Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശങ്കയുടെ പെരുവെള്ളം ഒഴിയുന്നില്ല; ഭക്ഷണം ഇല്ലാതെ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ എത്രപേർ അതിജീവിക്കുമെന്നും ആശങ്ക; ബന്ധുക്കൾക്ക് എന്തുപറ്റിയെന്ന് അറിയാത്ത ആകുലരായി കഴിയുന്നവരും നിരവധി; ദുരിതാശ്വാസ ക്യാമ്പുകളും നിറഞ്ഞ കവിഞ്ഞ നിലയിൽ; വെള്ളം ഇറങ്ങിത്തുടങ്ങിയാൽ എല്ലാം സാധാരണ നിലയിൽ ആകാൻ രണ്ടാഴ്‌ച്ചയെങ്കിലും സമയമെടുക്കും; പകർച്ചവ്യാധി ഭീഷണികളും ശക്തം: എന്തു ചെയ്യണമെന്നറിയാതെ പകച്ച് ചെങ്ങന്നൂർ

ആശങ്കയുടെ പെരുവെള്ളം ഒഴിയുന്നില്ല; ഭക്ഷണം ഇല്ലാതെ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ എത്രപേർ അതിജീവിക്കുമെന്നും ആശങ്ക; ബന്ധുക്കൾക്ക് എന്തുപറ്റിയെന്ന് അറിയാത്ത ആകുലരായി കഴിയുന്നവരും നിരവധി; ദുരിതാശ്വാസ ക്യാമ്പുകളും നിറഞ്ഞ കവിഞ്ഞ നിലയിൽ; വെള്ളം ഇറങ്ങിത്തുടങ്ങിയാൽ എല്ലാം സാധാരണ നിലയിൽ ആകാൻ രണ്ടാഴ്‌ച്ചയെങ്കിലും സമയമെടുക്കും; പകർച്ചവ്യാധി ഭീഷണികളും ശക്തം: എന്തു ചെയ്യണമെന്നറിയാതെ പകച്ച് ചെങ്ങന്നൂർ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: പ്രളയം പിടിച്ചുലച്ച ചെങ്ങന്നൂർ ആകെ പകച്ചു നിൽക്കുകയാണ്. പതിനയിരങ്ങളാണ് പ്രളയത്തിന്റെ കെടുതി നേരിടുന്നത്. വെള്ളം ഇനിയും വീടുകളിൽ നിന്നും ഇറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ രക്ഷാപ്രവർത്തകർ എത്താത്തതിനാൽ വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയിലാണ് നാട്ടുകാർ. ബന്ധുക്കൾക്ക് എന്തുപറ്റിയെന്ന് അറിയാതെ ആകുലരായി കഴിയുന്നവരാണ് ചെങ്ങന്നൂരുകാർ. ആശങ്കയുടെ പെരുവെള്ളം നീങ്ങുമ്പോഴും ഉറ്റവരെ നഷ്ടപ്പെട്ടവർ നിരവധിയായിരിക്കും. ഇനി ജീവിതം തിരിച്ചുപിടിക്കാൻ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ചെങ്ങന്നൂരുകാർ. പലവീടുകളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകാൻ ഏറെ സമയമെടുക്കും. ചുരുങ്ങിയത് രണ്ടാഴ്‌ച്ചത്തെ സമയമെങ്കിലും എടുക്കുമെന്ന് ഉറപ്പാണ്.

വെള്ളപ്പൊക്കം കശക്കിയെറിഞ്ഞ ഈ നാട്ടിൽനിന്ന് ഇന്നലെ കണ്ടെത്തിയതു പത്തു മൃതദേഹങ്ങൾ. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. മരണ സംഖ്യം ഇനിയും ഉയരുമെന്ന കാര്യം ഉറപ്പാണ്. ഇനിയും പരീക്ഷണങ്ങൾ ഏറ്റുവാങ്ങാൻ ശേഷിയില്ലാതെ തളരുകയാണു ചെങ്ങന്നൂർ. വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ കൂടുതൽപ്പേരെ പുറത്തെത്തിക്കാനായതിന്റെ ആശ്വാസം പങ്കുവയ്ക്കുമ്പോഴും നാല് ദിവസത്തിനു മുകളിലായി വീടുകൾക്കുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചുള്ള ആശങ്കയും നിറയുന്നു. ഇപ്പോൾ കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവർക്കു ഹെലികോപ്റ്ററുകൾ വഴി ഭക്ഷണമെത്തിക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

ഇന്നലെ മഴ മാറിനിന്നതും വെള്ളത്തിന്റെ ഉയരം നേരിയ അളവിൽ കുറഞ്ഞതും ആശ്വാസമായി. ചെങ്ങന്നൂർ ടൗണിൽ നിന്നു വെള്ളമിറങ്ങിയതും നാട്ടുകാർക്കു പ്രതീക്ഷ നൽകുന്നതായി. എന്നാൽ പമ്പാ നദിയിലെ കക്കി ഡാമിന്റെ ഷട്ടറുകൾ അൽപം കൂടി ഉയർത്തുന്നുവെന്ന മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതൽപ്പേർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിയതോടെ അവിടങ്ങളും നിറഞ്ഞു കവിഞ്ഞു.

തെറ്റായ ഒട്ടേറെ സന്ദേശങ്ങൾ അധികൃതരുടെ പ്രവർത്തനത്തേയും ബാധിച്ചു. മൊബൈൽ നെറ്റ്‌വർക്കുകളും വൈദ്യുതിയും പുനഃസ്ഥാപിക്കാനാകാത്തതു പ്രദേശത്ത് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ എംസി റോഡിലെ വെള്ളത്തിന്റെ അളവിൽ കുറവു വന്നതു മറ്റു പ്രദേശങ്ങളുമായി ചെങ്ങന്നൂരിനെ ബന്ധിപ്പിക്കാൻ സഹായമായി. കല്ലിശേരി, മുളക്കുഴ, ഭാഗങ്ങളിൽ വെള്ളമുണ്ടെങ്കിലും വലിയ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയും.

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഏകദേശം മുഴുവൻ പേരും ക്യാംപുകളിലാണ് ഇപ്പോൾ. അച്ചൻ കോവിൽ ആറിൽ നിന്നുള്ള വെള്ളം കൂടിയതിനെത്തുടർന്നു ചെറിയനാട്, ആല പഞ്ചായത്തുകളുടെ അതിർത്തിയായ കോടുകുളഞ്ഞി ഷാപ്പ്പടി പ്രദേശം വെള്ളത്തിലായി. ഇവിടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടെക്കുടുങ്ങിയ പൂർണ ഗർഭിണിയും ഒരു മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയുള്ളവരെ സംഘം രക്ഷിച്ചു ദുരിതാശ്വാസ ക്യാംപിലെത്തിച്ചു. ചെങ്ങന്നൂരിൽ വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരിൽനിന്നു രക്ഷിച്ച പലരുടെയും ആരോഗ്യ സ്ഥിതി മോശമാണ്.

എത്രപേർ മരിച്ചിട്ടുണ്ടാകും എന്നതിന് കൃത്യമായ കണക്കില്ലെന്നതാണ് ചെങ്ങന്നൂരുകാരെ ആശങ്കയിലാക്കുന്നത്. എത്ര ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടെന്നോ അവിടെ എത്രപേർ തങ്ങിയിട്ടുണ്ടെന്നോ ആധികാരികവിവരങ്ങളില്ല. രക്ഷാപ്രവർത്തനം സംബന്ധിച്ചുപോലും വേണ്ടത്ര വ്യക്തതയില്ല. ആരുടെയും കുറ്റമല്ല. അത്രയ്ക്ക് വലിയ പ്രളയ ഭീകരതയാണ് ഇവിടെയുള്ളത്. അഞ്ചുദിവസത്തെ വെള്ളപ്പൊക്കത്തിനു നേരിയ ശമനമെന്നതാണ് ആശ്വാസ വാർത്ത. പമ്പയിൽ ജലനിരപ്പ് മൂന്നടിയോളം താഴ്ന്നു. അപ്പോഴേക്കും അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു. അതും ചെങ്ങന്നൂരിനെ ഉലച്ചു. ആലാ, പെണ്ണുക്കര, വെൺമണി, ചെറിയനാട് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതിനകം അനേകർ മരിച്ചുവെന്നും അത്യാസന്ന നിലയിലാണെന്നുമാണ് വാർത്തകൾ. ഈ വിവരങ്ങൾ സ്ഥീരീകരിക്കാനാവാതെ അധികാരികൾ.

ഇനിയും വിവിധ ഭാഗങ്ങളിലായി 5000-ൽ അധികം പേരെയെങ്കിലും രക്ഷപ്പെടുത്താനുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ അടിയന്തര പ്രാധാന്യമർഹിക്കുന്നത് ഇടനാട്, പാണ്ടനാട്, ഇരമല്ലിക്കര, വനവാതുക്കര, മംഗലം, പുന്തല, മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശം, ചെന്നിത്തല എന്നിവിടങ്ങളാണ്. പുരപ്പുറത്തും മട്ടുപ്പാവിലും മൂന്നും നാലും ദിവസങ്ങളായി കയറി നിൽക്കുന്നവരെ ഒഴിപ്പിക്കാനാവുന്നില്ലെന്നതു മാത്രമല്ല, ഇവർക്ക് വിശപ്പിന് ഭക്ഷണമോ കുടിക്കാൻ വെള്ളമോപോലും എത്തിക്കാനാവുന്നില്ല.

ഹെലികോപ്റ്ററിൽ 1500 ടൺ ഭക്ഷണപാക്കറ്റുകൾ വിതരണം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഇടനാട്, മാന്നാർ തുടങ്ങി വിവിധ ഭാഗങ്ങളിൽ ഇതു കിട്ടിയില്ലെന്ന ആക്ഷേപവുമുയർന്നു. ഭക്ഷണത്തിനും കുടിവെള്ളത്തിനുമാണ് ക്ഷാമം. വ്യാപാരസ്ഥാപനങ്ങളിൽ സംഭരിച്ചവ വിറ്റുതീർന്നു. ഗതാഗതം നിലച്ചിരിക്കുന്നതിനാൽ പുതുതായി സ്റ്റോക്ക് എത്തുന്നുമില്ല. തുടക്കത്തിലേ രക്ഷാപ്രവർത്തനം താളംതെറ്റി. ഏകോപനമാണ് പാളിയത്.

ശനിയാഴ്ച ആയപ്പോഴേക്കും നൂറംഗ സൈന്യത്തിന് പുറമേ ദേശീയ ദുരന്ത നിവാരണസേനയും ഐ.ടി.ബി.പി.യും നൂറ്റമ്പതോളം മത്സ്യത്തൊഴിലളികളും രംഗത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്നവരെ രക്ഷിക്കാൻ താണുപറന്നെത്തിയ ഹെലികോപ്റ്ററുകളിൽ കയറാൻ ഇടനാട് ഭാഗങ്ങളിലുള്ളവർ വിസമ്മതിച്ചതായാണ് അധികൃതർ പറയുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടു വിട്ടുപോരാൻ അവർ വിസമ്മതിക്കുന്നു. ഭക്ഷണം എത്തിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞതത്രേ. ഇന്നത്തെ നിലയിൽ വെള്ളമിറങ്ങിത്തുടങ്ങിയാൽ സാധാരണനിലയിലെത്താൻ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. അപ്പോഴത്തെ പ്രധാന ആവശ്യം ചികിത്സയും മരുന്നുമായിരിക്കും.

ശനിയാഴ്ച 1700 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാപൊലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രൻ പറഞ്ഞു. അപകടാവസ്ഥയിലുള്ള 75 ശതമാനം പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന 95 ശതമാനം പേർക്കും വ്യോമസേന ഹെലികോപ്റ്റർ വഴി ഭക്ഷണം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇന്നലെ മന്ത്രി ജി. സുധാകരൻ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ചെങ്ങന്നൂരിലെത്തി. വ്യോമസേനയുടെ രക്ഷാ ദൗത്യം ഏകോപിപ്പിക്കാൻ മലയാളി സ്‌ക്വാഡ്രൻ ലീഡർ അനീഷ വി. തോമസും ചെങ്ങന്നൂരെത്തി. വ്യോമസേനയുടെ, വെള്ളത്തിലും കരയിലും ഒരുപോലെ പ്രവർത്തിക്കുന്ന, ഗരുഡ് കമാൻഡോ സംഘവും വൈകിട്ടോടെ ചെങ്ങന്നൂരിലെത്തി. ഇവരുടെ സേവനത്തിലൂടെ കൂടുതൽപ്പേരെ പുറത്തെത്തിക്കാനാകും എന്നാണു കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP