Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമാശ്‌ളീഹ നേരിട്ട് മാമോദീസ മുക്കിയ നമ്പൂതിരിമാരുടെ പിന്മുറക്കാർ ചമയാൻ മത്സരം; കമുകിൽ കയറി പാക്കുപറിച്ച് അരിവാങ്ങിച്ച കുഞ്ഞൂഞ്ഞിനെ മലഞ്ചരക്കു വ്യാപാരിയായി ചിത്രീകരിക്കൽ; പ്രാഞ്ചിമാരുടെ പൊങ്ങച്ചം കേട്ട് സദ്യയുണ്ട് പിരിയുന്ന ചടങ്ങിലേക്ക് മാത്രമായി ക്രിസ്ത്യൻ കുടുംബയോഗങ്ങൾ മാറുമ്പോൾ

തോമാശ്‌ളീഹ നേരിട്ട് മാമോദീസ മുക്കിയ നമ്പൂതിരിമാരുടെ പിന്മുറക്കാർ ചമയാൻ മത്സരം; കമുകിൽ കയറി പാക്കുപറിച്ച് അരിവാങ്ങിച്ച കുഞ്ഞൂഞ്ഞിനെ മലഞ്ചരക്കു വ്യാപാരിയായി ചിത്രീകരിക്കൽ; പ്രാഞ്ചിമാരുടെ പൊങ്ങച്ചം കേട്ട് സദ്യയുണ്ട് പിരിയുന്ന ചടങ്ങിലേക്ക് മാത്രമായി ക്രിസ്ത്യൻ കുടുംബയോഗങ്ങൾ മാറുമ്പോൾ

ജോർജ് വർഗീസ്

ത്തനംതിട്ട ജില്ലയിൽ ഇപ്പോ ക്രിസ്ത്യൻ കുടുംബ യോഗങ്ങളുടെ കാലമാണ്. പൊങ്ങച്ചങ്ങളുടെ കെട്ടുകാഴ്ചകളുമായി പ്രാഞ്ചികൾ വിളയാടുകയാണ്. എല്ലാ കുടുംബയോഗങ്ങളും അവരുടെ ചരിത്ര പുസ്തകങ്ങൾ തട്ടിക്കൂട്ടി ഇറക്കുന്നുണ്ട്. എല്ലാ കുടുംബക്കാരുടേയും പൂർവ്വപിതാക്കൾ നമ്പൂതിരിമാരാണെന്നാണ് എഴുതി വെച്ചിരിക്കുന്നത്. ഇതിനുംമാത്രം നമ്പൂതിരിമാർ മതം മാറിയതായി ചരിത്രത്തിലെങ്ങും രേഖപ്പെടുത്തിയിട്ടുമില്ല.

രക്തബന്ധങ്ങളുടെ നാരായവേരുകൾ തേടി ഒരുമിച്ച് ഒരു കുടക്കീഴിൽ എന്നതാണ് കുടുംബ യോഗത്തിന്റെ ലക്ഷ്യം. തലമുറകൾ മാറുമ്പോൾ അന്യമായിപ്പോകുന്ന രക്തത്തെ തിരിച്ചറിഞ്ഞ് ഒരു കൂടിച്ചേരൽ. സ്‌നേഹ മരച്ചുവട്ടിൽ ഒന്നിച്ചിരുന്നു കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പും തിരിച്ചറിയൽ. കൂട്ടത്തിലുള്ളവന്റെ ദുരിതങ്ങളിൽ കയ്ത്താങ്ങാവുകയും ആശ്വാസമാവുകയും ചെയ്യൂക എന്ന മഹത്തായ സന്ദേശത്തെ ഇത് വിളംബരം ചെയ്യുന്നു. അഥവാ ആശയും ആവേശവും നല്കി എല്ലാവരേയും ഒരേ തട്ടിലേക്ക് ഉയർത്താനും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പങ്കുവെക്കലിന് കളമൊരുക്കാനും ആണ് ഈ കൂടിച്ചേരൽ. അങ്ങനെ കുടുംബത്തിന്റെ മഹത്വം ഉയർത്തുകയെന്നതാണ് കുടുംബയോഗങ്ങളുടെ ലക്ഷ്യം.

എന്നാൽ അല്പത്തത്തിന്റെയും ആഡംബരത്തിന്റേയും പ്രളയമായി ചില കുടുംബയോഗങ്ങൾ മാറുന്നു. ഉള്ളവൻ വിളമ്പുന്ന പൊങ്ങച്ചസദ്യയുണ്ടുകൊണ്ട് ദീർഘനിശ്വാസത്തോടെ പോകന്ന ഇല്ലാത്തവൻ തന്റെ ഇല്ലായ്മയുടെ അപകർഷത കൊണ്ട് വീണ്ടും ഇല്ലാതെയാകുന്നു. ഉള്ളവന്റെ മഹത്വം കുടുംബ മഹത്വമായി പ്രഘോഷിക്കപ്പെടുന്നു. കുറവുകൾ ഉള്ളവർ കുടുംബചിത്രത്തിനു വെളിയിലാകുന്നു. വേരുതേടിയുള്ള യാത്രകൾ ഉള്ളവനിൽ തന്നെ തുടങ്ങുന്നു... അവസാനിക്കുന്നു. കുടുംബയോഗങ്ങൾക്ക് ഇത് ഒരു ആമുഖം മാത്രം.

മധ്യതിരുവിതാംകൂറിൽ മെയ് മാസം കുടുംബയോഗങ്ങളുടെ മാസമാണ്. ക്രൈസ്തവ വിഭാഗത്തിലെ പ്രമുഖർ തുടങ്ങിവച്ച കുടുംബയോഗം മെയ് മാസത്തിൽ പതിവു തെറ്റാതെ മറ്റെല്ലാവരും ഇപ്പോൾ നടത്തുന്നു. കണ്ടത്തിൽ മുതൽ കടുവിനാൽ വരെയുള്ള കുടുംബയോഗങ്ങൾ ഇപ്പോൾ വൻ പരിപാടികളോടെ നടക്കുന്നു. നന്നായി കാര്യങ്ങൾ ചെയ്യുന്ന കുടുംബയോഗങ്ങളും പേരിന് നടത്തി ശാപ്പാടു കഴിച്ച് പിരിഞ്ഞ് അടുത്ത വർഷം ശാപ്പാടിനായി മാത്രം ചേരുന്ന കുടുംബയോഗങ്ങളും ഇല്ലാതില്ല.

കോഴഞ്ചേരിയിലെ പ്രമുഖ കുടുംബം. വൻകിട ബിസിനസുകാരും മറ്റും ഉൾപ്പെട്ടതാണ് ഈ കുടുംബം. കുടുംബാംഗങ്ങൾ നടത്തുന്ന ആശുപത്രിയിൽ കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി സഹായം നൽകുന്നു. ബിസിനസ് അൽപം പൊട്ടി നിൽക്കുന്നവന് പലിശരഹിത വായ്പ.. എന്നുതുടങ്ങി കുടുംബത്തിലെ മുഴുവൻ പേരെയും കൈ പിടിച്ചുയർത്തുന്ന ചില കൂട്ടായ്മകൾ കാണാം.

കുടുംബത്തിലുള്ളവരെ വിവാഹം കഴിക്കാത്ത ക്രിസ്ത്യാനികൾക്ക് ഒരാശ്വാസമാണ് കുടുംബയോഗം. കുടുംബത്തിലുള്ളവരെ തിരിച്ചറിയാൻ ഒരു സുവർണാവസരമായി ഇത്തരം യോഗങ്ങൾ മാറുന്നു. ഇന്ന് മുന്നൂറോളം ചാപ്റ്ററുകളുള്ള കുടുംബങ്ങളും ഉണ്ട്. അത്തരം കുടുംബങ്ങൾ ഗ്ലോബൽ സമ്മേളനങ്ങളും നടത്തുന്നു. ഇത്തരം കുടുംബയോഗങ്ങളിലൂടെ ജോലിയില്ലാത്തവരെ രക്ഷപ്പെടുത്തുന്നു. പല കുടുംബങ്ങളും രക്ഷപ്പെടുന്നതിന് കുടുംബയോഗങ്ങൾ കാരണമായിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ കെട്ടിപ്പിടിച്ച് കണ്ണീർ തൂകുന്നതും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതും കാണേണ്ട കാഴ്ച തന്നെയാണ്.

പണ്ട് മകനെ പഠിപ്പിക്കാൻ, മകളെ കെട്ടിക്കാൻ പൈസ ചോദിച്ച ബന്ധു ചുളുവിൽ ഭൂമി അടിച്ചു മാറ്റിയതിനെപ്പറ്റിയുള്ള ചർച്ചകൾ... പിന്നെ മക്കൾ വിദേശത്തു പോയി രക്ഷപ്പെട്ട് ആഡംബര കാറിൽ കുടുംബയോഗത്തിനു വന്നപ്പോൾ പഴയ ബന്ധുവിന്റെ മുന്നിൽ ഞെളിയുന്ന കാഴ്ചകൾ ഒക്കെ കുടുംബയോഗങ്ങളിലെ സ്ഥിരം സംഭവങ്ങളാണ്. മക്കളുടെ വിവാഹം, വീട്ടിലെ അടിയന്തിരങ്ങൾ എന്നിവയിലെല്ലാം ജന പങ്കാളിത്തം ഉണ്ടാക്കാനും കുടുംബയോഗങ്ങൾക്ക് ആവുന്നു. മൊത്തത്തിൽ ചിട്ടവട്ടമായി നടക്കുന്ന കുടുംബയോഗത്തിന് ഫുൾ മാർക്ക് തന്നെ കൊടുക്കാം.

കുടുംബയോഗങ്ങൾ നല്ലതാണങ്കിലും കുടുംബ ചരിത്രം അറുബോറാണ്. തോമാസ്ലീഹ നേരിട്ടു വന്ന് മാമോദീസ വെള്ളം തലയിൽ വീഴിച്ച ബ്രാഹ്മണ കുടുംബത്തിലെ പിന്മുറക്കാരാണന്ന് മിക്ക ക്രൈസ്തവ കുടുംബങ്ങളും വച്ചുകാച്ചുന്നു. കമുകിൽ കയറി പാക്കു പറിച്ച് അരി വാങ്ങിച്ചിരുന്ന കുഞ്ഞൂഞ്ഞിനെ വലിയ മലഞ്ചരക്ക് വ്യാപാരിയായും ചിത്രീകരിച്ചിരിക്കുന്നു. പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും.

പഴയ പേരുകേട്ട കുടുംബങ്ങളുടെ ഭൂമി വാങ്ങി താമസിക്കുന്നവനും പിന്നെ ആ കുടുംബത്തിന്റെ പേര് തന്റെ പേരിന്റെ വാലാക്കി വിലസുന്നവനും ഏറെയുണ്ട്. വീട്ടിൽ പശുവിനെ കറക്കാൻ വന്നവൻ കണ്ണിറുക്കി വീട്ടിലെ പെണ്ണിനെ കെട്ടിയതിന്റേയും പിന്നെ കാശായി പെണ്ണിന്റെ കുടുംബ പേര് തന്റെ പേരിനൊപ്പം ചേർത്ത് വിലസുന്നതിന്റേയും കഥകളും നിരവധി.

ഇത്തരം പൊങ്ങച്ചങ്ങളിലേക്കും കുടുംബങ്ങളിലെ പ്രാഞ്ചിമാരുടെ പഴംപുരാണം വിളമ്പലിലേക്കും ഒതുങ്ങാതെയും യഥാർത്ഥ പാരമ്പര്യം ഉയർത്തിക്കാട്ടാൻ ശ്രമിച്ചുകൊണ്ടും കുടുംബത്തിലെ ദുർബലരെ കൈപിടിച്ചുയർത്താൻ മുൻകൈ എടുത്തുകൊണ്ടും നീങ്ങുമ്പോഴേ അത് യഥാർത്ഥ കുടുംബയോഗമായി മാറൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP