Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഴിഞ്ഞം കരാറിലെ ഗുണഭോക്താവ് അദാനി മുതലാളി തന്നെ; മോദിയുടെ കൂട്ടുകാരന് വഴിവിട്ട സഹായം നൽകിയത് സിഎജി കണ്ടെത്തി; കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യത്തിന് എതിരെന്നും വിലയിരുത്തൽ; തുറമുഖ പദ്ധതിയിൽ ശതകോടീശ്വരന് നേട്ടം കിട്ടുന്നത് 61,095 കോടി: യുഡിഎഫ് കാലത്തെ കരാർ പിണറായി സർക്കാർ തിരുത്തുമോ?

വിഴിഞ്ഞം കരാറിലെ ഗുണഭോക്താവ് അദാനി മുതലാളി തന്നെ; മോദിയുടെ കൂട്ടുകാരന് വഴിവിട്ട സഹായം നൽകിയത് സിഎജി കണ്ടെത്തി; കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യത്തിന് എതിരെന്നും വിലയിരുത്തൽ; തുറമുഖ പദ്ധതിയിൽ ശതകോടീശ്വരന് നേട്ടം കിട്ടുന്നത്  61,095 കോടി: യുഡിഎഫ് കാലത്തെ കരാർ പിണറായി സർക്കാർ തിരുത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ സിഎജി റിപ്പോർട്ട്. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണെന്നും സിഎജി. 283 കോടി രൂപ അദാനിക്ക് അധികമായി നൽകേണ്ടി വന്നു. ഇത് അദാനിക്ക് അധിക സാമ്പത്തിക നേട്ടമായെന്നുമുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു. കഴിഞ്ഞദിവസമാണ് വിഴിഞ്ഞം തുറമുഖ കരാറിനെതിരെ രൂക്ഷമായ വിമർശനവുമായി വി എസ് അച്യുതാനന്ദൻ രംഗത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് സിഎജി റിപ്പോർട്ട് വന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെയാണ് റിപ്പോർട്ട്. കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും സിഎജി റിപ്പോർട്ട് പറയുന്നു. അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാർ ഉപകരിക്കുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 7525 കോടി മുടക്കി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്.

എന്നാൽ കരാർ കാലാവധി പൂർത്തിയാകുമ്പോൾ അദാനിക്ക് വൻ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. സാധാരണ പിപിപിയായി നടത്തുന്ന പദ്ധതികളിൽ കരാർ കാലവധി 30 വർഷമാണ്. എന്നാൽ വിഴിഞ്ഞം കരാറിൽ ഇത് 40 വർഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വർഷത്തിന് ശേഷം വേണമെങ്കിൽ സംസ്ഥാനസർക്കാരിന് കരാർ കാലാവധി 20 വർഷംകൂടി നീട്ടിനൽകാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോർട്ട് പറയുന്നു.

നിർമ്മാണകാലാവധി 10 വർഷം കൂട്ടിനൽകിയത് നിയമ വിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സിഎജി വ്യക്തമാക്കി. 20 വർഷം കൂടി വേണമെങ്കിൽ അധികം നൽകാവുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താൽ 61,095 കോടി രൂപ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം അദാനി ഗ്രൂപ്പുമായി യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട വിഴിഞ്ഞം കരാർ പൊളിച്ചെഴുതുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദൻ നിയമസഭയിൽ കഴിഞ്ഞ ദിവസം സബ്മിഷൻ ഉന്നയിച്ചിരുന്നു. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ സർക്കാരിന്റെ തുടർച്ച എന്ന നിലയിൽ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല എന്നാണ് വി എസ് ആവശ്യപ്പെട്ടത്. വിഴിഞ്ഞം പദ്ധതി അദാനിയുടെ കാൽക്കീഴിൽ കൊണ്ടുചെന്നു വയ്ക്കുന്നതാണ് യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാറെന്നും വി എസ് ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ രൂപം നല്കിയ കരാറിൽ അഴിമതിയുണ്ട്. അതിൽ അഴിമതിക്കുള്ള പഴുതുണ്ട്. അദാനി ഗ്രൂപ്പ് കരാർ ലംഘിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ തലത്തിൽ ആലോചിച്ച് ശേഷം മറുപടി പറയാം എന്നാണ് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സബ്മിഷന് നൽകിയ മറുപടി. ഇതിനു പിന്നാലെയാണ് കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് നിയമസഭയിൽ എത്തിയിരിക്കുന്നത്.

2006-11ലെ എൽഡിഎഫ് സർക്കാരിന്റെ ലാൻഡ് ലോർഡ് പോർട്ട് ആയി വിഭാവനം ചെയ്ത വിഴിഞ്ഞം പദ്ധതി യുഡിഎഫ് സർക്കാരാണ് പിപിപി മാതൃകയിലാക്കിയത്. പദ്ധതിയുടെ 68 ശതമാനം (5,071 കോടി രൂപ) മുടക്കുന്നത് സംസ്ഥാന സർക്കാർ. അദാനി മുടക്കുന്നത് പദ്ധതി ചെലവിന്റെ 32 ശതമാനമായ 2,454 കോടി മാത്രം. എന്നിട്ടും പണി പൂർത്തിയായ ശേഷമുള്ള വരുമാനത്തിന്റെയും ലാഭത്തിന്റെയും സിംഹഭാഗവും കുറച്ചു മുതൽമുടക്കു മാത്രമുള്ള അദാനി കയ്യടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് അദാനി. മോദിയുടെ താൽപ്പര്യ പ്രകാരമാണ് വിഴിഞ്ഞത്ത് അദാനി എത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് നിരവധി വിവാദങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായി. സിപിഎമ്മാണ് ഇതെല്ലാം ഉയർത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ അദാനിയുമായി സഹകരിക്കാനായിരുന്നു തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP