Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പോർട്ട് ചോർത്തിയത് കുമ്മനമെന്ന് മുരളീധര വിഭാഗം; കോഴ വാങ്ങാൻ അവസരമുണ്ടാക്കിയതും എംടി രമേശും പ്രസിഡന്റിന്റെ ഓഫീസും ചേർന്ന്; അതീവ രഹസ്യമായുള്ള കമ്മീഷൻ നിയമനം പോലും ആർഎസ് വിനോദ് അറിഞ്ഞു; അയ്യപ്പ സേവാ സമാജത്തിനെതിരെയും ആക്ഷേപങ്ങൾ; ജൻ ഔഷധിയിൽ നടപടിയെടുക്കാത്തത് എന്ത്? ബിജെപിയിൽ ഇനി കലാപത്തിന്റെ നാളുകൾ

റിപ്പോർട്ട് ചോർത്തിയത് കുമ്മനമെന്ന് മുരളീധര വിഭാഗം; കോഴ വാങ്ങാൻ അവസരമുണ്ടാക്കിയതും എംടി രമേശും പ്രസിഡന്റിന്റെ ഓഫീസും ചേർന്ന്; അതീവ രഹസ്യമായുള്ള കമ്മീഷൻ നിയമനം പോലും ആർഎസ് വിനോദ് അറിഞ്ഞു; അയ്യപ്പ സേവാ സമാജത്തിനെതിരെയും ആക്ഷേപങ്ങൾ; ജൻ ഔഷധിയിൽ നടപടിയെടുക്കാത്തത് എന്ത്? ബിജെപിയിൽ ഇനി കലാപത്തിന്റെ നാളുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഓഫീസിന് വമ്പൻ വീഴ്ചയുണ്ടായതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പേടിച്ചാണ് കുമ്മനം അന്വേഷണത്തിന് ഉത്തരവിട്ടത്. അതീവ രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു ആർഎസ്എസ് നിർദ്ദേശിച്ചത്. ഇതിനായി കെപി ശ്രീശനേയും എകെ നസീറിനേയും തീരുമാനിച്ചത് കുമ്മനം ആയിരുന്നു. ഇക്കാര്യം ഇരുവരേയും കുമ്മനം അറിയിക്കുകയും ചെയ്തു. അതീവ രഹസ്യമായിട്ടാണ് തീരുമാനം എടുത്തതെന്നും അതുകൊണ്ട് തന്നെ ഗൗരവത്തോടെ അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ കുമ്മനം ഇക്കാര്യം അറിയിച്ച് മിനിറ്റുകൾക്ക് അകം തന്നെ കമ്മീഷനെ നിയോഗിച്ചത് ഇടനിലക്കാരനായ ആർ എസ് വിനോദ് അറിഞ്ഞു. കുമ്മനത്തിന്റെ ഓഫീസിലെ ചോർച്ചയ്ക്ക് തെളിവാണ് ഇതെന്ന് മുരളീധര പക്ഷം പറയുന്നു.

ആർ എസ് വിനോദിനെ നസീറിന് മുൻ പരിചയമില്ല. അന്വേഷണ കമ്മീഷന്റെ തീരുമാനം നസീർ അറിഞ്ഞ് അൽപ്പസമയത്തിനുള്ളിൽ തന്നെ നസീറിനെ വിനോദ് ഫോൺ ചെയ്തു. എന്നാണ് മൊഴിയെടുക്കാൻ എത്തുന്നതെന്ന് തിരക്കി. ഇത് കേട്ട് നസീർ പോലും ഞെട്ടി. ഉടൻ തന്നെ കുമ്മനത്തെ വിളിച്ച് വിനോദ് വിളച്ച കാര്യം അറിയിക്കുകയും ചെയ്തു. എങ്ങനെയാണ് ഈ വാർത്ത ചോർന്നതെന്ന് കുമ്മനത്തോട് ചോദിക്കുകയും ചെയ്തു. ഇതോടെ രഹസ്യ സ്വഭാവമെന്നും നസീർ തിരക്കി. ഇതിന് പിന്നാലെ വിനോദിന്റെ മൊഴിയെടുക്കാനെത്തിയപ്പോഴും അന്വേഷണ കമ്മീഷനെ ഞെട്ടിക്കുന്ന പലതും സംഭവിച്ചു. അതിലൊന്ന് വർക്കല എസ് ആർ മെഡിക്കൽ കോളേജ് ഉടമ കുമ്മനത്തിന് നൽകിയ പരാതിയുടെ പകർപ്പ് തന്റെ കൈയിലുണ്ടെന്ന് വിനോദ് വെളിപ്പെടുത്തിയതായിരുന്നു. ഇത് വിനോദിന് കിട്ടിയതും കുമ്മനത്തിന്റെ ഓഫീസിന് ഇടപാടുകാരുമായുള്ള ബന്ധത്തിന് തെളിവാണ്.

ഇതിന് പിന്നാലെയാണ് ഏറെ നിർണ്ണായകമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്നത്. ഇതിന് പിന്നിൽ നസീറാണെന്ന് വരുത്താനായിരുന്നു ശ്രമം. നസീറിന്റെ മെയിലിൽ നിന്ന് ഒരു ഹോട്ടലിന്റെ മെയിലിലേക്ക് അയച്ചുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ചോർന്നത് കുമ്മനത്തിന് അയച്ച ഒപ്പിട്ട കോപ്പിയാണെന്ന് വന്നതോടെ ഈ നീക്കം പൊളിഞ്ഞു. ഇതോടെയാണ് വിവി രാജേഷിലേക്ക് ആരോപണം എംടി രമേശും കൂട്ടരും ഉന്നയിച്ചത്. ബിജെപിയുടെ കോർ കമ്മറ്റി യോഗത്തിൽ തിരുവനന്തപുരത്തെ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് എഎൻ രാധാകൃഷ്ണനാണ്. എന്നാൽ അത് ചാനലുകളിലെത്തിയപ്പോൾ രാജേഷിന്റെ പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചുവെന്നായി. ഇതിനിടെ സംസ്ഥാന സമിതിയിൽ എംടി രമേശ് പൊട്ടിക്കരഞ്ഞുവെന്ന വാർത്തയും എത്തി. എന്നാൽ രമേശ് കരഞ്ഞുവെന്നത് സംസ്ഥാന സമിതിയിൽ ആരും കണ്ടില്ലെന്നതാണ് വസ്തുത.

ഇതിന് പിന്നാലെ ബിജെപിയുടെ സഹസംഘടനാ സെക്രട്ടറിയെ സമീപിച്ച് രാജേഷാണ് ഇതിന് പിന്നിലെന്ന് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചു. ഇതിന്റെ മറവ് പിടിച്ചാണ് രാജേഷിനെതിരായ നടപടി. എന്നാൽ രാജേഷിന് കുമ്മനം കൊടുത്താൽ മാത്രമേ റിപ്പോർട്ട് ചോരൂവെന്നാണ് മുരളീധര പക്ഷത്തിന്റെ വിശദീകരണം. യഥാർത്ഥത്തിൽ കുമ്മനത്തിന്റെ ഓഫീസാണ് രേഖ ചോർത്തിയത്. അത് അന്വേഷിക്കണം. ഇതിനൊപ്പം വർക്കല മെഡിക്കൽ കോളേജ് ഉടമ ഷാജി നൽകിയ പരാതി പുറത്തുവിടണം. ഈ പരാതിയിൽ ആരുടെയെല്ലാം പേരുണ്ടെന്ന് ജനം അറിയട്ടേ എന്നാണ് മുരളീധര വിഭാഗത്തിന്റെ നിലപാട്. എന്നാൽ പരാതി പുറത്തുകാട്ടില്ലെന്നാണ് കുമ്മനം പറയുന്നത്. ഇക്കാര്യത്തിലെ വിജിലൻസ് അന്വേഷണത്തിൽ കുമ്മനത്തിന് പരാതിയെ കുറിച്ച് പറയേണ്ടി വരും. എന്നാൽ വാക്കാലാണ് പരാതി കിട്ടിയതെന്ന് പറയാനാണ് നീക്കം. അവിടേയും പ്രശ്‌നമുണ്ട്. പുറത്തുവന്ന റിപ്പോർട്ടിൽ പരാതി കിട്ടിയെന്ന സൂചനകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പരാതി ഹാജരാക്കേണ്ടി വരും.

അതിനിടെ മുരളീധരനും ശ്രീശനും നസീറിനുമെതിരെ നടപടി വേണമെന്ന് കൃഷ്ണദാസ് വിഭാഗം ആഗ്രഹിക്കുന്നു. ഇതിനെ കുമ്മനവും പിന്തുണയ്ക്കുന്നുണ്ട്. അങ്ങനെ വന്നാൽ വിജിലൻസിന് മുമ്പിൽ ശ്രീശനും നസീറും സത്യം പറയും. ഇത് ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകും. അതുകൊണ്ട് മാത്രമാണ് ശ്രീശനേയും നസീറിനേയും പുറത്താക്കാത്തത്. വിജിലൻസ് കേസ് അവസാനിച്ചാൽ ഇവർക്കെതിരേയും രേഖ ചോർത്തലിൽ നടപടിയെടുക്കും. മുരളീധരന് വേണ്ടി ശ്രീശനിൽ നിന്നും നസീറിൽ നിന്നും റിപ്പോർട്ട് വാങ്ങി രാജേഷ് മാധ്യമങ്ങൾക്ക് നൽകിയെന്ന വാദം ഉയർത്താനാണ് ഈ നീക്കം. അല്ലാത്ത പക്ഷം രാജേഷിന് എവിടെ നിന്ന് ഈ റിപ്പോർട്ട് കിട്ടിയെന്നത് വലിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. ഇതിന് തടയിടാനാണ് മുരളിക്കെതിരെ പോലും നടപടിക്ക് കുമ്മനം ശ്രമിക്കുന്നത്.

മെഡിക്കൽ കോഴയിൽ ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ ചാനലുകളിൽ കുമ്മനം എത്തിയില്ല. ആശുപത്രിയിലായിരുന്നു വാസം. എന്നാൽ മെഡിക്കൽ കോഴ റിപ്പോർട്ട് ചോർച്ചയിലെയും വ്യാജരസീത് വിവാദത്തിലെയും അച്ചടക്ക നടപടിയെ ന്യായീകരിച്ച് കുമ്മനം രംഗത്ത് എത്തുകയും ചെയ്തു. പാർട്ടിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് വിവി രാജേഷിനും യുവമോർച്ചാ നേതാവ് പ്രഫുൽ കൃഷ്ണക്കുമെതിരെ നടപടി എടുത്തതെന്ന് കുമ്മനം പറഞ്ഞു. ഏകപക്ഷീയമായ നടപടിയെന്ന് വി.മുരളീധരപക്ഷം വിമർശിക്കുമ്പോഴാണ് കുമ്മനം അച്ചടക്കനടപടിയെ പരസ്യമായി ന്യായീകരിച്ചത്. നടപടിയെ കുറിച്ച് ഇതുവരെ പാർട്ടി ഔദ്യോഗികമായി വിശദീകരിച്ചിരുന്നില്ല. അച്ചടക്കം ലംഘിച്ചാൽ നടപടി തുടരുമെന്നാണ് മുന്നറിയിപ്പ്.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കുമ്മനം നൽകുന്ന സൂചന. പക്ഷെ ആരാണ് അന്വേഷിച്ചതെന്നത് അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പരസ്യമാക്കുന്നില്ല. രാജേഷിനെതിരായ കണ്ടെത്തലുകൾ പുറത്തുപറയുന്നില്ലെന്നും കുമ്മനം സൂചിപ്പിക്കുന്നു. എന്നാൽ ഒരു അന്വേഷണ കമ്മീഷനും രാജേഷിൽ നിന്ന് മൊഴിയോ തെളിവ് ശേഖരണമോ നടത്തിയില്ലെന്നതാണ് വസ്തുത. ബിജെപി അധ്യക്ഷനായിരിക്കെ കുമ്മനം അയ്യപ്പ സേവാ സംഘമെന്ന പ്രസ്ഥാനവുമായി സഹകരിച്ചിരുന്നു. ഈ സംഘടനയുടെ ഫണ്ട് ഒഴുക്കിനെ കുറിച്ച് അന്വേഷിക്കണമെന്ന ആരോപണവും മുരളീധര വിഭാഗം സജീവമാക്കുമെന്നാണ് സൂചന.

ജൻ ഔഷധിയിൽ ആരോപണവിധേയനാണ് എ എൻ രാധാകൃഷ്ണൻ. ഇയാൾക്കെതിരെ പരാതി കിട്ടിയിട്ടും കുമ്മനം നടപടിയെടുത്തില്ല. ഇത് അഴിമതിയെ സംരക്ഷിക്കലാണെന്ന് മുരളീധര വിഭാഗം പറയുന്നു. അയ്യപ്പ സേവാ സമാജത്തിനായി ഫണ്ട് പിരിച്ചു കൊടുക്കുന്നതു കൊണ്ടാണിതെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP