Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൾഗേറിയൻ കമ്പനി പല കയറ്റുമതി കമ്പനികളിലൂടേയും ഇന്ത്യയിൽ പണമെത്തിച്ചത് ഭീകരർക്കുവേണ്ടിയോ? സൂര്യകാന്തി എണ്ണക്കമ്പനി അക്കൗണ്ടിൽ 59 കോടി നിക്ഷേപിച്ചപ്പോൾ മറ്റ് പല കമ്പനികളുടെയും അക്കൗണ്ടിലെത്തിയത് 200 കോടിയോളം; ഇവയിൽ ചിലത് ബിനാമി കമ്പനികളെന്നും സൂചന

ബൾഗേറിയൻ കമ്പനി പല കയറ്റുമതി കമ്പനികളിലൂടേയും ഇന്ത്യയിൽ പണമെത്തിച്ചത് ഭീകരർക്കുവേണ്ടിയോ? സൂര്യകാന്തി എണ്ണക്കമ്പനി അക്കൗണ്ടിൽ 59 കോടി നിക്ഷേപിച്ചപ്പോൾ മറ്റ് പല കമ്പനികളുടെയും അക്കൗണ്ടിലെത്തിയത് 200 കോടിയോളം; ഇവയിൽ ചിലത് ബിനാമി കമ്പനികളെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനിയിലേക്ക് 59 കോടി നിക്ഷേപിച്ചതുപോലെ ബൾഗേറിയൻ കമ്പനി മറ്റു പല കയറ്റുമതി സ്ഥാപനങ്ങളിലൂടെ ഏതാണ്ട് 200 കോടിയോളം രൂപ നിക്ഷേപിച്ചതായി സൂചനകൾ. ചെറിയ തുകകളുടെ കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ വൻതുകകൾ എത്തിച്ചത് ഏതെങ്കിലും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയാണെന്നും സംശയമുയർന്നതോടെ ഇത്തരം പണമിടപാടുകളെ പറ്റി അന്വേഷണം ഊർജിതമാക്കി.

കയറ്റുമതിയുടെ മറവിൽ കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് 55 കോടിയുടെ കള്ളപ്പണം എത്തിയ സംഭവത്തെ തുടർന്നാണ് ബൾഗേറിയൻ കമ്പനിയുടെ നിക്ഷേപത്തെ പറ്റി സംശയം ഉയർന്നത്. സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കു 59 കോടി രൂപ നിക്ഷേപിച്ച ബൾഗേറിയൻ കമ്പനി രണ്ടു വർഷത്തിനിടയിൽ ഇന്ത്യയിലെ കയറ്റുമതി കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് 200 കോടി രൂപയോളം നിക്ഷേപിച്ചതായി സൂചന. എന്നാൽ കൊച്ചിയിലെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ മാത്രമാണ് ഇതുവരെ അന്വേഷണ സംഘത്തിനു തെളിവു സഹിതം കണ്ടെത്താൻ കഴിഞ്ഞത്.

ആരോപണ വിധേയനായ കൊച്ചി സ്വദേശി സമർപ്പിച്ച രേഖകൾ വ്യാജമെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കൊച്ചി എളമക്കര സ്വദേശി ജോസ് ജോർജിന്റെ ട്രേഡ് ഇന്റർ നാഷണൽ എന്ന കയറ്റുമതി കമ്പനിക്ക് ഇത്രയും വലിയ കയറ്റുമതി ഓർഡർ ലഭിച്ചത് സംശയകരമാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. സപ്തംബർ ഒമ്പതിന് ഇയാളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. മാത്രമല്ല ഇയാൾ നടത്തിയ ഇടപാടിന്റെ രേഖകളെന്ന് പറഞ്ഞ് ഹാജരാക്കിയവയിൽ ചിലത് ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമാണെന്നും സീലുകളടക്കം വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ബൾഗേറിയയിലെ 'സ്വസ്ത ഡി' എന്നകമ്പനിക്കായാണ് ട്രേഡ് ഇന്റർ നാഷണൽ സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്തത് എന്നാണ് രേഖകളിൽ പറയുന്നത്.

10 ലക്ഷം മെട്രിക് ടൺ സൂര്യകാന്തി എണ്ണയാണ് കയറ്റുമതി നടത്തിയതെന്നാണ് ജോസ് ജോർജ് അവകാശപ്പെടുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയധികം സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാൻ നിയമപ്രകാരം തടസങ്ങളുണ്ട്. പിന്നെ എങ്ങനെയാണ് കയറ്റുമതി നടക്കുമെന്നും ആദായനികുതി വകുപ്പ് ചോദിക്കുന്നു. അതേസമയം കയറ്റുമതി ചെയ്യാനായി ചെന്നൈയിലെ കാളീശ്വരി റിഫൈനറിയുമായി സൂര്യകാന്തി എണ്ണ വാങ്ങാൻ ജോസ് ജോർജ് കരാറുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ബൾഗേറിയൻ കമ്പനിയിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് 30 കോടിയോളം രൂപ തന്റയും കുടുംബാംഗങ്ങളുടയും ബന്ധുക്കളുടെയും പേഴ്‌സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന് വിചിത്രമായ കാരണമാണ് ജോസ് ജോർജ് നൽകുന്നത്. പണം അക്കൗണ്ടിലേക്ക് മാറ്റിയില്ലെങ്കിൽ അത് ബൾഗേറിയയിലേക്ക് തിരികെ പോകുമെന്നാണ് ബാങ്ക് മാനേജർ പറഞ്ഞതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിനോട് വിശദീകരിച്ചത്.

ഇയാൾ സമർപ്പിച്ച കയറ്റുമതി രേഖ വ്യാജമാണെന്നു മാത്രമല്ല കയറ്റുമതി നടക്കുന്നതിന് മുമ്പേ ഇത്രയും വലിയ തുക എങ്ങനെ ലഭിക്കുമെന്നതും അന്വേഷിക്കുന്നുണ്ട്. കൂടാതെ രേഖകളിൽ പറയുന്ന തരത്തിലുള്ള സ്വസ്ത ഡി എന്ന കമ്പനി വ്യാജമാണോ എന്നും സംശയമുയർന്നിട്ടുണ്ട്. വിദേശത്തുള്ള ആരുടേയൊ പണം വ്യാജ കയറ്റുമതി ഇടപാട് നടത്തി രാജ്യത്തേക്ക് എത്തിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

അതേസമയം, മുംബൈയിലെ കയറ്റുമതി സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച കാര്യം സ്ഥിരീകരിച്ചെങ്കിലും ബൾഗേറിയൻ കമ്പനിക്ക് ഇന്ത്യയിലുള്ള താൽപര്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണം നിക്ഷേപിക്കപ്പെടുന്ന അക്കൗണ്ട് ഉടമകളായ കമ്പനികളെല്ലാം ബെനാമികളാവാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നു. പണം നിക്ഷേപിക്കപ്പെടുന്ന അക്കൗണ്ടുകളിൽ നിന്ന് ഈ പണം എങ്ങോട്ടെല്ലാമാണു പോകുന്നതെന്നു മനസ്സിലാക്കിയാലെ ബൾഗേറിയൻ കമ്പനിയുടെ യഥാർഥ ലക്ഷ്യം കണ്ടെത്താൻ കഴിയൂ.

കൊച്ചി എളമക്കര സ്വദേശി ജോസ് ജോർജിന്റെ ട്രേഡ് ഇന്റർനാഷനൽ എക്‌സ്‌പോർട്ടിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ പണം ജോർജിന്റെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണു മാറ്റിയത്. അന്വേഷണ സംഘം ഈ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പണത്തിന്റെ പിന്നീടുള്ള കൈമാറ്റം തടസ്സപ്പെടുകയായിരുന്നു. വിദേശ കമ്പനി ഇന്ത്യയിലെത്തിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കപ്പെട്ടതായുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇതു സംബന്ധിച്ച തെളിവുകൾ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, കേരളാ പൊലീസ് എന്നിവരാണു കേസിൽ അന്വേഷണം നടത്തുന്നത്. ഇന്റർപോളിന്റെ സഹായത്തോടെ ബൾഗേറിയയിലും അന്വേഷണം നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP