Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂലി മൂന്നിലൊന്നായി കുറച്ചു; സമരം നടത്തിയിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല; രക്ഷിക്കാൻ പാർട്ടിയുമില്ല; സിപിഎം നിയന്ത്രണത്തിലുള്ള കയർ സൊസൈറ്റിയിൽ 40 ദിവസമായി സിഐടിയു സമരത്തിൽ

കൂലി മൂന്നിലൊന്നായി കുറച്ചു; സമരം നടത്തിയിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല; രക്ഷിക്കാൻ പാർട്ടിയുമില്ല; സിപിഎം നിയന്ത്രണത്തിലുള്ള കയർ സൊസൈറ്റിയിൽ 40 ദിവസമായി സിഐടിയു സമരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഐ.(എം) നിയന്ത്രണത്തിലുള്ള കയർ സൊസൈറ്റിയിലെ സമരം 40 ദിവസം പിന്നിടുന്നു. കണ്ണപുരം അയ്യോത്തെ കയർ വ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികൾക്കാണ് സ്വന്തം നേതൃത്വത്തിനെതിരെ കൂലിസ്ഥിരതക്കു വേണ്ടി സമരത്തിനിറങ്ങേണ്ടി വന്നത്.

ഇന്നലെ ഭരണസമിതിയും കയർ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചയിലും തൊഴിൽപ്രശ്നത്തിന് പരിഹാരമായില്ല. മാത്രമല്ല സിഐടി.യു നേതൃത്വത്തിലുള്ള ആരും ചർച്ചയിൽ പങ്കെടുത്തുമില്ല.

കൂലി വർദ്ധനയ്ക്കു വേണ്ടിയല്ല പകരം നിലവിൽ ലഭിച്ചു വരുന്ന വേതനം വെട്ടിക്കുറച്ചതിനെതിരെയാണ് പാർട്ടി നേതൃത്വം നടത്തുന്ന സംഘത്തിനെതിരെ സമരം നടത്തേണ്ടി വരുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി ജോലിചെയ്യുന്ന എല്ലാവരും സിഐടി.യു അംഗങ്ങളായ വനിതകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് നേതൃത്വത്തിനെതിരെ സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. 27 വനിതകളാണ് ഈ സഹകരണ സംഘത്തിൽ തൊഴിലാളികളായുള്ളത്. അതിനാൽ 24 പേരും സമരം തുടരുകയാണ്. 3 പേർ പാർട്ടി മെമ്പർമാരായതിനാൽ പിൻതുണ നൽകി അണിയറയിലുമുണ്ട്.

രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ വേതനം ഒരു കിലോ കയറിന് 37രൂപ 30 പൈസയായിരുന്നു. സംഘം നഷ്ടത്തിലാണെന്നും ഉടൻ തന്നെ കൂലി വർദ്ധിപ്പിക്കുമെന്നും വ്യാമോഹിപ്പിച്ചാണ് കൂലി ആദ്യഘട്ടം കുറച്ചത്. 23 രൂപ 30 പൈസയാക്കിയാണ് കൂലി കുറച്ചത്. പാർട്ടി നേതൃത്വം നടത്തുന്ന സംഘമായതിനാൽ എല്ലാം അനുസരിക്കുകയേ വഴിയുള്ളൂ. അപ്പോഴും പറഞ്ഞത് കൂലി വേഗത്തിൽ തന്നെ പഴയ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുമെന്നായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു ചില പ്രതിഷേധങ്ങൾ പുറത്തു വന്നിരുന്നു. അതിനെ തണുപ്പിക്കാൻ നേതൃത്വം പഴയ അടവു തന്നെ പുറത്തിറക്കി. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മുൻ കാലങ്ങളിൽ നൽകിയ വേതനം തന്നെ നല്കുമെന്നും അതുവരെ കാത്തിരിക്കുക എന്നുമായിരുന്നു നേതാക്കളുടെ ഉറപ്പ്.

തെരഞ്ഞെടുപ്പു കഴിഞ്ഞ് തങ്ങളുടെ സർക്കാർ അധികാരത്തിലുമെത്തി. വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല കഴിഞ്ഞ മാസം കൂലി വീണ്ടും വെട്ടിക്കുറച്ചു. 13രൂപ 30 പൈസയാക്കി. അതോടെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. സിഐടി.യുവിന്റെ ചെങ്കൊടിയേന്തിയവർ സമരത്തിനിറങ്ങിയതുകൊടി പിടിച്ചല്ലെന്ന് മാത്രം. പ്ലക്കാർഡുകൾ ഉയർത്തി കയർ സംഘം ഓഫീസിനു മുമ്പിൽ സമരം തുടരുകയാണ്.

തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്നത് സംഘത്തിൽ നിന്ന് 65 രൂപ സർക്കാറിന്റെ ഇൻകം സപ്പോർട്ട് സ്‌കീമിൽ നിന്നും 100 രൂപയുമുൾപ്പെടെ 165 രൂപയാണ്. ഇതാണ് ആകെയുള്ള വരുമാനം. ബംഗാളിലും ബീഹാറിലും ദിവസക്കൂലി ഇതിലും കൂടുതലാണെന്ന് തൊഴിലാളികൾ തന്നെ പറയുന്നു. കയർ സൊസൈറ്റി പ്രശ്നത്തിൽ ഇനിയും കണ്ണു തുറക്കാത്ത നേതൃത്വത്തിനെതിരെ പാർട്ടിയിലെ യുവാക്കൾ അമർഷത്തിലാണ്.

കാര്യങ്ങൾ ഇതൊക്കെയായിട്ടും പ്രാദേശിക നേതൃത്വം മുതൽ ജില്ലാ നേതൃത്വം വരെ ഒളിച്ചുകളി തുടരുകയാണ്. സമരക്കാരെ പിൻതിരിപ്പിക്കാനോ അവർക്ക് ആനുകൂല്യം നൽകാനോ ഉള്ള ചർച്ചക്ക് ലോക്കൽ സെക്രട്ടറി പോലും തയ്യാറാകുന്നില്ല. ഒമ്പത് മെഷിൻ ഉള്ളതിൽ മൂന്നെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുഴുവൻ മെഷിനും അറ്റകുറ്റപ്പണി തീർത്താൽ തൊഴിൽ പ്രശ്നം തീരുമെന്നാണ് ഇപ്പോഴത്തെ വാഗ്ദാനം. എന്നാൽ 40 ദിവസമായി പണിമുടക്ക് നടന്നിട്ടും എന്തുകൊണ്ട് മെഷിൻ നന്നാക്കിയില്ല എന്ന ചോദ്യം തൊഴിലാളികളും ഉയർത്തുന്നു. ചുരുക്കത്തിൽ പാർട്ടിയോ സിഐടി.യുവോ ഈ തൊഴിലാളികളുടെ രക്ഷക്കെത്തുന്നില്ല. 20 വർഷം തൊഴിൽ ചെയ്ത ഒരു സ്ത്രീക്ക് ഇന്ന് ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ചാൽ സർവ്വ ആനുകൂല്യങ്ങളുമടക്കം 20,000 രൂപ പോലും കിട്ടില്ലെന്നാണ് സത്യം. അതിൽ മനംനൊന്ത് കഴിയുകയാണ് ഈ കയർ സംഘത്തിലെ തൊഴിലാളികൾ. കണ്ണപുരം ചെറുകുന്നു മേഖലയിലെ പാർട്ടി പ്രവർത്തകരിൽ കയർ സംഘത്തിലെ പ്രശ്നങ്ങൾ സജീവമായി പുകയുകയാണ്. തങ്ങളുടെ തൊഴിൽ പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരേയും പരിഹാര നടപടികളൊന്നുമുണ്ടായില്ലെന്ന് സമരക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP