Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്ത നൽകി നീ ചെയ്തു തന്ന ഉപകാരങ്ങൾക്കെല്ലാം വലിയ നന്ദി.. ഇതിന് നീ ബുദ്ധിമുട്ടും! മീഡിയവൺ ചാനൽ ലേഖകനെതിരെ വധഭീഷണി മുഴക്കി സി.പി.എം കൊല്ലം ജില്ലാകമ്മറ്റി അംഗം; ബാബു പണിക്കർക്കെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പത്രപ്രവർത്തക യൂണിയൻ; വടക്കു നോക്കി ഫാസിസം അടുക്കളയിൽ എത്തിയെന്ന് പറയുന്ന ഇടതു നേതാക്കൾ വായിച്ചറിയാൻ ഒരു ഭീഷണിയുടെ കഥ

വാർത്ത നൽകി നീ ചെയ്തു തന്ന ഉപകാരങ്ങൾക്കെല്ലാം വലിയ നന്ദി.. ഇതിന് നീ ബുദ്ധിമുട്ടും! മീഡിയവൺ ചാനൽ ലേഖകനെതിരെ വധഭീഷണി മുഴക്കി സി.പി.എം കൊല്ലം ജില്ലാകമ്മറ്റി അംഗം; ബാബു പണിക്കർക്കെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പത്രപ്രവർത്തക യൂണിയൻ; വടക്കു നോക്കി ഫാസിസം അടുക്കളയിൽ എത്തിയെന്ന് പറയുന്ന ഇടതു നേതാക്കൾ വായിച്ചറിയാൻ ഒരു ഭീഷണിയുടെ കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് വധഭീഷണിമുഴക്കി സി.പി.എം ജില്ലാ നേതാവ്. കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ കെ ബാബു പണിക്കർ എന്ന നേതാവാണ് മീഡിയാവൺ കൊല്ലം ബ്യൂറോ റിപ്പോർട്ടർ ശ്യാം ആർ ബാബുവിനെതിരെ വധഭീണി മുഴക്കിയത്. രാമഭദ്രൻ കൊലക്കേസിൽ വാർത്ത നൽകി നീ ചെയ്ത് തന്ന ഉപകാരങ്ങൾക്കെല്ലാം വലിയ നന്ദിയുണ്ട്. ഇതിന് നീ ബുദ്ധിമുട്ടുമെന്നാണ് നേതാവ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ കെയുഡബ്ല്യുജെ കൊല്ലം ജില്ലാ കമ്മിറ്റിക്ക് ശ്യാം പരാതി നൽകി. പിന്നീട് ഈ പരാതി കെയുഡബ്ല്യുജെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയിട്ടുണ്ട്.

2009ൽ നടന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാമഭദ്രന്റെ കൊലപാതകം സംബന്ധിക്കുന്ന ചില വാർത്തകൾ പുറത്ത് വന്നിരുന്നു. എല്ലാ മാധ്യമങ്ങളും വാർത്ത നൽകിയെങ്കിലും പ്രതിപട്ടികയിലെ നേതാക്കൾ തമ്മിൽ പരസ്പരം പഴിചാരിയെന്ന വാർത്ത ശ്യാം പുറത്ത് വിട്ടതാണ് ചില നേതാക്കൾക്ക് ശ്യാമിനോട് വൈരാഗ്യം തോന്നാൻ കാരണം. ശ്യാം ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ്. അച്ഛൻ ബാബു സി.പി.എം പാർട്ടി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ്. കൊല്ലം എസ്എൻ കോളേജിൽ പഠിച്ചിരുന്ന ശ്യാം അവിടെ മുൻ ചെയർമാനായിരുന്നു.

കൊല്ലത്തെ സി.പി.എം നേതാക്കൾക്കെല്ലാം തന്നെ ശ്യാമിനെ മാധ്യമപ്രവർത്തകനാകുന്നതിന് മുൻപ് തന്നെ അറിയാം. മാധ്യമപ്രവർത്തകനായ ശേഷവും ഈ സൗഹൃദങ്ങൾ ശ്യാം നല്ല രീതിയിൽ തന്നെ കൊണ്ട് പോയി. 2009ലാണ് രാമഭദ്രൻ കൊല്ലപ്പെട്ടത്. ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ജെ പത്മൻ ഉൾപ്പടെയുള്ള നേതാക്കൾ ആദ്യ ഘട്ടത്തിൽ തന്നെ സംശയത്തിലുള്ളവരുടെ പട്ടികയിലുണ്ടായിരുന്നു. കേസ് അന്നു അന്വേഷിച്ചത് ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമായിരുന്നു. പാർട്ടി പ്രവർത്തകരെ തന്നയാണ് കൊലയിൽ നേരിട്ട് പങ്കെടുത്തതിന് പിടികൂടിയത്. പിന്നീട് രാമഭദ്രന്റെ ഭാര്യ ബിന്ധു ഹൈക്കോടതിയിൽ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബിന്ദുവിന്റെ ആവശ്യപ്രകാരം കമാൽ പാഷ കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. തുടർന്ന് ഗൂഢാലോചന കേസിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.സുമൻ, ഡിവൈഎഫ്ഐ നേതാവായിരുന്ന റിയാസ് തുടങ്ങിയവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സാധാരണ ഗതിയിൽ സി.പി.എം നേതാക്കളാണ് പ്രതി പട്ടികയിലെങ്കിൽ പാർട്ടി വക്കീലായിരിക്കും സത്യവാങ്ങ്മൂലം ഉൾപ്പടെ തയ്യാറാക്കുകയ എന്നാൽ ഇവിടെ സി.പി.എം പാർട്ടി എന്നതിലുപരി നേതാക്കൾ പരസ്പരം പഴിചാരുകയായിരുന്നു. ഗൂഢാലോചന കേസിലെ പ്രതികളെല്ലാം രസ്പരം കുറ്റപെടുത്തിയത് സിപിഎമ്മിന് നാണക്കേടാവുകയും ചെയ്തു.

പിന്നീട് ഇപ്പോഴത്തെ ഏരൂർ ലോക്കൽ സെക്രട്ടറി അഫ്സൽ മജിസ്ട്രേറ്റ് മുൻപാകെ ചോദ്യങ്ങളില്ലാതെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മജിസ്ട്രേറ്റ് മുൻപാകെ സ്വയം പറയുന്ന മൊഴിയായ 164 നൽകി. ഇതിലും പരസ്പ്പരം കുറ്റം പറയുന്ന പ്രവണതയാണ് തുടർന്നത്. സി.പി.എം പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ അതേ പാർട്ടിയിൽ നിന്നുമുള്ള സുഹൃത്തുക്കൾ നൽകിയ റിപ്പോർട്ടുപയോഗിച്ച് വാർത്ത ചെയ്തതാണ് ഇവിടെ നേതാക്കളെ ചൊടിപ്പിച്ചത്. കൊല്ലത്തെ മറ്റ് ദൃശ്യ മാധ്യമപ്രവർത്തകരുൾപ്പടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടും തനിക്കെതിരെ മാത്രം വധഭീഷണി വന്നത് എന്തുകൊണ്ടെന്ന് മറുനാടനോട് വിശദീകരിക്കുകയായിരുന്നു ശ്യാം.

താൻ ഇപ്പോൾ ഈ വിവരത്തെകുറിച്ച് കൂടുതൽ പറയുന്നത് സി.പി.എം എന്ന പ്രസ്ഥാനത്തിനെതിരെയല്ലെന്നും ഇത്തരം പ്രവണതകൾ വെച്ച് പുലർത്തുന്ന നേതാക്കൾക്കെതിരെയാണ് ഈ നിലപാടെന്നും ശ്യാം പറയുന്നു. ബാബു പണിക്കർ എന്ന നേതാവിനെ തനിക്ക് നന്നായി അറിയാമെന്നും ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് ചെയ്യാൻ പോന്ന പ്രകൃതമാണ്. അപ്പോൾ നാളെ ഒരു കാലത്ത് ഞാൻ ഒരു വാഹന അപകടത്തിൽ പെട്ടാലും അതിന്റെ സത്യാവസ്ഥ എല്ലാരും അറിയണം. പിന്നെ ഇപ്പോൾ നിരന്തരം ഭീഷണിയാണ്. ഞാൻ എവിടെയാണ് എന്ന മനസ്സിലാക്കിയ ശേഷം എന്റെ കൂട്ടുകാരെ കൊണ്ട് എന്നെ വിളിപ്പിച്ച ശേഷം വേഗം അവിടെ നിന്ന് മാറിക്കോളു എന്ന് ഉൾപ്പടെ പറഞ്ഞ് ഭീഷണിയുയർത്തുന്നത് പതിവെന്നും ശ്യാം പറയുന്നു.

ഭീഷണി നേരിട്ട ദിവസം ശ്യാം ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ്:

സഖാവേ...നെട്ടയം രാമഭദ്രനെ നിങ്ങൾ കൊന്നുവെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല.. പക്ഷേ നിങ്ങൾക്കെതിരെ സിബിഐ നിരത്തിയ തെളിവ് എന്താണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. പരസ്പരം പഴിചാരുന്ന നിങ്ങളുടെ മൊഴികൾ ഞാൻ പറഞ്ഞിട്ടുണ്ട്.. രഹസ്യമൊഴി ഞാൻ പറഞ്ഞിട്ടുണ്ട്.. ഹൈക്കോടതിയിൽ നിങ്ങളൊക്കെ കൊടുത്ത സത്യവാങ്മൂലത്തിലെ പരസ്പരം ചോദ്യങ്ങൾ ഉയർത്തുന്ന വൈരുദ്ധ്യങ്ങൾ അഫിഡവിറ്റിന്റെ പകർപ്പോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.. ഈ വാർത്തകളൊന്നും തെറ്റാണെന്ന് ഇന്നുവരെ അന്വേഷണ ഏജൻസി പോലും പറഞ്ഞിട്ടില്ല... നിങ്ങൾക്കും പറയാനാകില്ല... ആമുഖം അവസാനിപ്പിച്ച് കാര്യത്തിലേക്ക് കടക്കട്ടെ.

നിങ്ങൾ ഇന്നലെ എന്നോട് പറഞ്ഞ മജിസ്ട്രറ്റിന്റെ കഥ എന്റെ ഉറക്കം കെടുത്തുന്നില്ല.. കാരണം നിങ്ങൾ പിടിക്കുന്ന കൊടി ഞാനും പിടിച്ചിട്ടുണ്ട്.. നിങ്ങൾക്ക് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്..പിന്നെ എന്റെ ദിവസങ്ങൾ എണ്ണിക്കോളാൻ നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ നിങ്ങളുടെ കണ്ണിൽ നോക്കി, അപ്പോൾ നിങ്ങൾ എന്റെ മുഖത്ത് നോക്കുന്നില്ലായിരുന്നു.. മകന്റെ പ്രായമുള്ളൊരുവനെ ഇല്ലാതാക്കുമെന്ന് പറയുമ്പോൾ അവന്റെ കണ്ണിൽ നോക്കാൻ നിങ്ങൾക്ക് ധൈര്യമില്ലെങ്കിൽ നിങ്ങളെ എതിരാളി എങ്ങനെ ഭയപ്പെടും? അവസാനമായി ഒന്നുകൂടി പറയട്ടെ നിങ്ങളുടെ ഡയറിയിൽ എന്റെ പേരിന് ചുവന്ന നിറമാണെന്ന് ഒരുപാട് കാലം മുമ്പേ എനിക്കറിയാം..നിങ്ങൾ വിധി നടപ്പാക്കിയാലും സഖാവേ ..അതിനുള്ളിൽ ഞാനെന്റെ ജോലി സമാധാനമായി ചെയ്ത് തീർക്കട്ടെ.

തനിക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായതിന് ശേഷം പല മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിഷയം സിപിഎമ്മിനെതിരെ ആയുധമാക്കുന്നത് ശ്രദ്ധയ.ിൽ പെട്ടുവെന്നും എന്നാൽ താൻ സിപിഎമ്മിന് എതിരല്ലെന്നും അതിന്റെ പേരിൽ അഹങ്കരിക്കുന്നവർക്ക് മാത്രം എതിരാണെന്നും ശ്യാം മറുനാടൻ മലയാളിയോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP