Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുടുംബാസൂത്രണം ആവശ്യപ്പെടുന്നത് അഹങ്കാരികളും സ്വാർത്ഥന്മാരും; പ്രത്യുൽപ്പാദനശേഷിയുടെ അവസാന ഘട്ടം വരെ മക്കളെ ജനിപ്പിക്കണം; ജനനനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാത്തിരിക്കുന്നത് മഹാദുരിതങ്ങൾ; ഇടുക്കി മെത്രാന്റെ ഇടയലേഖനം വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങളും

തൊടുപുഴ: കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവർ അഹങ്കാരികളും സ്വാർഥരുമാണെന്നു ക്രിസ്മസിന് മുന്നോടിയായി വിശ്വാസികൾക്ക് രൂപതാധ്യക്ഷൻ അയച്ച ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഇന്ത്യൻ എക്സ്‌പ്രസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ ഈ ഇടയേലഖനം വാർത്തയാക്കി. തിരുപ്പിറവിയും ശിശുക്കളുടെ ജനനവുമെന്ന തലക്കെട്ടിലെ ഇടയലേഖനത്തിന്റെ പകർപ്പ് സഹിതമാണ് വാർത്ത നൽകൽ. ഇതോടെ രൂപതാധ്യക്ഷൻ വിലയിരുത്തലുകൾ ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. ക്രൈസ്തവ സഭയുടെ മൊത്തം അഭിപ്രായമായി ഇതിനെ വിലയിരുത്തുന്ന തരത്തിലാണ് ഈ ഇടയലേഖനം ചർച്ചയാകുന്നത്.

ക്രിസ്തുമസിന് മുന്നോടിയായി ഇറക്കുന്ന ഇടയലേഖനത്തിലാണ് വിവാദ പരാമർശങ്ങളുള്ളത്. നിങ്ങൾ പെരുകണം നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് എന്ന ബൈബിൾ വചനം ചൂണ്ടിക്കാണിച്ചാണ് ഇടയലേഖനം സമാപിക്കുന്നത്. ഓരോ കുടുംബവും ജീവസംസ്‌കാരത്തിനായുള്ള പ്രാദേശിക സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. ഇടയലേഖനം ഡിസംബറിലെ ഒരു ഞായറാഴ്ച കുർബാനമധ്യേ വായിക്കണമെന്നും ഇതോടൊപ്പം നിർദ്ദേശിച്ചിട്ടുണ്ട്.

'കാട്ടുപന്നികളോ തെരുവുനായ്ക്കളോ വർധിച്ചാൽ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനെക്കാൾ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്നവർ അഹങ്കാരികളും സ്വാർഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുൽപ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാൻ ശ്രമിക്കണം. സ്ഥിരമോ താൽക്കാലികമോ ആയ ജനനനിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂർണമായ ഭാവി ജീവിതമായിരിക്കുമെന്നും മാർ ആനിക്കുഴിക്കാട്ടിൽ മുന്നറിയിപ്പു നൽകുന്നു.

സുഖസൗകര്യങ്ങൾ വർധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികൾ വേണ്ടെന്ന് വയ്ക്കാൻ കാരണം.'വലിയ കുടുംബങ്ങൾക്കായി സഭയുടെ പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുമ്പോൾ ഇതിനോട് സഹകരിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിൽ തന്നെ ഈ വാദങ്ങൾ ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP