Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടുപ്രമാണിയെ പോലെ പെരുമാറുന്ന തച്ചങ്കരിയെ തളയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവും രംഗത്ത്; ശമ്പളം മുടങ്ങുന്നത് ഒഴിവാക്കിയ തച്ചങ്കരി ആറുമാസത്തേക്ക് പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പ് നൽകിയതോടെ നേതാക്കളുടെ വാക്കുകൾ ചെവിക്കൊള്ളതെ തൊഴിലാളികൾ; അന്തിമ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ജീവനക്കാരേയും മാനേജ്‌മെന്റിനേയും കാണാൻ സുശീൽ ഖന്നയും എത്തി

നാട്ടുപ്രമാണിയെ പോലെ പെരുമാറുന്ന തച്ചങ്കരിയെ തളയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവും രംഗത്ത്; ശമ്പളം മുടങ്ങുന്നത് ഒഴിവാക്കിയ തച്ചങ്കരി ആറുമാസത്തേക്ക് പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പ് നൽകിയതോടെ നേതാക്കളുടെ വാക്കുകൾ ചെവിക്കൊള്ളതെ തൊഴിലാളികൾ; അന്തിമ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ജീവനക്കാരേയും മാനേജ്‌മെന്റിനേയും കാണാൻ സുശീൽ ഖന്നയും എത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ജീവനക്കാരിൽ ആവേശവും പ്രതീക്ഷയും നിറച്ച് കെഎസ്ആർടിസിയെ പുതു വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോവുകായണ് സിഎംഡി ടോമിൻ തച്ചങ്കരി. മാസാവസാനം ജീവനക്കാർക്ക് ശമ്പളം നൽകിയാണ് തച്ചങ്കരി ജീവനക്കാരുടെ പ്രതീക്ഷകൾക്ക് പുതിയ തലം നൽകിയത്. ജീവനക്കാരുടെ വേദനകളാണ് പ്രധാനമെന്ന് വ്യക്തമാക്കി ആദ്യ മുൻഗണന ശമ്പളം നൽകലിന് നൽകി. ഇതിനിടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കി നീങ്ങുന്ന സിഎംഡിയെ യൂണിയനുകൾക്ക് കണ്ണിലെ കരടായി. ബാങ്കിൽ നിന്ന് യൂണിയൻ ലെവി നേരിട്ട് പിരിക്കുന്നത് തടഞ്ഞതോടെ തച്ചങ്കരിയെ ശത്രുവായി യൂണിയനുകൾ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെ കെ എസ് ആർ ടി സിയെ രക്ഷിക്കാനെത്തിയിട്ടും സിഐടിയു പോലും തച്ചങ്കരിക്ക് എതിരായി. സിപിഎം നേതൃത്വത്തോട് തച്ചങ്കരിയെ തളച്ചേ മതിയാകൂവെന്ന് സിഐടിയു ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെയിലും ജീവനക്കാർക്ക് വേണ്ടി നിലകൊള്ളുകയാണ് തച്ചങ്കരി.

ശമ്പളം യഥാസമയം നൽകുന്ന തച്ചങ്കരി പെൻഷനും നേരെയാക്കാനുള്ള ശ്രമിത്തിലാണ്. ഇതോടെ പെൻഷൻകാർക്കു തുടർന്നും പെൻഷൻ ലഭിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ആറു മാസം സഹകരണ ബാങ്കുകൾ പെൻഷൻകാർക്കു നൽകിയ 220 കോടി രൂപ ധനവകുപ്പ് സഹകരണ ബാങ്കുകൾക്കു നൽകാൻ തീരുമാനിച്ചു. തുക ഇന്നു കൈമാറും. ഇതോടെ, തുടർന്നുള്ള ആറു മാസത്തേക്കു സഹകരണ ബാങ്കുകൾ പെൻഷൻ വിതരണം ചെയ്യും. മാർച്ചിലാണു സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ആരംഭിച്ചത്. ബാങ്കുകൾ വിതരണം ചെയ്യുന്ന പണത്തിന് 8% പലിശയാണു സർക്കാർ നൽകുന്നത്. ഈ തുക ആറു മാസത്തിനകം ബാങ്കുകൾക്കു സർക്കാർ നൽകുമെന്നായിരുന്നു കരാർ. എന്നാൽ, ഈ മാസം കിട്ടേണ്ട പണം ലഭിക്കാത്തതിനാൽ തുടർന്നുള്ള പെൻഷൻ വിതരണം വൈകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ തച്ചങ്കരിയുടെ ഇടപെടലുകൾ എല്ലാം മ്ാറ്റി മറിച്ചു. കെ എസ് ആർ ടി സിക്ക് കിട്ടുന്ന അധിക വരുമാനത്തിന്റെ കണക്കുകൾ സഹകരണ സംഘങ്ങൾ ബോധ്യപ്പെട്ടതോടെയാണ് ഇത്. മൂന്ന് മാസത്തിനിടെ കെ എസ് ആർ ടി സിയുണ്ടാക്കിയ നേട്ടങ്ങളും ഫണ്ട് അനുവദിക്കാൻ കാരണമായി. അതായത് ഇനി ആറുമാസം കൃത്യസമയത്ത് പെൻഷനും കെ എസ് ആർ ടി സിയിൽ കിട്ടും. ഇതോടെ കെ എസ് ആർ ടി സിയിലെ മുൻ ജീവനക്കാർക്കും ആത്മഹത്യാ ചിന്ത ഒഴിവാക്കി മുന്നോട്ട് പോകാനാകും. ഇതോടെ ജീവനക്കാരുടെ പ്രിയങ്കരനായി തച്ചങ്കരി മാറുകയാണ്. തൊഴിലാളി യൂണിയനുകളെ ജീവനക്കാരും പെൻഷൻകാരും കൈവിടുന്നു.

അതിനിടെ കെ എസ്ആർടിസിയെ സാമ്പത്തികപ്രതിസന്ധിയിൽ നിന്നു രക്ഷിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച പ്രഫ.സുശീൽ ഖന്ന ഇന്നും നാളെയും മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളികളുമായും സർക്കാർ വകുപ്പ് മേധാവികളുമായും ചർച്ച നടത്തും. ഈ ചർച്ചയും കെ എസ് ആർ ടി സിയുടെ ഭാവിയിൽ അതിനിർണ്ണായകമാണ്. കെഎസ്ആർടിസി പുനഃസംഘടന സംബന്ധിച്ചു വിശദ പഠനം നടത്തി റിപ്പോർട്ട് നൽകാൻ സർക്കാർ 2016 ഒക്ടോബറിലാണു കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അദ്ധ്യാപകനായ സുശീൽ ഖന്നയെ ചുമതലപ്പെടുത്തിയത്. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. 2017 ഫെബ്രുവരിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒന്നര വർഷത്തോളം നീണ്ടു. എന്നാൽ തച്ചങ്കരിയുടെ ഇടപെടലിൽ പ്രതീക്ഷയുമായി സുശീൽ ഖന്ന എത്തുകയാണ്. അതിവേഗം അന്തിമ റിപ്പോർട്ട് നൽകും. ശുപാർശകൾ ഉടൻ നടപ്പാക്കുകയും ചെയ്യും.

കടത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഒരു ബസിന് 7.2 ജീവനക്കാർ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണു നിർദ്ദേശിച്ചത്. നിലവിലെ ജീവനക്കാരെ ഒഴിവാക്കാതെ തന്നെ ഇതിന് കഴിയുമെന്നാണ് തച്ചങ്കരിയുടെ നിലപാട്. അതിന് വേണ്ടി കൂടുതൽ സർവ്വീസുകൾ തുടങ്ങാമെന്നാണ് തച്ചങ്കരിയുടെ പക്ഷം. രണ്ട് മാസത്തിനിടെ സർവ്വീസുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതിനൊപ്പം കെഎസ്ആർടിസിയെ മൂന്നു മേഖലകളായി വിഭജിക്കണമെന്നും സുശീൽ ഖന്നയുടെ ഇടക്കാല റിപ്പോർട്ടിലുണ്ട്. യാത്രക്കാരുടെ ആവശ്യകത സർവേയിലൂടെ പഠിച്ചു സർവീസുകൾ പുനഃക്രമീകരിക്കണം. പ്രഫഷനൽ യോഗ്യതയുള്ളവരെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കണം. വർക്ഷോപ്പുകൾ നവീകരിക്കണം. ബസുകളുടെ അറ്റകുറ്റപ്പണിക്കു പരമാവധി ഒരുദിവസം തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം സമർപ്പിച്ചിരുന്നു. ഇതെല്ലാം തച്ചങ്കരി നടപ്പാക്കുമെന്നാണ് സൂചന. ഈ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ ഉൾക്കൊണ്ടാണ് തച്ചങ്കരി കെ എസ് ആർ ടിസിയെ മുന്നോട്ട് കൊണ്ടു പോകുന്നത്.

ഇതിനിടെയാണ് ടോമിൻ തച്ചങ്കരിക്കെതിരെ പരസ്യ പോരിനു ഭരണകക്ഷി യൂണിയനായ സിഐടിയു രംഗത്ത് എത്തിയത്. സുശീൽ ഖന്ന റിപ്പോർട്ട് യൂണിയനുകളെ തകർക്കുമെന്ന് ഇവർ ഭയക്കുന്നു. അതുകൊണ്ട് തന്നെ തച്ചങ്കരിയെ മാറ്റി റിപ്പോർട്ട് കിട്ടിയാലും അത് നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ചരടു വലികൾ. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരസ്യമായി അധിക്ഷേപിക്കുന്ന എംഡി ധിക്കാരിയാണെന്നും നാട്ടുപ്രമാണിയുടെ ശൈലിയിൽ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ട്രേഡ് യൂണിയനുകൾക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുത്തതും തൊഴിലാളികളുടെ അനുമതിയില്ലാതെ മാസവരി പിരിക്കുന്നതു നിയന്ത്രിച്ചതും ഉൾപ്പെടെ നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം സിപിഎം നേതാക്കളുടെ വിശ്വസ്തനായ തച്ചങ്കരിക്കെതിരെ രംഗത്തുവരാൻ സിഐടിയുവിനെ പ്രേരിപ്പിച്ചത്.

നേരത്തേ ഐഎൻടിയുസിയും എഐടിയുസിയും തച്ചങ്കരിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനൊപ്പം സിഐടിയുവും എത്തിയെങ്കിലും കൃത്യമായി ശമ്പളം ഉറപ്പാക്കുന്ന തച്ചങ്കരിയെ തള്ളിപ്പറയാൻ ജീവനക്കാർ തയ്യാറല്ല. അതുകൊണ്ട് തന്നെ തച്ചങ്കരിയുടെ ഭരണം യൂണിയനുകൾക്ക് കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് സിഐടിയു പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരസ്യമായി അധിക്ഷേപിക്കുന്ന തച്ചങ്കരിയുടെ നിലപാട് തരംതാണതും ധിക്കാരപരവുമാണെന്ന് പ്രസ്താവനയിൽ യിൽ പറഞ്ഞു. ഒരു കാലത്തും രക്ഷപെടില്ല എന്ന് പലരും വിധിയെഴുതിയിരുന്ന ട്രാൻസ്‌പോർട്ട് കോർപറേഷനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ നടപടികൾക്ക് പിന്നിൽ അണിനിരത്തേണ്ട തൊഴിലാളികളെ അപക്വമായ വാചകമടിയിലൂടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽനിന്ന് അകറ്റാൻ ആരും ശ്രമിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി നടന്ന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഡിപ്പോ സന്ദർശന വേളകളിൽ ജീവനക്കാരോട് സംസാരിക്കുമ്പോൾ ട്രേഡ് യൂണിയനുകളെ അധിക്ഷേപിക്കൽ എംഡി പതിവാക്കിയിരിക്കുന്നു. കിട്ടുന്ന സന്ദർഭങ്ങളിൽ ട്രേഡ് യൂണിയനുകളെ പരിഹസിക്കുന്നു. ഡയറക്ടർ ബോർഡ് യോഗം സമയാസമയം വിളിച്ച് ചേർക്കാതെ തനിക്ക് തോന്നുന്ന ചില ''പരിഷ്‌കാരങ്ങൾ' വലിയ പ്രചാരണം നൽകി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തച്ചങ്കരിയുടെ പ്രവൃത്തികളിൽ തൊഴിലാളികൾ അസംതൃപ്തരാണ്. കോർപറേഷന്റെ തകർച്ചക്ക് കാരണം തൊഴിലാളികളാണെന്ന തച്ചങ്കരിയുടെ വാദം വിവരക്കേടും ധിക്കാരവുമാണ്, പ്രസ്താവന പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ലാഭകരമായി നടപ്പാക്കിയ വാടക ബസ്, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ പരിഷ്‌കാരങ്ങൾ പൊളിക്കാനാണ് കെ.എസ്.ആർ.ടി.സി.യിലെ ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ കൂട്ടായ ശ്രമമെന്നാണ് സൂചന. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്ന് മാസവരി പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന മാനേജ്മെന്റ് നിർദ്ദേശത്തെ തുടർന്നാണ് മാനേജ്മെന്റും തൊഴിലാളി നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായത്. വീണ്ടും സമ്മതപത്രം നൽകാൻ ജീവനക്കാർ വിസമ്മതിക്കുന്നത് യൂണിയനുകൾക്ക് വിനയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP