Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടിയേരിയുടെ വീടിന് നേരെ ആക്രമണം; സി.പി.എം നേതാക്കളുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് ആക്രണം; തിരിച്ചടിച്ചത് ബിജെപി സംസ്ഥാന സമിതി ഓഫീസിലേക്കും; തിരുവനന്തപുരത്ത് സി.പി.എം-ബിജെപി സംഘർഷം രൂക്ഷം

കോടിയേരിയുടെ വീടിന് നേരെ ആക്രമണം; സി.പി.എം നേതാക്കളുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് ആക്രണം; തിരിച്ചടിച്ചത് ബിജെപി സംസ്ഥാന സമിതി ഓഫീസിലേക്കും; തിരുവനന്തപുരത്ത് സി.പി.എം-ബിജെപി സംഘർഷം രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എം-ബിജെപി അക്രമം വ്യാപകം. ഇന്നലെ അർദ്ധരാത്രിയിലാണ് എല്ലാം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിന് നേരെയും ആക്രമണം ഉണ്ടായി. പുലർച്ചെയായിരുന്നു ഇത്. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അക്രമം ഉണ്ടായതിന് പിന്നാലെയായിരുന്നു ഇത്. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ അക്രമികൾ അടിച്ചു തകർത്തു.

സി.പി.എം കൗൺസിലർമാരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. തരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗങ്ങളായ കരമന ഹരി, പുഷ്പലത എന്നിവരുടെ വീടുകളിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. ഇതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സി.പി.എം ആരോപിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ ആക്രമണം രാത്രിയായതോടെ നഗരത്തിലേക്ക് വ്യാപിക്കുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ, കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയാബീഗം, ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡന്റ് ആർ ഉണ്ണി എന്നിവരുടെ വീടുകളാണ് തകർത്തത്.

ചാലയിൽ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു ദിവസമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ ആർഎസ്എസ്-ബിജെപി സംഘം നടത്തുന്ന ആക്രമണങ്ങൾ വ്യാഴാഴ്ച രാത്രിയോടെ നേതാക്കളുടെ വീടുകൾക്കുനേരെ തിരിയുകയായിരുന്നുവെന്ന് സി.പി.എം ആരോപിക്കുന്നു. സിഐടിയു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശിയുടെ വീട് വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് ആക്രമിച്ചത്. പൂവച്ചൽ മുളമൂട് ജങ്ഷനിലെ വീടിന് ബൈക്കിലെത്തിയെ മൂന്നംഗ ആർഎസ്എസ് സംഘം കല്ലെറിയുകയായിരുന്നു. മുൻഭാഗത്തെ ജനൽ ചില്ലുകൾ മുഴുവൻ തകർന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ മൂന്നുപേരും ബൈക്കിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു. കളിപ്പാൻകുളത്തെ വാർഡ് കൗൺസിലർ റസിയാബീഗത്തിന്റെ വീട്ടിലും അക്രമികൾ കൊലവിളിയുമായെത്തിയത്. വീടിന്റെ പരിസരത്തുണ്ടായിരുന്ന ബൈക്ക് തകർത്ത സംഘം വീടിന്റെ ജനൽ ഗ്‌ളാസുകൾ മുഴുവൻ തകർത്തു.

ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സമിതി ഓഫീസിലേക്ക് ആക്രമം ഉണ്ടാകുന്നത്. ഡിെൈവഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ഈ സമയം ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം 5 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. അക്രമികൾ വന്ന ബൈക്കിന്റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ബിനുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു. ഈ സമയം മറ്റ് പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയതെന്നും ബിജെപി ആരോപിക്കുന്നു.

മൂന്നു ബൈക്കുകളിലായാണ് അക്രമികൾ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഓഫീസിനു നേരെ അക്രമികൾ കല്ലെറിയുകയും ചെയ്തു. കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫീസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകൾ പരിശോധിക്കുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ, കന്റോൺമെന്റ് അസി കമ്മീഷണൽ കെ ഇ ബൈജു എന്നിവർ സ്ഥലത്തെത്തി.

സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP