Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂരിൽ രക്ഷകരെത്താതെ മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി; മൃതദേഹങ്ങൾ കണ്ടത് വീടുകളിലും ഒഴുകിയൊലിച്ച് പോകുന്ന നിലയിലും; മരണ സഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക സജീവം; ഔദ്യോഗികമായി കണക്കുകൾ പുറത്ത് വിടാതെ സർക്കാർ; ഇപ്പോഴും സ്ഥിരീകരിക്കുന്നത് മൂന്ന് മരണം മാത്രം; പമ്പയിൽ വെള്ളം ഇറങ്ങിയിട്ടും താഴാൻ കൂട്ടാക്കാത്ത ചെങ്ങന്നൂരിലെ സ്ഥിതി ഗൗരവമായി തുടരുമ്പോൾ എന്ത് ചെയ്യണമെന്ന് പോലും ആർക്കും നിശ്ചയമില്ല; പമ്പാ തീരത്ത് പ്രതിസന്ധി രൂക്ഷം

ചെങ്ങന്നൂരിൽ രക്ഷകരെത്താതെ മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി; മൃതദേഹങ്ങൾ കണ്ടത് വീടുകളിലും ഒഴുകിയൊലിച്ച് പോകുന്ന നിലയിലും; മരണ സഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക സജീവം; ഔദ്യോഗികമായി കണക്കുകൾ പുറത്ത് വിടാതെ സർക്കാർ; ഇപ്പോഴും സ്ഥിരീകരിക്കുന്നത് മൂന്ന് മരണം മാത്രം; പമ്പയിൽ വെള്ളം ഇറങ്ങിയിട്ടും താഴാൻ കൂട്ടാക്കാത്ത ചെങ്ങന്നൂരിലെ സ്ഥിതി ഗൗരവമായി തുടരുമ്പോൾ എന്ത് ചെയ്യണമെന്ന് പോലും ആർക്കും നിശ്ചയമില്ല; പമ്പാ തീരത്ത് പ്രതിസന്ധി രൂക്ഷം

പ്രകാശ് ചന്ദ്രശേഖർ

ആലപ്പുഴ: ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നതിനിടെ പുറത്തു വരുന്നത് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ്. പ്രളയത്തിൽ മുങ്ങി അഞ്ച് ദിവസമായിട്ടും ഒരു സഹായം പോലും എത്താത്ത ഇടങ്ങളും ചെങ്ങന്നൂരിലുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ പാണ്ടനാട് ഏതാണ്ട് 1500ഓളം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. ഇവർക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ചെങ്ങന്നൂരിൽ മരിച്ചവരുടെ എണ്ണം 21ആയി എന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനെത്തിയവരാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് റിപ്പോർട്ട്.

ഏഴ് പേരുടെ മൃതദേഹങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിലാണ് പാണ്ടനാട് കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം. പാണ്ടനാട് ഇല്ലിക്കൽ പാലത്തിന് സമീപത്ത് നിന്നാണ് നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ഉൾപ്പെടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വെള്ളത്തിൽ മുങ്ങിയ പാണ്ടനാട് ഒറ്റപ്പെട്ട് കിടക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല. മൂന്ന് മൃതദേഹങ്ങൾ കിട്ടിയെന്ന് മാത്രമേ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുള്ളൂ. എന്നാൽ മരണം കൂടുമെന്ന് അനൗദ്യോഗികമായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്. മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെങ്കിലും ആരും അത് എടുക്കുന്നില്ല. ജീവനുള്ളവരെ രക്ഷിക്കാനാണ് അവർ മുൻഗണന നൽകുന്നത്. അതൊകൊണ്ടാണ് സർക്കാരിന് മരണങ്ങൾ സ്ഥിരീകരിക്കാൻ കഴിയാതെ പോകുന്നത്.

ചെങ്ങന്നൂരിൽ പലർക്കും ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. കുടങ്ങളിൽ ശേഖരിച്ച് വെച്ച മഴവെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തുന്നത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ഇവിടങ്ങളിൽ സജീവമായി രംഗത്തുള്ളത്. കുട്ടികളും പ്രായമായവരും കുടുങ്ങിയിരിക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയും ചെങ്ങന്നൂരിൽ നിലനിൽക്കുന്നുണ്ട്. തിരുവല്ല ബസ് സ്റ്റാൻഡിലും ഒരു മൃതദേഹം ഒഴുകി വന്നതായി റിപ്പോർട്ടുണ്ട്. ഇതോടെ ചെങ്ങന്നൂർ-തിരുവല്ല മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാണെന്നാണ് വ്യക്തമാക്കുന്നത്. ചെങ്ങന്നൂരിൽ 50ഓളം പേർ മരിച്ചിട്ടുണ്ടാകാമെന്ന് സജി ചെറിയാൻ ഇന്നും പ്രതികരിച്ചിട്ടുണ്ട്.

ഒഡീഷതീരത്ത് ന്യൂനമർദം രൂപപ്പെട്ടതു കാരണം കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതും ചെങ്ങന്നൂരിനെ ആശങ്കയിലാക്കുന്നുണ്ട്. രണ്ടു ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ചെങ്ങന്നൂരിലും മഴ പെയ്യുമെന്ന് പറയുമ്പോൾ അത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇതും ആശങ്ക കൂട്ടുന്നുണ്ട്. ആലുവയും ചാലക്കുടിയും തിരുവല്ലയും എല്ലാം ഈ കലാവസ്ഥാ പ്രവചനത്തിന്റെ ആഘാതത്തിലാണ് ഇപ്പോൾ. പമ്പയിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ചെങ്ങന്നൂരിൽ പ്രതിഫലിച്ചിട്ടില്ല. ഇപ്പോഴും ചെങ്ങന്നൂരിൽ വെള്ളം വീടുകളിലെ ഒരു നിലയ്ക്കും മുകളിലുണ്ട്.

അതിനിടെ പ്രളയക്കെടുതി നേരിടുന്നതിനു കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും വെള്ളപ്പൊക്കത്തിൽ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങൾ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. നിലവിൽ നൽകിയ റിപ്പോർട്ടിനു പുറമേ വിശദമായ റിപ്പോർട്ട് ഉടൻ നൽകും.

അതീവ ഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറയ്ക്കാൻ സർക്കാരിനായി. കുറ്റപ്പെടുത്തലല്ല, കൂടുതൽ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്കും ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഭക്ഷണ സാധനങ്ങളുമായി ഹെലികോപ്റ്റർ ആലപ്പുഴയിലേക്കു പുറപ്പെട്ടു. പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്തുനിന്നു ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിക്കുന്നുണ്ട്. 15 കിലോ വീതം വരുന്ന പാക്കറ്റുകളാണ് തയാറാക്കി വിതരണം ചെയ്യുന്നത്. പായ്ക്കറ്റിൽ ഭക്ഷണവും അണുനാശിനികളും കുടിവെള്ളവുമുണ്ട്. രാവിലെ മൂന്നു ഹെലികോപ്റ്ററുകളിൽ 2500 കിലോ ഭക്ഷ്യവസ്തുക്കൾ പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കു കൊണ്ടുപോയിരുന്നു. ഇതിലേറെയും ചെങ്ങന്നൂർ, തിരുവല്ല ഭാഗത്തേക്കാണ്.

അതിനിടെ ചെങ്ങന്നൂർ എംഎ‍ൽഎ സജി ചെറിയാൻ ഇന്നലെ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വേവലാതിയിൽ നിന്നും വന്ന വാക്കുകളാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അടിയന്തരമായി എയർ ലിഫ്റ്റ് നടന്നില്ലെങ്കിൽ ചെങ്ങന്നൂരിൽ പതിനായിരങ്ങൾ മരിക്കുമെന്ന് സജി ചെറിയാൻ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആവശ്യപ്പെട്ടതനുസരിച്ചുള്ള സഹായം കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നുണ്ട്. എന്നാൽ ഇത് പൂർണ തോതിൽ പര്യാപ്തമല്ല.

അതുകൊണ്ടുതന്നെ കൂടുതൽ സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് വീണ്ടും നിവേദനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റപ്പെടുത്തലുകൾക്ക് മുതിരാതെ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ഈ അവസരത്തിൽ മുന്നോട്ടു നീങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP