Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടച്ച വാതിലുകൾ തുറന്നു കൊണ്ട് സത്യത്തിന്റെ വെളിച്ചം പ്രസരിപ്പിക്കും; യഥാർത്ഥ്യങ്ങളെ തെളിമയോടെ കാണുമെന്ന പ്രഖ്യാപനവുമായി ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ; ചരൽകുന്നിൽ അടുത്ത മാസം അന്തർദേശീയ സമ്മേളനം

അടച്ച വാതിലുകൾ തുറന്നു കൊണ്ട് സത്യത്തിന്റെ വെളിച്ചം പ്രസരിപ്പിക്കും; യഥാർത്ഥ്യങ്ങളെ തെളിമയോടെ കാണുമെന്ന പ്രഖ്യാപനവുമായി ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ; ചരൽകുന്നിൽ അടുത്ത മാസം അന്തർദേശീയ സമ്മേളനം

അർജുൻ സി വനജ്

കൊച്ചി: ക്രിസ്ത്യൻ മതവിശ്വാസികളെ സംഘപരിവാറിനൊപ്പം നിർത്തുകയെന്ന അപ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ കൂടുതൽ സജീവമാകുന്നു പ്രവർത്തനം തുടങ്ങി ആറുമാസത്തിനകം കേരളത്തിലെ 14 ജില്ലകൾക്കൊപ്പം പതിനഞ്ചിലധികം സംസ്ഥാനങ്ങളിലും, പത്തോളം രാജ്യങ്ങളിലുമായി യൂണിറ്റ് പ്രവർത്തനം ആരംഭിച്ച സംഘടനയിൽ, ഇരുപത്തി രണ്ടോളം ക്രിസ്ത്യൻ സഭ പ്രതിനിധികൾ പ്രവർത്തിച്ച് വരുന്നുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം.

വിഎച്ച്പി അന്തർ ദേശീയ വർക്കിംങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ നേതൃത്വം നൽകുന്ന ഹിന്ദു ഹെൽപ്പ് ലൈനിന്റെ മാതൃകയിലാണ് സിഎച്ച്എല്ലിന്റെയും പ്രവർത്തനം. ക്രിസ്ത്യൻ ഹെൽപ്പ് ലൈന്റെ ആദ്യ അന്തർദേശീയ സമ്മേളനം ചരൽക്കുന്നിൽ അടുത്തമാസം 26 മുതൽ 28 വരെ നടത്താനുള്ള ഒരുക്കത്തിലാണ് സംഘടന. ''തുറന്നുവരിക'' എന്നർത്ഥം വരുന്ന 'എഫഥാ' എന്ന അരാമ്യ വാക്കാണ് ആദ്യ ഇന്റർ നാഷണൽ കോൺഫറൻസിന്റെ പേരായി തിരഞ്ഞെടുത്തിരിക്കുന്നത്.

'കടക്കൂ പുറത്ത്' എന്നാക്രോശിച്ചുകൊണ്ട് പൊതുസമൂഹത്തിനുനേരേ വാതിലുകൾ കൊട്ടിയടയ്ക്കുന്ന അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ നാടു വാഴുന്ന കാലഘട്ടത്തിൽ, അടച്ച വാതിലുകൾ തുറന്നു കൊണ്ട് സത്യത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുവാനും, യാഥാർത്ഥ്യങ്ങളെ തെളിമയോടെ കാണാനും ക്രൈസ്തവ സമുദായത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യമാണ് ഈ സമ്മേളനത്തിനുള്ളതെന്ന് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ അന്തർദേശീയ കൺവീനർ രഞ്ജിത്ത് ഏബ്രഹാം തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

രാഷ്ട്രീയ കേരളത്തിൽ നിർണായകമായ പല സംഭവങ്ങൾക്കും വേദിയാണ് ചരൽക്കുന്ന്. ക്രൈസ്തവ സമുദായത്തെയും കർഷക സമൂഹത്തെയും മൊത്തവിലയ്ക്കു വിറ്റ് സ്വന്തം ഉന്നമനത്തിനായി കരുക്കൾ നീക്കിയ ചില രാഷ്രീയ ശകുനിമാരുടെ കുതന്ത്രങ്ങൾക്കായിരുന്നു മുൻപ് പലപ്പോളും ചരൽക്കുന്ന് സാക്ഷ്യം വഹിച്ചിരുന്നതെങ്കിൽ, ഇക്കുറി സമുദായ സ്നേഹികളും രാജ്യസ്നേഹികളുമായ ക്രൈസ്തവരുടെ ശക്തവും ധീരവുമായ നിലപാടുകളുടെ പ്രഖ്യാപനത്തിനായാണ് ചരൽക്കുന്ന് കാതോർക്കുന്നത്. രഞ്ജിത്ത് ഏബ്രഹാം പറയുന്നു.

കേരളം ഭരിച്ച പ്രമുഖ കക്ഷികൾ വോട്ടുബാങ്ക് ലക്ഷ്യമാക്കി പ്രീണനനയങ്ങൾ തുടരുമ്പോൾ, ക്രൈസ്തവ സമുദായം പലമേഖലകളിലും അവഗണിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾപോലും ക്രൈസ്തവർക്കു നിഷേധിക്കപ്പെടുമ്പോൾ മറ്റു ചിലർക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങളും സംവരണവും ഒരുപോലെ ലഭിക്കുന്നു. കേരളത്തിൽ വളർന്നുവരുന്ന തീവ്രവാദ സംഘടനകളുടെ 'സോഫ്റ്റ് ടാർജറ്റ്' ആയി ക്രിസ്ത്യാനികളും, ക്രൈസ്തവ സ്ഥാപനങ്ങളും മാറുന്നു. വിദ്യാഭ്യാസ വായ്പയെടുത്തും കാർഷിക വായ്പയെടുത്തും കടക്കെണിയിലായിരിക്കുന്നവരിൽ മഹാഭൂരിപക്ഷവും ക്രൈസ്തവരാണ്. എങ്കിലും ക്രൈസ്തവ സമുദായത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പഠിക്കാൻ കമ്മിഷനുകളുമില്ല, റിപ്പോർട്ടുകളുമില്ല. വിവിധ സഭകളായി ഭിന്നിച്ചു നിൽക്കുന്നതിനാൽ സാധാരണക്കാരായ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ആവശ്യങ്ങൾ ഭരണകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുത്താൻപോലും അവസരം ലഭിക്കുന്നില്ല. ഇതാണ് ക്രിസ്റ്റ്യൻ ഹെൽപ്പ് ലൈനിലേക്കുള്ള ആശയത്തിന് കാരണമായതെന്നാണ് സംഘാടകരുടെ വാക്കുകൾ.

പ്രബല സഭകളുടെ നേതൃത്വമാകട്ടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം മാത്രമാണ് സമുദായം നേരിടുന്ന പ്രശ്നമായി കണക്കാക്കുന്നത്. പ്രകാശത്തിലേക്കു പറന്നുയരുന്ന വെള്ളരിപ്രാവാണ് സമ്മേളനത്തിന്റെ പ്രതീകം. അടഞ്ഞ വാതിലുകൾ തുറക്കപ്പെടുമ്പോൾ, സത്യത്തിന്റെ വെള്ളിവെളിച്ചം വീശുമ്പോൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ മറികടന്നുകൊണ്ട് ക്രൈസ്തവ സമൂഹവും ഉയരങ്ങളിലേക്കു ചിറകുവിടർത്തുക തന്നെ ചെയ്യും. ആറ് മാസത്തിനിടെ ലൗ ജിഹാദിൽ നിന്ന് 12 ക്രിസ്ത്യൻ പെൺകുട്ടികളെ രക്ഷിച്ചെടുക്കാനും നിരവധി കേസുകളിൽ പാവപ്പെട്ട ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നിയമസഹായവും നൽകാൻ സാധിച്ചു. മാത്രമല്ല, കേരളത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലൗ ജിഹാദ്, ഫുഡ് ജിഹാദ്, ജോബ് ജിഹാദ്, ബിസിനസ് ജിഹാദ്, ഹോസ്പിറ്റൽ ജിഹാദ്, ലാൻഡ് ജിഹാദ്, പ്രിസൺ ജിഹാദ് തുടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ അജണ്ടകളെ ചെറിയ നിലയിലെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കാനായി. രഞ്ജിത്ത് പറയുന്നു. ബിജെപി ന്യൂന പക്ഷ മോർച്ചയുടെ മുൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയാണ് രഞ്ജിത്ത്. ഡോ.മാത്യൂസ് മാർ ഗ്രിഗോറിയോസാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ രക്ഷാധികാരി.

ഇന്ത്യക്ക് പുറത്ത് ഇസ്രയേൽ, ഓസ്ട്രേലിയ, യുഎസ്, ക്യാനഡ, ഇംഗ്ലണ്ട്, ഇറ്റലി, അയർലന്റ്, യുഎഇ, മലേഷ്യ, ദക്ഷിണാഫ്രിക്ക, തുടങ്ങി പത്തോളം രാജ്യങ്ങളിൽ ഇതിനകം സിഎച്ച്എൽ പ്രവർത്തനം ആരംഭിച്ചുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. സീറോ മലബാർ, ലാറ്റിൻ കാത്തലിക് , മലങ്കര കാത്തലിക്, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സിഎസ്ഐ, സി.എൻ.ഐ,ക്നാനായ, ഇവാഞ്ജലിക്കൽ, ബിലീവേഴ്സ്, സാൽവേഷൻ ആർമി, ബ്രദറൻ, സെവന്ത് ഡേ, സ്വർഗ്ഗീയ വിരുന്ന്, യൂയോമയം, തോഴിയൂർ, സിറിയൻ ഇൻഡിപെൻഡന്റ് ഓർത്തഡോക്സ്, ഇന്ത്യാ പെന്തിക്കോസ്ത് ദൈവസഭ , ദ പെന്തിക്കോസ്ത് മിഷൻ , ഷാരോൻ ദൈവസഭ, ചർച്ച് ഓഫ് ഗോഡ് തുടങ്ങിയ 22 ഓളം സഭാ വിശ്വാസികൾ ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നതായാണ് സംഘടകർ നൽകുന്ന വിവരം. വൈറ്റില ഉദയ റോഡിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഓഫീസും സിഎച്ച്എൽ ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP