Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസും പട്ടാളവും ഇല്ലാതെ ഉമ്മൻ ചാണ്ടി എത്തി; 22 പരിപാടികൾക്കിടയിൽ ജോസ് കെ മാണിയും; എണീറ്റുനിൽക്കാൻ കഴിയാത്ത മകളെയെടുത്തു അമ്മയുടെ നിലവിളി: മറുനാടൻ കുടുംബത്തിൽ നിന്നും മറ്റൊരു സ്‌നേഹഗാഥ കൂടി

പൊലീസും പട്ടാളവും ഇല്ലാതെ ഉമ്മൻ ചാണ്ടി എത്തി; 22 പരിപാടികൾക്കിടയിൽ ജോസ് കെ മാണിയും; എണീറ്റുനിൽക്കാൻ കഴിയാത്ത മകളെയെടുത്തു അമ്മയുടെ നിലവിളി: മറുനാടൻ കുടുംബത്തിൽ നിന്നും മറ്റൊരു സ്‌നേഹഗാഥ കൂടി

രു മാദ്ധ്യമം വാർത്ത നൽകലിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നും സമൂഹ ഇടപെടൽ നടത്തണമെന്നും അടിവരയിട്ടു പറയുന്ന അനുഭവമായി മറുനാടൻ മലയാളി കുടുംബം ഇന്നലെ നടത്തിയ ഇടപെടൽ. കോട്ടയം ജില്ലയിലെ അയർക്കുന്നത്തിന് സമീപം കൊണ്ടനൂർ സെന്റ് ജോസഫ് എൽപി സ്‌കൂളിൽ ഇന്നലെ നടന്ന ഒരു ചടങ്ങായിരുന്നു മറുനാടന്റെ സാമൂഹിക ഉത്തരവാദിത്തം അടിവരയിട്ടു കാട്ടിയത്. നിർധനരായ അഞ്ച് രോഗികളുടെ ചികിത്സയ്ക്കായി പത്തുലക്ഷം രൂപ വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു അത്. കഴിഞ്ഞ മൂന്നരവർഷം കൊണ്ടു മൂന്നു കോടിയിൽ അധികം രൂപയാണ് മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്തത്. ആ ശൃംഗലയിലെ അവസാനത്തെ ചികിത്സ സഹായ വിതരണം ആയിരുന്നു ഇന്നലെ നടന്നത്.

രണ്ടു വൃക്കകളും തകരാറിലായ കൂത്താട്ടുകളം സ്വദേശി വിനോദിന് 3000 പൗണ്ടും അപൂർവ്വ രോഗം ബാധിച്ച കാഞ്ഞിരപ്പള്ളി കൂവപ്പടി സ്വദേശി കാസിമിന്റെ മകൻ റിയാസ് മോൻ, ആലപ്പുഴ ജില്ലയിലെ അവലൂക്കുന്ന് സ്വദേശിയായ ബേബി, ആദ്യം സെർവിക്കൽ കാൻസർ വരികയും, അത് ചികിത്സിച്ച് ഭേദമാക്കി എന്ന് കരുതിയിരിക്കവെ ലംഗ്‌സിന് കാൻസർ വന്നു ജീവിതത്തെ വേദനയോടെ നേരിടുകയും ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിയായ വീട്ടമ്മയായ ബിജിമോൾ എന്നിവർക്ക് 2000 പൗണ്ടു വീതവും സെറിബ്രൽ പാൾസി ക്വാട്രിപാരന്റ് എന്ന അസുഖത്താൽ വലയുന്ന കോട്ടയം ജില്ലയിൽ അയർക്കുന്നം കൊങ്ങാണ്ടൂർ എന്ന സ്ഥലത്തെ മൂന്നാം ക്ലാസുകാരി അന്ന മരിയയ്ക്ക് 1200പൗണ്ടും വീതവുമാണ് തുക വീതിച്ചു നൽകിയത്. 1200 പൗണ്ടിന്റെ ചെക്ക് ഏറ്റു വാങ്ങിയ വിദ്യാർത്ഥിനിയുടെ സ്‌കൂളിൽ ആയിരുന്നു ചടങ്ങു നടന്നത്.

ഫണ്ട് കൈപ്പറ്റാൻ എത്തിയ അഞ്ചു പേരും അപ്രതീക്ഷിതമായി ലഭിച്ച സഹായത്തിന്റെ പേരിൽ കണ്ണീരൊഴുക്കുന്ന കാഴ്ച മാത്രം മതിയായിരുന്നു മറുനാടൻ ടീമിന് ആഹ്ലാദമാകാൻ. ഒന്നു എണീറ്റുനിൽക്കാൻ പോലും വയ്യാത്ത മകനെ എടുത്തു പിടിച്ച് കൊണ്ടു പണം കൈപ്പറ്റാനെത്തിയ അമ്മയുടെ കണ്ണുനീർ മാത്രം മതിയാവും ഈ ചാരിറ്റി ദൗത്യത്തിന് കൈയടി നൽകാൻ. ഫണ്ട് വിതരണത്തിന് മുഖ്യാതിഥിയായി എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്കു കിട്ടിയ ഷാൾ ഈ കുരുന്നിന്റെ മേൽ പുതപ്പിക്കുമ്പോൾ കുട്ടികളും മറ്റു സദസ്യരും ഒരുമിച്ച് എണീറ്റുനിന്നു കൈയടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ചികിത്സ സഹായം കൈപ്പറ്റിക്കൊണ്ട് കണ്ണുതുടച്ച ആ അമ്മയുടെ മുഖം കണ്ടു അനേകം മനുഷ്യരുമായി നിരന്തരം ഇടപെടുന്ന മുൻ മുഖ്യമന്ത്രിയുടെ കണ്ണുപോലും നിറഞ്ഞു.

പൊലീസും പട്ടാളവും ഇല്ലാതെയുള്ള ഉമ്മൻ ചാണ്ടിയുടെ വരവ് കൊങ്ങണ്ടൂർ സ്‌കൂളിലെ കുട്ടികൾ നന്നേ ആഘോഷിച്ചു. ജനങ്ങൾക്കിടയിൽ ജീവിച്ചു ശീലിച്ച ഉമ്മൻ ചാണ്ടിയെ തൊടാനും, ഓട്ടോഗ്രാഫ് വാങ്ങാനും ഒക്കെ കുട്ടികൾ ഒരുമിച്ച് കൂടി. യോഗം തുടങ്ങിയ ശേഷം ഉമ്മൻ ചാണ്ടി എത്തിയപ്പോൾ ഒപ്പം അനേകം പ്രാദേശിക നേതാക്കൾ ഉണ്ടായിരുന്നു. അതിന് മുമ്പേ എത്തിയ ജോസ് കെ മാണിയുടെ പ്രസംഗം സകൂതം കേട്ട ശേഷമാണ് ഉമ്മൻ ചാണ്ടി മറുപടി പ്രസംഗത്തിന് എണീറ്റത്. ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ  ആർ ഷൈജുമോൻ ശ്രദ്ധയിൽ പെടുത്തിയ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കാനും ഉമ്മൻ ചാണ്ടി മറന്നില്ല.

ഫൗണ്ടേഷന്റെ ട്രഷററായ ഷൈനു ക്ലെയർ മാത്യുവിന്റെ ക്ഷണപ്രകാരം മുമ്പ് അയർക്കുന്നത്തു വച്ചു മുഖ്യമന്ത്രി ആയിരിക്കവെ നടത്തിയ ഫണ്ട് വിതരണ പരിപാടിയെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഉമ്മൻ ചാണ്ടി പ്രസംഗിച്ചത്. ബ്രിട്ടീഷ് മലയാളിയുമായുള്ള ദീർഘ കാലത്തെ ബന്ധം ഊന്നി പറഞ്ഞാണ് ജോസ് കെ മാണി പ്രസംഗം പറഞ്ഞത്. ഇന്നലെ മലയാള വർഷാരംഭം പ്രമാണിച്ചുള്ള 22 പരിപാടികൾ പങ്കെടുത്തതിനിടയിൽ സമയ കൃത്യത പാലിച്ചെത്തിയ കാര്യം എം പി വ്യക്തമാക്കി. യുകെയിലെ മലയാളികളുടെ നന്മയുടെ അടയാളമായി ലഭിക്കുന്ന ഈ പണം ഇനിയും അനേകം പാവപ്പെട്ടവർക്ക് ലഭിക്കാൻ അവസരം ഉണ്ടാകട്ടെ എന്നാണ് ജോസ് കെ മാണി പറഞ്ഞത്. മുൻ യൂത്ത് ഫ്രണ്ട് പ്രവർത്തകനും, സുഹൃത്തുമായ ഇപ്പോഴത്തെ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാലുമായുള്ള ബന്ധവും ജോസ് കെ മാണി ഓർമ്മിച്ചു.

മൂന്നരക്കകൊല്ലം കൊണ്ടു അൻപതോളം രോഗികൾക്കാണ് മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി സഹായം നൽകിയത്. നാട്ടിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകുകയാണ് പ്രധാന പദ്ധതി. യുകെയിലെ മലളീകൾ മരിച്ചാൽ ഒരു അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും സഹായം കൈപ്പറ്റിയിട്ടുള്ളവയിൽ പെടും. മൂന്നു കോടിയിൽ അധികം രൂപ വിതരണം ചെയ്ത ചാരിറ്റി ഫൗണ്ടേഷന്റെ ആദ്യ ചെയർമാൻ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ ആയിരുന്നു. ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും ഇപ്പോഴും ഒരേ ആളുടെ ഉടമസ്ഥതിയിലാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പാതിയോളം ട്രസ്റ്റിമാർ പങ്കെടുത്ത് ഏക സഹായ ദാനചടങ്ങ് എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു ഇതിന്. ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി സൈമി ജോർജ്ജ്, ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്ററും ഫൗണ്ടേഷൻ ട്രസ്റ്റിയുമായ കെ ആർ ഷൈജുമോൻ, ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ഷൈനു ക്ലയർ മാത്യൂസ്, മുൻ സെക്രട്ടറിയും ബ്രിട്ടീഷ് മലയാളി അസോസിയേറ്റ് എഡിറ്ററുമായ സാബു ചുണ്ടക്കാട്ടിൽ, ട്രസ്റ്റിയും ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് സംഘാടക സമിതി ചെയർമാനുമായ സാം തിരുവാതിലിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇവരെല്ലാവരും തന്നെ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP