Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയൂർവേദമരുന്നുകളിലൂടെയും മസാലക്കൂട്ടുകളിലൂടെയും ബിരിയാണിക്കുള്ള 'കറുവപ്പട്ട'യിലൂടെയും മാരകവിഷമായ കാമറിൻ മലയാളികൾ അകത്താക്കുന്നു; വിദേശത്തുനിന്ന് കാസിയ ഇറക്കുമതിക്കെതിരേ കസ്റ്റംസും ദേശീയ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയും നോട്ടീസ് അയച്ചു

ആയൂർവേദമരുന്നുകളിലൂടെയും മസാലക്കൂട്ടുകളിലൂടെയും ബിരിയാണിക്കുള്ള 'കറുവപ്പട്ട'യിലൂടെയും മാരകവിഷമായ കാമറിൻ മലയാളികൾ അകത്താക്കുന്നു; വിദേശത്തുനിന്ന് കാസിയ ഇറക്കുമതിക്കെതിരേ കസ്റ്റംസും ദേശീയ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയും നോട്ടീസ് അയച്ചു

രഞ്ജിത് ബാബു

കണ്ണൂർ: ആയുർവേദ ഔഷധങ്ങളിലൂടേയും സദ്യയിലൂടേയും മാരകവിഷമായ 'കാമറിൻ 'മലയാളികൾ അകത്താക്കുന്നു. ആയുർവേദ ഔഷധങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത കറുവപ്പട്ടയുടെ സ്ഥാനത്ത് വ്യാപകമായി കാസിയ സ്ഥാനം പിടിക്കുകയാണ്. മലയാളിയുടെ സദ്യവട്ടങ്ങളിൽ സുഗന്ധവ്യഞ്ജനക്കൂട്ട് എന്ന പേരിൽ ഉപയോഗിക്കപ്പെടുന്നതിൽ ഭൂരിഭാഗവും കാസിയയാണ്.

ഒറ്റ നോട്ടത്തിൽ കറുവപ്പട്ടയെന്ന് തോന്നിക്കുന്ന കാസിയയുടെ വിലക്കുറവാണ് ഇറക്കുമതിക്കാരേയും വ്യാപാരികളേയും വിദേശങ്ങളിൽ എലികളെക്കൊല്ലാൻ ഉപയോഗിക്കുന്ന കാസിയയുടെ വില്പനക്ക് പ്രചോദനമാകുന്നത്. സംസ്ഥാനത്ത് അംഗീകാരമുള്ള 800 ആയുർവേദ ഔഷധ നിർമ്മാതാക്കളും ലൈസൻസ് ഇല്ലാത്ത ആയിരക്കണക്കിന് പ്രാദേശിക ഔഷധ നിർമ്മാതാക്കളും കറുവപ്പട്ടയുടെ പേരിൽ അറിഞ്ഞോ അറിയാതേയോ കുടുങ്ങിയിരിക്കാമെന്നാണ് സൂചന. ഗുരുതരമാം വിധം കാൻസറും കരൾ- വൃക്ക രോഗങ്ങളും കാസിയയുടെ ഉപയോഗം മൂലം ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് കാസിയ പ്രചരിക്കുന്നതിനെതിരെ ഡൽഹി ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം .നടപടി ആരംഭിച്ചിട്ടുണ്ട്.

കറുവപ്പട്ടയെന്ന പേരിൽ കാസിയ ഇറക്കുമതി ചെയ്യുന്നതിനെതിരെ കൊച്ചി കസ്റ്റംസ് കമ്മീഷണർ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ആരോഗ്യ വകുപ്പ് ഡയരക്ടർ എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിലവാര അഥോറിറ്റി നേരത്തേ തന്നെ കാസിയയുടെ ഇറക്കുമതി തടയണമെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ കാസിയ കറുവപ്പട്ടയെന്ന പേരിൽ യഥേഷ്ടം എത്തുകയാണ്. ഗരം മസാലയുടെ മറവിൽ കുടിൽ വ്യവസായമായും മറ്റും ഉത്പ്പാദിപ്പിച്ച് കടകളിലെത്തിക്കുന്നത് കാസിയ തന്നെയെന്നതാണ് വസ്തുത.

കാസിയയുടെ അപകടസാധ്യതയറിയാതെ നമ്മുടെ തീൻ മേശകളിൽ രുചിക്കു വേണ്ടി ഇത് എത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായി. 2000 ൽ അന്താരാഷ്ട്ര തലത്തിൽ കാസിയക്കും കറുവാപ്പട്ടയ്ക്കും ഒരേ വിലയായിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ കാസിയ അപകടകരമാണെന്ന് തെളിഞ്ഞതോടെ വിദേശ രാജ്യങ്ങൾ ഇതിന്റെ ഇറക്കുമതി നിരോധിച്ചു. എന്നിട്ടും ഇന്ത്യയിൽ ഇറക്കുമതി വ്യാപകമായിരുന്നു. കൊച്ചിയിലും തൂത്തുക്കുടിയിലും തുറമുഖം വഴി ഇത് ഇറക്കുമതി ചെയ്തു. സൂപ്പർ മാർക്കറ്റുകളിലും കറുവപ്പട്ടയെന്ന പേരിൽ കാസിയ വില്പന നടത്തിവരുന്നുണ്ട്. ബിരിയാണിയിലും സസ്യേതര വിഭവങ്ങളിലും രുചി കൂട്ടാൻ വേണ്ടി കറുവപ്പട്ടയാണെന്ന് ധരിച്ച് മിക്കയിടത്തും കാസിയ ഉപയോഗിച്ചുവരുന്നു.

ലോകത്തെ ഏറ്റവും കൂടുതൽ അംഗീകൃത ആയുർവേദ മരുന്നുൽപ്പാദകർ കേരളത്തിലാണെങ്കിലും മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം നാമമാത്രം. രജിസ്റ്റേഡ് ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്ന 800 സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ലോകരാജ്യങ്ങളിലെ ഒരു സംസ്ഥാനത്തും ഇത്രയേറെ മരുന്നൂല്പാദകരില്ലെന്ന വസ്തുത അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സംസ്ഥാനത്തെ 20 ആയുർവേദ മരുന്നൽപ്പാദക കേന്ദ്രങ്ങളിൽ മാത്രമാണ് നിലവിൽ പരിശോധന നടത്തിയിട്ടുള്ളതെന്നതും ആരോഗ്യകാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥത എത്രമാത്രമെന്ന് വെളിവാകുന്നു. 800 മരുന്നുൽപ്പാദക കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ കേവലം രണ്ടു പേർ മാത്രമാണെന്നുള്ള വസ്തുത ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ആശങ്ക ഉണർത്തുന്നതാണ്.

ഒട്ടേറെ ആയുർവേദ മരുന്നുകളിൽ കറുവപ്പട്ട പ്രധാന ചേരുവയാണ്. എന്നാൽ പലേടത്തും യഥാർത്ഥ കറുവപ്പട്ടയ്ക്ക് പകരം ചൈനയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാസിയ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. കറുവപ്പട്ടയുമായി രൂപസാദൃശ്യമുള്ള കാസിയ മലയാളികൾ അറിഞ്ഞും അറിയാതേയും വ്യാപകമായി സദ്യവട്ടത്തിന് ഉപയോഗിച്ചു വരുന്നുണ്ട്. ആയുർവേദ മരുന്നുകളിൽ 80 ശതമാനത്തിലും കറുവപ്പട്ട ചേർക്കുന്നുണ്ട്. ചുമ,ജലദോഷം, പനി, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കറുവപ്പട്ട ഉപയോഗം അനിവാര്യമാണ്. ആസവാരിഷ്ടങ്ങളിൽ എല്ലാറ്റിലും കറുവപ്പട്ട ചേരുവയായി വേണം. ഇത്രയും അനിവാര്യതയുള്ള ഔഷധത്തിന്റെ പേരിൽ വ്യാജൻ വിലസാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ആരോഗ്യവകുപ്പിന്റെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയോ നടപടി ഉണ്ടായില്ലെന്നുള്ളത് ദുരൂഹമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP