Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരിയുടെ പ്രസംഗത്തിനിടെ ബോംബ് പൊട്ടിയതിനു പിന്നാലെ കണ്ണൂർ പുകയുന്നു; കളിയാട്ടക്കാവുകളിലേക്കും സിപിഐ(എം) - ബിജെപി സംഘർഷം പടരുന്നു; ആർഎസ്എസ് അധോലോകം പൊലെയെന്നു പി ജയരാജൻ; ബിജെപിയുടെ കൊടിമരം പിഴുതു കാട്ടിലെറിഞ്ഞപ്പോൾ പൊട്ടിയ ബോംബെന്ന് ആർഎസ്എസ്: കൊലവിളികൾക്കിടയിൽ മനസമാധാനമില്ലാതെ കണ്ണൂർ

കോടിയേരിയുടെ പ്രസംഗത്തിനിടെ ബോംബ് പൊട്ടിയതിനു പിന്നാലെ കണ്ണൂർ പുകയുന്നു; കളിയാട്ടക്കാവുകളിലേക്കും സിപിഐ(എം) - ബിജെപി സംഘർഷം പടരുന്നു; ആർഎസ്എസ് അധോലോകം പൊലെയെന്നു പി ജയരാജൻ; ബിജെപിയുടെ കൊടിമരം പിഴുതു കാട്ടിലെറിഞ്ഞപ്പോൾ പൊട്ടിയ ബോംബെന്ന് ആർഎസ്എസ്: കൊലവിളികൾക്കിടയിൽ മനസമാധാനമില്ലാതെ കണ്ണൂർ

രഞ്ജിത് ബാബു

കണ്ണൂർ: ബോംബ് വിവാദം കണ്ണൂർ ജില്ലയിൽ ഉറക്കം കെടുത്തുകയാണ്. സിപിഐ.(എം.) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കവേ യോഗസ്ഥലത്തിന് അല്പമകലെയാണ് ബോംബ് സ്ഫോടനം നടന്നത്. കൃത്യമായി പറഞ്ഞാൽ 200 മീറ്റർ അകലെ. ഇത്തരം ഒരു സംഭവം കണ്ണൂരിൽ നടാടെയല്ല. വീടിനു നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തലും കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും പരിക്കേൽക്കുന്നതും പലകുറി അരങ്ങേറിയിട്ടുള്ള ജില്ലയാണ് കണ്ണൂർ. ബോംബ് നിർമ്മാണത്തിനിടെയുള്ള സ്ഫോടനത്തിൽ ശരീരം ചിന്നിച്ചിതറി മരിച്ചതും അംഗഭംഗം വന്ന് ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നവരും ഉള്ള ജില്ലയാണ് കണ്ണൂർ. അതുകൊണ്ടൊന്നും ബോംബ് നിർമ്മിക്കുന്നവർക്കും ആയുധങ്ങൾ സംഭരിക്കുന്നവർക്കും ഒരു മാറ്റവും വന്നിട്ടില്ല. നങ്ങാരത്ത് പീടികയിലെ കോടിയേരി പ്രസംഗിക്കുന്ന വേദിക്കു 200 മീറ്റർ അകലെ നടന്ന ബോംബേറ് വിവാദം കൊടുംപിരിക്കൊള്ളുമ്പോഴൂും ഭയപ്പെടുന്നത് സാധാരണ ജനങ്ങളാണ്.

അണ്ടലൂരിലെ ബിജെപി പ്രവർത്തകനായ സന്തോഷ് കുമാറിന്റെ കൊലപാതകത്തോടെ ജനങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കയായിരുന്നു. നങ്ങാരത്ത് പീടികയിലെ ബോംബ് സ്ഫോടനത്തോടെ വീണ്ടും ഭയത്തിന്റെ കയത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടിരിക്കയാണ്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടവരുടെ കുടുംബങ്ങൾ തികഞ്ഞ ഉത്കണ്ഠയിലാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയക്കാർ അക്രമത്തിന്റെ പേരിലും ബോംബ് സ്ഫോടനത്തിന്റെ പേരിലും കലിതുള്ളി നിൽക്കുമ്പോഴും രാഷ്ട്രീയത്തെ പഴിക്കേണ്ടി വരുന്ന അവസ്ഥയാണ് സാധാരണ ജനങ്ങൾക്ക്. മാരകായുധങ്ങൾ യഥേഷ്ടം നിർമ്മിക്കാനും ഒരുക്കിവക്കാനും അക്രമകാരികൾക്ക് പ്രയോഗിക്കാനും ഇവിടെ തടസ്സമൊന്നുമില്ല. ബോംബുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ അറിയുന്നവർ ഏറെയാണ്.

സിപിഐ(എം). നേതാവ് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്ന വേദിയെ ലക്ഷ്യമാക്കി ബോംബെറിഞ്ഞതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ കരുതിവച്ച ബോംബ് പൊട്ടിയതാണെന്നും പറയാനാവില്ല. അതെല്ലാം പൊലീസ് അന്വേഷണത്തിലാണ്. സിപിഎമ്മിനും ബിജെപി ക്കും പരസ്പര രാഷ്ട്രീയപോരിനും ബോംബും വാളും തന്നെയാണ് ആയുധം. കോടിയേരിയുടെ പ്രസംഗത്തിൽ ആളുകൾ കൂടിയതിനെ ഭയപ്പെടുത്താൻ എതിരാളികൾ എറിഞ്ഞതുമാവാം. എന്നാൽ ഇതിനൊന്നും വ്യക്തമായ തെളിവ് കണ്ടെത്തിക്കഴിഞ്ഞിട്ടില്ല.

വിവാദങ്ങൾ ഇരുസംഘടനകളുടേയും സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ ഏറ്റെടുത്തതോടെ അണികൾ ഏറ്റുമുട്ടാനും തുടങ്ങി. ബിജെപി- ആർ.എസ്. എസ്. സംഘടനകൾ അധോലോകം പോലെ പ്രവർത്തിക്കുകയാണെന്ന് സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിക്കുന്നു. അക്രമം അഴിച്ചു വിടാൻ ആസൂത്രിത ശ്രമമാണ് അവർ നടത്തുന്നതെന്നതിനു തെളിവാണ് കോടിയേരിയുടെ പ്രസംഗവേദിക്ക് സമീപത്തെ ബോംബേറ്. അതിനെ ബിജെപി. പ്രതികരിക്കുന്നതിങ്ങനെ.

ജയരാജൻ പറയുന്ന ബോംബ് കേവലം നുണബോംബാണെന്നും പ്രസംഗവേദിയും ബോംബേറ് നടന്നുവെന്ന് പറയുന്ന സ്ഥലവും തമ്മിലുള്ള ദൂരം തന്നെ ഇതിന് തെളിവാണെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറയുന്നു. ബിജെപി.യുടെ കൊടിമരം പിഴുതെടുത്ത് കാട്ടിൽ തള്ളുമ്പോൾ ബോംബ് പൊട്ടിയാണത്രേ സിപിഐ(എം). പ്രവർത്തകന് പരിക്കേറ്റത്. ഇങ്ങനെ പരസ്പരം പഴിചാരുന്നതും കണ്ണൂരിലെ അക്രമസ്വഭാവത്തിന് വളക്കൂറാകുന്നു.

കളിയാട്ട കാവുകളിലും ഈ സംഘടനകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടൽ ആരംഭിച്ചു. അഞ്ചരക്കണ്ടി പാലക്കീഴിലെ ഉത്സവസ്ഥലത്ത് ഇവർ തമ്മിൽ ഏറ്റുമുട്ടി. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാവുകളിൽ ഉത്സവങ്ങൾ വർദ്ധിച്ചു വരുന്ന മാസമാണ് ജനുവരിയും ഫെബ്രുവരിയും. അതുകൊണ്ടുതന്നെ മുഖാമുഖം കാണുന്ന ബിജെപി - സിപിഎമ്മുകാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകാൻ സാധ്യതയുണ്ട്. സമാധാനശ്രമത്തിന്റെ അനിവാര്യത ഏറിയിരിക്കുകയുമാണ്.

ജില്ലാ തലത്തിലും മണ്ഡലം തലത്തിലും നടക്കുന്ന സമാധാനശ്രമങ്ങൾ പ്രാദേശിക തലത്തിൽ എത്തിച്ചേരേണ്ടതുണ്ട്. എങ്കിൽ മാത്രമേ അത് പ്രാവർത്തികമാവൂ. അതിനു പുറമേ കുന്നുകൂടുന്ന ആയുധശേഖരങ്ങൾക്ക് അറുതി വരുത്തേണ്ടതുണ്ട്. ജില്ലാ ഭരണകൂടവും പൊലീസുമാണ് ഇക്കാര്യം ചെയ്യേണ്ടത്. മനസ്സമാധാനത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അംഗീകരിക്കേണ്ടതുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP