Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

119 ദിവസത്തെ ദുരിത ജീവിതത്തിന് ഒടുവിൽ അറുതിയായി; മലയാളി നേഴ്‌സ് ചിക്കു റോബർട്ട് വധക്കേസിൽ ഒമാൻ പൊലീസ് കസ്റ്റഡിയിൽ വച്ച ഭർത്താവ് ജയിൽ മോചിതനായി; 'നീതിയിൽ വിശ്വാസമുണ്ട്, ഭാര്യയുടെ കൊലപാതകിയെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ'യെന്ന് നെഞ്ചു പിടിയുന്ന വേദനയിൽ ലിൻസൻ; മോചനം ഒരുക്കിയത് സുഷമ സ്വരാജിന്റെ ഇടപെടൽ

119 ദിവസത്തെ ദുരിത ജീവിതത്തിന് ഒടുവിൽ അറുതിയായി; മലയാളി നേഴ്‌സ് ചിക്കു റോബർട്ട് വധക്കേസിൽ ഒമാൻ പൊലീസ് കസ്റ്റഡിയിൽ വച്ച ഭർത്താവ് ജയിൽ മോചിതനായി; 'നീതിയിൽ വിശ്വാസമുണ്ട്, ഭാര്യയുടെ കൊലപാതകിയെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ'യെന്ന് നെഞ്ചു പിടിയുന്ന വേദനയിൽ ലിൻസൻ; മോചനം ഒരുക്കിയത് സുഷമ സ്വരാജിന്റെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒമാനിൽ മലയാളി നഴ്‌സ് ചിക്കു റോബർട്ട് അപ്പാർട്ട്‌മെന്റിൽ കുത്തേറ്റു മരിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒമാൻ പൊലീസ് കസ്റ്റഡിയിൽ വച്ചിരുന്ന ഭർത്താവ് ലിൻസന് ഒടുവിൽ മോചനം. 119 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കോട്ടയം സ്വദേശിയായ ലിൻസൺ തോമസിന് മോചനത്തിന് അവസരമൊരുങ്ങിയത്. തനിക്ക് നീതിയിൽ വിശ്വാസമുണ്ടെന്നും ഒമാൻ പൊലീസ് ചിക്കുവിന്റെ കൊലയാളിയെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ജയിൽ മോചിതനായ ലിൻസൺ ഒമാൻ ടൈംസിനോട് പറഞ്ഞു. ജയിൽ മോചിതനായി ലിൻസൻ ജോലി ചെയ്തിരുന്ന ബദർ അൽസലാമ ആശുപത്രിയാണ് നിലവിലുള്ളത്. കൊല്ലപ്പെട്ട ചിക്കുവിന്റെ പിതാവ് റോബർട്ടും മരുമകന്റെ മോചനത്തിനായി പരിശ്രമത്തിലായിരുന്നു. ലിൻസന്റെ മോചനത്തിനായി നിരന്തരം ഇടപെടലുകൾ നടത്തിയതിന് റോബർട്ട് മറുനാടനോട് നന്ദിപറഞ്ഞു.

ഏപ്രിൽ 10ാം തീയ്യതിയാണ് ചിക്കുവിനെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ചിക്കുവിന്റെ കൊലയാളിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഒമാൻ പൊലീസ് ലിൻസനെ കസ്റ്റഡിയിൽ വെക്കുകയായിരുന്നു. ചിക്കുവിന്റെ കൊലയാളിയെ കണ്ടെത്താൻ തെളിവൊന്നും ഇനിയും ഒമാൻ പൊലീസിന് കിട്ടിയല്ലെന്നാണ് സൂചനകൾ . ലിൻസന് ഇതിൽ പങ്കാളിത്തമുണ്ടെന്ന സംശയമുണ്ടായെങ്കിലും അതുസംബന്ധിച്ച് തെളിവൊന്നും ലഭിക്കാതെ ഇദ്ദേഹത്തെ അനാവശ്യമായി ഇത്രയും കാലം തടവിൽവയ്ക്കുകയായിരുന്നു.ലിൻസണെ മോചിപ്പിക്കാത്തതിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

ഒടുവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് ലിൻസന് മോചനം ഒരുങ്ങിയത്. ചിക്കുവിന്റെ പിതാവ് റോബർട്ടും ലിൻസന്റെ ബന്ധുക്കളും കൂടി വിദേശകാര്യമന്ത്രാലയത്തിൽ സന്ദർശിച്ച് കാര്യം പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിദേശകാര്യ വകുപ്പിൽ നിന്നും ഉറപ്പും ബന്ധുക്കൾക്ക് ലഭിച്ചു. ഓഗസ്റ്റ് ഒന്നിന് നടന്ന സന്ദർശനത്തിന് ശേഷം രണ്ടാഴ്‌ച്ച കഴിയുമ്പോഴാണ് ലിൻസനെ ഒമാൻ സർക്കാർ മോചിപ്പിക്കുന്നത്.

ചിക്കുവിന്റെ മരണത്തിൽ ലിൻസണ് പങ്കില്ലെന്ന് ബന്ധുക്കൾ ആവർത്തിച്ച് പറഞ്ഞിട്ടും ഒമാൻ പൊലീസ് വിടാൻ തയ്യാറായില്ല. ചിക്കു മരിച്ചപ്പോൾ തന്നെ ലിൻസണിനെ ഒമാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മരുമകൻ കുറ്റം ചെയ്തില്ലെന്നായിരുന്നു ചിക്കുവിന്റെ അച്ഛൻ റോബർട്ട് പറഞ്ഞിരുന്നത്. ഈ നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്തതോടെയാണ് ലിൻസണിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. ഇത് ഓമാനെയും അറിയിച്ചിരുന്നു.

ലിൻസണിന്റെ കസ്റ്റഡി എന്തിനെന്ന് വിദേശ കാര്യ മന്ത്രാലയത്തോടും ഒമാൻ പൊലീസ് ഒന്നും വ്യക്തമാക്കാതിരുന്നതോടെ ബന്ധുക്കൾക്കിടയിൽ അത് ആശങ്കയ്ക്കിടയാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യത്തെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമായിട്ടില്ല.

പാക്കിസ്ഥാനിയെ വാടകക്കൊലയാളിയായി ഭർത്താവ് ദൗത്യമേൽപ്പിക്കുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് പാടെ മലക്കംമറിഞ്ഞു. കുറ്റക്കാരനല്ലെന്ന് കണ്ട് പാക്കിസ്ഥാൻകാരനെ ഏതാനും വിട്ടയച്ചുവെങ്കിലും ലിൻസണെ തുടർന്നും കസ്റ്റഡിയിൽവച്ചു. ഭർത്താവിനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെങ്കിലും അയാൾ ഇപ്പോഴും മുഖ്യപ്രതിസ്ഥാനത്തു തന്നെയായതിനാലാണ് വിട്ടയക്കാത്തതെന്ന് ഒമാൻ പൊലീസ് വിചിത്രമായ വിശദീകരണവും നൽകി. മെയ് രണ്ടിന് കൊച്ചിയിൽ നടന്ന ചിക്കുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോലും ജാമ്യം നൽകിയിരുന്നില്ല.

ഇതിനിടെ ഊരും പേരുമില്ലാത്ത ഒരു പ്രണയകഥ പടച്ച് ഗൾഫിലെ ഏറ്റവും പ്രചാരമുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ചിക്കുവിന്റെ പിതാവ് ഒമാൻ അധികൃതർക്ക് ആവർത്തിച്ച് എഴുതിയ കത്തുകളിൽ തന്റെ മകളുടെ ഘാതകൻ മരുമകൻ അല്ലേയല്ലെന്ന് ആണയിടുന്നുണ്ട്. അവൻ ഞങ്ങൾക്ക് മകനെപ്പോലെയാണെന്ന് ഈ കത്തുകളിലുടനീളം വ്യക്തമാക്കിയിരുന്നു. അവൻ ഞങ്ങളുടെ മൂത്തമകനാണ്. എന്റെ മകളെ കൊല്ലാൻ അവനാവില്ല. ദയവായി അവനെ വിട്ടയയ്ക്കുക എന്ന അപേക്ഷ പക്ഷേ ഒമാനി അധികൃതർകണ്ടില്ലെന്ന് നടിക്കുകയാണെന്നും റോബർട്ട് കത്തുകളിൽ ചൂണ്ടിക്കാട്ടി.

ചിക്കുവിന്റെ മരണത്തിൽ ശാസ്ത്രീയമായി പ്രതികളെ കണ്ടെത്തുമെന്നാണ് ഒമാൻ പൊലീസ് പറഞ്ഞിരുന്നത്. ആദ്യം രണ്ട് പാക്കിസ്ഥാനികളെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അവരെ വിട്ടയച്ചു. എന്നാൽ ലിൻസണിനെ വിട്ടയ്ക്കാൻ പൊലീസ് താൽപ്പര്യം കാട്ടിയതുമില്ല. ഇതിന് പിന്നിൽ ഇരട്ട നീതിയുണ്ടെന്ന ആക്ഷേപവും ശക്തമായി.

കഴിഞ്ഞ ഏപ്രിൽ 20നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരൻ വീട്ടിൽ റോബർട്ടിന്റെ മകൾ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയിൽ ഒമാനിലെ ഫ്‌ലാറ്റിൽ കണ്ടെത്തിയത്. ഭർത്താവ് ലിൻസൺ സംഭവ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. കൊലപാതകത്തിന്നു ശേഷം ചിക്കുവിന്റെ കാതിലെ കമ്മൽ അടക്കം 12 ഓളം പവൻ സ്വർണവും അപഹരിക്കപ്പെട്ടിരുന്നു. പുറമേനിന്നും ആരും ഫ്‌ലാറ്റിൽ എത്തിയില്ലെന്ന് വ്യക്തമായതടെയാണ് പൊലീസ് ലിൻസനിലേക്ക് കൂടുതൽ അന്വേഷണം വ്യാപിപ്പിച്ചത്. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം ചിക്കു ജോലിക്ക് എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായിരുന്നു ചിക്കു റോബർട്ട്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് കൊലയാളി ഉള്ളിൽ കടന്നത്.

ലിൻസണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്‌ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടയതോടെയാണ് ഗൾഫിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP