Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടികളുടെ പ്രലോഭനത്തിൽ വീഴാതെ സഹാറാ മുതലാളിയെ ഇരുമ്പഴിക്കുള്ളിലാക്കിയ ഐഎഎസ്സുകാരനെ പിണറായിയും ഉമ്മൻ ചാണ്ടിയും ചേർന്ന് മൂലയ്ക്കിരുത്തുമോ? അഴിമതിക്കെതിരെ നിലപാടെടുത്ത അഡീഷണൽ ചീഫ് സെക്രട്ടറിയെ നിശബ്ദനാക്കാൻ ഇടത്-വലത് പൊറാട്ടുനാടകം

കോടികളുടെ പ്രലോഭനത്തിൽ വീഴാതെ സഹാറാ മുതലാളിയെ ഇരുമ്പഴിക്കുള്ളിലാക്കിയ ഐഎഎസ്സുകാരനെ പിണറായിയും ഉമ്മൻ ചാണ്ടിയും ചേർന്ന് മൂലയ്ക്കിരുത്തുമോ? അഴിമതിക്കെതിരെ നിലപാടെടുത്ത അഡീഷണൽ ചീഫ് സെക്രട്ടറിയെ നിശബ്ദനാക്കാൻ ഇടത്-വലത് പൊറാട്ടുനാടകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി കാര്യത്തിൽ കേരളത്തിലെ നേതാക്കൾ കൂട്ടിക്കൊടുപ്പുകാരെക്കാൾ മോശമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടതും വലതും ചേർന്ന് അധികാരം പങ്കുവെക്കുകയും ഖജനാവ് കൊള്ളടിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പറാട്ടു സമരം നടത്തുകയും ചെയ്യുന്നത് പതിവാണ്.

കശുവണ്ടി കോർപറേഷൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ചന്ദ്രശേഖരൻ നടത്തിയ നിരാഹാരവും അതിന് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ചേർന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പും ഈ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിലെ അവസാന കാഴ്ചയാണ്. കോടികളുടെ അഴിമതി നടത്തിയ കശുവണ്ടി കോർപറേഷനെ നേരെയാക്കാൻ ഒരു ഐഎഎസ് ഓഫീസർ നടത്തിയ ധീരമായ ഇടപെടലിനെയാണ് ഇടതു-വലതു സഖ്യം ഒരുമിച്ച് തകർത്തത്. ശതകോടീശ്വരനായ സഹാറ മുതലാളി സുബ്രത റേയിയുടെ അന്തകനായി മാറിയ സത്യ സന്ധനായ ഉദ്യോഗസ്ഥനെ മറികടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ഒത്തുതീർപ്പ് നാടകം നടന്നത്.

കശുവണ്ടി വികസന കോർപ്പറേഷനുള്ള 30 കോടി രൂപയുടെ ധനസഹായം തടഞ്ഞ യു. ഡി. എഫ് സർക്കാരിനെതിരെയാണ് കോൺഗ്രസ് നേതാവ് ആർ.ചന്ദ്രശേഖരൻ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹം നടത്തിയത്. സത്യാഗ്രഹത്തിന് പിന്തുണയുമായി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി. പി.എം നേതാക്കൾ എത്തിയതോടെയാണ് സമരം ഏതുവിധേനയും ഒത്തുതീർപ്പിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഈ ഒത്തുതീർപ്പിനുപിന്നിൽ മറ്റൊരു ഗൂഢാലോചനയുണ്ടെന്നാണ് നിഷ്പക്ഷമതികൾ ചിന്തിക്കുന്നത്.

കശുഅണ്ടി കോർപ്പറേഷന് സർക്കാർ അനുവദിച്ച ധനസഹായം ധനവകുപ്പ് നിഷേധിച്ചതിനെതിരെയായിരുന്നു കശുവണ്ടി കോർപറേഷൻ ചെയർമാൻ കൂടിയായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സെക്രട്ടേറിയേറ്റ് പടിക്കൽ സമരം തുടങ്ങിയത്. കോൺഗ്രസ് സർക്കാരിനെതിരെ കോൺഗ്രസിന്റെ തന്നെ തൊഴിലാളി നേതാവ് സമരം നടത്തുകയും അതിന് പിന്തുണയുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മുന്മന്ത്രി എളമരം കരീമും സമരപ്പന്തലിൽ എത്തുകയും ചെയ്തത് അപൂർവമായ രാഷ്ട്രീയ സംഭവവികാസമായിരുന്നു. തൊട്ട് പിന്നാലെ കോർപ്പറേഷന് പണം ഉടൻ നൽകാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമരപ്പന്തലിൽ എത്തി ചന്ദ്രശേഖരനെ അറിയിച്ചു. തുടർന്ന് രമേശ് നൽകിയ നാരങ്ങാ നീരു കുടിച്ച് ചന്ദ്രശേഖരൻ സമരം അവസാനിപ്പിച്ചു. സിഐടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസം സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ധനസാഹായം തടഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളമോ ബോണസോ നൽകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മന്ത്രി രമേശ് ചെന്നിത്തലയുമായും അവസാന നിമിഷവും ചർച്ച നടത്തിയിട്ടും ഫലമില്ലാതായപ്പോഴാണ് ചന്ദ്രശേഖരൻ സത്യാഗ്രഹമാരംഭിച്ചത്. മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ മന്ത്രിസഭാ യോഗത്തിലേക്ക് വിളിച്ചു വരുത്തി മന്ത്രിമാർ വിശദീകരണം ആരായുകയും ചെയ്തു. എന്നാൽ കശുവണ്ടിവികസന കോർപ്പറേഷനിൽ മൊത്തം അഴിമതിയാണെന്നും തുക ഇനിയും നൽകുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മറുപടി നൽകി. എന്നാൽ, ഈ കുഴപ്പങ്ങൾ ഇപ്പോഴത്തെ സർക്കാർ ഉണ്ടാക്കിയതല്ലെന്നും തുക എത്രയും വേഗം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യവസായ സെക്രട്ടറി മുഖേന തുക നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എം. മാണി പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണം നൽകാൻ തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാൻ വൈകിയതിനാൽ സത്യാഗ്രഹം നീണ്ടു. തുടർന്നാണ് ചെന്നിത്തല സമരപ്പന്തലിൽ നേരിട്ടെത്തി സത്യാഗ്രഹം അവസാനിപ്പിച്ചത്.

ചന്ദ്രശേഖരൻ നടത്തുന്നത് മുഴുവൻ തൊഴിലാളികൾക്കും വേണ്ടിയുള്ള ധർമസമരമാണെന്നാണ് പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. ഇ്ക്കാര്യത്തിൽ ചന്ദ്രശേഖരൻ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരൻ ഉന്നയിച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടുമെന്നു കെപിസിസി പ്രസിഡന്റ് വി.എ?ം. സുധീരനും സമരപ്പന്തലിലെത്തി അറിയിച്ചു.

തൊഴിലാളികൾക്കുവേണ്ടി നടന്ന ഐതിഹാസികമായ സമരമാണ് ഇതെന്ന് തോന്നുമെങ്കിലും ഇതിന് ചില പിന്നാമ്പുറക്കഥകൾ കൂടി അറിയേണ്ടതുണ്ട്. സഹാറ മുതലാളി സുബ്രത റോയിയെ മുട്ടുകുത്തിച്ച, നിയമങ്ങളിൽനിന്ന് അണുവിട പിന്നോട്ടുപോകാത്ത ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എം.എബ്രഹാമിനെ പൂട്ടാനുള്ള രാഷ്ട്രീയക്കളികൂടി ഇതിന് പിന്നിലുണ്ടെന്നാണ് പിന്നാമ്പുറ വർത്തമാനം. പണം നൽകുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ.എം.എബ്രഹാം തടസ്സം നിൽക്കുന്നു എന്ന തരത്തിലാണ് ചർച്ചകൾ മുന്നേറിയത്.

സമരനേതാവായ ചന്ദ്രശേഖരന്റെ ആവശ്യവും ഇതുതന്നെയായിരുന്നു. കശുവണ്ടി വ്യവസായത്തെ നശിപ്പിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) കെ എം എബ്രഹാമിനെ മാറ്റണം. സെബി അംഗമായിരിക്കെ സഹാര ഗ്രൂപ്പ് ഉടമ സുബ്രത റോയിയുടെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവരികയും റോയിയെ അഴിക്കുള്ളിലാക്കുകയും ചെയ്തതോടെ രാജ്യത്താകമാനം ആദരവ് പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എബ്രഹാം. അദ്ദേഹം നിർണായക സ്ഥാനത്തെത്തുന്നത് ആർക്കും ഇഷ്ടമാകില്ലെന്ന് ഉറപ്പാണല്ലോ.

2008 മുതൽ മൂന്നു വർഷങ്ങളിൽ കശുവണ്ടി കോർപറേഷനിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് സി.എ. ജി റിപ്പോർട്ട് ചെയ്തിരുന്നു. 2013-ൽ വിജിലൻസ് ഒരു ക്വിക്ക് വെരിഫിക്കേഷൻ നടത്തി അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് അന്വേഷണം വ്യവസായ സെക്രട്ടറിയുടെ നേതൃത്വത്തിൽ മതിയെന്ന് തീരുമാനിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി പരിഗണനയ്ക്ക് വന്നെങ്കിലും തല്ക്കാലം സർക്കാർ അന്വേഷണം മതി, ഫിനാൻസ് സെക്രട്ടറി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണം എന്നും ഹൈക്കോടതി ഉത്തരവിടുന്നു. ഇതിനിടെയാണ് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് എബ്രഹാം എത്തുന്നത്.

വന്നകാലം മുതല്ക്ക് കോർപറേഷനിലെ ക്രമക്കേടുകളെ എബ്രഹാം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ മറികടന്ന് മന്ത്രിസഭയിലൂടെ നടപടികൾ സാധിക്കുകയാണ് ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ബന്ധുകൂടിയായ കോർപറേഷൻ എം.ഡി. രതീഷും ചെയ്തത്. ഇതിനിടെ അന്വേഷണം പൂർത്തിയായി. 2008-മുതൽ നടന്ന മിക്കവാറും കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെന്നു കമ്മീഷൻ കണ്ടെത്തി. ഏകദേശം 700 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതേതുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം പ്ഖ്യാപിച്ചു.

കുറേ വർഷങ്ങളായി ക്രമക്കേട് തുടരുന്ന കോർപറേഷനിലെ പ്രവർത്തനങ്ങൾ ഇപ്പോൾ വിജിലൻസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം നേരിടുന്ന ഒരു ഭരണ സമിതിയുടെ ഇപ്പോഴത്തെ തലവനാണ് ചന്ദ്രശേഖരൻ. അഴിമതി പുറത്തുകൊണ്ടുവരാൻ കാരണക്കാരനായ എബ്രഹാമിനെതിരെ ചന്ദ്രശേഖരൻ തിരിയാൻ വേറെ കാരണമൊന്നും വേണ്ടല്ലോ. കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തുനടന്ന ക്രമക്കേടുകൾ പുറത്തുവന്നാൽ, ഇടതു-വലത് മുന്നണികൾക്ക് ഒരേപോലെ തിരിച്ചടിയാണ്. സമരത്തിന് ഇരുകൂട്ടരും ഒരുമിച്ച് പിന്തുണച്ചതിനുപിന്നിലും വേറെ കാരണം തേടേണ്ടതില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP