചെയ്ത തെറ്റ് ക്ഷമിക്കാനുള്ള മനസ്സും ഉണ്ടാകണം. പ്രത്യേകിച്ചു ശ്രീനാരായണീയർക്ക്. മനോരമ അവരുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയിൽ നമ്മുടെ ഏവരുടെയും ദൈവമായ ഗുരുദേവനെ വികലമാക്കി പ്രസിദ്ധീകരിച്ചതിൽ അവർ ക്ഷമാപണം നടത്തുകയും ഇനിമേലിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ശ്രീനാരായണീയരായ നമുക്കുണ്ടായ മുറിവ് ചെറുതൊന്നുമല്ല. എങ്കിലും ക്ഷമാപണം ഗൗരവമായി കണ്ടുകൊണ്ട് നമുക്കേവർക്കും ഉണ്ടായ ധാർമ്മിക രോഷം അടക്കി ക്ഷമിക്കാൻ തയ്യാറാകണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അഭ്യർത്ഥന.

എന്നാൽ പുസ്തകം പിൻവലിക്കാൻ ഡിസി ബുക്‌സ് തയ്യാറല്ല. അവരുടെ നിലപാട് ഇങ്ങനെയാണ്-എല്ലാവിധ ആശയവൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന പ്രസാധന ശാലയായ ഡി സി ബുക്‌സ് നാരായണഗുരുവിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ പിൻഗാമികളായ സന്യാസിശ്രേഷ്ഠരുടെ പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ശ്രീനാരായണ പ്രസ്ഥാനത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങളേറെയുള്ള ആത്മകഥയും ഡി സി ബുക്‌സ് തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗുരുവിനെക്കുറിച്ചുള്ള ഈ പുസ്തകം വായിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ദർശനവും കർമ്മമാർഗവും അടുത്തറിയാനാവും. ഈ ചിന്തയുടെ തീക്ഷ്ണതയേയും ആഴത്തെയും ദ്യോതിപ്പിക്കുന്നതാണു റിയാസ് കോമുവിന്റെ ശില്പം- ഡിസി പറയുന്നു.

നേരത്തെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നെന്ന് വ്യക്തമായിരുന്നു. ഇങ്ങനെയൊരു ചിത്രം മനോരമ പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സഭയുമായി അടുപ്പമുള്ളവർ അത് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും അധികം സർക്കുലേഷനുള്ള പത്രം വിവാദം ഒതുക്കാൻ മുൻകൈ സ്വീകരിക്കുകയായിരുന്നു. ഭാഷാപോഷിണി ഡിസംബർ ലക്കമാണ് വിപണിയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് ഈഴവ വികാരത്തെ വൃണപ്പെടുത്തുന്ന പുതിയ ചിത്രമെത്തിയത്. ഈ ചിത്രം കലാപരമായ ഒന്നായിട്ട് പോലും മനോരമ ക്ഷാമാപണം നടത്തുകയാണ്.

ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചതായിരുന്നു അന്ത്യത്താഴത്തിലെ വിവാദ പെയിന്റിങ്. ചിത്രം വിവാദമായതിനെ തുടർന്ന് വിപണിയിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭാഷാപോഷിണി പിൻവലിച്ചു. ഇയോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് സി ഗോപൻ കുപ്രസിദ്ധ ചാരവനിത മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'മൃദ്വംഗിയുടെ ദുർമൃത്യു' എന്ന നാടകത്തിന് വേണ്ടി വരച്ച ചിത്രമാണ് വിവാദമായത്. ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തിൽ. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്മെന്റ് ഉടനടി ഇടപെടൽ നടത്തുകയായിരുന്നു.

മാതൃഭൂമി ദിനപത്രത്തിന്റെ നഗരം പേജിൽ പ്രവാചനകനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ റിപ്പോർട്ട് വന്നതോടെ വലിയ ബഹളമാണ് ഉണ്ടായത്. മുസ്ലിം സമുദായങ്ങൾക്കിടയിലുണ്ടായ പ്രതിഷേധം വലിയ തോതിൽ പത്രത്തിന്റെ സർക്കുലേഷനെയും ബാധിച്ചിരുന്നു. എന്നാൽ, അധികം സർക്കുലേഷൻ ഇല്ലാത്ത ഭാഷാപോഷണിയുടെ പേരിൽ മലയാള മനോരമ പത്രത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചാണ് മാനേജ്മെന്റ് അതിവേഗം നടപടി സ്വീകരിച്ചത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള മുറവിളികൾക്ക് അപ്പുറത്തേക്ക് ഇക്കാര്യത്തിൽ കച്ചവട താൽപ്പര്യവും വിശ്വാസികളുടെ താൽപ്പര്യവും സംരക്ഷിക്കാനാണ് മനോരമ പ്രാധാന്യം കൊടുത്തത്.

അന്ത്യത്താഴത്തിൽ യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയിൽ അർധ നഗ്നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകൾ ഇരിക്കുന്ന ചിത്രമാണ് ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചത്. യേശുവിന്റെ ഇരുവശത്തുമായി ആറുശിഷ്യർ വീതം അത്താഴത്തിരിനിരിക്കുന്ന വിഖ്യാതചിത്രമാണ് ഡാവിഞ്ചിയുടേത്. ടോം വട്ടക്കുഴിയുടെ അത്താഴമേശയുടെ നടുവിൽ ക്രിസ്തുവിന് പകരം ചുവന്ന പുറങ്കുപ്പായമണിഞ്ഞ മാതാഹരിയുടെ മാറ് തുറന്നിരിക്കുന്ന രൂപമാണ്. ക്രിസ്തുവിന്റെ മുഖഭാവത്തിന് തുല്യമാണ് മാതാഹരിയുടേയും. ഈ താരതമ്യം തന്നെയാണ് ക്രൈസ്തവ വിശ്വാസികളെ ചൊടിപ്പിച്ചതും. ഇതിന് പിന്നാലെയാണ് ശ്രീനാരായണ ഗുരുവിന്റെ ചിത്രവും വിവാദത്തിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP