Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറനീക്കി വരുന്നത് ബാർ മാഫിയയുടെ ജാതി രാഷ്ട്രീയം; പ്രതിസന്ധിയിലേക്ക് നയിച്ചത് ഈഴവലോബിയും കത്തോലിക്ക ലോബിയും തമ്മിലുള്ള കുടിപ്പക; ചക്കളത്തി പോരാട്ടം തുടർന്നാൽ മന്ത്രിമാർ 20 കോടിയുടെ സമാധാനം ബോധിപ്പിക്കേണ്ടി വരും

മറനീക്കി വരുന്നത് ബാർ മാഫിയയുടെ ജാതി രാഷ്ട്രീയം; പ്രതിസന്ധിയിലേക്ക് നയിച്ചത് ഈഴവലോബിയും കത്തോലിക്ക ലോബിയും തമ്മിലുള്ള കുടിപ്പക; ചക്കളത്തി പോരാട്ടം തുടർന്നാൽ മന്ത്രിമാർ 20 കോടിയുടെ സമാധാനം ബോധിപ്പിക്കേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

രാഷ്ട്രീയക്കാരെയും മതനേതാക്കളെയും ഉദ്യോഗസ്ഥരെയും പൊലീസിനെയും മാദ്ധ്യമപ്രവർത്തകരെയും ഒക്കെ നിയന്ത്രിക്കുന്ന അനേകം അദൃശ്യ ശക്തികൾ കേരളത്തിൽ ഉണ്ടന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇവയെ തരാതരം മാഫിയാകൾ എന്ന് പേരുചൊല്ലി മാദ്ധ്യമങ്ങൾ വിളിക്കുന്നു. അത്തരത്തിൽ ഏറ്റവും വലിയ മാഫിയയാണ് മദ്യമാഫിയ അഥവാ ബാർ മാഫിയ. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിച്ചിരുന്ന ആയിരത്തോളം ബാറുകളുടെ സംഘമാണ് ഈ മാഫിയ. പൊലിസിനും എക്‌സൈസിനും രാഷ്ട്രീയ നേതൃത്വത്തിനും ആവശ്യത്തിലധികം പണം ഒഴുക്കിയാണ് ഈ മാഫിയ പിടിച്ച് നിൽക്കുന്നത്. ഇവർക്ക് അപ്രതീക്ഷിതമായി വി എം സുധീരൻ നൽകിയ തിരിച്ചടിയാണ് ഇപ്പോൾ മന്ത്രിസഭയെ വീഴ്‌ത്തുന്ന അവസ്ഥയിലേക്ക് മാറിയത്.

ബാർ മാഫിയയിൽ രണ്ട് ലോബികളാണുള്ളത്. ഈഴവ മാഫിയയും കത്തോലിക്ക മാഫിയയും. കേരളത്തിലെ ബാറുകളുടെ ഏതാണ്ട് 95 ശതമാനവും ഈ രണ്ട് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൈയിലാണ്. ക്രൈസ്തവ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളും കത്തോലിക്ക മാഫിയയുടെ ഭാഗമാണെങ്കിലും ഈഴവ മാഫിയയിൽ വേറെ വിഭാഗങ്ങൾ ഒന്നുമില്ല. മുസ്ലിം-നായർ വിഭാഗത്തിൽപെട്ടവർക്ക് നാമമാത്രമായി പോലും ബാറുകൾ ഇല്ല. അതുകൊണ്ട് തന്നെ കാലാകാലങ്ങളായി ബാറുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ലീഗ് കക്ഷി ചേരില്ല. ഇടത് വലത് നേതൃത്വവും എംഎൽഎമാരും ഒക്കെ ഈ മാഫിയകളെ മാറി മാറി സഹായിക്കാറുണ്ടെങ്കിലും ഇരു കൂട്ടർക്കും ഓരോ രക്ഷകർ ഉണ്ട്. കത്തോലിക്ക മാഫിയ തങ്ങളുടെ രക്ഷകനായി കരുതിയിരുന്നത് കെ എം മാണിയെ ആണെങ്കിൽ ഈഴവ മാഫിയയുടെ കൂട്ട് കെ ബാബുവുമായാണ്.

എന്നാൽ ഈഴവ മാഫിയയിൽ തന്നെ രണ്ട് വിഭാഗം ഉണ്ട്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്നവരുടെയും രമേശൻ കോൺട്രാക്ടറെ പിന്തുണയ്ക്കുന്നവരുടെയും വിഭാഗങ്ങളാണുള്ളത്. എസ്എൻഡിപിയിലെ പ്രശ്‌നങ്ങളിൽ വെള്ളാപ്പള്ളിക്ക് വെല്ലുവിളി ഉയർത്തുന്ന ഗോകുലം ഗോപാലന്റെ അടുത്ത അനുയായിയാണ് പ്രമുഖ അബ്കാരി ആയ രമേശൻ കോൺട്രാക്ടറുടെ മകൻ ബിജു രമേശ്. കെ എം മാണിയുമായുള്ള വെള്ളാപ്പള്ളിയുടെ അടുപ്പവും ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ബിജുവിന്റെ സ്ഥാപനത്തിൽ ധനകാര്യ വകുപ്പ് നടത്തിയ ചില അന്വേഷണങ്ങളും ബിജുവിനെ കലിപിടിപ്പിച്ചിരുന്നു. ഈ അമർഷം കോൺഗ്രസിലെ ഒരു വിഭാഗം മുതലെടുക്കാൻ ആയിരുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏപ്രിൽ ഒന്നിന് ബാർ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ച നാൾ മുതൽ മന്ത്രി കെ എം മാണിയും കെ ബാബുവും തമ്മിലുള്ള ശീതയുദ്ധം നടക്കുകയാണ്. ബാറുടമകളെ പേടിപ്പിച്ച് പണം കൈപ്പറ്റാനുള്ള ഉപാധിയായി ലൈസൻസ് തൽക്കാലത്തേക്ക് നിർത്തിവച്ചത് കൈവിട്ടു പോകാനുള്ള കാരണക്കാരിൽ പ്രധാനി കെ എം മാണി ആണ് എന്ന ആരോപണം ബാബു ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചു വരുന്നുണ്ടായിരുന്നു. മാർച്ച് 28 മുതൽ നടന്ന മന്ത്രി സഭ യോഗത്തിൽ ബാർ ലൈസൻസ് പുതുക്കാനുള്ള നോട്ട് ബാബു കൊണ്ട് വന്നപ്പോൾ തുടങ്ങിയതാണ് ഈ ശണ്ഠ. മന്ത്രിസഭ ഇത് പാസ്സാക്കണമെങ്കിൽ നിയമ വകുപ്പിന്റെ ക്ലിയറൻസ് വേണമെന്ന് പറഞ്ഞ് അടുത്ത് മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റിവച്ചു. ഇതിൽ തീരുമാനം എടുക്കാൻ നിയമവകുപ്പ് വൈകിയത് കെ എം മാണിക്ക് പണം വാങ്ങാനുള്ള സൗകര്യത്തിന് വേണ്ടിയാണ് എന്ന് പ്രചാരണം ശക്തമായി. ഈ പ്രചാരണത്തിനു പിന്നിൽ കെ ബാബുവാണ് എന്ന് മാണി വിശ്വസിച്ചിരുന്നു.

ഈ കാലയളവിൽ ബാർ ഉടമകൾ വൻ തോതിലുള്ള പണപ്പിരിവ് നടത്തിയിരുന്നു. ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപ വീതമാണ് ഓരോ ബാറുടമയും അന്ന് പിരിച്ചത്. ഇത് ഏതാണ്ട് 20 കോടി രൂപ വരും. ബാറുകൾ അറ്റകുറ്റപ്പണി നടത്താനുള്ള വാക്കാലുള്ള നിർദ്ദേശവും ഈ കാലയളവിലാണ് പോയത്. സഭയുടെ സമ്മർദ്ദത്തെ തുടർന്ന് മാണി തീരുമാനം നീട്ടിയ സമയത്താണ് വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആകുന്നതും കാര്യങ്ങൾ കീഴ്‌മേൽ മറിയുന്നതും. സുധീരൻ നിലപാട് കടുപ്പിച്ചപ്പോൾ ആ നിലപാടിനൊപ്പം മാണിയും നിന്നത് ബാറുകൾക്കു വേണ്ടി വാദിച്ച പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇതിന്റെ ഒക്കെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

ഈ വിവാദം ഇങ്ങനെ പോയാൽ മന്ത്രിസഭയിലെ എല്ലാവരും കൂടി 20 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന സാഹചര്യമാണുള്ളത്. ബാറുടമകൾ ചേർന്ന് 20 കോടി സംഭരിച്ചു എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചില ബാറുടമകൾ അത് വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ പണം ആർക്ക് പോയി എന്ന് കണ്ടെത്തിയാൽ കെ എംമാണിക്ക് മാത്രമായിരിക്കില്ല, മന്ത്രിസഭയിലെ പലർക്കും തലവേദന ആയി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP