രാത്രി കെണിയിൽ വീണ പുലിയെ മയക്കു വെടിവെയ്ക്കാൻ ഡോക്ടർമാർ എത്തിയത് പത്ത് മണിക്കൂറുകൾക്ക് ശേഷം; മയക്കുവെടി വെച്ച് തളച്ച പുലിയെ കൊണ്ടു പോകാൻ കൂടു പോലും ഇല്ലാതെ വനംവകുപ്പ്: കെണിയിലകപ്പെട്ട രണ്ട് വയസ്സുള്ള ആൺപുലി ചത്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലം
June 22, 2018 | 01:25 PM IST | Permalink

രഞ്ജിത്ത് ബാബു
കാസർഗോഡ്: കെണിയിലകപ്പെട്ട രണ്ട് വയസ്സുള്ള ആൺപുലി ചത്തത് പത്ത് മണിക്കൂറോളം അവശത അനുഭവിക്കേണ്ടി വന്നതിനാൽ. രാത്രി കെണിയിൽ വീണ പുലിയെ മയക്കു വെടിവെക്കാൻ ഡോക്ടർമാർ എത്തിയത് പത്ത് മണിക്കൂറികൾക്കു ശേഷം. അതു വരെ സുന്ദരനും ആരോഗ്യവാനുമായ ഈ പുള്ളി പുലി അനുഭവിച്ചത് ജീവൻ മരണപോരാട്ടം. വനവും വന്യ ജീവികളുമുണ്ടെങ്കിലും കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മയക്കു വെടി വെക്കാൻ ആശ്രയിക്കേണ്ടത് വയനാട് ബത്തേരിയിലെ വൈൽഡ് ലൈഫ് ഡിവിഷനിൽ നിന്നാണ്. 200 ഓളം കിലാമീറ്റർ സഞ്ചരിച്ച് വെറ്റിനറി ഡോക്ടർമാർ എത്തുമ്പോഴേക്കും പുലി തീർത്തും അവശനായി കഴിഞ്ഞിരുന്നു.
മയക്കുവെടി വെച്ച് തളച്ച പുലിയെ കൊണ്ടുപോകാനുള്ള കൂട് പോലും വനം വകുപ്പിനില്ലായിരുന്നു. പുലി ചാകാനും ഇത് കാരണമായി. സമാന സംഭവങ്ങൾ ഏറെയുണ്ടായിട്ടും എത്രയും പെട്ടെന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനം ഇനിയും ഏർപ്പെടുത്തുന്നില്ല. വാഹനത്തിന്റെ ക്ലച്ച് കേബിൾ കൊണ്ട് ഉണ്ടാക്കിയ കുരുക്കിലാണ് പുലി വീണത്. ആന്തരികമായി പുലിക്ക് ക്ഷതവുമുണ്ടായിരിക്കാം. ചികിത്സക്കായി വയനാട്ടിലേക്ക് കൊണ്ടു പോകും വഴിയാണ് പുലി ചത്തത്. വനപാലകരും പൊലീസും പുലിയെ രക്ഷിക്കാൻ ആവതു ശ്രമിച്ചെങ്കിലും രക്ഷാ സംവിധാനത്തിന്റെ അപര്യാപ്തത കാരണം അവർക്കൊന്നും ചെയ്യാനായില്ല.
പനത്തടി വനമേഖലയിൽപെട്ട കള്ളാർ പഞ്ചായത്തിലെ പൂടംങ്കല്ലിലാണ് വനത്തോട് ചേർന്ന കൃഷിയിടത്തിൽ പുലി കെണിഞ്ഞത്. കൃഷി നശിപ്പിക്കുന്ന കാട്ടു പന്നിയെ കുടുക്കാനായി ഈ മേഖലയിലെ കർഷകർ കെണിവെക്കാറുണ്ട്. എന്നാൽ പുലിയെ വേട്ടയാടി എന്ന നിലയിൽ വന്യ ജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർ നരോത്ത് 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 90/72 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പുലിയുടെ മൃതശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം റെയ്ഞ്ച് ഓഫീസിന് സമീപം തന്നെ സംസ്ക്കരിക്കുകയായിരുന്നു. വന്യ ജീവി സംരക്ഷണ പ്രകാരം ഷെഡ്യൂൾ 1 വിഭാഗത്തിൽ പെടുന്നതാണ് പുള്ളി പുലി. അതുകൊണ്ടു തന്നെ കെണിവെച്ചവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാണ്. ഈ പ്രദേശത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മൂന്ന് തവണയായി പുലികളെത്തിയിരുന്നു.
പാൽചുരം, ചീറ്റക്കാൽ തട്ടിലും കോട്ടക്കുന്ന് തട്ടിലും പുള്ളി പുലിയെ ചത്ത നിലിയിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ പ്രദേശത്തെ ആട്, നായ എന്നീ ജീവികളെ കടിച്ചു കൊന്ന അനുഭവവുമുണ്ടായി. വനാതിർത്തിയിൽ കഴിയുന്നവർ ഈ സംഭവത്തോടെ പുലി ഭീതിയിലായിരിക്കയാണ്.