Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളിലെ കുട്ടികൾക്ക് നടക്കാൻ പോലും സ്ഥലമില്ലാതായപ്പോൾ പള്ളി പൊളിച്ചു പണിയാൻ തീരുമാനമായി; സ്‌കൂളിലെ ക്ലാസ്മുറികൾ മനോഹരമായ ദേവാലയമാക്കി; കോതമംഗലം വിമലഗിരി സ്‌കൂളിൽ ദേവാലയം ഒരുങ്ങിയത് പതിനാലു മാസം കൊണ്ട്; സ്‌കൂളിനൊപ്പം ഈ മാസം പതിനഞ്ചിന് പള്ളിയും തുറക്കും

സ്‌കൂളിലെ കുട്ടികൾക്ക് നടക്കാൻ പോലും സ്ഥലമില്ലാതായപ്പോൾ പള്ളി പൊളിച്ചു പണിയാൻ തീരുമാനമായി; സ്‌കൂളിലെ ക്ലാസ്മുറികൾ മനോഹരമായ ദേവാലയമാക്കി; കോതമംഗലം വിമലഗിരി സ്‌കൂളിൽ ദേവാലയം ഒരുങ്ങിയത് പതിനാലു മാസം കൊണ്ട്; സ്‌കൂളിനൊപ്പം ഈ മാസം പതിനഞ്ചിന് പള്ളിയും തുറക്കും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സാങ്കേതികതയുടെ മികവിൽ സ്‌കൂൾ കെട്ടിടം മനോഹരമായ ദേവാലയമായി മാറിയപ്പോൾ വിശ്വാസികൾക്ക് പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദം. സ്‌കൂളിന്റെ സുഗമായ പ്രവർത്തനത്തിന് മുറ്റത്ത് ദശാബ്ദങ്ങളായി നിലനിന്നിരുന്നതും താൻ വികാരിയുമായ പള്ളി പൊളിക്കുകയല്ലാതെ മറ്റുവഴികളില്ലന്നുള്ള തിരിച്ചറിവിലാണ് മലങ്കര കത്തോലിക്ക സഭാംഗമായ ഫാദർ ജോയി മാങ്കുളം ഏറെ സങ്കീർണ്ണമായ ഈ പരിവർത്തന പ്രക്രിയക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. സ്‌കൂളിന്റെ നിയന്ത്രണം പള്ളിക്കായിരുന്നത് ഇതിനുള്ള പ്രാരംഭ നീക്കങ്ങൾ വേഗത്തിലാക്കി.

വിദേശങ്ങളിൽ യാത്ര ചെയ്തപ്പോൾ വമ്പൻ കെട്ടിടങ്ങൾ അപ്പാടെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് നേരിൽ കണ്ടതിന്റെ ആത്മവിശ്വാസവും ഈ നീക്കത്തിന് അദ്ദേഹത്തിന് പ്രേരണയായി. അങ്ങിനെയാണ് പള്ളിയുടെ കോതമംഗലം വിമലഗിരി സ്‌കൂൾ കെട്ടടത്തിലെ രണ്ട് ക്ലാസ്സ് മുറികൾ 14 മാസം കൊണ്ട് അതുല്യമായ രൂപ ഭംഗിയിൽ ദേവാലയമായി രുപാന്തരപ്പെട്ടത്. പള്ളിയുടെ പിന്നിലായി തീർത്തിരുന്ന കെട്ടിടത്തിലായിരുന്നു പ്ലസ്സ്ടു വരെയുള്ള സ്‌കൂൾ പ്രവർത്തിച്ചിരുന്നത്.

വിദ്യഭ്യസ നിലവാരത്തിൽ അടുത്ത കാലത്തുണ്ടായ പുരോഗതി സ്‌കൂളിൽ ചേരാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കാര്യമായി വർദ്ധിക്കുന്നതിന് വഴിതെളിച്ചു. തോടെ സ്‌കൂളിൽ കുട്ടികൾക്ക് നേരാംവണ്ണം നടക്കാൻ പോലുമിടമില്ലന്നായി. ഈ സാഹചര്യത്തിലാണ് പള്ളി മാറ്റിപ്പണിയുന്നതിനായി ഇടവകക്കാരും മറ്റ് പ്രമാണിമാരും ചേർന്ന് പരിസരത്ത് എവിടെയെങ്കിലും സ്ഥലം വാങ്ങി പള്ളി പണിയാൻ തിരക്കിട്ട ആലോചനകൾ നടന്നത്. കാര്യത്തോടുത്തപ്പോൾ ചുരുങ്ങിയത് 4 കോടിയോളം രൂപയുണ്ടെങ്കിലേ ലക്ഷ്യത്തിലെത്താൻ സാധിക്കു എന്ന് വികാരിയുൾപ്പെടെയുള്ളവർക്ക് മനസ്സിലായി.

അങ്ങിനെയാണ് കൊച്ചിയിലെ ഇഡിഎസ്എസ് സ്ഥാപനത്തിന്റെ ഉടമ ജോസ് ഫ്രാൻസിസ് കൊച്ചിയിലെ മഠത്തിൽ കന്യസ്ത്രീയായി സേവനമനുഷ്ഠിച്ചു വരുന്ന സഹോദരി മുഖേന പരിചയപ്പെട്ടത്. കാര്യം അവതരിപ്പിച്ചപ്പോൾ ജോസ് ഫ്രാൻസിസ് നിർമ്മാണ കരാർ ഏറ്റെടുക്കാൻ തയ്യാറായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ആദ്യം തറ നിരപ്പിൽ നിന്നും കെട്ടിടത്തിന്റെ പള്ളിക്കായി നീക്കിയിട്ട ഭാഗം അടിത്തറ ബലപ്പെടുത്തിയ ശേഷം 4.5 അടി ഉയർത്തുക എന്നതായിരുന്നു നിർമ്മാണത്തിന്റെ ആദ്യഘട്ടം.ഒരടിയും രണ്ടടിയും മറ്റും അകലത്തിൽ ജാക്കികൾ സ്ഥാപിച്ചായിരുന്നു ഇതിനുള്ള നീക്കം.ഏറ്റവും ശ്രമകരമായ ജോലിയും ഇതു തന്നെയായിരുന്നു. മുകൾ നിലയിൽ സ്‌കൂളിന്റെ ഓഫീസ് പ്രവർത്തിക്കുമ്പോൾ തന്നെയാണ് താഴ്ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

തറ ഉയർത്തിയ ശേഷം മുകൾ നിലയുടെ ഭാരം താങ്ങാൻ പര്യാപ്തമായ തൂണുകളും ബീമുകളും സ്ഥാപിക്കുകയായിരുന്നു രണ്ടാം ഘട്ടം. പിന്നെ മുകൾ തട്ട് പൊളിച്ച് 5000 ചതുരശ്ര അടി വിസ്ത്രീർണ്ണത്തിൽ പള്ളിക്കായി സ്ഥലസൗകര്യമൊരുക്കുകയായിരുന്നു അടുത്ത നടപടി.പതിനാല് മാസം കഴിഞ്ഞപ്പോഴേക്കും നിർമ്മാണം പൂർത്തിയായി.സിമന്റിൽ ചിത്രപ്പണിയോടെ തീർത്ത തൂണുകളും അൾത്താരയുമെല്ലാം ഒറ്റ നോട്ടത്തിൽ കരിങ്കല്ലാണന്നേ തോന്നു. പഴമയുടെ തനിമ ചോരാതെയുള്ള നിർമ്മാണ രീതി കാഴ്ചക്കാരുടെ മനം കവരുമെന്ന കാര്യത്തിൽ തർക്കമില്ല.

ഈ മാസം 15-ന് സ്‌കൂളിനോട് അനുബന്ധിച്ച് പള്ളി വിശ്വാസികൾക്ക് തുറന്ന് നൽകുന്നതിനാണ് ഇപ്പോൾ ധാരണയായിട്ടുള്ളതെന്ന് വികാരി അറിയിച്ചു.പുതുക്കിപ്പണിത പള്ളി കാണാനും സൗന്ദര്യം ആസ്വദിക്കാനും വിശ്വാസികളും അല്ലാത്തവരുമായ നിരവധി പേർ എത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP