Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50 ദിവസങ്ങൾ കൊണ്ട് ചെയ്ത് തീർക്കേണ്ടത് 50 ഘട്ടങ്ങൾ; ആദ്യ ദിവസം പുലർച്ചെ 4.30 ന് എഴുന്നേൽക്കാനും പ്രേത സിനിമകൾ കാണാൻ ആവശ്യപ്പെടും; കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറിവുണ്ടാക്കിയതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം; ഓരോ ടാസ്‌കുകൾക്കൊപ്പവും ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയ്ൽ ചെയ്ത് തളർത്തും; അവസാനം രക്ഷിതാക്കളറിയുമെന്ന ഭീതിയിൽ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കും; ബ്ലൂവെയിലിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാം

50 ദിവസങ്ങൾ കൊണ്ട് ചെയ്ത് തീർക്കേണ്ടത് 50 ഘട്ടങ്ങൾ; ആദ്യ ദിവസം പുലർച്ചെ 4.30 ന് എഴുന്നേൽക്കാനും പ്രേത സിനിമകൾ കാണാൻ ആവശ്യപ്പെടും; കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറിവുണ്ടാക്കിയതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം; ഓരോ ടാസ്‌കുകൾക്കൊപ്പവും ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയ്ൽ ചെയ്ത് തളർത്തും; അവസാനം രക്ഷിതാക്കളറിയുമെന്ന ഭീതിയിൽ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കും; ബ്ലൂവെയിലിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന കൊലയാളി ഗെയിമായ ബ്ലൂ വെയിലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം. ലോകത്തെമ്പാടുമായി നൂറോളം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് കരുതപ്പെടുന്ന ഈ ഗെയിമിനെതിരെ സംസ്ഥാന സർക്കാരും കർശനമായ നിലപാടാണെടുത്തത്. മനുഷ്യന്റെ ബുദ്ധിയെ തകിടം മറിച്ച് സമനില തെറ്റിക്കുന്ന ഇത്തരം ഗെയിമുകൾക്കെതിരെ രക്ഷിതാക്കളും അദ്ധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഗെയിമിന് എതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ:

എന്താണ് ബ്ലൂ വെയിൽ?

ഒരു ഇന്റർനെറ്റ് ഗെയിമാണ് ബ്ലൂ വെയിൽ ചാലഞ്ച്. 2013ൽ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനഃശാസ്ത്ര പഠനത്തിൽ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റർനെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സമൂഹമാധ്യങ്ങളിലൂടെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

എങ്ങനെ ബ്ലൂ വെയിലിന് അടിമയാകുന്നു?

ഈ ഗെയിമിൽ 50 ദിവസങ്ങൾ കൊണ്ട് ചെയ്ത് തീർക്കേണ്ട 50 ഘട്ടങ്ങളാണുള്ളത്. ആദ്യ ദിവസങ്ങളിൽ അതിരാവിലെ 4.30 ന് എഴുന്നേൽക്കാനും പിന്നീട് പ്രേത സിനിമകൾ കാണാൻ ആവശ്യപ്പെടും. തുടർന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ ബുദ്ധിമുട്ടേറിയ പ്രവർത്തികൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമർപ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേൽപ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കിൽ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷൻ, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്.

ആത്മഹത്യ ചെയ്യുന്നത് എന്തിന്?

കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയിൽ ഗെയിം. ഒരിക്കൽ അകപ്പെട്ടു കഴിഞ്ഞാൽ പെട്ടതുതന്നെ. തിരിച്ചുവരാൻ ശ്രമിച്ചാൽ ഭീഷണിയാകും ഫലം. ഓരോ ടാസ്‌കുകൾക്കൊപ്പവും ഇരകളിൽ നിന്നും സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഇതുപയോഗിച്ചുള്ള ബ്ലാക് മെയ്ലിങ് കുട്ടികളെ മാനസികമായി തളർത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയാണ് ഗെയിം തുടരുന്നതും അവർ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കുന്നതും.

ഇത്തരം ഗെയിമുകളുടെ മനഃശാസ്ത്രം

ലഹരി വസ്തുക്കൾക്ക് അടിമയാകുന്നതു പോലെയാണ് സൈബർ ലോകത്തെ മൊബൈൽ ഫോൺ, ഓൺലൈൻ ഗെയിമുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിൽ അടിമയാകുന്നതും. ദൈനംദിനം ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവച്ച് ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ പോകുമ്പോഴാണ് ഇതിന് അടിമയായി എന്ന് മനസിലാക്കേണ്ടത്.

തലച്ചോറിൽ ഡോപമിൻ എന്ന രാസപദാർഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാക്കുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അത് ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴാകാം, കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോഴാകാം, ഒരു ഗെയിം കളിക്കുമ്പോഴുമാകാം. ഈയൊരു സന്തോഷമാണ് ഇത്തരം കളികളിലൂടെ ഉണ്ടാക്കുന്നതും.

എങ്ങനെ അകപ്പെടുന്നു?

സാഹസികത കാണിക്കാൻ ഏറ്റവുമധികം വെമ്പുന്ന പ്രായമാണ് ടീനേജ്. അത് ആത്മഹത്യ ചെയ്യിക്കുമോ? എന്നെ വഴി തെറ്റിക്കുമോ? എന്നാലതൊന്ന് കാണണമല്ലോ എന്ന ഒരു മാനസികാവസ്ഥയാണ് ഇത്തരം ഗെയിമുകളുടെ പിന്നാലെ കുട്ടികൾ പോകുന്നത്. തന്റെ സുഹൃത്തുക്കളുടെ ഇടയിൽ ധീര പരിവേഷം കിട്ടുമെന്ന തോന്നലും അവരെ ഇത്തരം കളികളിലേക്കാകർഷിക്കുന്നു. ആരോഗ്യകരമായ മാനസിക നിലയിലുള്ളവരല്ല ഇത്തരം കുട്ടികൾ.

കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബർ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബർ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും ഈ വൈകൃതത്തിനു പിന്നിലുണ്ടാകും.

അകാലത്തിൽ പൊലിയാതെ എങ്ങനെ തടയാം?

കണ്ടുപിടിക്കാത്ത മാനസിക പ്രശ്നങ്ങളുള്ള (മാനസിക രോഗമുള്ള) കുട്ടികളാണ് പലപ്പോഴും ഇത്തരം കളികളിലൂടെ ആത്മഹത്യയുടെ വഴിയിലേക്ക് നീങ്ങുന്നത്. ബ്ലൂ വെയിൽ ഗെയിമിന്റെ 50 ഘട്ടങ്ങൾ പൂർത്തീകരിക്കാൻ തുടർച്ചയായി 50 ദിവസങ്ങളാണ് ഉറക്കമൊഴിക്കുന്നത്. ഈ 50 ദിവസത്തെ ഉറക്കമൊഴിച്ചിൽ ആരുടേയും മാനസികാവസ്ഥയെ തകിടം മറിക്കും. കുട്ടികളിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും രക്ഷിതാക്കൾ അറിയണം.

ക്ഷീണം, ശരീരത്തിലെ മുറിവുകൾ, അകാരണമായ ഭയം, വിശപ്പില്ലായ്മ, പഠനക്കുറവ്, എത് സമയവും ഗെയിമിന് മുന്നിലിരിക്കുക എന്നിവയെല്ലാം തിരിച്ചറിയണം. രക്ഷിതാക്കളെ പേടിച്ച് കുട്ടികൾ ഒന്നും പറയാത്ത അവസ്ഥ സൃഷ്ടിക്കരുത്. എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയിൽ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നൽകുകയും വേണം.

കൗൺസിലിങ് വളരെ പ്രധാനം

കുട്ടികളുടെ പെരുമാറ്റത്തിൽ ഇത്തരം അസ്വാഭാവികതകൾ കണ്ടാൽ ഉടൻ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടേണ്ടതാണെന്ന് പ്രമുഖ മാനസികാരോഗ്യ വിദഗ്ധനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആർഎംഒയുമായ ഡോ. മോഹൻ റോയ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരാഗ്യ വിഭാഗത്തിൽ ഇത്തരം കുട്ടികളെ ചികിത്സിക്കാനായി പ്രത്യേക സൗകര്യമുണ്ട്. ആത്മഹത്യാ പ്രവണതയിലേക്ക് പോകുന്ന കുട്ടികളെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

ചതിക്കെണിയിൽ നിന്നും എങ്ങനെ പുറത്ത് ചാടിക്കാം?

നമ്മുടെ കുട്ടികളെ അൽപം ശ്രദ്ധിച്ചാൽ തന്നെ അവരെ നേരായ വഴിക്ക് കൊണ്ടുവരാം. സാധാരണ അവസ്ഥയിൽ നിന്നും കുട്ടി വിഭിന്നമായി പെരുമാറിയാൽ ഉടൻ തന്നെ സ്നേഹത്തോടെ പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കുക. കുട്ടികളോടൊപ്പം സമയം ചിലവഴിച്ച് അവരുടെ പ്രശ്നങ്ങളറിഞ്ഞ് ബോധവൽക്കരിക്കണം. നമ്മുടെ നാട്ടിൽ ഡിഗ്രിതലം വരെയുള്ള കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോൺ നൽകേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.

കുട്ടികളുപയോഗിക്കുന്ന വീട്ടിലെ കംപ്യൂട്ടർ പൊതുവായ സ്ഥലത്ത് മാത്രം വയ്ക്കുക. അനാവശ്യ സൈറ്റുകൾ കുട്ടികൾ എടുക്കാതിരിക്കാനുള്ള മുൻകരുതലുകൾ കമ്പ്യൂട്ടർ വിദഗ്ധന്റെ സഹായത്തോടെ ഉറപ്പ് വരുത്തണം.

നമ്മുടെ കുട്ടികളെ നമുക്ക് സംരക്ഷിക്കാം

സൈബർ ലോകത്തിന് അതിർവരമ്പുകളില്ല. അതിനാൽ ആരുടേയും മാനസികനില തകരാറിലാക്കി മരണത്തിലേയ്ക്കുവരെ തള്ളിവിടുന്ന ഇത്തരം കളികളെ തടയേണ്ടതാണ്. നാളെ നമ്മുടെ കുട്ടിയും വെറും കൗതുകത്തിനു വേണ്ടിയെങ്കിലും ഇന്റർനെറ്റിൽ അതു തിരഞ്ഞുപോകാം. ഏതു വഴിയിലാണ് അപകടം പതിയിരിക്കുന്നതെന്ന് നമുക്ക് ഉറപ്പു പറയാനാകില്ല. അതിനാൽ ഇത്തരം കംപ്യൂട്ടർ ഗെയിമുകളെ അകറ്റി നിർത്തുക തന്നെ വേണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP