Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വയം പ്രഖ്യാപിത മെത്രാന്റെ അവസാന കരു നീക്കങ്ങളും പൊളിഞ്ഞു; കോടതി നിലപാട് കർക്കശമാക്കിയതോടെ ഹാരിസണിൽ നിന്നും പിടിച്ചെടുക്കുന്ന ഭൂമിയിൽ ബിഷപ്പ് യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റും; തടയിടാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തം

സ്വയം പ്രഖ്യാപിത മെത്രാന്റെ അവസാന കരു നീക്കങ്ങളും പൊളിഞ്ഞു; കോടതി നിലപാട് കർക്കശമാക്കിയതോടെ ഹാരിസണിൽ നിന്നും പിടിച്ചെടുക്കുന്ന ഭൂമിയിൽ ബിഷപ്പ് യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റും; തടയിടാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ - ഉദ്യോഗസ്ഥ - മാദ്ധ്യമ കൂട്ടുകെട്ടിന്റെ സഹായം ഉണ്ടായിട്ടും സ്വയംപ്രഖ്യാപിത മെത്രാൻ കെ പി യോഹന്നാന് ഒടുവിൽ കൈപൊള്ളി. 63 കോടി രൂപ മുടക്കി ഹാരിസൺ ഗ്രൂപ്പിൽ നിന്നും കൈവശപ്പെടുത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ തിരുവായ്ക്ക് എതിർവായില്ലാതെ മുന്നേറിയ യോഹന്നാന് കനത്ത തിരിച്ചടിയായി മാറി. ഹാരിസൺ പ്ലാന്റേഷൻ കമ്പനി അനധികൃതമായി കൈയേറിയ സർക്കാർ ഭൂമിയായിരുന്നു യോഹന്നാൻ കൈയേറ്റ ഭൂമിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ കൈവശപ്പെടുത്തിയത്. എന്നാൽ സർക്കാർ കർക്കശ നിലപാട് കൈക്കൊണ്ടതോടെയാണ് ഒടുവിൽ യോഹന്നാന് തിരിച്ചടിയായത്.

കോടതി ഉത്തരവുകളുടെ പിൻബലത്തിലാണ് ഹാരിസൺ യോഹന്നാന് മറിച്ചുവിറ്റ ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. പത്തനംതിട്ട എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിൽപ്പെടുന്ന 2259.59 ഏക്കർ ഭൂമിയാണ് ബിഷപ്പ് യോഹന്നാന്റേതായി ഉണ്ടായിരുന്നത്. ഈ ഭൂമിയും തിരിച്ചെടുത്ത് സർക്കാറിലേക്ക് കണ്ടുകെട്ടിയതായി അറിയിച്ചിട്ടുണ്ട്. സർക്കാർ നീക്കത്തിന് കോടതിയുടെ പിൻബലം കൂടിയുണ്ട് എന്ന് വ്യക്തമായതോടെ യോഹന്നാന് രാഷ്ട്രീയ തലത്തിൽ സമ്മർദ്ദം ശക്തമാക്കിയും വൻകിട അഭിഭാഷകരെ എത്തിച്ച് കേസ് നടത്തിയും നഷ്ടമായ സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

ഹാരിസണിന്റെ നാല് ജില്ലകളിലെ 30,000 ഏക്കർ ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെന്നുകാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. വയനാട്, തൃശൂർ, എറണാകുളം ജില്ലകളിൽ 33,000ഏക്കർ ഭൂമി ഇനിയും കമ്പനിയുടെ കൈവശമുണ്ട്. ഈ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നത് തുടരുകയാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഓർഡിനൻസ് ഇറക്കുന്നതും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.

കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലായി 10005.55 ഏക്കർ ഭൂമിയാണ് ഹാരിസൺ മറിച്ചു വിറ്റിരിക്കുന്നത്. ഈ ഭൂമി വാങ്ങിയവർ പലരും ബിനാമികളാണെന്ന സൂചനയുമുണ്ട്. ഇടുക്കിയിൽ കൊക്കയാർ വില്ലേജിൽ എൻ.കെ. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പാരിസൺ കമ്പനിയുടെ കയ്യിലുള്ള ഇപ്പോഴത്തെ ബോയ്‌സ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന 1666 ഏക്കർ ഹാരിസൺ വിറ്റതാണ്. യോഹന്നാന് ഉൾപ്പെടെയുള്ളവർക്ക് ഉടൻ നോട്ടീസ് നൽകും.

ഇതിൽ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാതിരിക്കാൻ സമ്മർദ്ദം ശക്തമാണ്. എന്നാൽ ചെറുവള്ളിയെ മാത്രം ഒഴിവാക്കി ഏറ്റെടുക്കൽ മുന്നോട്ട് പോയാൽ അത് തിരിച്ചടിയാകുമെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. അതിനിടെ തോട്ടങ്ങളിലെ തൊഴിലാളികളെ മുന്നിൽനിറുത്തിയാണ് അനധികൃതഭൂമി സംരക്ഷിക്കാൻ കമ്പനി ശ്രമിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഹാരിസൺ തോട്ടങ്ങളിലെ തൊഴിലാളികളെ സർക്കാർ വഴിയാധാരമാക്കില്ലെന്നും അവരുടെ സംരക്ഷണത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകും. ഭൂമി വിറ്റ സംഭവത്തിൽ വിജിലൻസ് കേസും വരും.

ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ വ്യാജരേഖകൾ മാത്രമാണ് ഹാരിസൺ ഹാജരാക്കിയത്. നാല് ജില്ലകളിലെ 8147 ഏക്കർ ഭൂമി കമ്പനി കൈമാറ്റം ചെയ്തിട്ടുണ്ട്. കൊല്ലത്ത് 2700 ഏക്കറിന്റെ ഒറ്റക്കൈമാറ്റത്തിന് പുറമേ 206, 707 ഏക്കർ പലപ്പോഴായി വിറ്റു. ഒരു രേഖയുമില്ലാതെയാണ് 707 ഏക്കർ കൈമാറ്റം നടത്തിയത്. കോട്ടയത്ത് 2263 ഏക്കറും ഇടുക്കിയിൽ 1665 ഏക്കറും കൈമാറ്റം നടത്തി. ഇടുക്കിയിലും 606 ഏക്കർ ഒരുരേഖയുമില്ലാതെയാണ് കമ്പനി വിറ്റതെന്നാണ് കണ്ടെത്തൽ.

ഇടുക്കി ഗൂഡംപാറ എസ്റ്റേറ്റിലെ 606 ഏക്കർ വ്യാജ ആധാരം ചമച്ച് പെനിസുലാർ പ്ലാന്റേഷൻ എന്ന കമ്പനിക്ക് ഹാരിസൺ നൽകിയിട്ടുണ്ട്. പെനിസുലാർ കമ്പനിയുടെ സഹോദര സ്ഥാപനമായ ട്രാവൻകൂർ റബ്ബർ ടീ എസ്റ്റേറ്റിന് കൊല്ലം അമ്പനാട്ടിലെ 2699.97 ഏക്കർ ഭൂമിയും ഇവർ കൈമാറിയിട്ടുണ്ട്. ഇത് വ്യാജ മുക്ത്യാർ ഉപയോഗിച്ചാണ് വിറ്റത്. 1985ൽ വെറും 85 ലക്ഷം രൂപ യ്ക്കാണ് എസ്റ്റേറ്റും ഓഫീസ് കെട്ടിടങ്ങളുമടങ്ങുന്ന 2697.97 ഏക്കർ കൈമാറി യിരിക്കുന്നത്.

തെന്മലയിലെ 206.50 ഏക്കർ മുംബൈ ആസ്ഥാനമായുള്ള റിയാ റിസോർട്ട്‌സിനാണ് ഹാരിസൺ കൈമാറിയിരിക്കുന്നത്. കൊല്ലം ആര്യങ്കാവ് എസ്റ്റേറ്റ് ഉൾപ്പെടുന്ന 707 ഏക്കർ വ്യാജ ആധാരമുപയോഗിച്ചാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. മുമ്പ് ആര്യങ്കാവ് ദേവസ്വംവക ഭൂമിയായിരുന്ന ഇത് എ.പി. നൈനാൻ എന്ന വ്യക്തിയുടെയും മറ്റുള്ളവരുടെയും പേരിലാണ്. ഇതിൽ 485 ഏക്കർ ഒരു പ്ലാന്റേഷന്റെ കൈവശമുണ്ട്. മറ്റുള്ളവ 42 പേരുടെ കൈകളിലാണ്. ഈ ഭൂമിയുടെ യഥാർത്ഥ ഉടമകളെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇടുക്കി ഗൂഡംപാറ എസ്റ്റേറ്റ് കൈമാറ്റവും വ്യാജ ആധാരം ഉപയോഗിച്ചാണ് നടന്നിട്ടുള്ളത്.

ഇടുക്കി കോടികുളം വില്ലേജിലെ കാളിയാർ എസ്റ്റേറ്റിൽപ്പെടുന്ന 1470.51 ഏക്കർ സ്ഥലം എസ്എഫ്ഒ ടെക്‌നോളജീസിന് ഹാരിസൺ മറിച്ചുവിറ്റിട്ടുണ്ട്. സ്‌പെഷ്യൽ ഓഫീസർ പരിശോധന നടത്താനുള്ള വയനാട് ജില്ലയിൽ തൃക്കൈപ്പറ്റ വില്ലേജിൽപ്പെടുന്ന 403 ഏക്കർ ഭൂമി ജയ്ഹിന്ദ് ഏജൻസീസിനാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.

അനധികൃതമായി ഭൂമി കൈവശംവയ്ക്കാനും വില്പനനടത്താനും വ്യാജരേഖ ചമച്ചതിന് ഹാരിസൺ മലയാളം പ്ലാന്റേഷൻ പ്രസിഡന്റ് വിജയരാഘവൻ, വൈസ് പ്രസിഡന്റ് വി.വേണുഗോപാൽ, മുൻ ഡയറക്ടർ ധർമ്മരാജൻ, രവി ആനന്ദ് എന്നിവർക്കെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. റവന്യുവകുപ്പിന്റെ ശുപാർശയോടെ ഇത് ആഭ്യന്തരവകുപ്പിന് നൽകിയിരിക്കുകയാണ്. ഹാരിസണിൽ നിന്ന് പിടിച്ചെടുക്കുന്ന ഭൂമിയുടെ ഒരുഭാഗം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലുൾപ്പെട്ടവർക്ക് പതിച്ചുനൽകും. ബാക്കി തോട്ടമായി സംരക്ഷിക്കും.

അതേസമയം കെ പി യോഹന്നാൻ അടക്കമുള്ള ഉന്നതരാണ് ഹാരിസണിൽ നിന്നും ഭൂമി കൈപ്പറ്റിയവർ എന്നിരിക്കേ സർക്കാറിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്. അതേസമയം ചെറുവള്ളി എസ്റ്റേറ്റ് വാങ്ങാൻ ബിഷപ്പ് യോഹന്നാന് പണം ലഭിച്ചത് അടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും നിഗൂഢമാണ്. 2005-2006 കാലഘട്ടത്തിൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്നും ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നതിനായി 63 കോടി രൂപ ചെലവിട്ടുവെന്നാണ് ഗോസ്പൽ ഫോർ ഏഷ്യ പറയുന്നത്. ഹൈക്കോടതിയിൽ ഇവർ ഹാജരാക്കിയിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റിൽ 2005-2006 കാലഘട്ടത്തിൽ 582927643 രൂപയും, 2006-2007 കാലഘട്ടത്തിൽ 775176159 രൂപയും 2007-2008 കാലഘട്ടത്തിൽ 862009826 രൂപയുമാണ് വിദേശ നിക്ഷേപവുമായി ലഭിച്ചുവെന്ന് പറയപ്പെടുന്നത്.

കെ പി യോഹനന്നാനെതിരെയും ഗോസ്പൽ ഫോർ ഏഷ്യക്കും എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. യോഹന്നാന്റെത്തിന്റെ ഇടപാടുകളെ കുറിച്ച് ആരോപണം ഉയർന്ന വേളയിൽ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി കേരളഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി(റവന്യൂ ഹൗസിങ്) ചെയർപേഴ്‌സൺ ആയും സെക്രട്ടറി ഫോറസ്റ്റ് വൈൽഡ്, ലൈഫ്, ലാൻ റവന്യൂകമ്മീഷണർ, ചീഫ് ഫോറസ്റ്റ് കൺസിഡേറ്റർ, ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ് (പ്രൊട്ടക്ഷൻ) ജില്ലാ കളക്ടർമാരായ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട് എന്നിവരെ മെമ്പർമാരായി ഒരു ഹൈലെവൽ കമ്മിറ്റി രൂപീകരിച്ചു.

ഈ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് കെ.പി യോഹന്നാൻ വാങ്ങിയിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഗവൺമെന്റ് ലാന്റ് ആണെന്നും ഈ സ്ഥലം എത്രയും വേഗം ഗവൺമെന്റിലേക്ക് ഏറ്റെടുക്കേണ്ടതാണെന്നും വ്യക്തമാക്കിയത്. അന്ന് മുതൽ ആരംഭിച്ച നടപടി ക്രമങ്ങൾക്കൊടുവിലാണ് എസ്റ്റേറ്റ് ഇപ്പോൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.

2008 ലെ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ.രമണിയുടെ സമർപ്പിച്ച റിപ്പോർട്ടിൽ 1044 കോടി രൂപ യു.എസ്.എ ടെക്സ്സാസിൽ നിന്നും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെന്നും ഈ തുക ചിലവഴിച്ചതിൽ ദുരൂഹത ഉണ്ടെന്നും വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കുന്നതിനുവേണ്ടിയാണ് വിനിയോഗിച്ചതെന്നും ഇതിനെപ്പറ്റി ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടർന്നാണ് എസ്‌റ്റേറ്റിന്റെ പോക്കുവരവ് റദ്ദുചെയ്തുകൊണ്ട് സർക്കാർ തീരുമാനം കൈകൊണ്ടത്.

നേരത്തെ 105 കോടി രൂപയോളം വരുന്ന വിദേശ കറൻസി ഇടപാടിന്റെ പേരിൽ യോഹന്നാന്റെ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്ത സംഭവവുമുണ്ടായിരുന്നു. യൂഗോസ്ലാവ്യയുടെ 50 കോടി രൂപ മൂല്യമുള്ള രണ്ട് ദിനാർ കറൻസികളും 5 കോടി രൂപ മൂല്യമുള്ള ഒരു ദിനാർ കറൻസിയും ഉൾപ്പെടെ മൂന്ന് കറൻസികളും പിടിച്ചെടുത്ത സംഭവം പിന്നീട് എങ്ങുമെത്താതെ പോകുകയയാിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP