Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈന്യത്തിൽ ചേർക്കാൻ കോഴ: നേതാവ് പണം കൈപ്പറ്റിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി രാജേഷിൻേറ ഓഡിയോ ക്ലിപ്പ് ബിജെപിയെ തിരിഞ്ഞുകൊത്തുന്നു; അഴിമതിയിൽ മടുത്ത് 44 പേർ ബിജെപി വിട്ട് സി.പിഎമ്മിൽ

സൈന്യത്തിൽ ചേർക്കാൻ കോഴ: നേതാവ് പണം കൈപ്പറ്റിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി രാജേഷിൻേറ ഓഡിയോ ക്ലിപ്പ് ബിജെപിയെ തിരിഞ്ഞുകൊത്തുന്നു; അഴിമതിയിൽ മടുത്ത് 44 പേർ ബിജെപി വിട്ട് സി.പിഎമ്മിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: സൈന്യത്തിൽ ചേർക്കാൻ ആർ.എസ്.എസുകാരനിൽനിന്ന് ബിജെപി നേതാവ് കോഴ വാങ്ങിയ സംഭവത്തിൽ പണം കൈപ്പറ്റിയെന്നത് സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.

സംഭവത്തിൽ മലബാറിലെ അഞ്ച് ജില്ലകളുടെ ചുമതല വഹിക്കുന്ന ബിജെപി ഉത്തര മേഖല സെക്രട്ടറി കക്കട്ടിൽ അമ്പലക്കുളങ്ങര മീത്തലെ പറമ്പിൽ എംപി. രാജനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് തെളിവുകൾ ഓരോന്നായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 1.40 ലക്ഷം രൂപ കൈപ്പറ്റിയിട്ടും തൊഴിൽ ലഭ്യമാക്കാത്തതിനെ തുടർന്ന് സംഭവം വിവാദമായതിനു പിന്നാലെ ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി പി.ഇ. രാജേഷിൻേറതെന്ന് പറഞ്ഞ് പുറത്തുവന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ആർഎസ്എസ് ശാഖ മുഖ്യശിക്ഷകായിരുന്ന കക്കട്ടിൽ പാതിരപ്പറ്റ ഒതയോത്ത് അശ്വതിന് സൈന്യത്തിൽ ചേരാൻ ഏറെ താൽപര്യമുണ്ടായിരുന്നുവെന്നും പിതാവും ബിജെപി പ്രവർത്തകനുമായ ശ്രീധരൻ നിരന്തരം സമ്മർദം ചെലുത്തിയതോടെ എംപി. രാജൻ ബംഗളൂരുവിലെ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റിൽ ചേരാൻ അവസരമൊരുക്കുകയായിരുന്നുവെന്നും അവിടത്തെ അഞ്ചുലക്ഷം രൂപ ഫീസ് 'രാജേട്ടന്റെ' വ്യക്തിപ്രഭാവംകൊണ്ട് ഒന്നരലക്ഷം രൂപയായി കുറച്ചുനൽകിയെന്നും ക്ലിപ്പിൽ വ്യക്തമാക്കുന്നു.

മാത്രമല്ല, ഇതിനകം പുറത്തുവന്ന പണം കൈപ്പറ്റിയ സ്ഥലം, ഉറപ്പുനൽകിയത്, ബിജെപി നേതാവ് എം.എം. രാധാകൃഷ്ണൻ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥത വഹിച്ചത്, ചർച്ച, നഷ്ടപരിഹാരം സഹിതം രണ്ടുലക്ഷം രൂപ തിരിച്ചു നൽകാൻ കരാറുണ്ടാക്കിയത്, നിശ്ചയിച്ച ദിവസം തുക തിരിച്ചുനൽകാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓഡിയോ ക്ലിപ്പിൽ പരമർശിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകർ എംപി. രാജനെ പ്രതിരോധത്തിലാക്കിയതോടെ 'വാസ്തവം' വിശദീകരിച്ച് പുറത്തുവിട്ട ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ തിരിഞ്ഞുകൊത്തുന്നത്. അതിനിടെ കേസന്വേഷിക്കുന്ന കുറ്റ്യാടി എസ്.ഐ പി.എസ്. ശ്രീജിത് തട്ടിപ്പിനിരയായ അശ്വതിൽനിന്ന് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു.

പണമിടപാടിന്റെ രേഖകൾ ഇതുവരെ കിട്ടിയിട്ടില്ലെന്നും കോഴ സ്ഥിരീകരിക്കുന്ന ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവുകൾ ഉടൻ ശേഖരിക്കുമെന്നും എസ്.ഐ പറഞ്ഞു. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാഞ്ഞതിന് കനത്ത വിലയാണ് പാർട്ടിക്ക് മേഖലയിൽ നൽകേണ്ടിവന്നത്. വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കളുൾപ്പെടെ ബിജെപി അംഗത്വമുള്ള 44 പേരാണ് പാതിരപ്പറ്റ ഭാഗത്തുനിന്ന് മാത്രം ഇതിനകം പാർട്ടിവിട്ട് സി.പിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ഹിന്ദു ഐക്യവേദി താലൂക്ക് സമിതി അംഗം പി.എം. ബിജു, ബിജെപി കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി.പി. സുരേന്ദ്രൻ, കെ. സജീവൻ, സേവാഭാരതി പാതിരപ്പറ്റ യൂനിറ്റ് പ്രസിഡന്റ് പി.എം. ദാമോദരൻ, വൈസ് പ്രസിഡന്റ് എൻ.കെ. രാജൻ, ട്രഷറർ എംപി. അശോകൻ ഉൾപ്പെടെയുള്ളവരാണ് ഇതിനോടകം പാർട്ടിയിൽനിന്ന് രാജിവെച്ച പ്രമുഖർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP