Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീരൊഴുക്ക് കൂടിയപ്പോൾ ഷോളയാറിലെ ഷട്ടറുകൾ ക്രമാതീതമായി തമിഴ്‌നാട് ഉയർത്തി; പറമ്പിക്കുളം ഡാമിൽ നിന്നും കൂടുതൽ വെള്ളമെത്തിയതും പ്രതിസന്ധി രൂക്ഷമാക്കി; പെരിങ്ങൽക്കൂത്തിൽ ജലനിരപ്പ് കൂടിയതോടെ വെള്ളം മുഴുവൻ ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടു; പുലർച്ചയോടെ തീരത്തെ വീടുകളിൽ രണ്ടാം നില വരെ വെള്ളം പൊങ്ങി; കൊരട്ടിക്കടുത്ത് കാടുകുറ്റി പഞ്ചായത്ത് ഒറ്റപ്പെട്ടു; മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലും ആളുകൾ കുടുങ്ങി; ട്രെയിൻ ഗതാഗതത്തിനും നിരോധനം

നീരൊഴുക്ക് കൂടിയപ്പോൾ ഷോളയാറിലെ ഷട്ടറുകൾ ക്രമാതീതമായി തമിഴ്‌നാട് ഉയർത്തി; പറമ്പിക്കുളം ഡാമിൽ നിന്നും കൂടുതൽ വെള്ളമെത്തിയതും പ്രതിസന്ധി രൂക്ഷമാക്കി; പെരിങ്ങൽക്കൂത്തിൽ ജലനിരപ്പ് കൂടിയതോടെ വെള്ളം മുഴുവൻ ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടു; പുലർച്ചയോടെ തീരത്തെ വീടുകളിൽ രണ്ടാം നില വരെ വെള്ളം പൊങ്ങി; കൊരട്ടിക്കടുത്ത് കാടുകുറ്റി പഞ്ചായത്ത് ഒറ്റപ്പെട്ടു; മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലും ആളുകൾ കുടുങ്ങി; ട്രെയിൻ ഗതാഗതത്തിനും നിരോധനം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നീരൊഴുക്ക് വർധിച്ചതോടെ ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തിയത് സംസ്ഥാനത്തിന്റെ പലഭാഗങ്ങളെയും വെള്ളത്തിനടിയിലാക്കി. പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞൊഴുകിയതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തൃശൂർ പൂമലയിൽ വീട് തകർന്ന് രണ്ടു യുവാക്കൾ മരിച്ചു. മലവായ് സ്വദേശികളായ അജീഷ്, ഷിജോ എന്നിവരാണ് മരിച്ചത്. തൃശൂർ വെറ്റിലപ്പാറയിൽ ഉരുൾപൊട്ടലിൽ വെറ്റിലപ്പാറ സ്വദേശിനി ലീല മരിച്ചു.

പെരിയാറിന് പിന്നാലെ ചാലക്കുടി പുഴയും തുറന്നത് തൃശൂരിൽ സ്ഥിതി ഗതികൾ രൂക്ഷമാക്കി. സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി. ആലുവ റയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിലായതോടെ എറണാകുളം ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ജലനിരപ്പ് നിരീക്ഷിച്ചശേഷമെ ഗതാഗതം പുനരാരംഭിക്കുവെന്ന് റെയിൽവേ അറിയിച്ചു. ചാലക്കുടി പുഴ നിറഞ്ഞ് കവിഞ്ഞതോടെ റെയിൽ ഗതാഗതം എപ്പോൾ തുടങ്ങാനാവുമെന്ന് അറിയാത്ത അവസ്ഥയാണ്.

ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകുമെന്നതിനാൽ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ അതീവജാഗ്രത നിർദ്ദേശം പാലിക്കേണ്ടതും, ക്യാമ്പുകളിലേയ്ക്ക് മാറി താമസിക്കേണ്ടതുമാണെന്ന് കളക്ടറും അറിയിച്ചു. പെരിങ്ങൽക്കുത്ത് ഡാമിന്റെ സംഭരണശേഷി 15.08.2018 വൈകീട്ട 7.00 മണിക്ക് പരമാവധി എത്തിച്ചേർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിച്ച് വരവേ തമിഴ്‌നാട് ഷോളയാർ (മലക്കപ്പാറ) ഷട്ടറുകൾ മൂന്നെണ്ണം 6 അടിയിൽ നിന്നും നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് 9 അടിയാക്കി ഉയർത്തുമെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു.

തുടർന്ന് കേരള ഷോളയാറിലെ ഷട്ടറുകൾ 13.50 അടിയിൽ നിന്നും 16.00 അടിയായി ഉയർത്തിയി. ഈ അധികജലം 3 മണിക്കൂറിനകം പെരിങ്ങൽക്കുത്തിലെത്തുകയും പുലർച്ചെ 4 മണിയോടെ ചാലക്കുടി എത്തിച്ചേരുകയും ചെയ്തു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രാവിലെ എട്ട് മണിയോടെ മാത്രമേ പ്രശ്‌നമുണ്ടാകൂവെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് പലരും രാത്രിയിൽ വീടുകളിൽ താമസിച്ചു.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതിനും വെള്ളപ്പൊക്കമുണ്ടാകുന്നതിനും കാരണമാകുന്ന തരത്തിൽ പറമ്പിക്കുളം ഡാമിൽ നിന്നുള്ള നീരൊഴുക്ക് പുലർച്ചെ 1.15 മണിക്ക് ഉയർത്തുകയും ചെയ്തിരുന്നു. രണ്ട് ഡാമുകളിൽ നിന്നും ഇപ്പോഴുള്ള നീരൊഴുക്കിനേക്കാൾ കൂടുതൽ വെള്ളം വെളുപ്പിന് 5.00 മണിയോട് കൂടി പെരിങ്ങൽക്കുത്ത് ഡാമിൽ എത്തിച്ചേരുകയും ചെയ്തു. ഇതോടെ നിലവിലുള്ള നീരൊഴുക്കിന് അധികമായി പെരിങ്ങൽ കുത്തിൽ നിന്ന് പുറത്തേക്ക് വിട്ടു. ഇതോടെ പ്രതിസന്ധി അതിരൂക്ഷമായി. അണക്കെട്ടുകൾ പൂർണ്ണമായും തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായി. തോടുകൾ നിറഞ്ഞ്, പുഴയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി. പലഭാഗത്തും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഈവർഷം മൂന്നാംതവണയാണ് പുഴ കവിയുന്നതെങ്കിലും ഇത്തവണ വെള്ളപ്പൊക്കഭീഷണി കനത്തതായി.

കപ്പത്തോട് ചാലക്കുടിപ്പുഴയിൽ പതിക്കുന്ന പൂവത്തിങ്കൽ പാലത്തിന് സമീപം പുഴയിൽനിന്ന് വെള്ളം കുത്തിയൊഴുകി കരഭൂമികളിലെത്തി. പുഴയിൽ വെള്ളം നിറഞ്ഞതോടെ ചാലക്കുടി റെയിൽവെ അടിപ്പാത വെള്ളത്തിലായി. പറയൻതോട് വഴി വെള്ളം കയറി കോട്ടാറ്റ്, തുരുത്തിപ്പറമ്പ് മേഖലകളിലെ പാടങ്ങൾ വെള്ളത്തിലായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് ചാലക്കുടിപ്പുഴയോരത്തെ മൂന്നാംതവണയും ദുരിതത്തിലേക്ക് തള്ളിവിട്ടു. ദുരിതാശ്വാസകേന്ദ്രത്തിൽനിന്ന് മടങ്ങിയെത്തിയ ആളുകൾ വീണ്ടും ആശങ്കയിലായി.

ഈ സീസണിൽ ആറോളം തവണ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകിയിരുന്നു. എന്നാൽ, മൂന്നാം തവണയാണ് ചാലക്കുടിപ്പുഴയോരത്ത് അപകടകരമായ നിലയിൽ വെള്ളം ഉയരുന്നത്. കഴിഞ്ഞ ആഴ്ച വെള്ളം കയറിയപ്പോൾ ഉപേക്ഷിച്ച വീട്ടിൽ തിരിച്ചെത്തി മുറികളിലും ഉപകരണങ്ങളിലും വലിയ രീതിയിൽ പറ്റിപ്പിടിച്ച ചെളി കഴുകി വൃത്തിയാക്കി വരുന്നതിനിടയിലാണ് വീണ്ടും അഴുക്കും ചെളിയുമായി വെള്ളപ്പൊക്കത്തിെന്റ വരവ്. കഴിഞ്ഞ തവണ വീടുകളുടെ രണ്ടാം നിലയിലേക്ക് വെള്ളമെത്തിയിരുന്നില്ല. എന്നാൽ ഇത്തവണ രണ്ടാം നിലയിലും വെള്ളം കയറി.

റോഡുകളിൽ ഒരാൾ പൊക്കത്തിന് മുകളിൽ വെള്ളമുണ്ട്. വൈദ്യുതി ബന്ധവുമില്ല. മൊബൈൽ ഫോണും പ്രവർത്തിക്കുന്നില്ല. പലയിടത്തും ആളുകൾ രണ്ട് നില വീട്ടിന് മുകളിലെ ടെറസുകളിൽ അഭയം നേടുകയാണ്. കൊരട്ടിക്ക് അടുത്ത് കാടുകുറ്റി പഞ്ചായത്ത് ഒറ്റപ്പെട്ടു. നൂറുകണക്കിന് ആളുകൾ കുടുങ്ങി കിടക്കുകയാണ്. സൈന്യത്തിന്റെ സഹായമുണ്ടെങ്കിലേ രക്ഷാപ്രവർത്തനം പോലും സാധ്യമാകൂ. തൈക്കൂട്ടം പാലത്തിന് അടുത്ത് പ്ര്തിസന്ധി അതിരൂക്ഷമാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും ചൊവ്വാഴ്ച രാവിലെ മുതൽ വനമേഖലയിലും നാട്ടിൻപുറത്തും മഴ തിമിർത്തു പെയ്യുകയായിരുന്നു. ചാലക്കുടിപ്പുഴ നിറഞ്ഞ് കവിഞ്ഞതോടെ പുഴയിലേക്ക് ഒഴുകുന്ന തോടുകളും നിറഞ്ഞ് കവിഞ്ഞു. താഴ്ന്ന പ്രദേശത്തെ വയലുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറുകയാണ്. ചാലക്കുടിയിലെ റെയിൽവേ അടിപ്പാതയിൽ വീണ്ടും വെള്ളം നിറഞ്ഞതിനാൽ ഗതാഗതം മുടങ്ങി. പരിയാരം, കോടശേരി, മേലൂർ, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ വീടുകളിൽ വീണ്ടും വെള്ളം കയറുകയായിരുന്നു. പ്രധാന തോടുകളായ കപ്പത്തോട്ടിലും പറയൻതോട്ടിലും ചാത്തൻചാലിലും കൊരട്ടിച്ചാലിലും വെള്ളം നിറഞ്ഞു കവിഞ്ഞു തുടങ്ങി.

തിങ്കളാഴ്ച ഷോളയാറിലും പെരിങ്ങൽക്കുത്തിലും പെയ്ത മഴ യഥാക്രമം 73 എം.എം., 52.7 എം.എം. ആയിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇത് ഇരട്ടിയിലധികമായി. ഡാം ഷട്ടറുകൾ കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന നിലയിൽ തന്നെയായിരുന്നു. നീരൊഴുക്ക് കൂടിയതോടെ ഇത് കൂടുതൽ ഉയർത്തി. ഷോളയാർ ഡാം 10 അടി ആണ് തുറന്നത്. പെരിങ്ങൽക്കുത്തിന്റെ ഷട്ടറുകൾ സ്ലൂവീസ് വാൽവ് അടക്കം 91 എം.എം ആണ് തുറന്നത്. അപ്പർഷോളയാർ, പറമ്പിക്കുളം തുടങ്ങി തമിഴ്‌നാട്ടിലെ ഡാമുകളും തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളമെത്തുന്നുണ്ട്. നീരൊഴുക്ക് ഇനിയും വർധിച്ചാൽ പെരിങ്ങൽക്കുത്ത് ഷട്ടറുകൾ ഇനിയും കൂടുതൽ ഉയർത്തിയേക്കാം. ഇത് പ്രതിസന്ധി അതിരൂക്ഷമാക്കും. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP