Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമക്കമ്പം മൂത്തു പഠിക്കാൻ പോയപ്പോൾ ഉപജീവനത്തിനു വഴി കണ്ടെത്തിയതു സാൻഡ്‌വിച്ച് കടയിൽ ജോലി ചെയ്ത്; ഒരു ലക്ഷം രൂപയ്ക്കു വേണ്ടി ഭാര്യയുടെ ആഭരണങ്ങൾ വിറ്റു; സഹോദരിയായ നടി ഭാവന തിരിഞ്ഞു നോക്കാതിരുന്നിട്ടും ജയദേവന്റെ ആദ്യ പടം പുറത്തിറങ്ങുന്നു

സിനിമക്കമ്പം മൂത്തു പഠിക്കാൻ പോയപ്പോൾ ഉപജീവനത്തിനു വഴി കണ്ടെത്തിയതു സാൻഡ്‌വിച്ച് കടയിൽ ജോലി ചെയ്ത്; ഒരു ലക്ഷം രൂപയ്ക്കു വേണ്ടി ഭാര്യയുടെ ആഭരണങ്ങൾ വിറ്റു; സഹോദരിയായ നടി ഭാവന തിരിഞ്ഞു നോക്കാതിരുന്നിട്ടും ജയദേവന്റെ ആദ്യ പടം പുറത്തിറങ്ങുന്നു

തൃശൂർ: നടി ഭാവനയുടെ സഹോദരൻ ജയദേവന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നു. നടിയായ സഹോദരി തിരിഞ്ഞുനോക്കാതിരുന്നിട്ടും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണു തന്റെ ആദ്യ ചിത്രം ജയദേവൻ പുറത്തിറക്കുന്നത്.

ദക്ഷിണേന്ത്യൻ സിനിമയിൽ സ്വന്തമായൊരിടമുള്ള നായികയാണ് ഭാവനയെങ്കിലും ആ താരപരിവേഷം സഹോദരന്റെ സിനിമക്ക് വേണ്ടി ഉപയോഗിക്കാൻ ഒരുക്കമായിരുന്നില്ല. സഹോദരനായ ജയദേവ് കാനഡയിൽ പോയി സിനിമ പഠിച്ച് പുറത്തിറങ്ങിയിട്ടും ആറു വർഷമാണ് സിനിമ ചെയ്യാനായി അലഞ്ഞത്. മുബൈയിലും ചെന്നൈയിലുമെല്ലാം സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ടാണ് ജയദേവൻ ജീവിതം തള്ളിനീക്കിയത്. താമസവും ഭക്ഷണവുമെല്ലാം സ്നേഹിതരുടെ സഹായമായിരുന്നുവെന്ന് ജയദേവൻ പറയുന്നു.

കാനഡയിലെ വാൻകൂർ ഫിലിം സ്‌കൂളിലെ ഒരുവർഷത്തെ പഠനത്തിനുശേഷമാണ് സിനിമയാണ് ജയദേവ് പഠിക്കുന്നതെന്ന് അച്ഛൻപോലും മനസ്സിലാക്കിയത്.അന്നു മുതൽ കുടുംബത്തിൽ നിന്നുമുള്ള സാമ്പത്തികസഹായങ്ങൾ നിലച്ചു.ടിവി ചാനലുകളിലും സാൻഡ്‌വിച്ച് ഷോപ്പുകളിലും ജോലി ചെയ്താണു കാനഡയിൽ പിന്നീടുള്ള ഒരുവർഷം ജീവിതമാർഗം കണ്ടെത്തിയത്. കാനഡയിലെ പത്തോളം ഇംഗ്ലീഷ് ചിത്രങ്ങളിൽ ചെറിയതോതിൽ സഹകരിക്കാനും സാധിച്ചു.

സിനിമയിൽ ജോലി ചെയ്യുന്നത്,പ്രത്യേകിച്ച് സംവിധായകനാകുന്നത് സിനിമ ക്യാമറമാനുമായിരുന്ന അച്ഛൻ ബാലചന്ദ്രന് ഒട്ടും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ശക്തമായ എതിർപ്പാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.പിന്നീട് സ്വന്തം ജീവിതത്തിന് വക കണ്ടെത്തേണ്ട അവസ്ഥയിലെത്തുകയായിരുന്നു ജയദേവ്.ഈ പ്രശ്നങ്ങൾ രൂക്ഷമായ സമയത്ത്,വീട്ടിൽ നിന്നും രക്ഷപ്പെടാൻ മുംബൈയിലേക്ക് ലോക്കൽ ട്രെയിനിൽ കയറി നിന്നുപോയിട്ടുണ്ടെന്ന് ജയദേവ് ഓർക്കുന്നു.

നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് പുതിയ സിനിമയുടെ റിലീസിങ് നീട്ടിവച്ചിരിക്കുകയായിരുന്നു. ജോലികൾ എല്ലാ പൂർത്തിയായ ചിത്രം അടുത്തമാസം തീയറ്ററുകളുലെത്തും. ഭാവനയുടെ സഹോദരൻ സിനിമ സംവിധായകനാകുന്ന വാർത്ത ഷൂട്ട് ചെയ്യാൻ വീട്ടിലെത്തിയ ചാനൽ സംഘത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടാനും താരം വിസമ്മതിച്ചു. ചേട്ടനൊപ്പം ഒന്നു നിൽക്കാമോ എന്നു ചോദിച്ചപ്പോൾ താരം നിഷ്‌കരുണം നിരസിക്കുകയായിരുന്നു. തൃശ്ശൂരിലെത്തിയ ചാനൽ പ്രവർത്തകനോട് കൊച്ചിയിൽ വന്നാൽ ബൈറ്റ് തരാമെന്നാണ് ഭാവന പറഞ്ഞതത്രെ. ഇങ്ങനെയെല്ലാം ആണെങ്കിലും അവർ തന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്ന് ജയദേവ് പറയുന്നു.

പഠനം പൂർത്തിയാക്കി രണ്ടുവർഷത്തിനുശേഷം കാനഡയിൽ നിന്നും മുബൈയിലെത്തി പല സംവിധായകരെയും സമീപിച്ചെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. ഒരു വർഷത്തോളം വിജയവാഡയിലെ ഒരു ഫിലിം സ്‌കൂളിൽ അദ്ധ്യാപകന്റെ വേഷവുമണിഞ്ഞു. യാത്രയും ഭക്ഷണവുമെല്ലാം വലിയ പ്രശ്നമായിരുന്നു. അവിടെ നിന്നാണ് ചെന്നൈയിലെത്തുന്നത്. ഭാവനയുടെ സഹോദരൻ എന്ന മേൽവിലാസമുള്ളതിനാൽ പല സംവിധായകരും അറിയാം.എന്നാൽ പല കാരണങ്ങളാൽ ഒഴിവാക്കപ്പെടുകയായിരുന്നു.

സംവിധായകൻ സിദ്ദിഖിനെ പോയികണ്ടപ്പോൾ അഭിനയിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അവസരവും നൽകി എന്നാൽ ലക്ഷ്യം ഒരിക്കലും മാറ്റാൻ താൽപര്യമില്ലാത്തതിനാൽ സംവിധാന മോഹവുമായി വീണ്ടും അലഞ്ഞു. മമ്മൂട്ടിയോടും കഥ പറഞ്ഞു. വളരെ സൗഹാർദപൂർവം ഇരുപതു മിനിറ്റ് കഥ കേൾക്കുകയും തന്റെ പ്രായത്തിനു യോജിക്കാത്ത സംഘട്ടനരംഗങ്ങൾ ഉള്ളതിനാൽ, യോജിച്ച ഒരു കഥയുമായി വരണമെന്ന് പറയുകയുമായിരുന്നു. അതുമാത്രമല്ല ആ സിനിമക്ക് നിർമ്മാതാവിനെ അന്വേഷിക്കേണ്ടെന്നും താൻ നിർമ്മിക്കാമെന്നും മമ്മുക്ക ജയദേവന് വാക്കു കൊടുത്തു.എന്നാൽ പിന്നീട് അദ്ദേഹത്തിനു പറ്റിയ ഒരു കഥയുമായി പോകാൻ കഴിഞ്ഞില്ല. തന്റെ പ്രായത്തിന് പറ്റിയതല്ലെന്ന് മമ്മുക്ക അന്നു പറഞ്ഞത് ശരിയാണെന്ന് ഇന്നു തോന്നുന്നുണ്ട്.

മമ്മുക്ക ഡേറ്റ് നൽകിയിട്ടും കഥയുമായി വരാത്ത ഏക വ്യക്തി നീയാണെന്ന് മമ്മുട്ടിയുടെ സെക്രട്ടറി ജോർജ് പിന്നീട് കണ്ടപ്പോൾ പറഞ്ഞിരുന്നുവെന്നും ജയദേവ് ഓർക്കുന്നു. പുതിയ സിനിമ പട്ടിണപാക്കത്തിന്റെ ട്രയൽ എല്ലാം ജയദേവ് മമ്മുട്ടിയെ കാണിച്ചിരുന്നു. അഞ്ചാതെ എന്ന ചിത്രത്തിലൂടെ തമിഴിൽ സുപ്പർ സംവിധായകനായ മിഷ്‌കിന്റെ സഹസംവിധായകനായി പ്രവർത്തിച്ചതാണ് ജയദേവന് മുതൽക്കൂട്ടാകുന്നത്. സ്വന്തം സിനിമയുടെ നായകനായി തെരഞ്ഞെടുത്ത കലൈയരശന് അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപ നൽകേണ്ട ഘട്ടത്തിൽ രണ്ടാമത്തെ പ്രൊഡ്യൂസറും മുങ്ങി.സിനിമയിൽ വാക്കിന്റെ വിലയാണ് വിലയെന്ന സത്യം മനസ്സിലാക്കി ഭാര്യ നൽകിയ ആഭരണങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് മുൻ പരിചയമില്ലാത്ത ഒരു വ്യക്തിയെ സുഹൃത്ത് പരിചയപ്പെടുത്തുന്നത്. അദ്ദേഹമാണ് പട്ടിണപാക്കമെന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കലൈയരശനുള്ള പണം നൽകിയത്. പലരും വന്നുപോയെങ്കിലും അഞ്ചാമത്തെ പ്രൊഡ്യൂസർ ആണ് സിനിമക്കു വേണ്ടി മുതൽ മുടക്കിയത്.

മനോജ്.കെ.ജയൻ, ഛായസിങ്, അനശ്വരകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ജയദേവിന്റെ -പട്ടിണപാക്കം- എന്ന ക്രൈം ത്രില്ലർ സിനിമയുടെ കഥാതന്തു ഈയടുത്തക്കാലത്ത്- എന്ന മുരളി ഗോപിയുടെ മലയാളചിത്രമാണ്. റാണ ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിൽ സംഭാഷണം എഴുതിയിരിക്കുന്നത് ജയദേവും അരശും സംയുക്തമായാണ്. തിരുവനന്തപുരത്തെ ചെങ്കൽചൂള എന്ന രാജാജി നഗർ പോലെ ചെന്നൈയിലെ ഒരു പ്രത്യേകസ്ഥലമാണ് പട്ടിണപാക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP