Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതുസർക്കാർ എത്തിയതിന്റെ പ്രതീക്ഷയോടെ ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് കുഴിച്ചെടുക്കാൻ കരുനീക്കി ബെല്ലാരി കമ്പനി; ഖനനം നടന്നാൽ പഞ്ചായത്തിൽ അടിമുടി വികസനമെന്ന് വാഗ്ദാനം; കമ്പനിയുടെ അപേക്ഷ ഒറ്റക്കെട്ടായി തള്ളി പഞ്ചായത്ത് അംഗങ്ങൾ

ഇടതുസർക്കാർ എത്തിയതിന്റെ പ്രതീക്ഷയോടെ ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് കുഴിച്ചെടുക്കാൻ കരുനീക്കി ബെല്ലാരി കമ്പനി; ഖനനം നടന്നാൽ പഞ്ചായത്തിൽ അടിമുടി വികസനമെന്ന് വാഗ്ദാനം; കമ്പനിയുടെ അപേക്ഷ ഒറ്റക്കെട്ടായി തള്ളി പഞ്ചായത്ത് അംഗങ്ങൾ

കെ സി റിയാസ്

കോഴിക്കോട്: മുൻകാലങ്ങളിൽ ഏറെ വിവാദമുയർന്ന ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിനായി എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തിൽ കരുക്കൾ നീക്കി ബെല്ലാരിയിലെ പ്രമുഖ കമ്പനി. വി എസ് സർക്കാറിന്റെ കാലത്ത് എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ ലഭിച്ച ഖനനാനുമതിയുമായി മുന്നോട്ടുപോയ പദ്ധതിയെപ്പറ്റി ഏറെ അഴിമതി വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ അനുമതി റദ്ദാക്കുകയായിരുന്നു.

എന്നാൽ പുതിയ സർക്കാർ അധികാരമേറ്റതോടെ പദ്ധതി വീണ്ടും ജീവൻ വെപ്പിക്കാൻ ചില കേന്ദ്രങ്ങൾ നീക്കം സജീവമാക്കിയെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഖനനത്തിന് അനുമതി നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കർണ്ണാടകയിലെ ബെല്ലാരി മേഖലയിൽ ഇരുമ്പയിര് ഖനനം നടത്തുന്ന വൻകിട കമ്പനികളിൽ ഒന്നായ എം എസ് പി എൽ (മിനറൽസ് സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ്) ആണ് പഞ്ചായത്തിന് മുന്നിൽ അപേക്ഷയുമായി എത്തിയത്.

പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളിൽ ഇപ്പോഴുള്ള നിയമപ്രകാരം ഖനനം നടക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ കമ്പനി തുടങ്ങാനാവില്ല. കുടിവെള്ള ചൂഷണത്തിന്റെ പേരിൽ പാലക്കാടു ജില്ലയിൽ പെപ്‌സിക്കും കൊക്കോകോളയ്ക്കുമെതിരെ പെരുമാട്ടി, പുതുശ്ശേരി പഞ്ചായത്തുകൾ കർശന നിലപാടു സ്വീകരിച്ചിരുന്നു. ഈ വഴിയിൽ ഇരുമ്പയിര് ഖനനത്തിന് സർക്കാർ അനുമതി നൽകിയിലാലും അത് തടയാനാകുമെന്ന പ്രതീക്ഷയിലാണ് ചക്കിട്ടപ്പാറ പഞ്ചായത്ത്.

ഖനനം നടന്നാൽ പഞ്ചായത്തിൽ ഒട്ടേറെ വികസനം ഉണ്ടാകുമെന്നും 700 പേർക്ക് തൊഴിൽ കിട്ടുമെന്നും കമ്പനി പഞ്ചായത്തിന് നൽകിയ അപേക്ഷയിൽ വാഗ്ദാനം നൽകുന്നുണ്ട്. ജോലിയിൽ നാട്ടുകാർക്ക് മുന്തിയ പരിഗണന നൽകുമെന്നും പറയുന്നു. ഇത് ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ബോർഡ് യോഗമാണ് ഭരണ-പ്രതിപക്ഷ ഭേദമെന്യേ കമ്പനിയുടെ അപേക്ഷ നിരസിക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. സിപിഐ(എം) ഇവരുടെ അപേക്ഷ പരിഗണിക്കുമെന്നും കമ്പനിക്ക് അനുമതി നൽകിയേക്കുമെന്നും പ്രചരണമുണ്ടായിരുന്നെങ്കിലും പഞ്ചായത്തിൽ സിപിഐ(എം) അംഗങ്ങൾ കമ്പനിയുടെ അപേക്ഷയെ എതിർക്കുകയായിരുന്നു.

എംഎസ്‌പിഎൽ കമ്പനിക്ക് അനുകൂലമായി ഗ്രാമപഞ്ചായത്ത് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഖനനത്തിന് തങ്ങൾ അനുകൂലമല്ലെന്നും മറിച്ചുള്ള വാർത്തകളെല്ലാം അസംബന്ധമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രതികരിച്ചു. ചില ചാനലുകളിൽ ഖനന നീക്കത്തെ സി പി എം എതിർത്തില്ലെന്ന് വാർത്ത പ്രചരിച്ചത് ശരിയല്ല. ഒരംഗം എതിർത്താൽ പോലും ഞങ്ങൾ പദ്ധതിയെ തുണക്കില്ല.

കർണ്ണാടക കമ്പനി പഞ്ചായത്തിന്റെ അനുമതിക്കായി അപേക്ഷ നൽകിയെന്നത് ശരിയാണ്. എന്നാൽ ഞങ്ങൾ അനുമതി നൽകിയിട്ടില്ല. ഗ്രാമപഞ്ചായത്തിൽ 15 അംഗങ്ങളാണുള്ളത്. അതിലെ ഭൂരിപക്ഷമായ എട്ടുപേരെന്നത് ഇടതുപക്ഷമാണ്. ഖനനത്തിനുള്ള കമ്പനിയുടെ അനുമതിയെ ഞങ്ങൾ എതിർത്തില്ല എന്നു പറയുമ്പോൾ സ്വാഭാവികമായും അനുമതി കിട്ടേണ്ടതാണ്. ഇതിൽ നിന്നുതന്നെ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് മനസിലാകും. പഞ്ചായത്ത് ബോർഡ് കൂടി ഒന്നാകെ കമ്പനിയുടെ അപേക്ഷയെ തള്ളിക്കളയുകയാണ് ഉണ്ടായതെന്നും അവർ വ്യക്തമാക്കി.

ചക്കിട്ടപ്പാറയിൽ 406.45 ഹെക്ടറിലും മാവൂരിൽ 53.93 ഹെക്ടറിലും കാക്കൂരിൽ 281.22 ഹെക്ടറിലും ഇരുമ്പയിര് ഖനനത്തിന് വി എസ് സർക്കാരിന്റെ കാലത്താണ് പ്രാഥമികാനുമതി അനുമതി നൽകിയത്. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം ചെയ്ത സ്ഥലത്തായിരുന്നു ഈ ഖനാനുമതിയെല്ലാം. പദ്ധതിക്കെതിരെ അഴിമതി ആരോപണം അടക്കമുള്ള വിഷയങ്ങൾ ഉയർന്നതിനെ തുടർന്ന് 2013 നവംബർ 11ന് ഉമ്മൻ ചാണ്ടി സർക്കാറാണ് ഖനനാനുമതി റദ്ദാക്കിയത്.

തുടർന്ന് എം എസ് പി എൽ കമ്പനി അനുമതിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിച്ചു. ഇരുമ്പയിര് വ്യവസായ മേഖലയിൽ ബെല്ലാരി സഹോദരങ്ങൾ എന്നറിയപ്പെടുന്ന റെഡ്ഡി സഹോദരങ്ങളുടെ കമ്പനിയുമായി കടുത്ത മത്സരം നടത്തുന്ന എം എസ് പി എൽ, ബിജെപി നേതൃത്വവുമായും കേന്ദ്രസർക്കാരിലും അടുത്ത ബന്ധം പുലർത്തുന്നവരാണ്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന നയമനുസരിച്ച് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി ഖനനാനുമതി നേടിയെടുക്കാനാണ് കമ്പനി ശ്രമിച്ചുവരുന്നത്. അതിനിടെയാണ് പ്രസ്തുത പഞ്ചായത്ത് ബോർഡിൽനിന്നു തന്നെ കമ്പനിക്കു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. എന്നാൽ ഈ എതിർപ്പ് എത്ര കാലമുണ്ടാകുമെന്ന കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകർക്ക് ആശങ്കയുണ്ട്.

അതീവ ദുർബല പ്രദേശമായ, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടെ വനമേഖലയിലെ ആയിരം ഏക്കറോളം വരുന്ന ഭൂമിയിൽ, പദ്ധതി യാഥാർത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിൽ കർണ്ണാടകയിൽ നിന്നുള്ള ഒരു വൻകിട സ്വകാര്യ ഖനി കമ്പനി മുമ്പ് സർവ്വെ നടപടികൾ ആരംഭിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിയോട് കേന്ദ്ര സർക്കാറിന് പൂർണ്ണ മനസ്സായിരുന്നു. സർവ്വെക്ക് വനം, വന്യജീവി, വ്യവസായ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളെല്ലാം അനുമതി നൽകിയിരുന്നുവെങ്കിലും കേരളം പൂർണമായും അനുകൂലമായിരുന്നില്ല. പ്ലാന്റേഷൻ കോർപ്പറേഷന്റെ കയ്യിലുള്ള ഈ വനഭൂമി 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത് കരിങ്കല്ലിൽ നിന്ന് ഇരുമ്പയിര് വേർതിരിക്കുന്ന ഖനി തുടങ്ങാനായിരുന്നു കമ്പനിയുടെ പദ്ധതി.

കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട വനമേഖലയാണിത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള ഇവിടെ കടുവകൾ ഉൾപ്പടെയുള്ള വന്യജീവികൾ ധാരാളമുണ്ട്. പ്രതിദിനം 14 കോടി ലിറ്റർ വെള്ളം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടുക്കേണ്ട പെരുവണ്ണാമുഴി ഡാമിനോട് ചേർന്ന മലനിരകളും ഇവിടെയാണ്. ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്താൻ പറ്റില്ലെന്ന കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും, മറുഭാഗത്ത് പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിൽ ഖനി തുടങ്ങാനുള്ള കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയും പദ്ധതിയെ വിവാദത്തിലാക്കിയിരുന്നു. ഇതിനു പുറമെ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി വിവാദവും സജീവ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP