Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളി നേതാവിന്റെ വീട് ആക്രമിച്ചപ്പോൾ ഇത്രയേറെ ആഡംബര കാറുകൾക്ക് പരിക്ക് പറ്റുമെന്ന് ബിജെപിക്കാർ ഓർത്തു കാണില്ല; കോടിയേരിയുടെ മകന്റെ വീടാക്രമണത്തിൽ തകരാറു പറ്റിയതിൽ ഇന്നോവ ക്രിസ്‌റ്റോയും ഫോർച്യൂണറും സ്‌കോഡ ലോറയും ഒക്കെ ഉണ്ടായതോടെ ജാമ്യം കിട്ടണമെങ്കിൽ ലക്ഷങ്ങൾ കെട്ടി വയ്ക്കണം

തൊഴിലാളി നേതാവിന്റെ വീട് ആക്രമിച്ചപ്പോൾ ഇത്രയേറെ ആഡംബര കാറുകൾക്ക് പരിക്ക് പറ്റുമെന്ന് ബിജെപിക്കാർ ഓർത്തു കാണില്ല; കോടിയേരിയുടെ മകന്റെ വീടാക്രമണത്തിൽ തകരാറു പറ്റിയതിൽ ഇന്നോവ ക്രിസ്‌റ്റോയും ഫോർച്യൂണറും സ്‌കോഡ ലോറയും ഒക്കെ ഉണ്ടായതോടെ ജാമ്യം കിട്ടണമെങ്കിൽ ലക്ഷങ്ങൾ കെട്ടി വയ്ക്കണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊഴിലാളി നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ പോരാട്ട ചരിത്രവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയായ നേതാവ്. കഴിഞ്ഞ ആഴ്ചയിൽ ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസ് ആക്രമിക്കപ്പെട്ടു. കൗൺസിലർ ഐപി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഇത് സിസിടിവിയിൽ പതിഞ്ഞു. പ്രതികാരത്തിനായി ബൈക്കിൽ ബിജെപിക്കാർ തൊഴിലാളി നേതാവിന്റെ വീട്ടിന് മുന്നിലെത്തി. തുരുതുരാ കല്ലെറിഞ്ഞു. ആക്രമവും നടത്തി. പിന്നെ സിസിടിവിയിൽ കുടുങ്ങി ജയിലിലാകേണ്ടിയും വരും. കോടിയേരിയുടെ മകന്റെ വീടാക്രമിക്കുമ്പോൾ ഇത്രയും വിചാരിച്ചുകാണില്ല.

ബിനീഷ് കോടിയേരിയുടെ വീടാക്രമിച്ച പ്രതികൾക്ക് ജാമ്യംകിട്ടാൻ വൻതുക കെട്ടിവെയ്ക്കേണ്ടിവരും. തലസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന അതിക്രമത്തിന്റെ വെളിച്ചത്തിലാണ് കോടതിയുടെ കർക്കശ നിലപാട്. കേസിലെ ഓരോ പ്രതിയും അരലക്ഷം രൂപയ്ക്കുമുകളിൽ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. അഞ്ചു പ്രതികളുംകൂടി 2.82 ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം. പൂജപ്പുര പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഫോർച്യൂൺ, ഇന്നോവ ക്രിസ്റ്റ, സ്‌കോഡലോറ എന്നീ ആഡംബര കാറുകളും വീടും ആക്രമിച്ചതിൽ 56000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. തൊഴിലാളി നേതാവിന്റെ മകന്റെ വീട്ടിൽ ഇത്രയേറെ ആഡംബരക്കാറുകൾ എങ്ങനെ വന്നുവെന്ന ചിന്തയിലാണ് ബിജെപിക്കാർ. ഈ കാറുകൾ ഇല്ലായിരുന്നുവെങ്കിൽ ഇതിനോടകം ജാമ്യം കിട്ടിയേനേ.

പ്രതികൾക്കെതിരേ സ്വകാര്യ വ്യക്തികളുടെ വസ്തുക്കൾ നശിപ്പിക്കുന്നതിന് എതിരായ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇതുപ്രകാരം ജാമ്യം ലഭിക്കുന്നതിന് നാശനഷ്ടമുണ്ടായ വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെയ്ക്കേണ്ടതില്ല. പൊതുമുതൽ നശീകരണത്തിനെതിരായ നിയമത്തിലും ഇത്തരം വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. സമരങ്ങളുടെ പേരിൽ തുടർച്ചയായ പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടപ്പോൾ ഹൈക്കോടതി, ഒരു വിധിന്യായത്തിലൂടെ, നാശനഷ്ടങ്ങളുടെ മൂല്യത്തിന് തുല്യമായ തുക പ്രതികൾ ഓരോരുത്തരുമോ, ഒരുമിച്ചോ കെട്ടിവെയ്പിക്കണമെന്ന് കീഴ്ക്കോടതികളോട് നിർദ്ദേശിച്ചിരുന്നു. ഇതാണ് ബിജെപിക്കാർക്ക് വിനയാകുന്നത്.

കോടിയേരി എകെജി സെന്ററിന് തൊട്ട് മുമ്പിലെ ഫ്‌ലാറ്റിലാണ് താമസം. പാർട്ടി ഫ്‌ലാറ്റാണ് ഇത്. എന്നാൽ മിക്കവാറും ദിവസം ബിനീഷിന്റെ വീട്ടിലും രാത്രിയിൽ എത്താറുണ്ട്. അതുകൊണ്ട് തന്നെ കോടിയേരിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് സി.പി.എം ആരോപിച്ചത്. ഇത് ഏറെ ചർച്ചയാക്കുകയും ചെയ്തു.

സ്വന്തം വീടിന് നേരെയുണ്ടായ അക്രമത്തിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. അഞ്ച് വർഷത്തോളമായി ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്ന് വരെ ഇത്തരമൊരു അനുഭവം തനിക്കോ കുടുംബത്തിനോ ഉണ്ടായിട്ടില്ല. അയൽക്കാരുമായെല്ലാം തന്നെ വളരെ നല്ല ബന്ധമാണുള്ളത്. ഒരു സിസി ടിവി വെയ്‌ക്കേണ്ട ആവശ്യമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. അക്രമം ഉണ്ടാകില്ലെന്നും അത്തരക്കാരല്ല ഇവിടെ പരിസരത്ത് ഉള്ളതെന്ന് ഉറപ്പുള്ളതുകൊണ്ടുമാണ് അത് ചെയ്യാതിരുന്നതും. എന്നാൽ ഇനിയിപ്പോ അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ പൊലീസിന്റെയൊക്കെ നിർദ്ദേശമനുസരിച്ച് സിസി ടിവി ഫിറ്റ് ചെയ്യാനാണ് തീരുമാനം. അതായത് ഇനി കല്ലെറിഞ്ഞാൽ സിസിടിവിയും പൊട്ടും. അപ്പോൾ അത് കൂടി ജാമ്യത്തിന് നൽകേണ്ടി വരും.

നഗരത്തിലെ എംജി കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും യൂണിറ്റ് രൂപീകരിക്കാൻ ഇരു വിഭാഗവും തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ ശക്തി കേന്ദ്രമായ യൂണിവേഴ്സിറ്റിയിൽ എബിവിപി യൂണിറ്റ് തുടങ്ങുന്നുവെന്ന വാർത്തയാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെ എസ്എഫ്ഐ എംജി കോളേജിലേക്ക് മാർച്ച് നടത്തി അവിടെ യൂണിറ്റ് രൂപീകരിക്കുകയും നവാഗതർക്ക് സ്വാഗതം നൽകുകയും ചെയ്തു. പിന്നീട് എബിവിപി യീണിവേഴ്സിറ്റിയിൽ യൂണിറ്റ രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് പ്രവർത്തകരെത്താത്തിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നെ എങ്ങും അക്രമമായിരുന്നു. ശ്രീകാര്യത്തെ രാജേഷിന്റെ കൊലപാതകവും സംഭവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP