Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻസറിന്റെ പിടിയിൽ നിന്നുള്ള രക്ഷപെടൽ പൂർണ്ണമായില്ല; നടൻ ജിഷ്ണു രാഘവ് വീണ്ടും ചികിത്സയിൽ; പ്രാർത്ഥനയോടെ കേരളം

കാൻസറിന്റെ പിടിയിൽ നിന്നുള്ള രക്ഷപെടൽ പൂർണ്ണമായില്ല; നടൻ ജിഷ്ണു രാഘവ് വീണ്ടും ചികിത്സയിൽ; പ്രാർത്ഥനയോടെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാൻസറെന്ന രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു മുൻകാല നടൻ രാഘവന്റെ മകനും അഭിനേതാവുമായ ജിഷ്ണു. താൻ സുഖം പ്രാപിച്ചുവരുന്നുവെന്ന കാര്യം നേരത്തെ ജിഷ്ണു തന്നെ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും അറിയിച്ചിരുന്നു. ജിഷ്ണുവിന്റെ അറിയിപ്പ് മലയാളികൾക്ക് ഏറെ സന്തോഷം പകരുകയും ചെയ്തു. എന്നാൽ കാൻസറിന്റെ പിടിയിൽ നിന്നും പൂർണ്ണായും മുക്തനാകാൻ മലയാളികളുടെ യുവനടന് സാധിച്ചില്ല. പൂർണ്ണമായും മുക്തനാകുമെന്ന് കരുതിയ രോഗത്തിന്റെ പിടിയിലമർന്ന് വീണ്ടും ചികിത്സ തേടിയിരിക്കയാണ് ജിഷ്ണുവിപ്പോൾ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബന്ധുക്കളും സുഹൃത്തുകളും ആശുപത്രിയിൽ ജിഷ്ണുവിന് ആത്മവിശ്വാസം പകർന്ന് കൂടെയുണ്ട്. എത്രയും വേഗം സുഖം പ്രാപിച്ച് സിനിമയിലേക്ക് തിരികേ എത്തണേയെന്ന പ്രാർത്ഥനയിലാണ് ഇവരെല്ലാവരും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിഷ്ണു കാൻസറിന് പൂർണ്ണമായും കീഴടങ്ങി എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം പ്രചരണങ്ങളുണ്ടായിരുന്നു. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്. തുടർന്ന് സ്ഥിതിഗതികൾ അറിയാൻ വിഷ്ണുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു വീണ്ടും രോഗം ബാധിച്ച് ചികിത്സയിൽ ആണെന്ന് വ്യക്തമായത്. 

ഫേസ്‌ബുക്കിലും ട്വിറ്ററിലും സജീവമായിരുന്ന ജിഷ്ണു കഴിഞ്ഞ ഒരു മാസമായി അപ്‌ഡേറ്റ് ഒന്നും നടത്തിയിരുന്നില്ല എന്നതും രോഗാവസ്ഥക്ക് തെളിവായാണ് വാട്‌സ് ആപ്പിലും മറ്റും ചിത്രങ്ങൾ ഇട്ട് പ്രചരിപ്പിച്ചവർ വിശ്വസിച്ചിരുന്നു. ആ ചിത്രങ്ങൾ ആദ്യതവണ ചികിത്സിച്ചപ്പോൾ എടുത്തതാണ് എന്ന് വ്യക്തമാക്കി സിനിമാ പ്രവർത്തകർ തന്നെ ഇന്ന് രംഗത്തു വന്നിട്ടുണ്ട്. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ച് ഏറെ വൈകാതെ താൻ ചികിത്സയിലാണെന്ന് സൂചിപ്പിച്ചുകൊണ്ടും വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പഴയതാണെന്നും വ്യക്തമാക്കികൊണ്ടും ജിഷ്ണുവിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലും വിശദീകരണം എത്തിയിട്ടുണ്ട്. ജിഷ്ണുവിന് വേണ്ടി സുഹൃത്തുക്കളിൽ ചിലരാണ് ഫേസ്‌ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തതെന്നാണ് കരുതുന്നത്.

നേരത്തെ കാൻസറിന്റെ പിടിയിൽപെട്ട് ആദ്യഘട്ടത്തിൽ ജിഷ്ണു ചികിത്സ തേടിയത് ബാംഗലൂർ നാരായണ ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്തതായി ജിഷ്ണുവിന്റെ അച്ഛനും നടനുമായ രാഘവൻ അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നതോടെ വീണ്ടും ചികിത്സ തേടുകയായിരുന്നു. താൻ കാൻസർ ചികിത്സയുടെ അവസാന ഘട്ടത്തിലാണെന്നാണ് ആരാധകരെ അറിയിച്ച് ആത്മവിശ്വാസത്തോടെയാണ് ജിഷ്ണു ചികിത്സ തേടിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ജിഷ്ണു തന്റെ രോഗവിവരം വെളിപ്പെടുത്തിയത്.

നേരത്തെ ചികിത്സയുടെ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ഇക്കാര്യം അധികമാരെയും അറിയിച്ചിരുന്നില്ല. ചികിത്സയുടെ അവസാനഘട്ടത്തിലാണ് താനെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജിഷ്ണു ഇക്കാര്യം ലോകത്തെ അറിയിച്ചത്. പൂർണ്ണമായും സുഖപ്പെടാൻ ആറുമാസം വേണ്ടിവരുമെന്നായിരുന്നു താരം പറഞ്ഞത്. ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ജിഷ്ണു അഭ്യർത്ഥിച്ചിരുന്നു.

ലോക കാൻസർ ദിനത്തിൽ നടി മംമ്ദ മോഹൻദാസ് താൻ ചികിത്സയുടെ അവസാന ഘട്ടത്തിലാണെന്ന് ട്വിറ്ററിലൂടെ അറിയിക്കുകയും പുതിയ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു. എന്നാൽ ജിഷ്ണു കാൻസർ ശസ്ത്രക്രിയയിലൂടെ ട്യൂമർ മുഴുവനായി നീക്കം ചെയ്തുവെന്നും ഇനിയും റേഡിയേഷൻ ചെയ്യേണ്ടതുണ്ടെന്നുമാണ് ജിഷ്ണു പറഞ്ഞിരിക്കുന്നത്. കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു മലയാള സിനിമയിൽ എത്തിയത്. ഇതിന് ശേഷം ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അഭിനയിച്ചു. ഇതിനിടെയാണ് വീണ്ടും യുവനടനെ കാൻസർ പിടികൂടിയത്.

മുമ്പ് നടി മംമ്ത മോഹൻദാസും കാൻസർ രോഗത്തിൽ നിന്നും മുക്തയായി സിനിമയിൽ സജീവമായി വിവാഹവും കഴിച്ചിരുന്നു. എന്നാൽ പിന്നീട് കാൻസർ പിടികൂടിയതോടെ ചികിത്സയിലാണ് നടി. ജിഷ്ണു കാൻസർ ബാധിച്ച് വീണ്ടും ചികിത്സ തേടിയതോടെ ആരാധകരും ചലച്ചിത്ര ലോകവും നടന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP