Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വതന്ത്ര കല്ലറയിൽ ഭാര്യയെ അടക്കം ചെയ്യാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടത്; ഇക്കാര്യം വിശദീകരിച്ച് പരസ്യവും നൽകിയിരുന്നു; ഭാര്യാപിതാവ് സമ്മതിച്ചിട്ടും അനുവദിക്കാതിരുന്നത് സഹോദരങ്ങൾ; 'കുടുംബക്കല്ലറ'യിൽ അടക്കാൻ മുദ്രപത്രത്തിൽ എഴുതി വികാരി ഒപ്പിടീച്ചു; ഭാര്യയുടെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അടക്കം ചെയ്യാനിടയായ സാഹചര്യം വിശദീകരിച്ച് യുണൈറ്റഡ് ചർച്ചിലെ ബിഷപ്പ്

സ്വതന്ത്ര കല്ലറയിൽ ഭാര്യയെ അടക്കം ചെയ്യാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടത്; ഇക്കാര്യം വിശദീകരിച്ച് പരസ്യവും നൽകിയിരുന്നു; ഭാര്യാപിതാവ് സമ്മതിച്ചിട്ടും അനുവദിക്കാതിരുന്നത് സഹോദരങ്ങൾ; 'കുടുംബക്കല്ലറ'യിൽ അടക്കാൻ മുദ്രപത്രത്തിൽ എഴുതി വികാരി ഒപ്പിടീച്ചു; ഭാര്യയുടെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അടക്കം ചെയ്യാനിടയായ സാഹചര്യം വിശദീകരിച്ച് യുണൈറ്റഡ് ചർച്ചിലെ ബിഷപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: മാർത്തോമ്മ സഭയിൽനിന്ന് വിട്ടുപോയി യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യയിൽ ബിഷപ്പായ വൈദികന്റെ ഭാര്യയുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ അനുവാദം നൽകാതെ മറ്റൊരു പള്ളിയിലെ കല്ലറയിൽ അടക്കം ചെയ്ത നടപടിയായിരുന്നു വിവാദങ്ങൾക്ക് ഇടയാക്കിയത്. മാർത്തോമ്മാ സഭയിലെ മുൻ സീനിയർ വികാരിയും ഇപ്പോൾ യുണൈറ്റ്ഡ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പുമായ പനച്ചമൂട്ടിൽ സണ്ണി ഏബ്രഹാമിന്റെ ഭാര്യ എലിസബത്ത് ഏബ്രഹാമി(റൂബി-53)ന്റെ സംസ്‌കാരമാണ് വിവാദമായത്.

റൂബിയുടെ അഗ്രഹം കുടുംബ കല്ലറയിൽ സംസ്‌ക്കരിക്കണമെന്നായിരുന്നു. എന്നാല്, ഇതിന് വിരുദ്ധമായാണ് യുണൈറ്റഡ് ചർച്ചിലെ ബിഷപ്പ് കൂടിയായ ഭർത്താവ് സണ്ണി എബ്രഹാം പെരുമാറിയിത്. ഈ സംഭവത്തിൽ അദ്ദേഹത്തിന് നേരെ കടുത്ത വിമർശനങ്ങളും ഉയരുകയുണ്ടായി. വിമർശനങ്ങൾക്കൊടുവിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മരണാനന്തര കർമ്മങ്ങൾ, ശുശ്രൂഷകൾ, പ്രാർത്ഥനകൾ എന്നൊന്ന് മാർത്തോമാ സഭയിൽ ഇല്ല, മരിച്ചയാളിന്റെ വീട്ടുകാർ, ബന്ധുമിത്രാദികൾ, നാട്ടുകാർ തുടങ്ങിയവരുടെ ആശ്വാസത്തിനും പ്രത്യാശയ്ക്കുമായാണ് ഭവനത്തിലും പള്ളിയിലും, കല്ലറയ്ക്കു സമീപവുമായി ശുശ്രൂഷകൾ നടത്തുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങളെ ന്യായീകരിച്ചു രംഗത്തെത്തിയത്.

മാർതോമാ സഭാംഗം എന്ന നിലയിൽ ഭാര്യയുടെ നിര്യാണത്തെ തുടർന്ന് അവൾക്ക് അവകാശപ്പെട്ട ശവമടക്കു നടത്തുന്നതിന് ഒരു കല്ലറയോ, സെല്ലാറോ വേണമെന്ന് താൻ അവശ്യപ്പെട്ടിരുന്നു എന്നാണ് ബിഷപ്പ് വ്യക്തമാക്കുന്നത്. അതിൻപ്രകാരം 108-ാം നമ്പർ സെല്ലാർ അനുവദിച്ചു. എന്നാൽ പിന്നീട് സ്വന്തം കല്ലറയിലേക്ക് നീക്കം ചെയ്യാൻ അനുവദിക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. തിരുവല്ലാ വി.ജി.എം ഹാൾ പൊതുദർശനത്തിനുള്ള സൗകര്യത്തിനായി മെയ്‌ 17-ലേക്കു ബുക്കു ചെയ്യുകയും ഉണ്ടായെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പത്രത്തിൽ മുകളിൽപ്പറഞ്ഞ ക്രമീകരണങ്ങൾ പരസ്യം കണ്ടപ്പോൾ ചിലർക്കൊക്കെ സുഖിച്ചില്ല. വി.ജി.എം ഹാൾ വി.ഐ.പി.കൾക്കു മാത്രമേ ഫ്യൂണറൽ ആവശ്യങ്ങൾക്ക് കൊടുക്കുകയുള്ളൂ എന്ന ഒരു പുതിയ കൽപ്പനയും പുറത്തുവന്നു. കുടുംബക്കല്ലറയിൽ എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വ്യക്തികളുടെ ഒറ്റക്കല്ലറ, എന്റെ പിതാവിനെയും മാതാവിനെയും സഹോദരനെയും സംസ്‌ക്കരിച്ചത് ഉള്ളതിനാൽ, സെല്ലാർ അനുവദിക്കാൻ പാടില്ല എന്ന് ഇടവകസംഘം പാസ്സാക്കിയിട്ടുണ്ട് എന്ന് വികാരിയെ ഇടവക ചുമതലക്കാർ പഴയ മിനിറ്റ്സ് കാട്ടി ഭയപ്പെടുത്തി. ഇടവക വക സെമിത്തേരിയിൽ ഇടം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുള്ളത്.

പിന്നീട് വി.ജി.എം ഹാളും ലഭിക്കില്ല, സെല്ലാറും ലഭിക്കില്ല എന്ന് ഉറപ്പായി. ഒറ്റക്കല്ലറ തുറന്ന് അതിൽ സംസ്‌കരിക്കാം, എന്നാൽ പിന്നീട് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാൻ പാടില്ല എന്നും നിർദ്ദേശം വന്നു. വി.ജി.എം ഹാളിനു പകരം മഞ്ഞാടിയിലെ സെൻട്രൽ ഹാൾ അപ്പോൾ തന്നെ ക്രമീകരിച്ചു. എസ്.സി.എസ് പള്ളിയിൽ ശുശ്രൂഷ നടത്തുന്നത് മരിച്ചയാളിന്റെ അവകാശമായതിനാൽ അതിൽനിന്ന് പിന്തിരിയാൻ ഞാൻ തയ്യാറായില്ല. ശുശ്രൂഷയ്ക്കുശേഷം മറ്റൊരിടത്തു കൊണ്ടുപോയി സംസ്‌കരിക്കുന്നതിനും അനുവാദം ഇല്ല എന്നറിയിച്ചു.

ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുക്കാനോ, ക്രിമറ്റോറിയത്തിൽ കൊണ്ടുപോയി ദഹിപ്പിക്കാനോ അനുവാദം നൽകുന്ന സഭ, ഇക്കാര്യത്തിൽ എന്നെ മനഃപൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കയായിരുന്നു എന്നാണ് ബിഷപ്പ് പരാതിപ്പെടുന്നത്. കഴിഞ്ഞ 5 മാസമായി രോഗത്തിലായ എന്റെ ഭാര്യയെ ശുശ്രൂഷിച്ച് മാനസികമായി തളർന്ന എന്നെ, ഈ ബലഹീന സാഹചര്യത്തിൽ നിലയ്ക്കു നിർത്തി മര്യാദ പഠിപ്പിക്കുന്നതിനും, അതു മറ്റുള്ളവർക്ക് പാഠമാകട്ടെ എന്ന ലക്ഷ്യമായിരുന്നു സഭാ ചുമതലക്കാർക്ക്. ഈ വിലകുറഞ്ഞ നടപടിയെ എതിർക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്ന്ത്.

ശവസംസ്‌കാരദിനത്തിനു തലേന്ന് (മെയ്‌ 16 ചൊവ്വ) ഇടവക കൈസ്ഥാനസമിതി കൂടുന്നുണ്ടായിരുന്നു; 108-ാം നമ്പർ സെല്ലാർ ഒരു വർഷത്തേക്കു മാത്രം (30,000 രൂപ മുഴുവൻ വിലയും നൽകി) എനിക്ക് അനുവദിക്കാൻ കമ്മറ്റി തീരുമാനിക്കണമെന്ന് ഇടവക ട്രസ്റ്റിയോടും ഒരു പ്രധാന കമ്മറ്റിയംഗത്തോടും ഞാൻ അപേക്ഷിച്ചു. കമ്മറ്റിയിൽ അതു ചർച്ച ചെയ്തില്ല. ചൊവ്വാഴ്ച രാത്രിയിൽ മാത്രം ബോംബെയിൽ നിന്നെത്തിയ എന്റെ ഭാര്യാപിതാവിനോട് സംസ്‌കാര ദിവസം (17നു) രാവിലെ സാഹചര്യം വിവരിച്ചു. ഒരു സ്വതന്ത്ര കല്ലറ മറ്റൊരിടത്ത് ഞാൻ കണ്ടെത്തിയിട്ടുണ്ടെന്നും, അതിൽ മൃതദേഹം സംസ്‌കരിക്കാനുമാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന് അതിനോടു സമ്മതമായി. തുടർന്ന് എന്റെ സഹോദരങ്ങളോടു രഹസ്യമായി ചോദിച്ചപ്പോൾ അവർ അതിനു സമ്മതിച്ചില്ല. പൊതു കല്ലറയിൽ തന്നെ മതി എന്ന് എന്നെ നിർബന്ധിച്ചു.

ഈ രഹസ്യസംഭാഷണം വികാരിയുടെ ചെവിയിൽ എത്തിയതോടെയാണ് പ്രശ്‌നമുണ്ടായത്. കുടുംബക്കല്ലറ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒറ്റക്കല്ലറയിൽ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നും തുടർന്ന് പിന്നീട് അവിടെനിന്നും നീക്കം ചെയ്യാൻ പാടില്ല എന്നും 100 രൂപാ മുദ്രപത്രത്തിൽ എഴുതി സമർപ്പിക്കണമെന്ന് എന്നോടു ആവശ്യപ്പെട്ടു. ഞാൻ അതിനു സമ്മതിച്ചു. അപ്പോഴേക്കും പൊതുദർശനത്തിനുള്ള സമയവുമായി. എനിക്ക് മറ്റൊരു ക്രമീകരണത്തെപ്പറ്റി ആലോചിക്കാൻ സമയമില്ലായിരുന്നു. മുദ്രപത്രത്തിൽ എഴുതേണ്ട കാര്യങ്ങൾ ഒരു വെള്ള കടലാസിൽ എഴുതിയത് എന്നെ വായിച്ചു കേൾപ്പിച്ചു. എന്നിട്ട് ഒരു ബ്ലാങ്ക് മുദ്രപത്രത്തിൽ ഒപ്പിടീക്കുകയും ചെയ്തു.

മഞ്ഞാടി സെൻട്രൽ ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം 3.30 ന് തിരുവല്ലാ എസ്.സി.എസ് പള്ളിയിലെ അനുശോചനങ്ങളും ശുശ്രൂഷകളും നടത്തി. ഇനിയും മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകാം എന്ന് വികാരി പരസ്യപ്പെടുത്തിയപ്പോൾ, ഞാൻ മൃതദേഹത്തിനരികിൽനിന്ന് എഴുന്നേറ്റ് മുന്നോട്ടു വന്നു. അപ്പോൾ സമാന്തരമായി നടത്തിയിരുന്ന ടെലികാസ്റ്റിങ് നിർത്താൻ ക്യാമറ ഓപ്പറേറ്ററോടു ഞാൻ പറഞ്ഞു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''വികാരി പറഞ്ഞതിൽ അല്പം തിരുത്തുണ്ട്. നമ്മുടെ ഇവിടുത്തെ സെമിത്തേരിയിൽ കല്ലറയോ, സെല്ലാറോ ലഭിക്കാത്തതുകൊണ്ടും, അതിനു സ്ഥലം ഇല്ലാത്തതുകൊണ്ടും ഞാൻ മറ്റൊരു ക്രമീകരണം ചെയ്തിരിക്കുന്നു. തൽക്കാലം മൃതദേഹം പുഷ്പഗിരി ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോകുകയാണ്.'' അതേ സമയം ആഞ്ഞിലിത്താനത്തെ സ്വതന്ത്ര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സൗജന്യമായി ഒരു കല്ലറ കരുതിയിരുന്നു. തുടർന്നു നടന്ന വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം മൃതദേഹം വിട്ടുതരാൻ തീരുമാനമായി. അങ്ങനെ 5.15 ു.ാ ന് ആംബുലൻസിൽ മൃതദേഹം കയറ്റി ഏതാണ്ട് 30 പേർ ചേർന്ന് എങ്ങോട്ടേക്കെന്നു പറയാതെ ആഞ്ഞിലിത്താനം സെമിത്തേരിയിലെത്തി. ശുശ്രൂഷകൾക്കുശേഷം 5.50 ന് സംസ്‌ക്കാരവും നടത്തി.

വാസ്തവം ഇങ്ങനെയിരിക്കെ പലരും നുണക്കഥകളാണ് നിരത്തിയതെന്നാണ് ബിഷപ്പ് സണ്ണി എബ്രഹാം പറയുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപ് സഭയിൽ നിന്നും പുറത്ത് പോയാണ് സണ്ണി എബ്രഹാം ബിഷപ്പായത്. ഇയാൾ സഭ മാറിയെങ്കിലും ഭാര്യയും മറ്റ് ചില ബന്ധുക്കളും മാർത്തോമ സഭയിൽ തന്നെ തുടരുകയായിരുന്നു. ബിഷപ്പിന്റെ ഭാര്യ മരിച്ചപ്പോൾ അവരെ മാർത്തോമ സഭയുടെ പള്ളിയിലാണ് അടക്കം ചെയ്യുന്നതിനായി കൊണ്ട് വന്നത്. മാർത്തോമ്മ സഭാ വിശ്വാസിയായ എലിസബത്ത് ഏബ്രഹാമിന് സ്വന്തം സഭ സെമിത്തേരിയിൽ തന്നെ അന്ത്യവിശ്രമം വേണം എന്നായിരുന്നു ആഗ്രഹം. എന്നാൽ യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പായ ഭർത്താവ് റവ. സണ്ണി ഏബ്രഹാം പനച്ചൂമൂട്ടിൽ മാർത്തോമ സഭയുടെ സെമിത്തേരി പറമ്പിൽനിന്ന് എലിസബത്തിന്റെ മൃതദേഹം സ്വന്തം സഭാ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു.

ഭർത്താവിന്റെ പിടിവാശിക്ക് മുന്നിൽ ജീവിതം മുഴുവൻ കാത്ത സഭാ വിശ്വാസമനുസരിച്ചുള്ള സംസ്‌കാരം ലഭിക്കാതെയാണ് റൂബി മറ്റൊരിടത്ത് അന്ത്യവിശ്രമം കൊള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. മാർത്തോമ്മാ സഭയിലെ വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും സമയോചിത ഇടപെടൽ മൂലമാണ് അന്ന് സമാധാന അന്തരീക്ഷം നിലനിർത്താൻ സാധിച്ചത്. എന്നാൽ, മറിച്ചാണ് കാര്യങ്ങളെന്നാണ് ബിഷപ്പ് സണ്ണി എബ്രഹാം വാദിക്കുന്നത്. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റും ബിഷപ്പ് ഇട്ടിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP