Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുഴവരിച്ചും എലിതിന്നും ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങൾ ലേലത്തിൽ പിടിച്ച് വിൽക്കാനുള്ള ശ്രമം പാളി; മൃഗങ്ങൾക്ക് മാത്രം കൊടുക്കാൻ കഴിയുന്ന ധാന്യങ്ങൾ വാങ്ങാനെത്തിയത് വ്യാപാരികളും കേറ്ററിങ് ഉടമകളും; അരക്കോടിയുടെ ഉൽപ്പന്നങ്ങൾ വീണ്ടും ജനങ്ങളിലെത്താതെ തടഞ്ഞത് ബിജെപി പ്രവർത്തകർ

പുഴവരിച്ചും എലിതിന്നും ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങൾ ലേലത്തിൽ പിടിച്ച് വിൽക്കാനുള്ള ശ്രമം പാളി; മൃഗങ്ങൾക്ക് മാത്രം കൊടുക്കാൻ കഴിയുന്ന ധാന്യങ്ങൾ വാങ്ങാനെത്തിയത് വ്യാപാരികളും കേറ്ററിങ് ഉടമകളും; അരക്കോടിയുടെ ഉൽപ്പന്നങ്ങൾ വീണ്ടും ജനങ്ങളിലെത്താതെ തടഞ്ഞത് ബിജെപി പ്രവർത്തകർ

ഇടുക്കി: കാലപ്പഴക്കംകൊണ്ടും പുഴുവരിച്ചും എലിതിന്നുമൊക്കെയും ഉപയോഗയോഗ്യമല്ലാതായ ഭക്ഷ്യധാന്യങ്ങൾ ലേലത്തിൽ പിടിച്ചു വിൽക്കാനുള്ള വ്യാപാരികളുടെ ശ്രമം ബി. ജെ. പി പ്രവർത്തകരുടെ പ്രതിഷേധത്തെതുടർന്ന് പാളി. കൺസ്യൂമർ ഫെഡിന്റെ കട്ടപ്പനയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങൾ ചുളുവിലയ്ക്ക് വാങ്ങി ജനങ്ങൾക്ക് വിൽക്കാനുള്ള കുതന്ത്രമാണ് ബി. ജെ. പിയുടെ അവസരോചിതമായ ഇടപെടലിലൂടെ പൊളിഞ്ഞത്. ഭക്ഷ്യയോഗമല്ലാത്ത ഉൽപന്നങ്ങളാണ് ലേലം ചെയ്യുന്നതെന്ന് നേരത്തെ അറിയിച്ചിട്ടും ഇവ ലേലത്തിൽ പിടിക്കാനെത്തിയ വ്യാപാരികളുടെ ബാഹുല്യം കൊള്ളവ്യാപാരത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു. മൊത്തക്കച്ചവടക്കാരും കാറ്ററിങ് സ്ഥാപനമുടമകളും ലേലത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇടുക്കി ജില്ലയിലെ വിവിധ വെയർ ഹൗസ് ഗോഡൗണുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഉൽപന്നങ്ങളാണ് ലേലത്തിന് വച്ചത്. 52.51 ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് ഉപയോഗക്ഷമത ഇല്ലാത്തതാണെന്നു അധികൃതർ കണ്ടെത്തിയത്. അരി, കടല, ചെറുപയർ, വൻപയർ, മുളക് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും സോപ്പ്, സോപ്പുപൊടി, ചന്ദനത്തിരി, മറ്റ് കോസ്‌മെറ്റിക് ഇനങ്ങൾ എന്നിവ ലേലം ചൈയ്തു വിൽക്കാനാണ് തീരുമാനിച്ചത്. ഇതിനുപുറമേ, കമ്പൂട്ടർ, പ്രിന്റർ, അനുബന്ധ സാമഗ്രികൾ തുടങ്ങിയവയും ലേലത്തിനുണ്ടായിരുന്നു.

കമ്പ്യൂട്ടറും മറ്റും പൂട്ടിപ്പോയ 36 നന്മ സ്‌റ്റോറുകളിൽനിന്നുള്ളവയായിരുന്നു. ക്രിസ്മസ് വിപണിക്ക് പുതിയ സ്റ്റോക്ക് എത്തിക്കുന്നതിനാണ് ഇവയൊക്കെയും ലേലത്തിലൂടെ കൈമാറാൻ കൺസ്യൂമർഫെഡ് തീരുമാനിച്ചത്. ആറ് വർഷത്തിനുശേഷമാണ് ഇത്തരത്തിൽ ലേലം ചെയ്യുന്നത്. ഇതുസംബന്ധിച്ച് അധികൃതർ പരസ്യത്തിൽ ഭക്ഷ്യധാന്യങ്ങൾ ഉപയോഗിക്കാൻ കഴിയാത്തത്ര മോശമാണെന്നു വ്യക്തിമാക്കിയിരുന്നു. ഇവ കോഴിക്കും മറ്റു വളർത്തു മൃഗങ്ങൾക്കും കൊടുക്കാൻ മാത്രമേ കൊള്ളുകയുള്ളൂവെന്ന് കൺസ്യൂമർഫെഡ് റീജണൽ ഓഫീസ് മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

ലേലത്തിൽ പങ്കെടുക്കണമെങ്കിൽ 10000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണമായിരുന്നു. കമ്പ്യൂട്ടറുകൾക്കും മറ്റും ആവശ്യക്കാർ അധികമുണ്ടായേക്കാമെങ്കിലും ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അധികം പേരെത്തില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷ തെറ്റിച്ച് വമ്പൻ വ്യാപാരികളടക്കമുള്ളവരാണ് ലേലകേന്ദ്രമായ വെയർ ഹൗസ് ഗോഡൗണിലെത്തിയത്. സംസ്ഥാനത്തെ തന്നെ ഏതാനും മൊത്ത വ്യാപാരികളും നിരവധി കാറ്ററിങ് സർവീസ് ഉടമകളും ഒട്ടേറെ ചെറുകിട - ചില്ലറ വിൽപനക്കാരും ലേലം കൊള്ളാൻ എത്തിയതോടെ, ലേലത്തിനെടുക്കുന്ന സാധനങ്ങൾ വീണ്ടും വിപണിയിൽതന്നെ എത്തുമെന്ന് ഉറപ്പായി. വിവരമറിഞ്ഞതോടെ ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ബി. ജെ. പിക്കാർ ഗോഡൗണിലെത്തി ലേലം തടയാൻ ശ്രമിച്ചു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് അധികൃതർ പൊലിസിനെ വിവരമറിയിക്കുകയും ഉടൻ സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് ബി. ജെ. പി ഓഫീസിന് ഉപരോധം തീർത്തു. ഒടുവിൽ ലേലം ഉപേക്ഷിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞത്. ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ ലേലത്തിലൂടെ വീണ്ടും വിപണിയിലെത്താൻ സാധ്യതയുള്ളതിനാൽ അവ നശിപ്പിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ലേലത്തിലൂടെ വ്യാപാരക്കൊള്ള നടത്താനെത്തിയവർ സമരക്കാരുടെ അധിക്ഷേപത്തിനിരയായി ഇളിഭ്യരായാണ് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP