Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രചനാമോഷണങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും കാരൂർ സോമനുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിച്ചുവെന്നും മാതൃഭൂമി; ബ്‌ളോഗിലെ പോസ്റ്റ് കോപ്പിയടിച്ച് 'സ്‌പെയിൻ കാളപ്പോരിന്റെ നാട്' എഴുതിയ സോമനെതിരെ നിയമ നടപടി തുടങ്ങിയെന്ന് നിരക്ഷരൻ; കാളപ്പോരു കണ്ട സ്‌റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി മോഷ്ടിക്കപ്പെട്ട മറ്റൊരു ബ്‌ളോഗെഴുത്തിന്റെ അവകാശി സജി തോമസും

രചനാമോഷണങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും കാരൂർ സോമനുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിച്ചുവെന്നും മാതൃഭൂമി; ബ്‌ളോഗിലെ പോസ്റ്റ് കോപ്പിയടിച്ച് 'സ്‌പെയിൻ കാളപ്പോരിന്റെ നാട്' എഴുതിയ സോമനെതിരെ നിയമ നടപടി തുടങ്ങിയെന്ന് നിരക്ഷരൻ; കാളപ്പോരു കണ്ട സ്‌റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി മോഷ്ടിക്കപ്പെട്ട മറ്റൊരു ബ്‌ളോഗെഴുത്തിന്റെ അവകാശി സജി തോമസും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മലയാളി എഴുത്തുകാരന്റെ യാത്രാവിവരണം കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആക്ഷേപം ഉയർന്നതോടെ രചനാമോഷണം ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ മനോജ് രവീന്ദ്രൻ നിരക്ഷരന് കത്തയച്ച് മാതൃഭൂമി. 'സ്പെയിൻ കാളപ്പോരിന്റെ നാട്' എന്ന കാരൂർ സോമന്റെ പുസ്തകമാണ് കോപ്പിയടി വിവാദത്തിലായത്. ഈ പുസ്തകം പൂർണമായും പിൻവലിക്കുമെന്നും മാതൃഭൂമി കത്തിൽ അറിയിച്ചു. മാത്രമല്ല, കാരൂർ സോമനുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിക്കുന്നതായും പ്രസാധകരായ മാതൃഭൂമി ബുക്‌സ് വ്യക്തമാക്കുന്നു. മനോജ് രവീന്ദ്രന് നന്ദികൂടി അറിയിച്ചാണ് കത്ത്.

അതേസമയം, കോപ്പിയടി നടത്തിയ എഴുത്തുകാരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് മനോജ് രവീന്ദ്രൻ വ്യക്തമാക്കി. സജി തോമസ് ബ്‌ളോഗിൽ എഴുതിയ കുറിപ്പും കാരൂർ സോമന്റെ പുസ്തകത്തിൽ അടിച്ചുമാറ്റി ഉൾപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നു. ഇതോടെ താൻ എവിടെവച്ചാണ് കാളപ്പോര് കണ്ടതെന്ന് വ്യക്തമാക്കി ഇന്ന് അതേ സ്‌റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി സജി തോമസും രംഗത്തെത്തി.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കാരൂർ സോമൻ ബ്ളോഗിൽ നിന്ന് യാത്രാവിവരണം അടിച്ചുമാറ്റി പുസ്തകത്തിൽ ചേർത്തുവെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്ളോഗർ മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ രംഗത്ത് എത്തിയതോടെയാണ് കഴിഞ്ഞദിവസം സംഭവം ചർച്ചയായത്. ഇതിന് പിന്നാലെ നിരക്ഷരൻ കോപ്പിയടിച്ചുവെന്ന് വരുത്താൻ ശ്രമം നടന്നു. ഫലിക്കാതെ വന്നതോടെ ഒത്തുതീർപ്പു നീക്കങ്ങളുമുണ്ടായി.

അഞ്ചുലക്ഷം വരെ ഓഫർ വന്നതായി നിരക്ഷരൻ വ്യക്തമാക്കി. എന്നാൽ ഒരുകോടി തന്നാലും ഈ മോഷണം പുറത്തുകൊണ്ടുവരുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് നിരക്ഷരൻ നിലപാട് അറിയിച്ചതോടെ വിഷയം വലിയ ചർച്ചയായി. ലണ്ടനിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്‌കാരിക നായകനെന്ന പരിവേഷത്തിൽ വിലസുന്ന ആൾകൂടിയാണ് കാരൂർ സോമൻ. നിരക്ഷരൻ എന്ന പേരിൽ നിരവധി ബ്ലോഗുകൾ എഴുതിയിട്ടുള്ള മനോജിന്റെ യാത്ര വിവരണങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മനോജിന്റെ സ്പാനിഷ് യാത്ര അനുഭവങ്ങൾ സോമൻ സ്വന്തമാക്കി മാറ്റി പുസ്തകം ആക്കി വിറ്റുവെന്നാണ് ആരോപണം ഉയർന്നത്. തന്റെ പുസ്തകം മോഷ്ടിച്ചതിന്റെ കഥയുമായി മനോജ് ഇന്നലെ ഫേസ്‌ബുക്കിൽ ലൈവായി എത്തിയപ്പോൾ ആണ് പുറംലോകം ഈ തട്ടിപ്പിന്റെ വിവരം അറിയുന്നത്. ഇതോടെ നൂറ് കണക്കിന് വായനക്കാരാണ് മനോജിന് പിന്തുണയുമായി രംഗത്തിറങ്ങിയത്.

കാരൂർ സോമനെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആലപ്പുഴ ചാരുമൂട് സ്വദേശിയായ സോമൻ ബ്രിട്ടനിലെ യുക്മയുടെ സാംസ്‌കാരിക വിഭാഗം പ്രസിദ്ധീകരിക്കുന്ന ജ്വാല മാസികയുടെ എഡിറ്റർ കൂടിയാണ്. ലണ്ടൻ ഒളിമ്പിക്സ് നടക്കുന്ന വേദിയിൽ ഒരിടത്തും വരാതെ മാധ്യമത്തിൽ ഒളിമ്പിക്സ് ഡയറി എഴുതുകയും അത് പുസ്തകം ആക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. അന്നും ഇത് മോഷണമാണ് എന്ന ആരോപണം ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് മനോജ് ഇന്നെഴുതിയ കുറിപ്പ് ഇങ്ങനെ:

കാരൂർ സോമൻ എന്ന വ്യക്തി, ഓൺലൈനിൽ ഞാനെഴുതിയിട്ട സ്‌പെയിൻ/പാരീസ് യാത്രാവിവരണങ്ങൾ മോഷ്ടിച്ച വിഷയത്തിൽ കൂടുതൽ ഓൺലൈൻ പോസ്റ്റുകൾ ഇട്ട് നിയമനടപടികൾക്ക് ക്ഷീണം വരുത്തിവെക്കാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല.
.
ചിട്ടപ്രകാരമുള്ള നിയമനടപടികളിലേക്ക് നീങ്ങുകയാണ്. അതിന് മുൻപ്, കാര്യമായ തെളിവുകൾ ഒന്നും കാണുകപോലും ചെയ്യാതെ എനിക്കൊപ്പം നിന്ന എല്ലാ സുഹൃത്തുക്കളുടേയും വായനക്കാരുടേയും അഭ്യുദയകാംക്ഷികളുടേയും അറിവിലേക്കായി, 'സ്‌പെയിൻ കാളപ്പോരിന്റെ നാട്' എന്ന പുസ്തകത്തിന്റെ 182, 191 പേജുകളിലെ ചെറിയ ഒരു തെളിവ് മാത്രം പങ്കുവെക്കുന്നു. ഓറഞ്ച് നിറത്തിൽ കാണുന്നത് എല്ലാം എന്റെ വരികളാണ്. നേഹ എന്ന് പച്ചമഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് എന്റെ മകളും മുഴങ്ങോടിക്കാരി എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് എന്റെ ഭാര്യയുമാണ്.


.
200 പേജുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിൽ 58 പേജുകൾ വള്ളിപുള്ളി വിടാതെ എന്റെ 8 ബ്ലോഗ് പോസ്റ്റുകളിൽ നിന്ന് മോഷ്ടിച്ചതാണ്. 10 പേജുകൾ സജി തോമസ് എന്ന എന്റെ സ്‌പെയിൻ പ്രവാസി സുഹൃത്തിന്റെ 2 ലേഖനങ്ങളിൽ നിന്ന് മോഷ്ടിച്ചതാണ്. പലയിടത്തും എന്റെ ഭാര്യയുടെയും മകളുടേയും പേരുകൾ എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ടെങ്കിലും അനേകം പേജുകളിൽ അത് കണ്ടെത്തി നീക്കം ചെയ്യാനുള്ള സാവകാശം തന്റെ തിരക്കിട്ട സാഹിത്യസപര്യയ്ക്കിടയിൽ ശ്രീ കാരൂർ സോമന് കഴിയാതെ പോയതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്‌നം ഉടലെടുത്തത് തന്നെ. എന്തായാലും സജി തോമസും ഞാനും നിയമനടപടികളുമായി മുന്നോട്ട് പോകുന്നു. എല്ലാവരുടേയും ഐക്യദാർഢ്യം തുടർന്നുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരിക്കൽക്കൂടെ എല്ലാവരേയും നന്ദിയും സ്‌നേഹവും അറിയിച്ചുകൊണ്ട്
.
അന്നും ഇന്നും എന്നും - നിരക്ഷരൻ

കാരൂർ സോമന്റെ കോപ്പിയടിക്ക് ഇരയായ സജി തോമസ് സ്‌പെയിനിൽ സജി ബുൾ ഫൈറ്റ് കണ്ട അതേ സ്റ്റേഡിയത്തിൽ നിന്ന് ലൈവ് സംസാരിക്കുന്നു. ആ ബുൾഫൈറ്റ് ലേഖനമാണ് കാരൂർ സോമൻ കോപ്പിയടിച്ചത്. - ഇങ്ങനെ അടിക്കുറിപ്പ് നൽകി സജി തോമസിന്റെ ലൈവ് വീഡിയോയും നിരക്ഷരൻ നൽകുന്നു.

ഇന്നലെ മാതൃഭൂമിയിൽ നിന്ന് ലഭിച്ച കത്ത്. ഇതുകൊണ്ട് പ്രശ്‌നമൊന്നും തീരുന്നില്ല. എന്നാലും, എന്റെ ലേഖനങ്ങളാണ് കാരൂർ സോമൻ കോപ്പിയടിച്ച് മാതൃഭൂമി വഴി പുസ്തകമാക്കിയത് എന്ന് മാതൃഭൂമി മനസ്സിലാക്കിയതിന്റെ തെളിവാണിത്. എന്ന് പറഞ്ഞുകൊണ്ട് മാതൃഭൂമിയുടെ കത്തും മനോജ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP