Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ കാണാൻ അവസരമൊരുക്കിയത് സ്വാമി പ്രകാശാനന്ദയുടെ ആഗ്രഹപ്രകാരം; സ്വാമിക്കൊപ്പം ഞാൻ മോദിയെ കണ്ടില്ല; മെഡിക്കൽ കോഴയിലെ വിവാദ നായകൻ സതീഷ് നായരെ നേരത്തേ അറിയാം; ബിജെപിയിൽ ചേരാതെ എങ്ങനെ കേന്ദ്രമന്ത്രിയാകും? വ്യാജ കത്തിനെ കുറിച്ച് മിണ്ടാതെ ആരോപണങ്ങൾക്ക് മറുപടി നൽകി ബിജു രമേശ്

മോദിയെ കാണാൻ അവസരമൊരുക്കിയത് സ്വാമി പ്രകാശാനന്ദയുടെ ആഗ്രഹപ്രകാരം; സ്വാമിക്കൊപ്പം ഞാൻ മോദിയെ കണ്ടില്ല; മെഡിക്കൽ കോഴയിലെ വിവാദ നായകൻ സതീഷ് നായരെ നേരത്തേ അറിയാം; ബിജെപിയിൽ ചേരാതെ എങ്ങനെ കേന്ദ്രമന്ത്രിയാകും? വ്യാജ കത്തിനെ കുറിച്ച് മിണ്ടാതെ ആരോപണങ്ങൾക്ക് മറുപടി നൽകി ബിജു രമേശ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി പ്രകാശാനന്ദയുടെ പക്കൽ വ്യാജകത്ത് നൽകി കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്ന വിവാദത്തിൽ മറുപടിയുമായി മദ്യവ്യവസായി ബിജു രമേശ്. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അവസരമൊരുക്കിയെന്നും കേന്ദ്രമന്ത്രിയാകാൻ താൻ ശ്രമം നടത്തിയിട്ടില്ലെന്നും വാദിച്ചാണ് ബിജു രമേശ് രംഗത്തെത്തിയത്. ഈ കൂടിക്കാഴ്‌ച്ചയെ കുറിച്ച് നേരത്തെ ഐബി അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഈ സംഭവം വാർത്തയായതോടെയാണ് ബിജു പ്രതികരണവുമായി രംഗത്തെത്തിയത്.

മെഡിക്കൽ കൗൺസിൽ അഴിമതി വിവാദത്തിൽ സതീശൻ നായരുടെ ഇടപെടൽ വാർത്തകളിൽ നിറഞ്ഞതോടെയാണ് ബിജുവിന്റെ ഡൽഹി യാത്രയെ കുറിച്ചും വിവാദങ്ങൾ തലപൊക്കിയത്. സംഭവത്തിലെ വിവാദ നായകനായ സതീഷ് നായരെ നേരത്തേ അറിയാമെന്നാണ് ബിജു രമേശ് പറഞ്ഞത്. വെൺപാലവട്ടത്തെ എന്റെ കുടുംബക്ഷേത്രത്തിൽ ഉൽസവസമയത്ത് അദ്ദേഹം വരാറുണ്ട്. മോദി പ്രധാനമന്ത്രിയായി ഏതാനും മാസം കഴിഞ്ഞപ്പോഴാണു സ്വാമി പ്രകാശാനന്ദ അദ്ദേഹത്തെ കാണുന്നത്.

ഒരു ദിവസം വർക്കല ഗ്ലാസ് ഹൗസ് ഉടമ സുനിലുമൊത്തു ശിവഗിരി മഠത്തിൽ പ്രകാശാനന്ദയുമായി സംസാരിക്കവെ അടുത്തയാഴ്ച ഞാൻ ഡൽഹിയിൽ പോകുന്നുവെന്നു പറഞ്ഞു. ഹോട്ടലുകൾക്ക് ആവശ്യമായ ഇലക്ട്രിക് ഉൽപന്നങ്ങൾ വാങ്ങാനായിരുന്നു യാത്ര. ഇതുകേട്ട പ്രകാശാനന്ദ തനിക്കും ഡൽഹിയിൽ പോകാൻ താൽപര്യം ഉണ്ടെന്നു പറഞ്ഞു. അദ്ദേഹം ഡൽഹിയിൽ പോയിട്ടില്ല. മുൻപു ദുബായിൽ ചെല്ലാൻ ഒരു വ്യവസായി ക്ഷണിച്ചപ്പോൾ ശിവഗിരി മഠത്തിലെ ചിലർ എതിർത്തു.

ഡൽഹിയിൽ കൊണ്ടുപോകാമെന്നു പ്രകാശാനന്ദയ്ക്കു ഞാൻ വാക്കു നൽകി. മഠത്തിലെ കാറിൽ വിമാനത്താവളത്തിൽ എത്തിയാൽ മറ്റുള്ളവർ അറിയുമെന്നു മനസ്സിലാക്കി പുറത്തുനിന്നുള്ള വാഹനത്തിലാണു സ്വാമി വന്നത്. സുനിലും പ്രകാശാനന്ദയുടെ സഹായിയും ഡൽഹിയിലേക്കു വന്നു. ഡൽഹിയിൽ എത്തിയ ദിവസം പ്രകാശാനന്ദ മറ്റുള്ളവർക്കൊപ്പം സ്ഥലങ്ങൾ കാണാൻ പോയി. പിറ്റേന്നു സംസാരിച്ചിരിക്കവെ മോദിയെ കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഉടൻ ഞാൻ സതീഷ് നായരെ വിളിച്ചു.

ബുദ്ധിമുട്ടാണെന്നു പറഞ്ഞെങ്കിലും ഉച്ചയായപ്പോൾ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങി. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു കാർ അയച്ചാണു പ്രകാശാനന്ദയെ കൊണ്ടുപോയത്. ഞാൻ അദ്ദേഹത്തിനോടൊപ്പം പ്രധാനമന്ത്രിയെ കണ്ടില്ല. ബിജെപിയിൽ ചേരാൻ പല നേതാക്കളും ക്ഷണിച്ചിട്ടുണ്ട്. അതിൽ താൽപര്യമില്ല. പിന്നെ, എങ്ങനെ കേന്ദ്രമന്ത്രിയാകു'മെന്നും ബിജു ചോദിച്ചു.

ശിവഗിരി മഠാധിപതി പ്രകാശാനന്ദയ്‌ക്കൊപ്പം ബാർ ഉടമ ബിജു രമേശിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരുക്കിയതുമായി ബന്ധപ്പെട്ട് സതീശ് നായരുടെ ഇടപെടൽ നേരത്തെ വിവാദത്തിലായിരുന്നു. അന്ന് ബിജു രമേശിനെ കേന്ദ്രമന്ത്രിയാക്കണം എന്നു കാണിച്ച് സ്വാമിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ കത്തു നൽകിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ശിവഗിരി മഠത്തിൽ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടു പോകുകയാണെന്ന് അറിയിച്ചാണ് അന്നു പ്രകാശാനന്ദയെ ബിജു രമേശ് ഡൽഹിയിലെത്തിച്ചത്. ശിവഗിരി മഠത്തിന്റെ ലെറ്റർ ഹെഡിൽ പ്രകാശാനന്ദയ്ക്കു വേണ്ടി കൂടിക്കാഴ്ചയ്ക്കായി കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയതു സതീഷ് നായരായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ബിജു രമേശിനെ മന്ത്രിയാക്കണമെന്നു പ്രകാശാനന്ദയുടെ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ പ്രകാശാനന്ദ ഉന്നയിക്കാത്ത ആവശ്യം കത്തിലുണ്ടായതിനെത്തുടർന്നു പ്രധാനമന്ത്രി ഇക്കാര്യം ഐബിയുടെ അന്വേഷണത്തിനു വിട്ടിരുന്നു. ശിവഗിരി മഠത്തിൽ അറിയാതെയാണു സന്ദർശനമെന്നും പ്രകാശാനന്ദയെ തെറ്റിദ്ധരിപ്പിച്ചാണു കത്തിൽ ഒപ്പിടീച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്കൊപ്പം സതീഷ് നായർ നിൽക്കുന്ന ഫോട്ടോ കാണിച്ചാണു ഇത്തവണ മെഡിക്കൽ കോളജ് അനുമതി കോഴയ്ക്കായി മാനേജ്‌മെന്റുകളെ സമീപിച്ചതെന്നും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഇതാണ് പ്രധമന്ത്രിയെ ശരിക്കും ചൊടിപ്പിച്ചിരിക്കുന്നത്.

അന്നത്തെ സംഭവം ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിനെതിരായ ആയുധമാക്കാൻ ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം. ബിജു രമേശിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ കള്ളമാണെന്നും അതിന്റെ തെളിവാണ് സതീശ് നായരുമായുള്ള ബന്ധമെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ മേധാവിയായിരിക്കേയാണ് തെറ്റിദ്ധരിപ്പിക്കുന്ന കത്ത് തയ്യാറാക്കി മോദിയെ കണ്ടത്. ഇതോടെ സ്വാമി ഋതംബരാനന്ദ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

2015 ജൂൺ 16നാണ് മോദിയെ കണ്ട് പ്രകാശാനന്ദ കത്തു നൽകിയത്. കൂടിക്കാഴ്‌ച്ചയിൽ ബിജു രമേശിനെ മന്ത്രിയാക്കണമെന്ന് ശിവഗിരി മഠം ശുപാർശ ചെയ്യുന്നു എന്ന കത്തും മോദിയയെ കാണിച്ചു. പ്രായാധിക്യമുള്ള സ്വാമിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഋതംബരാനന്ദ ചെയ്തത്. 93 വയസുകഴിഞ്ഞ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത് ശരിയായില്ലെന്നും ഋതംബരാനന്ദ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും ബിജു അവകാശപ്പെട്ടിരുന്നുവെന്നും ഇത് തെറ്റാണെന്നുമായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP