Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നറുക്ക് വീണാൽ പാതി തുക ബോബി ചെമ്മണ്ണൂരിന്! കരം അടച്ച രസീതും ചെക്കും സ്റ്റാമ്പ്‌പേപ്പറും ആൾ ജാമ്യവും ആധാരത്തിന്റെ ഒർജിനലും വേണം; ചിട്ടിപിടിച്ചിട്ടും പണം നൽകാതിരിക്കാൻ സ്വർണ്ണമുതലാളി പറഞ്ഞ ന്യായങ്ങൾ ഇങ്ങനെ; പൊലീസും കൈമലർത്തിയതോടെ സുബീഷ് നിയമപോരാട്ടത്തിന്

നറുക്ക് വീണാൽ പാതി തുക ബോബി ചെമ്മണ്ണൂരിന്! കരം അടച്ച രസീതും ചെക്കും സ്റ്റാമ്പ്‌പേപ്പറും ആൾ ജാമ്യവും ആധാരത്തിന്റെ ഒർജിനലും വേണം; ചിട്ടിപിടിച്ചിട്ടും പണം നൽകാതിരിക്കാൻ സ്വർണ്ണമുതലാളി പറഞ്ഞ ന്യായങ്ങൾ ഇങ്ങനെ; പൊലീസും കൈമലർത്തിയതോടെ സുബീഷ് നിയമപോരാട്ടത്തിന്

അരുൺ ജയകുമാർ

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ചിട്ടിക്കമ്പനി കബളിപ്പിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത്. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്‌മെൻ് ലിമിറ്റഡിനെതിരെയാണ് പരാതി. കടമറ്റം സ്വദേശി സുബീഷ് സുകുമാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക ഇടപാട് സ്ഥപനത്തിൽ ചിട്ടിക്ക് ചേരുകയും തുടർന്ന് തട്ടിപ്പിന് ഇരയായതുമാണ് പരാതി നൽകാനുള്ള കാരണം.കൂലിപ്പണിക്കാരനായ സുബീഷ് രോഗിയായ അമ്മയെ ചികിത്സിക്കാനാണ് ചിട്ടിക്ക് ചേർന്നത്. ചിട്ടി പിടിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് എറണാകുളം പുത്തൻ കുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അവിടെ കാര്യങ്ങൾക്ക് പരിഹാരമായില്ല. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സുബീഷ്. ഏതാനും മാസം മുൻപാണ് സുബീഷ് കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്‌മെൻ് ലിമിറ്റഡിൽ എന്ന സ്ഥാപനത്തിൽ രണ്ടു ലക്ഷം രൂപയുടെ ചിട്ടിക്ക് ചേർന്നത്. നാലായിരം രൂപയായിരുന്നു ചിട്ടിയുടെ മാസംതോറുമുള്ള അടവ്. ആറുമാസം കഴിഞ്ഞപ്പോൾ സുബീഷിന് നറുക്ക് വീഴുകയും ചെയ്തു. എന്നാൽ പണം കയ്പറ്റാൻ ചെന്നപ്പോൾ ചിട്ടിചേരുമ്പോൾ പറയാതിരുന്ന പല വ്യവസ്ഥകളുമായി കമ്പനി ജിവനക്കാർ രംഗത്ത് വരികയായിരുന്നു. തുടർന്ന് പണം നൽകാതെ മടക്കി അയക്കുകയും ചെയ്തു.

കരം അടച്ച രസീതും ചെക്കും സ്റ്റാമ്പ്‌പേപ്പറുകൾക്കും ആൾ ജാമ്യത്തിനും പുറമെ സ്ഥലത്തിന്റെ ആധാരത്തിന്റെ ഒർജിനലും വേണമെന്ന് ചിട്ടിക്കമ്പനി നിർബന്ധം പിടിച്ചതായും സുബീഷ് പരാതിയിൽ പറയുന്നു. കിട്ടുന്ന പണത്തിന്റെ അൻപതു ശതമാനം ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്‌മെൻ് ലിമിറ്റഡിൽ നിക്ഷേപിക്കണം എന്ന വിചിത്രമായ നിബന്ധന കൂടി കമ്പനി മുന്നോട്ട് വച്ചതായും പരാതിയിൽ പറയുന്നു. ഇങ്ങനെ നിക്ഷേപിക്കാനായി ചിട്ടിക്ക് ചേരേമ്ട കാര്യമില്ലല്ലോ എന്നാണ് സുബീഷ് പറയുന്നത്. ഈ വ്യവസ്ഥകളൊന്നും ചിട്ടിചേരുന്ന സമയത്ത് പറഞ്ഞിരുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു.ചിട്ടിക്ക് നിലവിൽ അടച്ച് സംഖ്യ തിരികെ ചോദിച്ചപ്പോൾ കമ്പനി അധികൃതർ പണം തരാതെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതി നൽകിയിട്ടൊന്നും കാര്യമില്ലെന്നും നിയമവും പൊലീസുമെല്ലാം തങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞായിരുന്നു സ്ഥാപനത്തിലെ ജീവനക്കാരുടെ ഭീഷണിയെന്നും പരാതിയിലുണ്ട്.

വ്യവസ്ഥകൾ മറിച്ചുവച്ച് പാവപ്പെട്ട ജനങ്ങളെ ചിട്ടിക്കു ചേർത്ത് ഹാജരാക്കൻ പറ്റാത്തപ്രമാണങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കെണിയിലാക്കിയശേഷം ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്‌മെൻ് ലിമിറ്റഡിൽ പണം നിക്ഷേപിപ്പിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്ന് പരാതിക്കാരൻ പറയുന്നു.എന്നാൽ ചിട്ടിക്കമ്പനി വ്യവസ്ഥചെയ്യുന്ന ആധാരമടക്കമുള്ള രേഖകൾ ആവശ്യപ്പെടുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്ന് കമ്പനി അധികൃതർ പറയുന്നത്.എല്ലാ രേഖകളും ഹാജരാക്കിയാൽ പണം നല്കുമെന്നും ചിട്ടി കമ്പനി പറയുന്നു. പുത്തൻകുരിശ് സ്റ്റേഷനിൽ പ്രശനത്തിന് പരിഹാരം കാണുവാനുള്ള ചർച്ചയ്ക്കായി ഇരു കൂട്ടരും എത്തിയിരുന്നു. എന്നാൽ ഇരു കൂട്ടരും പരസ്പരം പൊലീസിന്റെ മധ്യസ്ഥതയിൽ സംസാരിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ലെന്നും തുടർന്നാണ് പരാതിക്കാരൻ കോടതിയിൽ പോകാൻ തീരുമാനിച്ചതെന്നും പുത്തൻ കുരിശ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ മൂലധനമായി സ്വരൂപിച്ച കോടികളുപയോഗിച്ച് ഒന്നിലേറെ സ്ഥാപനങ്ങൾ ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരുന്നു. ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പേരിൽ ശതകോടികളാണ് ജ്യൂലറി ഉടമ തട്ടിച്ചെടുത്തതെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് പരിശോധനയും നടത്തിയിരുന്നു. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് പുതിയ ആരോപണം. ചിട്ടി പിടിക്കുന്നവരിൽ നിന്ന് പോലും ഓഹരി പിടിക്കുകയാണ് ഇവിടെ. 2011-12ൽ മൂലധനമായി ലഭിച്ച് 75 കോടി രൂപ ഉപയോഗിച്ച് 21 സ്ഥാപനങ്ങൾ തുടങ്ങിയെന്നാണ് ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.പ്രവാസികളുടെ പണം ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ചോർത്തിയെടുത്തായിരുന്നു ഫണ്ട് ശേഖരണം. ഇവരുടെ പേരുവിവരങ്ങൾ അറിഞ്ഞ ശേഷം ഏജന്റുമാരെ വിട്ട് പ്രലോഭിപ്പിച്ച് നിക്ഷേപം തന്റെ സ്ഥാപനത്തിലേക്ക് മാറ്റുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തിരുന്നത്.

ഇതിനായി ആയിരക്കണക്കിന് ഫീൽഡ് സ്റ്റാഫുമാരെ നിയോഗിച്ചിരുന്നു. ദേശസാൽകൃത ബാങ്കുകളിലെ നിക്ഷേപം രാജ്യത്തിന്റെ സ്വത്താണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി അവ തട്ടിയെടുക്കുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും രണ്ടായിരത്തോളം കോടി രൂപ ഇങ്ങനെ ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണക്കടകളിലേക്ക് ഒഴുകി. ഡൈമണ്ട് ഗോൾഡ് വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം വിഹതം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതൊന്നും നടന്നിട്ടില്ലെന്നാണ് പരാതി. 50000 രൂപ മുതൽ 50 ലക്ഷം വരെ ഇങ്ങനെ നൽകിയവരുണ്ടത്രേ. റിസർവ്വ് ബാങ്കിന്റെ റെയ്ഡും മറ്റും മുഖ്യധാരാ പത്രങ്ങൾ മുക്കിയെങ്കിലും മറുനാടന്റെ വാർത്ത സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഇതോടെ വിദേശത്ത് നിന്ന് ഫണ്ടൊഴുക്കാൻ പറ്റാത്ത സാഹച്യമെത്തി. അങ്ങനെയാണ് പുതിയ തന്ത്രവുമായി എത്തിയത്. ഇതോടെ ഗ്രാമങ്ങളിലേക്ക് ഓപ്പറേഷൻ വ്യാപിപ്പിക്കുകയായിരുന്നു. ഇതും തട്ടിപ്പാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പുതിയ പരാതി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. ഒന്നിനും വ്യക്തമായ നടപടിയുണ്ടായിട്ടില്ല. സ്ത്രീ പീഡനത്തിലും അതു തന്നെയാണ് അവസ്ഥ. കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ വരെ പൊലീസിന് പരാതിയായി നൽകിയിട്ടുണ്ട്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയതെന്നാണ് വി എസ് ആരോപിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP