Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലബാറിൽ റമദാനും മധ്യ കേരളത്തിൽ ക്രിസ്മസും; മലപ്പുറത്ത് മമ്മൂട്ടിയും തിരുവിതാംകൂറിൽ മോഹൻലാലും; സിപിഎമ്മിനെ തോൽപ്പിക്കാൻ നാരായണ ഗുരുവിനേയും ആയുധമാക്കി; മതത്തെ ബുദ്ധിപരമായി ഉപയോഗിച്ച മനോരമയ്ക്ക് ആദ്യമായി അടിപതറി; വൈദികരും കന്യാസ്ത്രീകളും അടക്കം തെരുവിൽ ഇറങ്ങിയതോടെ മനോരമ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

മലബാറിൽ റമദാനും മധ്യ കേരളത്തിൽ ക്രിസ്മസും; മലപ്പുറത്ത് മമ്മൂട്ടിയും തിരുവിതാംകൂറിൽ മോഹൻലാലും; സിപിഎമ്മിനെ തോൽപ്പിക്കാൻ നാരായണ ഗുരുവിനേയും ആയുധമാക്കി; മതത്തെ ബുദ്ധിപരമായി ഉപയോഗിച്ച മനോരമയ്ക്ക് ആദ്യമായി അടിപതറി; വൈദികരും കന്യാസ്ത്രീകളും അടക്കം തെരുവിൽ ഇറങ്ങിയതോടെ മനോരമ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സർക്കുലേഷനുള്ള പ്രാദേശിക പത്രമാണ് മലയാള മനോരമ. മലയാളികളുടെ മനസ്സ് തന്ത്രങ്ങളിലൂടെ പിടിച്ചാണ് ഈ പദവിയിലേക്ക് മനോരമ എത്തിയത്. എന്നും ക്രൈസ്തവ ആഭിമുഖ്യമുള്ള പത്രമെന്ന് പ്രചരിക്കപ്പെട്ടപ്പോഴും പ്രാദേശിക മനസ്സ് അനുസരിച്ചുള്ള വിഭവങ്ങൾ ഒരുക്കി മുന്നേറിയ പത്രം. കേരളത്തെ മൂന്ന് മേഖലയായി തിരിച്ച് പ്രത്യേക സമീപനങ്ങൾ നടപ്പാക്കിയ പത്രമായിരുന്നു മനോരമ. മാതൃഭൂമിയെ പിന്തള്ളി പ്രചാരത്തിൽ ഒന്നാമനായ മലയാള പത്രമായി മനോരമ മാറിയതും അങ്ങനെയായിരുന്നു. ഇതെല്ലാമാണ് ഒറ്റ ദിവസം കൊണ്ട് തകരുന്നത്.

ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്‌നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രം മനോരമയുടെ ഭാഷാപോഷിണിയിൽ അടിച്ചു വന്നപ്പോൾ തന്നെ പ്രശ്‌നമാകുമെന്ന് അവർ കരുതി. എന്നാൽ കാര്യങ്ങൾ ഇത്രത്തോളമാകുമെന്ന് ആരും വിചാരിച്ചതുപോലുമില്ല. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്‌മെന്റ് ഉടനടി ഇടപെടൽ നടത്തി. മാഗസിൻ പിൻവലിക്കുകയും ചെയ്തു. കത്തോലിക്കാ സഭയുടെ ഉന്നതർ പ്രശ്‌നമെല്ലാം അതോടെ തീർന്നെന്നും വ്യക്തമാക്കി. എല്ലാം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് വൈദികരും കന്യാസ്ത്രീകളും പ്രതിഷേധത്തിന് തെരുവിലെത്തിയത്.

മനോരമ ബഹിഷ്‌കരിച്ച് പ്രതിഷേധം തീർക്കാൻ സഭാ വിശ്വാസികൾ തന്നെ എത്തുമ്പോൾ പ്രതിഷേധം പുതിയ തലത്തിലെത്തുന്നു. ഇതിനെ എങ്ങനെ മറികടക്കുമെന്ന് തലപുകയ്ക്കുകയാണ് മനോരമ മാനേജ്‌മെന്റ്. കരുതലോടെ നീങ്ങിയുണ്ടാക്കിയ സർക്കുലേഷൻ നഷ്ടമാകാതിരിക്കാൻ എന്തു ചെയ്യണമെന്നാണ് ആലോചന. വിവാദം കൈവിട്ടു പോയെന്നും വിലയിരുത്തുന്നു. ക്രൈസ്തവരുടെ പിന്തുണയിൽ നേട്ടമുണ്ടാക്കിയ പത്രമായിരുന്നു മനോരമ. അവർ തന്നെയായിരുന്നു അവരുടെ അടിത്തറയും. ഇവിടെയുണ്ടാകുന്ന ഉലച്ചിൽ മനോരമയുടെ സർക്കുലേഷനെ കാര്യമായി സ്വാധീനിക്കുമെന്ന് മാനേജ്‌മെന്റും വിലിയുരത്തുന്നു.

മലാബറിനും തെക്കൻ കേരളത്തിനും മധ്യ കേരളത്തിനും വെവ്വേറെ പദ്ധതികളാണ് മനോരമ നടപ്പാക്കിയത്. മലബാറിലെ എഡിഷനിൽ റംസാനും മധ്യകേരളത്തിൽ ക്രിസ്മസും നിറഞ്ഞു. എന്തിനേറെ പറയുന്നു സിപിഐ(എം) വിരുദ്ധരെന്ന് പറയുമ്പോഴും കണ്ണൂരിലെത്തുമ്പോൾ പ്രാദേശിക പേജിൽ സിപിഐ(എം) പത്രമായി വരെ മനോരമ പ്രവർത്തിച്ചു. മലബാറിലെ നായർ-തീയ്യ വിഭാഗങ്ങൾ മാതൃഭൂമിക്കൊപ്പം നിലകൊണ്ട സമയത്താണ് മനോരമ ആ വിഭാഗങ്ങളെ കൂടാതെ മുസ്ലിം സമുദായത്തെ കൂടി ഒപ്പം നിർത്തി പ്രചരണം കൊഴുപ്പിച്ചത്. അതിന് വേണ്ടി മുസ്ലിം മനസിൽ ഇടംപിടിച്ചവരെ തന്നെ പത്രം രംഗത്തിറക്കി. പ്രചരണങ്ങളെല്ലാം കൊഴുത്തപ്പോൾ മാതൃഭൂമിയെ വെല്ലുന്ന വിധത്തിൽ പത്രം വളർന്നു. സർക്കുലേഷനിലും മലബാറിൽ മനോരമ മുന്നിലെത്തി.

മലബാറിൽ പയറ്റിയ തന്ത്രങ്ങൾ തന്നെയായിരുന്നു തിരുവിതാംകൂറിലെ ഹൈന്ദവ മനസ്സിനെയും ക്രൈസ്തവ മനസു പിടിക്കാനും മനോരമ ആവിഷ്‌ക്കരിച്ചത്. തിരുവിതാംകൂറിൽ മോഹൻലാലിനെ നിറച്ച് മനസ്സ് പിടിച്ചപ്പോൾ മലബാറിൽ മമ്മൂട്ടിയായി താരം. രാഷ്ട്രീയമായി എന്നും കോൺഗ്രസിനൊപ്പമാണ് പത്രമെന്ന വിലയിരുത്തലുമുണ്ടായി. ഇതിലൂടെ കോൺഗ്രസുകാരുടെ വീട്ടിലെല്ലാം മനോരമയെത്തി. കോൺഗ്രസിന്റെ മുഖപത്രത്തെ ഏറ്റവും അധികം തളർത്തിയത് മനോരമയാണെന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. സിപിഐ(എം) വിരോധം ആളിക്കത്തിച്ചാണ് ഇത് ചെയ്തത്. ശ്രീ നാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ച സിപിഐ(എം) ആഘോഷമുൾപ്പെടെ ചർച്ചയാക്കി മലബാറിലെ ഹൈന്ദവ മനസ്സുകളേയും ആകർഷിച്ചു.

ഇതിനിടെ മാതൃഭൂമി പത്രത്തിൽ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിൽ നേട്ടമുണ്ടാക്കിയും മനോരമ സർക്കുലേഷൻ കൂട്ടിയിരുന്നു. മാതൃഭൂമി നഗരത്തിലെ പരാമർശത്തിനിടെ വലിയ വിവാദം മുസ്ലിം സംഘടനകൾ ഉയർത്തി. പത്രം ബഹിഷ്‌കരിക്കാൻ ആഹ്വാനമെത്തി. വിദേശത്തെ മലയാളികൾ കൂട്ടത്തോടെ മാതൃഭൂമി ഉപേക്ഷിച്ചു. ഗൾഫിലെ മാളുകളിൽ പോലും മാതൃഭൂമി വിൽപ്പനയ്‌ക്കെടുത്തില്ല. ഇതോടെ ഈ മേഖലയിൽ വീണ്ടും മനോരമ സർക്കുലേഷൻ ഉയർത്തി. അതിനുള്ള പ്രത്യേകം മാർഗ്ഗങ്ങൾ ഒരുക്കുകയും ചെയ്തു. ഇങ്ങനെ കിട്ടുന്ന അവസരമെല്ലാം സമർത്ഥമായി ഉപയോഗിക്കുന്ന മനോരമയ്‌ക്കെതിരെയാണ് ക്രൈസ്തവ വിശ്വാസികൾ തന്നെ രംഗത്തു വരുന്നത്. ഇത് മനോരമയുടെ അടിത്തറയിൽ കോട്ടമുണ്ടാക്കിയാൽ ബാക്കിയുള്ളതെല്ലാം തവിടു പൊടിയാകും. അതുകൊണ്ട് എങ്ങനേയും പ്രശ്‌നത്തിൽ നിന്ന് തലയൂരാനാണ് ശ്രമം. മലയോര മേഖലയിൽ സർക്കുലേഷൻ നഷ്ടം മനോരമ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കാൻ മാതൃഭൂമിക്ക് മികച്ച മാർക്കറ്റിങ് വിഭാഗം ഇല്ലെന്നെത് മാത്രമാണ് മനോരമയ്ക്ക് ആശ്വാസം നൽകുന്നത്. മാത്രമല്ല, മനോരമ ഉപേക്ഷിക്കുന്നവർ ദീപിക വരുത്താനാണ് നീക്കം നടത്തുന്നതും.

ഭാഷാ പോഷണിയിലെ ചിത്രം ചിത്രം ക്രൈസ്തവരെ അവഹേളിക്കുന്നവയാണെന്ന് ആരോപിച്ച് ഹൈറേഞ്ച് മേഖലയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മലയോര മേഖലയയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധവുമായി വിശ്വാസി സമൂഹം നിരത്തിലിറങ്ങി. മനോരമ പ്രസിദ്ധീകരണങ്ങൾ റോഡുകളിൽ ചീന്തിയെറിഞ്ഞും കത്തിച്ചും യോഗങ്ങൾ സംഘടിപ്പിച്ചുമുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് പ്രധാനമായും മുഴങ്ങുന്നത്. ചില പള്ളികളുടെ നേതൃത്വത്തിൽ പത്രസ്ഥാപനത്തിന്റെ മാപ്പു പോലും വകവെക്കാതെ പ്രതിഷേധം സംഘടിപ്പിക്കുന്നതും വ്യാപകമാണ്. വായ്മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ക്രൂശിതരൂപവുമേന്തി പ്രതിഷേധം നടത്തി. ഏജന്റുമാർ മനോരമ പ്രസിദ്ധീകരണങ്ങൾ വ്യാപകമായി വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. പള്ളികളിൽ വിശുദ്ധ കുർബാന മധ്യേ പുരോഹിതർ മനോരമ നടപടിയെ നിശിതമായി വിമർശിച്ചു പ്രസംഗം നടത്തിയിരുന്നു. ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ പള്ളികളിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മനോരമയ്‌ക്കെതിരെ ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിലൊരു പ്രതിസന്ധി മനോരമയ്ക്ക് ആദ്യമായാണ് നേരിടേണ്ടി വരുന്നതെന്നതാണ് യാഥാർത്ഥ്യം. ക്രൈസ്തവ വായനക്കാർക്കൊപ്പം മറ്റ് മതവിഭാഗങ്ങളെ ചെപ്പടി വിദ്യയിലൂടെ ഒപ്പം നിർത്തിയുള്ള പ്രചാര വർദ്ധനവിനാണ് ഈ പ്രതിഷേധങ്ങൾ വിലങ്ങ് തടിയാകുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്‌മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നായിരുന്നു. ഇങ്ങനെയൊരു ചിത്രം മനോരമ പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സഭയുമായി അടുപ്പമുള്ളവർ അത് മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും അധികം സർക്കുലേഷനുള്ള പത്രം വിവാദം ഒതുക്കാൻ മുൻകരുതൽ സ്വീകരിച്ചു. അത് ഫലം കണ്ടില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചതായിരുന്നു ഈ പെയിന്റിങ്. ചിത്രം വിവാദമായതിനെ തുടർന്ന് വിപണിയിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭാഷാപോഷിണി പിൻവലിച്ചു. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്‌മെന്റ് ഉടനടി ഇടപെടൽ നടത്തുകയായിരുന്നു. അന്ത്യത്താഴത്തിൽ യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയിൽ അർധ നഗ്‌നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകൾ ഇരിക്കുന്ന ചിത്രമാണ് ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചത്.

യേശുവിന്റെ ഇരുവശത്തുമായി ആറുശിഷ്യർ വീതം അത്താഴത്തിരിനിരിക്കുന്ന വിഖ്യാതചിത്രമാണ് ഡാവിഞ്ചിയുടേത്. ടോം വട്ടക്കുഴിയുടെ അത്താഴമേശയുടെ നടുവിൽ ക്രിസ്തുവിന് പകരം ചുവന്ന പുറങ്കുപ്പായമണിഞ്ഞ മാതാഹരിയുടെ മാറ് തുറന്നിരിക്കുന്ന രൂപമാണ്. ക്രിസ്തുവിന്റെ മുഖഭാവത്തിന് തുല്യമാണ് മാതാഹരിയുടേയും. ഈ താരതമ്യം തന്നെയാണ് ക്രൈസ്തവ വിശ്വാസികളെ ചൊടിപ്പിച്ചതും. എന്തായാലും ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ മൂർച്ഛ കുറഞ്ഞില്ലെങ്കിൽ മനോരമ പത്രം നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാകും അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP