Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഹാറിൽ പട്ടിണിയോട് പടവെട്ടി ഐഎഎസ് നേടിയ കേശവേന്ദ്ര കുമാറിനെ കരിഓയിൽ ഒഴിച്ചാൽ ആര് ചോദിക്കാൻ? കേസിലെ അട്ടിമറി സാധ്യത മനുഷ്യാവകാശ കമ്മീഷൻ നേരത്തെ പ്രവചിച്ചു; ഉദ്യോഗസ്ഥ എതിർപ്പ് ശക്തമായപ്പോൾ കേസ് ഫയൽ എല്ലാം വിളിപ്പിച്ച് മുഖ്യമന്ത്രി കൈവശം വച്ചു

ബീഹാറിൽ പട്ടിണിയോട് പടവെട്ടി ഐഎഎസ് നേടിയ കേശവേന്ദ്ര കുമാറിനെ കരിഓയിൽ ഒഴിച്ചാൽ ആര് ചോദിക്കാൻ? കേസിലെ അട്ടിമറി സാധ്യത മനുഷ്യാവകാശ കമ്മീഷൻ നേരത്തെ പ്രവചിച്ചു; ഉദ്യോഗസ്ഥ എതിർപ്പ് ശക്തമായപ്പോൾ കേസ് ഫയൽ എല്ലാം വിളിപ്പിച്ച് മുഖ്യമന്ത്രി കൈവശം വച്ചു

തിരുവനന്തപുരം: ഹയർ സെക്കന്ററി ഡയറക്ടർ ആയിരുന്ന കേശവേന്ദ്രകുമാറിനെ കെഎസ് യു പ്രവർത്തകർ കരിഓയിൽ ഒഴിച്ച കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ തീരുമാനം ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ ശക്തമായ അമർഷത്തിന് ഇടയാക്കിയതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേസിനെ സംബന്ധിച്ച ഫയലുകൾ എല്ലാം വിളിപ്പിച്ച് കൈവശം വച്ചിട്ടുണ്ട്. ഫയലിന്റെ വിശദാംശങ്ങൾ പുറത്തുപോകാതിരിക്കാനാണ് മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചതെന്നാണ് അറിയുന്നത്. കേസ് പിൻവലിക്കാനുള്ള തീരുമാനം താൻ മന്ത്രിയായ സമയത്തല്ലെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൈയൊഴിഞ്ഞിട്ടുണ്ട്. ഇതോടെ കേസ് പിൻവലിക്കാൻ തീരുമാനം കൈക്കൊണ്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും വ്യക്തമായിട്ടുണ്ട്.

മലയാളി അല്ലാത്ത, സമുദായ-രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണി അല്ലാത്ത, ബിഹാറിലെ പിന്നോക്കാവസ്ഥയോടെ പടവെട്ടി ഐഎഎസ് നേടിയ കേശവേന്ദ്ര കുമാറിനെ പോലൊരു ഉദ്യോഗസ്ഥനെ ആക്രമിച്ചാൽ ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ലെന്ന ധാർഷ്ഠ്യത്തിലാണ് മുഖ്യമന്ത്രിയും കൂട്ടരും ഈ നടപടി കൈക്കൊണ്ടതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥ തലത്തിൽ എതിർപ്പുണ്ടായിട്ടും ഉമ്മൻ ചാണ്ടി ഇപ്പോൾ സ്വയം ന്യായീകരണം നിരത്തുകയാണ് ചെയ്തിരിക്കുന്നത്.

കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ഐഎഎസ് ഉദ്യോഗസ്ഥരിൽ ശക്തമായ അമർഷവും അസംതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. 2013 ഫെബ്രുവരി 5-ന് ഹയർ സെക്കന്ററി ഡയറക്ടറേറ്റിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹയർ സെക്കന്ററി കോഴ്‌സിലേക്കുള്ള ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായി കേശവേന്ദ്ര കുമാറിന്റെ മേൽ കരി ഓയിൽ ഒഴിച്ചതും ഓഫീസ് തല്ലിത്തകർത്തതുമായ സംഭവത്തിലേക്ക് നയിച്ചത്.

സംഭവത്തിൽ കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീൻ ഉൾപ്പെടെ ഏഴുപേർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ക്രൈം നമ്പർ 253/13 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഹയർ സെക്കന്ററി ഡയറക്ടറായ കേശവേന്ദ്ര കുമാറിനെ കരി ഓയിൽ ഒഴിച്ചത് കൂടാതെ ഓഫീസ് ഉപകരണങ്ങൾക്കും ഫയലുകൾക്കും കേടുപാടുകൾ വരുത്തിയതായും 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊതു താൽപര്യപ്രകാരം ഈ സംഭവത്തിൽ കേസെടുത്തിരുന്നു. 2014 ഏപ്രിൽ മാസം ഡിജിപി കമ്മീഷന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ ഈ കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും പ്രതികൾക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കുന്നതാണെന്നും ബോധിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിപ്പിച്ചത് മനഃപൂർവ്വമായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

അതേസമയം കേസ് അട്ടിമറിക്കാനുള്ള സാധ്യത അന്ന് തന്നെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രവചിച്ചിരുന്നു. കേസ് തീർപ്പാക്കിക്കൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവും മുൻ ജില്ലാ ജഡ്ജിയുമായ ആർ നടരാജൻ പുറപ്പെടുവിച്ച ഉത്തരവ് ശ്രദ്ധേയമാണ്.

നിർഭാഗ്യകരവും ലജ്ഞാകരവുമായ സംഭവങ്ങളാണ് ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ അരങ്ങേറിയത്. സർക്കാർ ജോലി കൃത്യമായി ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ അന്യായമായി തടഞ്ഞു വയ്ക്കുകയും സമൂഹമധ്യത്തിൽ അപമാനിക്കുകയും ചെയ്തത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം സംഭവങ്ങൾക്ക് കേസെടുത്ത് നടപടികൾ ആരംഭിക്കുന്നതല്ലാതെ തുടർ നടപടികൾ നടത്താനുള്ള ആർജ്ജവം സർക്കാരുകൾ കാണിക്കുമോയെന്ന് സംശയമാണെന്നും കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കമ്മീഷൻ പ്രകടിപ്പിച്ച സംശയം ശരിയാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ജനാധിപത്യ ക്രമത്തിൽ ഒട്ടേറെ സമരങ്ങൾ ഉണ്ടാകാറുണ്ട്. സമരങ്ങൾ ആവശ്യവുമാണ്. പക്ഷേ ഇത്തരം കാടൻ സമരമുറകൾ സമരങ്ങളുടെ പ്രസക്തി തന്നെ സഷ്ടപ്പെടുത്താനാണ് ഇടയാക്കുന്നത്. ഫീസ് വർദ്ധനവ് സർക്കാരിന്റെ നയപരമായ ഒരു തീരുമാനമാണ്. ഒരു ഉദ്യോഗസ്ഥന്റെ മാത്രം തീരുമാനമല്ല.

സുപ്രീം കോടതി വരെ ശിക്ഷ ശരിവച്ച ഡേവിഡ് ലാലി എന്ന വ്യവസായിയെ ഒരു ദിവസം പോലും തടവിൽ ഇടാതെ മോചിപ്പിക്കാൻ മുൻകൈയെടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. ഇയാളുടെ ശിക്ഷ സർക്കാർ റദ്ദാക്കിയ സംഭവം കഴിഞ്ഞയാഴ്ച മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ശിക്ഷ റദ്ദു ചെയ്യുന്നതിന് സർക്കാർ നിരത്തിയ വാദങ്ങളെല്ലാം പൊളിയായിരുന്നുവെന്നും തെളിഞ്ഞിരുന്നു. ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടം എത്തിയപ്പോൾ കേസ് പിൻവലിക്കാനുള്ള തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഈ രണ്ടു സംഭവങ്ങളും സർക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കുമെന്ന കാര്യം സംശയതീതമാണ്. കുറ്റം ചെയ്യാനുള്ള പ്രവണത സമൂഹത്തിൽ സൃഷ്ടിക്കും. അത് അരാജകത്വത്തിലേക്ക് നയിക്കാനാണ് ഇടയാക്കുന്നത്. പണവും സ്വാധീനവുമുണ്ടെങ്കിൽ നിയമ സംവിധാത്തെ വെല്ലുവിളിക്കാനും അട്ടിമറിക്കാനും കഴിയുമെന്ന് ഇത്തരം സംഭവങ്ങളിലൂടെ അടിവരയിടുന്നുവെന്ന ആക്ഷേപം ഇപ്പോൾ തന്നെ ശക്തമാണ്.

ഇപ്പോൾ തന്നെ കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ ജോലി ചെയ്യാൻ താൽപര്യം കാണിക്കുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പേരാണ് കേന്ദ്ര സർക്കാരിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങി പോയത്. ഇനിയും പലരും ഡെപ്യൂട്ടേഷന് അപേക്ഷ നൽകി കാത്തിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

കേശവേന്ദ്ര കുമാർ ഇപ്പോൾ വയനാട് ജില്ലാ കളക്ടറായി ജോലി നോക്കുന്നു. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കേസ് പിൻവലിച്ചതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദവിവരം ശേഖരിച്ചു വരുന്നതായും അതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കേസ് പിൻവലിച്ചതെന്നും വ്യക്തമാണ്. കേസ് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഉറച്ചു നിന്നാൽ ഐഎഎസ് ഓഫീസർമാരും സർക്കാരും തമ്മിൽ മറ്റൊരു ശീത സമരത്തിലേക്ക് ഈ സംഭവം വഴി തെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത് ഭരണ സ്തംഭനത്തിലേക്ക് തന്നെ വഴി തെളിക്കും.

ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ശുപാർശയോടുകൂടി മാത്രമേ ഇത്തരത്തിലുള്ള ഒരു ഫയൽ ആരംഭിക്കുകയുള്ളൂ. ആഭ്യന്തര വകുപ്പ്, നിയമ വകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കേസ് പിൻവലിച്ച് ഉത്തരവ് ഇറക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കേസ് പിൻവലിക്കുന്നതിനെ കുറിച്ച് വ്യക്തമായി അറിയാമെന്നത് വ്യക്തമാണ്.

കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോഡ്ഫാദറില്ലാത്തതു കൊണ്ട് തന്നെയാണ് കേശവേന്ദ്രകുമാറി ആക്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തിയതെന്നാണ് ആക്ഷേപം. ബിഹാറിലെ സീതാമടിയിൽ സാധാരണ കുടുംബത്തിൽ ജനിച്ച് കഠിനപ്രയതന്നത്തിലൂടെയാണ് കേശവേന്ദ്രകുമാർ ഐഎഎസ് സ്വന്തമാക്കിയത്. പത്താം ക്ലാസ് നല്ല മാർക്കോടെ പാസായ അദ്ദേഹം അച്ഛനു സാമ്പത്തികഭാരം ഏൽപ്പിക്കാതിരിക്കാൻ റയിൽവേയുടെ +2വിനു തുല്യമായ വൊക്കേഷനൽ കോഴ്‌സിനു (വിസിആർസി )ചേർന്നു. രണ്ടു വർഷത്തെ പഠനത്തിനു ശേഷം റയിൽവേ ബുക്കിങ് ക്ലാർക്കായി ജോലി കിട്ടി.

പഠനത്തെക്കാൾ ജോലി ആവശ്യമുണ്ടായിരുന്ന കേശവേന്ദ്ര കുമാർ വിദൂരവിദ്യാഭ്യാസം വഴിയാണ് ഇഗ്‌നോയുടെ ബിഎ ഹിന്ദി പരീക്ഷ പാസായത്. റയിൽവേ ക്ലാർക്കിന്റെ ജോലിക്കിടയിൽ സ്വന്തമായാണ് ഐഎഎസിനു തയ്യാറെടുത്തത്. 22ാം വയസ്സിൽ 45ാം റാങ്കോടെ ഐഎഎസ് ലഭിച്ച കേശവേന്ദ്ര കുമാർ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 27 വർഷത്തെ ചരിത്രത്തിൽ ഐഎഎസ് ലഭിക്കുന്ന ആദ്യ വിദ്യാർത്ഥിയായി. 2008 ഐഎഎസ് ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP