Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആരാണ് ഫാദർ ടോം എന്നു ചോദിച്ച രാജ്‌നാഥ് സിംഗിന്റെ മന്ത്രാലയത്തിന് ഇനി മലയാളി വൈദികന്റെ കാര്യത്തിൽ അജ്ഞത നടിക്കാനാവില്ല; പത്തുമാസം മുമ്പ് തട്ടിക്കൊണ്ടുപോയ ഫാദറിന്റെ മോചനം ഇനിയെങ്കിലും സാധ്യമാകുമോ?

ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആരാണ് ഫാദർ ടോം എന്നു ചോദിച്ച രാജ്‌നാഥ് സിംഗിന്റെ മന്ത്രാലയത്തിന് ഇനി മലയാളി വൈദികന്റെ കാര്യത്തിൽ അജ്ഞത നടിക്കാനാവില്ല; പത്തുമാസം മുമ്പ് തട്ടിക്കൊണ്ടുപോയ ഫാദറിന്റെ മോചനം ഇനിയെങ്കിലും സാധ്യമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാണ് ടോം ഉഴുന്നാലിൽ എന്നുചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് ഇനി കയ്യുംകെട്ടിയിരിക്കാനാവില്ല. തണുപ്പൻ മട്ടുവിട്ട് മലയാളി വൈദികന്റെ മോചനത്തിന് അടിയന്തിരമായി ഇടപെടാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

യെമനിലെ കലാപ ബാധിത മേഖലയായ ഏദനിൽ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ കേരള സ്വദേശിയായ വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുള്ളത്. മനുഷ്യാവകാശ പ്രവർത്തനും അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ ഹർജ്ജിയിലാണ് കമ്മീഷൻ ഉത്തരവ്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇരയെ മോചിപ്പിക്കുന്നതിനായ് എട്ട് ആഴ്ചകൾക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തുടർനടപടികൾ ഹർജ്ജിക്കാരനെ അറിയിക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. 2016 മാർച്ച് നാലിന് യെമനിലെ ഏദനിൽ പ്രവർത്തിക്കുന്ന വയോധികമന്ദിരത്തിൽ വച്ചതാണ് ഫാദർ ടോമിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.

എന്നാൽ സംഭവത്തിനു ശേഷം പത്ത് മാസങ്ങൾ പിന്നിട്ടിട്ടും ഒരു ഇന്ത്യൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാത്തത് കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഇല്ലാത്തതിനാലാണെന്നു പരാതിയിൽ പറയുന്നു. കഴിഞ്ഞ പത്തുമാസത്തിനുള്ളിൽ ഫാദർ ടോമിന്റെ തടങ്കലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പീഡന കഥകളും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ഏറ്റവും ഒടുവിലായി 2016 ഡിസംബർ 26 നു പുറത്തുവന്ന വീഡിയോ ടേപ്പിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും, തന്റെ മോചനത്തിനായി സർക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടലുകൾ നടക്കുന്നില്ല എന്നും ഫാദർ ടോം ആരോപിച്ചിരുന്നു. താടിയും മുടിയും വളർന്നു അവശനിലയിൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം തന്റെ ജീവൻ രക്ഷിക്കുന്നതിനായി സർക്കാർ ഇടപെടണമെന്നും തനിക്കൊപ്പം ബന്ദിയാക്കപ്പെട്ട മറ്റു രാജ്യക്കാരെ അവരുടെ രാജ്യത്തെ ഭരണകൂടങ്ങൾ രക്ഷിച്ചുകൊണ്ടുപോയി എന്നും പറഞ്ഞിരുന്നു.

യാചനയുടെ രൂപത്തിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ദേശീയ അന്തർ ദേശിയ മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും മോചനത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന മട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത് വലിയ വിവാദമായി മാറുകയും ചെയ്തു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകർ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ചോദിച്ചത്.

യെമനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ഫാ.ടോം ഉഴുന്നാലിൽ എന്ന് മാദ്ധ്യമപ്രവർത്തർ പറഞ്ഞു. തൊട്ടടുത്തു നിന്നിരുന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസും ഫാ. ടോം ഉഴുന്നാലിലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് സർക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാൽ അന്വേഷിക്കാമെന്ന് രാജ്‌നാഥ് സിങ് മറുപടി പറഞ്ഞു.

ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടികൾ എടുക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ള പല നേതാക്കളും പറയുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇതേക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചത്. ഇതോടെ ഈ പ്രതികരണം വിവാദമാകുകയും ചെയ്തു.

തന്റെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതിയും കേന്ദ്രവും മാർപാപ്പയും ഇടപെടണമെന്ന് ഫാ. ടോം അപേക്ഷിക്കുന്ന വീഡിയോ ക്രിസ്മസിനു പിറ്റേന്നു പുറത്തുവന്നിരുന്നു. ഇന്ത്യക്കാരനായതുകൊണ്ടാണ് തന്റെ മോചനത്തിനായി ആരും ശ്രമിക്കാത്തതെന്നും വൈദികൻ ആരോപിച്ചു. താടിയും മുടിയും നീട്ടി തികച്ചും അവശനിലയിൽ കാണപ്പെട്ട ഫാ. ടോം തനിക്ക് അടിയന്തരമായി വൈദ്യസഹായം വേണമെന്നും ആവശ്യപ്പെടുകയുണ്ടായി.

സലേഷ്യൻ സഭയുടെ ബാംഗ്ലൂർ പ്രൊവിൻസ് അംഗമായിരുന്ന ഫാ. ടോം അഞ്ചു വർഷം മുമ്പാണ് മിഷനറി സേവനത്തിനായി യെമനിലെത്തുന്നത്. അദ്ദേഹം താമസിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽ ആക്രമണം നടത്തിയ നാലംഗ ഭീകരർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭീകരരുടെ ആക്രമണത്തിൽ നാലു കന്യാസ്ത്രീകൾ അടക്കം 15 പേർ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെ കാര്യക്ഷമമായ ചർച്ചകളോ നടപടികളോ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മിഷനു മുന്നിൽ ഹർജി എത്തിയത്.

ബന്ദിയാക്കപ്പെട്ട യൂറോപ്പ്യൻ പൗരന്മാരെ അതാതു രാജ്യങ്ങൾ നടത്തിയ ഇടപെടലുകളുടെ ഫലമായി മോചിപ്പിച്ചിരുന്നു. എന്നിട്ടും ഉഴുന്നാലിനെ മോചിപ്പിക്കാൻ കഴിയാത്തത് കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അഡ്വ . ശ്രീജിത്ത് പെരുമന നൽകിയ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് നിർദേശിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP