Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദി സ്വപ്‌നം കാണുന്ന ക്യാഷ്‌ലെസ്, പേപ്പർലെസ് ഇന്ത്യയുടെ മുഖ്യശിൽപികളായി അഞ്ചംഗസംഘം; എല്ലാ ഇടപാടുകളും ആധാറുമായി ബന്ധിപ്പിച്ച് മാത്രം; സംവിധാനം നാലുവർഷത്തിനകം പൂർണമായും നടപ്പാക്കും; പഴുതുകളടച്ചുള്ള സിസ്റ്റം ഒരുക്കാൻ ആധാറിന്റെ ശിൽപിയായ കോൺഗ്രസ്സിന്റെ നന്ദൻ നിലേക്കനിയേയും ചാക്കിട്ടുപിടിച്ച് പ്രധാനമന്ത്രി

നരേന്ദ്ര മോദി സ്വപ്‌നം കാണുന്ന ക്യാഷ്‌ലെസ്, പേപ്പർലെസ് ഇന്ത്യയുടെ മുഖ്യശിൽപികളായി അഞ്ചംഗസംഘം; എല്ലാ ഇടപാടുകളും ആധാറുമായി ബന്ധിപ്പിച്ച് മാത്രം; സംവിധാനം നാലുവർഷത്തിനകം പൂർണമായും നടപ്പാക്കും; പഴുതുകളടച്ചുള്ള സിസ്റ്റം ഒരുക്കാൻ ആധാറിന്റെ ശിൽപിയായ കോൺഗ്രസ്സിന്റെ നന്ദൻ നിലേക്കനിയേയും ചാക്കിട്ടുപിടിച്ച് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

റൻസി നിരോധനത്തിന് പിന്നാലെ മോദി സ്വപ്‌നംകാണുന്ന ഡിജിറ്റൽ ഇന്ത്യയും അതിന്റെ ഭാഗമായി കൊണ്ടുവരുന്ന കറൻസി രഹിത ഇടപാടുകളും രാജ്യത്ത് എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കാൻ അഞ്ചംഗ ദൗത്യസംഘത്തെ നിയോഗിച്ചതായി റിപ്പോർട്ടുകൾ.

നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എംഡിയും സിഇഓയുമായ എ പി ഹോത, മഹാരാഷ്ട്രാ കേഡറിൽ നിന്നുള്ള മുതിർന്ന ഐഎഎസ് ഓഫീസറും നിലവിൽ ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ സിഇഓയുമായ എ ബി പാണ്ഡെ, തമിഴ്‌നാട് കേഡറിൽ നിന്നുള്ള ഐഎഎസ് ഓഫീസറും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയുമായ ടി വി സോമനാഥൻ, ആധാറിന്റെ ശിൽപിയായി അറിയപ്പെടുന്ന ഇപ്പോൾ കോൺഗ്രസ് നേതാവ് കൂടിയായ നന്ദൻ നിലേക്കനി എന്നിവരാണ് രാജ്യത്തെ കാഷ്‌ലെസ് ഇടപാടുകൾക്ക് പ്രാപ്തമാക്കുന്നതിന്റെ മുഖ്യശിൽപികളെന്നാണ് സൂചന.

നന്ദൻ നിലേക്കനിയെ കോൺഗ്രസ് പാളയത്തിൽ നിന്ന് കൂടെ കൂട്ടിയതോടെ പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കൂടുതൽ വിശ്വാസ്യത കൈവന്നതായാണ് റിപ്പോർട്ടുകൾ.

കറൻസി നിരോധനം കൊണ്ടു മാത്രം കള്ളപ്പണം സ്വരുക്കൂട്ടുന്നവരേയും നികുതി വെട്ടിക്കുന്നവരേയും തടയാൻ കഴിയില്ലെന്ന വിലയിരുത്തതിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ അഴിമതിമുക്തവും കള്ളപ്പണമുക്തവും ആക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടമായി ക്യാഷ്‌ലെസ് ഇന്ത്യയെന്ന സങ്കൽപം മോദിയും കേന്ദ്രസർക്കാരും മുന്നോട്ടുവച്ചത്. ഇതിനുവേണ്ടി ആധാറുമായി മാത്രം ബന്ധപ്പെടുത്തി എല്ലാ ഇടപാടുകളും നടത്താവുന്ന രീതിയിലുള്ള സമ്പ്രദായമാണ് കൊണ്ടുവരാൻ പോകുന്നത്.

ഒരു വ്യക്തിയുടെ ആധാർ അക്കൗണ്ട് തന്നെയായിരിക്കും എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളിലും അക്കൗണ്ട് നമ്പർ. അതിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്ന സാധ്യത മുൻനിർത്തിയാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാർക്കുകൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും വിധത്തിലും അക്ഷരജ്ഞാനം പോലുമില്ലാത്തവർക്കുപോലും ആധാറുമായി ലിങ്ക് ചെയ്ത സ്വന്തം വിരലടയാളമോ, നേത്രപടലമോ സ്‌കാൻചെയ്ത് ഇടപാടു നടത്താൻ കഴിയുംവിധത്തിലും മൊബൈൽ ആപഌക്കേഷൻ തയ്യാറാക്കും. നാലുവർഷത്തികം പദ്ധതി ഇന്ത്യയിൽ പൂർണമായും നടപ്പാക്കാൻ കഴിയും വിധത്തിലാണ് ഇതിന് കേന്ദ്രസർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.

ആധാറുമായി പൂർണമായി ബന്ധപ്പിച്ചുകൊണ്ടുള്ള കറൻസിരഹിത ഇടപാടുകൾക്ക് രാജ്യത്തെ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ദൗത്യമാണ് സംഘത്തിനെ എൽപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇത് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും. യൂണിവേഴ്‌സൽ ഇടപാടുകൾക്ക് സജ്ജമായ ഒരു പഌറ്റ്‌ഫോം ഉൾപ്പെടെ ആധാറുമായി ബന്ധപ്പെടുത്തി എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താൻ പര്യാപ്തമായ ഒരു സിസ്റ്റം പടിപടിയായി രാജ്യത്ത് ഉണ്ടാക്കുകയാണ് ലക്ഷ്യം.

ഈ അഞ്ചുപേരെ കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനമന്ത്രാലയത്തിലെയും പ്രമുഖരെയും വിശ്വസ്തരെ കൂടി ഉൾപ്പെടുത്തിയ സമിതിക്കായിരിക്കും രാജ്യത്തെ കറൻസിരഹിതമാക്കി മാറ്റുന്നതിന്റെ ചുമതല. കറൻസി രഹിതമായ ഇടപാടുകൾ, പേപ്പർ ഉപയോഗിക്കാതെയുള്ള അപേക്ഷകളും ഡോക്യുമെന്റുകളും ഉൾപ്പെടുന്ന സിസ്റ്റം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി തയ്യാറാക്കും. സാമ്പത്തിക മേഖലയിലേയും സാമൂഹിക മേഖലയിലേയും വിദഗ്ധരുടെ സേവനവും ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്.

അമിതാഭ് കാന്ത്

ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി അമിതാഭ് കാന്തും ധനമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരും നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ചർച്ച നടത്തി. എത്തരത്തിൽ കറൻസിരഹിത ഇന്ത്യയെ സൃഷ്ടിക്കാമെന്ന് അമിതാഭ് കാന്ത് വിശദീകരിച്ചുവെന്നും ഏകീകൃത പേയ്‌മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) മുഖേന ഇടപാടുകൾ എങ്ങനെ നടത്താനാകുമെന്നും വ്യക്തമാക്കി.

ഇത്തരം ഇടപാടുകളിലേക്ക് മാറുന്നതിന് ജനങ്ങളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളും അമിതാഭ് കാന്ത് നിർദ്ദേശിച്ചതായും ഇതിൽ ചിലത് നടപ്പാക്കുന്നതിന് നടപടികളെടുക്കാൻ മോദി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

എ പി ഹോത

കാഷ്‌ലെസ് ഇടപാടുകളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന യുപിഐ എന്ന പഌറ്റ് ഫോമിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ചുമല എ പി ഹോതയ്ക്കായിരിക്കും.
എ. പി ഹോത നേതൃത്വം നൽകുന്ന നാഷണൽ പേയ്‌മെന്റ് കോർ്പ്പറേഷനാണ് യുപിഐ ഇടപാടുകളിൽ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ മാറിനിന്ന എസ്‌ബിഐ, എച്ച് ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളെ ഇപ്പോൾ ഈ പഌറ്റ് ഫോമിലേക്ക് കൊണ്ടുവന്ന എപി ഹോത ഇതിനകം 21 ബാങ്കുകളെ കൂടി തങ്ങൾക്കൊപ്പം ഈ പദ്ധതിക്കൊപ്പം കൊണ്ടുവന്നുകഴിഞ്ഞതായാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ വന്നതോടെ എന്താണ് യുപിഐയെന്ന അവബോധം രാജ്യത്ത് സൃഷ്ടിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. പേടിഎം പോലുള്ള കമ്പനികളുടെ വെല്ലുവിളി മറികടന്ന് വളരാൻ യുപിഐ എന്ന ട്രാൻസാക്ഷൻ പഌറ്റ്‌ഫോമിനെ സജ്ജമാക്കുന്ന ദൗത്യമാണ് ഹോതയ്ക്കുള്ളത്.

എബി പാണ്ഡെ

ഈ ഇടപാടുകളെ ആധാറുമായി ബന്ധപ്പെടുത്തുന്നതിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെയും ഇതിന്റെ ക്രമീകരണം ഏർപ്പെടുത്തുന്നതിന്റെയും ചുമതലയാണ് എബി പാണ്ഡേയ്ക്ക്. ഇപ്പോൾ യുഐഡിഎഐയുടെ സിഇഒആയ പാണ്ഡേയോടെ ആധാറിനെ എങ്ങനെ കറൻസി രഹിത ഇടപാടുകളുമായി എളുപ്പം ബന്ധിപ്പിക്കാമെന്ന് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ആധാറുമായി ബന്ധപ്പെടുന്നുന്ന മൊബൈൽ ആപ് വികസിപ്പിക്കാനും ഇതുപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താനും ആധാർ നമ്പർ അക്കൗണ്ട് നമ്പർ പോലെ പ്രവർത്തിക്കുന്ന സാധ്യതകൾ പരിഗണിക്കാനുമാണ് നിർദ്ദേശം.

ഇതിന്റെ ഭാഗമായി പാണ്ഡെ രാജ്യത്തെ മൊബൈൽ നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള വ്യക്തിയുടെ നേത്രപടലം, വിരലടയാളം എന്നിവ മൊബൈൽ ഉപയോഗിച്ച് സ്‌കാൻചെയ്യാൻ കഴിയുമോ എന്ന സാധ്യതയാണ് പരിശോധിക്കുന്നത്. ഇത് നടപ്പിലാക്കാനായാൽ അക്ഷരാഭ്യാസം ഇല്ലാത്തവർക്കുപോലും ഇടപാട് നടത്താനാകുമെന്നാണ് പ്രതീക്ഷ. നിതി ആയോഗിലെ പ്രവൃത്തി പരിചയം ഉപയോഗിച്ച് ബാങ്കുകളെയും വ്യാപാരികളെയും സഹകരിപ്പിക്കാനും പാണ്ഡെയുടെ ഇടപെടലുകൾ ഉണ്ടാകും.

സോമനാഥൻ

തമിഴ്‌നാട് കേഡറിലെ സോമനാഥൻ നരേന്ദ്ര മോദിക്ക് പ്രിയങ്കരനായ ഓഫീസറാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുനേടിയ അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയുമെല്ലാമായിരുന്നു. ഇതിനു പുറമെ കോർപ്പറേറ്റ് മാനേജ്‌മെന്റ്ിലും ഫിനാൻസിലും ലണ്ടനിൽ നിന്ന് പഠനം നടത്തിയിട്ടുമുണ്ട് സോമനാഥൻ. കൂടാതെ ഹാർവാഡ് ബിസിനസ് സ്‌കൂളിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ഉദ്ദേശിക്കുന്ന രീതിയിൽ പദ്ധതിയുടെ ഏകീകരണം നിർവഹിക്കുന്നതിന്റെ ചുമതലയാണ് സോമനാഥന്്. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മേഖലയിൽ നിന്നും ബാങ്കുകളിൽ നിന്നും മറ്റു സാമ്പത്തിക വിദഗ്ധരിൽ നിന്നും ലഭിക്കുന്ന ആശയങ്ങൾ പരിശോധിക്കുകയും അതിൽ മികച്ചവയെ പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നതിന്റെ ചുമതലയും സോമനാഥനായിരിക്കും. വളരെ പെട്ടെന്ന് നടപ്പാക്കേണ്ടത് ഏത്, തുടർ നടപടികൾ എന്തെല്ലാം എന്നിങ്ങനെയുള്ള കാര്യങ്ങളിലും സോമനാഥൻ നിർദ്ദേശങ്ങൾ നൽകും.

നന്ദൻ നിലേക്കനി

ഇവർ നാലുപേർക്കും പുറമെ കോൺഗ്രസ് നേതാവുകൂടിയായ നന്ദൻ നിലേക്കനിയെക്കൂടി തന്റെ സ്വപ്‌നപദ്ധതി നടപ്പാക്കുന്ന കോർ ടീമിൽ ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രി എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ആധാറിന്റെ ശിൽപിയെന്ന നിലയിൽ കാഷ്‌ലെസ് ഇടപാടുകൾക്ക് ആധാർ എത്രത്തോളം നന്നായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് നിലേക്കനിക്ക് വ്യക്തമാക്കാനാകും.

ഇതുതന്നെയാണ് അദ്ദേഹത്തിന്റെ സാന്നിധ്യവും ഈ സാമ്പത്തിക പരിഷ്‌കരണ വേളയിൽ മോദി ഉറപ്പുവരുത്തിയതിന്റെ പ്രധാന കാരണം. രാജ്യത്തെ ചില മുഖ്യമന്ത്രിമാരെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ച 13 അംഗ കമ്മിറ്റിയാകും വരും ദിനങ്ങളിൽ എങ്ങനെ കാഷ്‌ലെസ് ഇന്ത്യ പദ്ധതി നടപ്പിലാക്കുമെന്ന് തീരുമാനിക്കുക. ഈ അഞ്ചുപേർക്കാണ് മോദിയുടെ മനസ്സിലെ സ്വപ്‌നപദ്ധതി നടപ്പാക്കുന്നതിന്റെ തന്ത്രപ്രധാന ചുമതലയെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം എൻപിസിഐ മേധാവി ദിലിപ് അസ്‌ബെ, ആധാറിന്റെ ചീഫ് ആർക്കിടെക്റ്റ് പ്രമോദ് വർമ്മ, ഇന്ത്യാസ്റ്റാക്കിന്റെ ആർകിടെക്റ്റ് തുടങ്ങിയവരെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP