Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെള്ളാപ്പള്ളിക്ക് ഗവർണ്ണർ സ്ഥാനം നൽകാനും തയ്യാർ; എസ് എൻ ഡി പി ജനറൽ സെക്രട്ടറി വിസമ്മതം പറഞ്ഞാൽ മകന് ചോദിക്കുന്നത് എന്തും നൽകും? ബിഡിജെഎസിനെ കൂടെ കൂട്ടാൻ സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാനാക്കി അമിത് ഷായുടെ നയതന്ത്രം; ചെങ്ങന്നൂരിൽ ഈഴവ സംഘടനയെ പിണക്കിയത് തിരിച്ചടിയായെന്ന തിരിച്ചറിവിൽ ബിജെപി കേന്ദ്ര നേതൃത്വം; കൊടി വച്ച കാറിൽ കരിമ്പൂച്ചകളുമായി നടക്കാനുള്ള വെള്ളാപ്പള്ളിയുടെ മോഹം പൂവണിയുമോ?

വെള്ളാപ്പള്ളിക്ക് ഗവർണ്ണർ സ്ഥാനം നൽകാനും തയ്യാർ; എസ് എൻ ഡി പി ജനറൽ സെക്രട്ടറി വിസമ്മതം പറഞ്ഞാൽ മകന് ചോദിക്കുന്നത് എന്തും നൽകും? ബിഡിജെഎസിനെ കൂടെ കൂട്ടാൻ സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാനാക്കി അമിത് ഷായുടെ നയതന്ത്രം; ചെങ്ങന്നൂരിൽ ഈഴവ സംഘടനയെ പിണക്കിയത് തിരിച്ചടിയായെന്ന തിരിച്ചറിവിൽ ബിജെപി കേന്ദ്ര നേതൃത്വം; കൊടി വച്ച കാറിൽ കരിമ്പൂച്ചകളുമായി നടക്കാനുള്ള വെള്ളാപ്പള്ളിയുടെ മോഹം പൂവണിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ചെങ്ങന്നൂരിൽ തോറ്റതോടെ ബിജെപി പാഠം പഠിച്ചു. ബിഡിജെഎസിന് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ഒന്നൊന്നായി ബിജെപി നൽകും. ചെങ്ങന്നൂരിൽ എൻഡിഎയുടെ 7000വോട്ട് കുറച്ചത് ബിഡിജെഎസിന്റെ പിണക്കമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തിരിച്ചറിഞ്ഞു കഴിഞ്ഞു. എൻഡിഎയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ബിഡിജെഎസ് പിണങ്ങി പോകാതിരിക്കാനുള്ള മുൻ കരുതലുകൾ അമിത് ഷാ എടുക്കും. വെള്ളാപ്പള്ള നടേശനെ ഗവർണ്ണറാക്കാനും ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വെള്ളാപ്പള്ളിയുടെ മനസ്സ് അറിയാനുള്ള ശ്രമങ്ങൾ ബിജെപി ഉടൻ തുടങ്ങും.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി ആരെ നിശ്ചയിക്കണമെന്ന കാര്യത്തിലും ബിഡിജെഎസിന്റെ അഭിപ്രായം തേടും. തുഷാർ വെള്ളാപ്പള്ളിക്ക് അർഹിക്കുന്ന സ്ഥാനം ഉടൻ നൽകുമെന്നും സൂചനയുണ്ട്. ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ള മൂന്നാം സ്ഥാനത്തെത്താൻ കാരണം എസ് എൻ ഡി പിയുടെ നിസ്സഹകരണമായിരുന്നു. ബിഡിജെഎസിന് സ്ഥാനങ്ങൾ നൽകാത്തതിനെ തുടർന്നുള്ള തർക്കമായിരുന്നു ഇതിന് കാരണം. ബിഡിജെഎസ് പോയാലും വോട്ട് കുറയില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുത്തായിരുന്നു ഇത്. എന്നാൽ ചെങ്ങന്നൂരിൽ വോട്ട് കുറയുകയും ഇടത് സ്ഥാനാർത്ഥി സജി ചെറിയാന്റെ വിജയത്തിൽ എസ് എൻ ഡി പിയും നിർണ്ണായകമായെന്നും വന്നതോടെ ബിഡിജെഎസിനെ അനുനയിപ്പിക്കാൻ അമിത് ഷാ ഇടപെടൽ നടത്തുകയായിരുന്നു.

ബിഡിജെഎസിനെ അടുപ്പിക്കുന്നതിന്റെ ഭാഗമായി ബി.ഡി.ജെ.എസ്. സംസ്ഥാന ജന. സെക്രട്ടറി സുഭാഷ്വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. വെള്ളാപ്പള്ളി നടേശന്റെ അതി വിശ്വസ്തനാണ് സുഭാഷ് വാസു. ഈ സാഹചര്യത്തിലാണ് ബിഡിജെഎസിൽ നിന്ന് സുഭാഷ് വാസുവിന് ആദ്യ പദവി നൽകുന്നത്. വെള്ളാപ്പള്ളിയെ തണുപ്പിക്കാനുള്ള നീക്കം കൂടിയാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിനെ യുഡിഎഫ് ക്യാമ്പിലെത്തിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സുഭാഷ് വാസുവിന് ബിജെപി പദവി നൽകുന്നത്. തുഷാറിന് ഉടൻ അർഹിക്കുന്ന പദവി നൽകാനും സാധ്യതയുണ്ട്.

എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റ്, എസ്.എൻ. ട്രസ്റ്റ് എക്സി. കമ്മിറ്റിയംഗം, വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനിയറിങ് മാനേജർ, ശ്രീഗുരുദേവാ ചാരിറ്റബിൾ ട്രസ്റ്റ് ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് സുഭാഷ് വാസു. തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായിരുന്നു. വെള്ളാപ്പള്ളിയുടെ നിർദ്ദേശ പ്രകാരം യുഡിഎഫ് സർക്കാരാണ് സുഭാഷ് വാസുവിനെ ദേവസം ബോർഡ് അംഗമാക്കിയത്. എൻഎസ്എസ്-എസ് എൻ ഡി പി ഐക്യ ശ്രമത്തിന് പിന്നിലും സുഭാഷ് വാസുവായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വേണ്ടി കുട്ടനാട്ടിൽ മത്സരിച്ച സുഭാഷ് വാസു നാൽപ്പതിനായിരത്തിൽ അധികം വോട്ട് നേടുകയും ചെയ്തു. തുഷാർ കഴിഞ്ഞാൽ ബിഡിജെഎസിലെ രണ്ടാമനായാണ് സുഭാഷ് വാസുവിനെ പരിഗണിക്കുന്നത്. വെള്ളാപ്പള്ളിയുമായുള്ള അടുപ്പമാണ് ഇതിന് കാരണം. മാവേലിക്കര കട്ടച്ചിറ പുത്തൻവീട്ടിൽ പരേതരായ എ. വാസുവി-സരസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമ. മക്കൾ: സുമേഷ്, ഡോ.സുഷമാദേവി. മരുമക്കൾ: അനു.

പഴയ ഇഴയടുപ്പം എൻഡിഎയിൽ ഇപ്പോഴില്ലെന്നു ബിഡിജെഎസ് സംസ്ഥാന നിർവാഹകസമിതി യോഗം വിലയിരുത്തിയിരുന്നു. മുന്നണിയിൽ ബിജെപി ചർച്ചയ്ക്കു തയാറാവാത്തതിൽ ഘടകകക്ഷികൾക്കെല്ലാം അതൃപ്തിയുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പരാതി പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചു ബിജെപി അനൗദ്യോഗികമായി ചർച്ച നടത്തിയെങ്കിലും മുന്നണിയിൽ ചർച്ച നടത്തിയിട്ടില്ല. കേരളത്തിലെ ഒരുമുന്നണിയുമായും ബിഡിജെഎസിനു ശത്രുതയില്ല.സമ്മർദ രാഷ്ട്രീയം ബിഡിജെഎസിനില്ല. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നുമില്ല. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഘടകകക്ഷികളുടെ സത്യാവസ്ഥ കേന്ദ്രത്തെ ധരിപ്പിക്കാത്തതിനാലാണ് അവഗണിക്കപ്പെടുന്നത്. പ്രശ്‌നങ്ങൾ പറഞ്ഞുതീർത്താൽ ചെങ്ങന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്നും തുഷാർ പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ ചർച്ചയൊന്നും നടന്നില്ല. ചെങ്ങന്നൂരിൽ തോറ്റതോടെ എങ്ങനേയും പ്രശ്‌ന പരിഹാരത്തിന് ബിജെപി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമാണ് സുഭാഷ് വാസുവിന് കിട്ടിയ സ്ഥാനം.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി തുഷാർ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ തീരുമാനം എന്ന നിലയിലാണ് സുഭാഷ് വാസുവിന് പദവി നൽകുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ ഉടൻ നിയോഗിക്കണമെന്നാണ് അമിത് ഷായുടെ ആഗ്രഹം. എന്നാൽ കെ സുരേന്ദ്രനെ പ്രസിഡന്റാക്കാനുള്ള നീക്കത്തെ ആർഎസ്എസ് പ്രാന്തകാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ എതിർക്കുകയാണ്. ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കിയ ശേഷം പുതിയ പ്രസിഡന്റിനെ നിയോഗിക്കും. അദ്ദേഹമാകും എസ് എൻ ഡി പിയും ബിഡിജെഎസുമായുള്ള തുടർ ചർച്ചകൾക്ക് നേതൃത്വം നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP