Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുപ്പിക്കകത്ത് ചിലന്തിയുടെ കാല്; അടിയിൽ കറുത്ത മാലിന്യം ഊറി നിൽക്കുന്നു; അല്പം ദുർഗന്ധവും; കുടിച്ചവെള്ളം ഛർദ്ദിക്കാനും വയ്യ; ഉഷ്ണമകറ്റാൻ 'വാൾട്ടേഴ്സ്' ബ്രാൻഡ് കുപ്പിവെള്ളം വാങ്ങിക്കുടിച്ച് വെട്ടിലായ കാസർഗോഡുകാരൻ ഇല്ലാസിന്റെ ദുരവസ്ഥ ഇങ്ങനെ

കുപ്പിക്കകത്ത് ചിലന്തിയുടെ കാല്; അടിയിൽ കറുത്ത മാലിന്യം ഊറി നിൽക്കുന്നു; അല്പം ദുർഗന്ധവും; കുടിച്ചവെള്ളം ഛർദ്ദിക്കാനും വയ്യ; ഉഷ്ണമകറ്റാൻ 'വാൾട്ടേഴ്സ്' ബ്രാൻഡ് കുപ്പിവെള്ളം വാങ്ങിക്കുടിച്ച് വെട്ടിലായ കാസർഗോഡുകാരൻ ഇല്ലാസിന്റെ ദുരവസ്ഥ ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: ഉഷ്ണം കടുത്തതോടെ ദാഹവും കൂടി വരികയാണ്. കുടിവെള്ളം അവശ്യ വസ്തുവായി മാറിയപ്പോൾ കുപ്പിവെള്ള കമ്പനികളും അത് മുതലെടുക്കാൻ രംഗത്ത് സജീവമായി. പ്രമുഖ ബ്രാൻഡ് നാമത്തിലും അല്ലാതേയുമായി വഴിയോര കടകൾ മുതൽ വൻ കൂൾബാർവരെയുള്ള സ്ഥാപനങ്ങളിൽ വിവിധ കമ്പനികളുടെ കുപ്പിവെള്ളങ്ങൾ ഒരുക്കിവച്ചിട്ടുണ്ട്. ദാഹമകറ്റാൻ പഴയതുപോലെ വീട്ടിൽ നിന്നും വെള്ളം കൊണ്ടു വരുന്ന ശീലം അപൂർവ്വം ആളുകളിൽ മാത്രം ഒതുങ്ങുകയാണ്. എന്നാൽ ബ്രാൻഡ് നാമത്തിൽ ഇറങ്ങുന്ന കുപ്പിവെള്ളത്തിന്റെ പരിശുദ്ധി ദാഹമകറ്റുമ്പോൾ ആരും ശ്രദ്ധിക്കാറില്ല.

കാസർഗോഡുള്ള ഒരാളുടെ അനുഭവം ഇങ്ങിനെ. മംഗളൂരുവിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരുന്നയാളാണ് ഇല്ല്യാസ് ഹാജി. കാസർഗോഡ് വിദ്യാനഗർ സ്വദേശിയും ചെങ്കള ഇന്ദിരാ നഗർ ഹൗസിങ് കോളനിയിലെ താമസക്കാരനുമായ ഇല്ല്യാസ് ഹാജി പണം നൽകി വെള്ളത്തിന് പകരം കുടിച്ചത് ചിലന്തിക്കാലും മാലിന്യവും. കർണ്ണാടകത്തോട് ചേർന്ന് കിടക്കുന്ന കാസർഗോട്ടെ ബദിയടുക്കയിൽ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇല്ല്യാസ് ഹാജി. ഇന്നലെ അനുഭവപ്പെട്ട കൊടും ചൂടിൽ തൊണ്ട വരണ്ട് വിയർത്ത് കുളിച്ചു പോയി ഹാജി.

ബദിയടുക്കയിലെ കടയിൽ നിന്നും ദാഹമകറ്റാൻ 40 രൂപ നൽകി രണ്ടു കുപ്പി വെള്ളം വാങ്ങി. ഒന്നു പൊട്ടിച്ച് പകുതിയോളം കുടിച്ചപ്പോഴാണ് വെള്ളത്തിന്റെ രുചി വ്യത്യാസം ഹാജിക്ക് അനുഭവപ്പെട്ടത്. രൂചിയോ രുചിഭേദമോ നോക്കാതെ ദാഹത്തിൽ വലഞ്ഞ ഹാജി അപ്പോഴേക്കും കുപ്പിക്കകത്തെ പകുതി വെള്ളം അകത്താക്കിയിരുന്നു. ശേഷിക്കുന്ന പകുതി വെള്ളം പരിശോധിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുപ്പിക്കകത്ത് ചിലന്തിയുടെ കാല്. അടിയിൽ കറുത്ത മാലിന്യം ഊറി നിൽക്കുന്നു. അല്പം ദുർഗന്ധവും. കുടിച്ചവെള്ളം ഛർദ്ദിക്കാനും വയ്യ. ബാഗിൽ നിന്നും ഉടൻ രണ്ടാമത്തെ പൊട്ടിക്കാത്ത ബോട്ടിൽ എടുത്തു നോക്കി. അതിലും കറുത്ത മാലിന്യം.

വെള്ളം വാങ്ങിച്ച കടയിലേക്ക് ഹാജി കുതിച്ചെത്തി. കമ്പനിയുടെ പേര് നോക്കി. വാൾട്ടേഴ്സ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. കുപ്പി വെള്ളത്തിന്റെ പ്രമുഖ ബ്രാൻഡ് നാമമാണിത്. കടക്കാരനെ ചോദ്യം ചെയ്തപ്പോൾ താനിതിന് ഉത്തരവാദിയല്ലെന്നും താൻ മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നാണ് വാങ്ങിച്ചതെന്നും അവരുടെ പേരും വിലാസവും ഹാജിക്ക് നൽകുകയും ചെയ്തു. അതിനിടെ ഹാജിക്ക് നെഞ്ചെരിച്ചലും ഓക്കാനവും അനുഭവപ്പെട്ടു. സമീപത്തെ ആശുപത്രിയിൽ ഡോക്ടറെ കണ്ട് ചികിത്സ തേടുകയും ചെയ്തു. എന്നാൽ പണം കൊടുത്ത് മലിന ജലം കുടിക്കേണ്ടി വന്ന ഹാജി അടങ്ങിയിരുന്നില്ല.

സംസ്ഥാന ആരോഗ്യ മന്ത്രി, കാസർഗോഡ് ജില്ലാ കലക്ടർ, ഫുഡ് ഇൻസ്പക്ടർ, ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി, എന്നിവർക്ക് വിശദമായ പരാതിയും നൽകി. 2017 ജനുവരി 13 ന് പേക്കിഗ് തീയ്യതി രേഖപ്പെടുത്തിയ കുപ്പിവെള്ളമാണ് ഇല്ല്യാസ് ഹാജിക്ക് നൽകിയിരുന്നത്. ആറ് മാസത്തെ ഉപയോഗ പരിധിയും വാൾട്ടേഴ്സ് കമ്പനി തന്നെ ഇതിന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്്.‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP